🔥 🔥 🔥 🔥 🔥 🔥 🔥
27 Feb 2022
8th Sunday in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 18:19-20
കര്‍ത്താവ് എന്റെ അഭയമായിത്തീര്‍ന്നു.
അവിടന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു.
എന്നില്‍ പ്രസാദിച്ചതിനാല്‍ അവിടന്ന് എന്നെ രക്ഷിച്ചു.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, ലോകഗതി അങ്ങേ സമാധാനപൂര്‍ണമായ
ക്രമീകരണത്താല്‍ നിയന്ത്രിക്കാനും
അങ്ങേ സഭ അങ്ങേ പ്രശാന്തമായ ഭക്തിയാല്‍
ആനന്ദിക്കാനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
പ്രഭാ 27:5-8
ഒരുവന്റെ ന്യായവാദം കേള്‍ക്കാതെ അവനെ പുകഴ്ത്തരുത്.
ഉപയോഗശൂന്യമായവ അരിപ്പയില്‍ ശേഷിക്കുന്നതുപോലെ
മനുഷ്യന്റെ ചിന്തയില്‍ മാലിന്യം തങ്ങിനില്‍ക്കും.
കുശവന്റെ പാത്രങ്ങള്‍ ചൂളയിലെന്നപോലെ
മനുഷ്യന്‍ ന്യായവാദത്തിലൂടെ പരിശോധിക്കപ്പെടുന്നു.
വൃക്ഷത്തിന്റെ ഫലം കര്‍ഷകന്റെ സാമര്‍ഥ്യം വെളിവാക്കുന്നു;
ചിന്തയുടെ പ്രകടനം മനുഷ്യന്റെ സ്വഭാവത്തെയും.
ഒരുവന്റെ ന്യായവാദം കേള്‍ക്കാതെ അവനെ പുകഴ്ത്തരുത്;
അതാണ് മനുഷ്യനെ പരീക്ഷിക്കാനുള്ള മാര്‍ഗം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 92:1-3,12-15
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുന്നത് ഉത്തമമാണ്.
അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കുന്നതും
അങ്ങേ നാമത്തിനു സ്തുതികള്‍ ആലപിക്കുന്നതും എത്ര ശ്രേഷ്ഠം.
ദശതന്ത്രീനാദത്തോടുകൂടെയും കിന്നരവും വീണയും മീട്ടിയും
പ്രഭാതത്തില്‍ അങ്ങേ കരുണയെയും
രാത്രിയില്‍ അങ്ങേ വിശ്വസ്തതയെയും
ഉദ്‌ഘോഷിക്കുന്നത് എത്ര ഉചിതം!
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുന്നത് ഉത്തമമാണ്.
നീതിമാന്മാര്‍ പനപോലെ തഴയ്ക്കും;
ലബനോനിലെ ദേവദാരുപോലെ വളരും.
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുന്നത് ഉത്തമമാണ്.
അവരെ കര്‍ത്താവിന്റെ ഭവനത്തില്‍ നട്ടിരിക്കുന്നു;
അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു.
വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും;
അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും.
കര്‍ത്താവു നീതിമാനാണെന്ന് അവര്‍ പ്രഘോഷിക്കുന്നു;
അവിടുന്നാണ് എന്റെ അഭയശില;
അനീതി അവിടുത്തെ തീണ്ടിയിട്ടില്ല.
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുന്നത് ഉത്തമമാണ്.
രണ്ടാം വായന
1 കോറി 15:54-58
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവം നമുക്കു വിജയം നല്‍കുന്നു.
സഹോദരരേ, നശ്വരമായത് അനശ്വരതയും മര്‍ത്യമായത് അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ഥ്യമാകും. മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ ദംശനം എവിടെ? മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്തി നിയമവുമാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്ദി.
അതിനാല്‍, എന്റെ വത്സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്നു ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവേ, അങ്ങയുടെ പുത്രൻ്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കേണമേ.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 6:39-45
ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: കുരുടനു കുരുടനെ നയിക്കുവാന്‍ സാധിക്കുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലേ? ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല. എന്നാല്‍, എല്ലാം പഠിച്ചു കഴിയുമ്പോള്‍ അവന്‍ ഗുരുവിനെപ്പോലെ ആകും. നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്? സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്റെ കണ്ണിലെ കരട് ഞാന്‍ എടുത്തുകളയട്ടെ എന്നുപറയാന്‍ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്റെ കാഴ്ച തെളിയും.
നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍ നിന്നു നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്മയില്‍ നിന്നു തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍ഹമായ ശുശ്രൂഷവഴി
അങ്ങേ രഹസ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട്
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ മഹിമയുടെ ബഹുമാനത്തിനായി ഞങ്ങളര്‍പ്പിക്കുന്നത്
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 9:2-3
അങ്ങേ എല്ലാ അദ്ഭുതപ്രവൃത്തികളും ഞാന്‍ വിവരിക്കും;
ഞാന്‍ അങ്ങില്‍ ആഹ്ളാദിച്ചുല്ലസിക്കും.
അത്യുന്നതനായവനേ, അങ്ങേ നാമത്തിന് ഞാന്‍ സ്‌തോത്രമാലപിക്കും.
Or:
യോഹ 11:27
കര്‍ത്താവേ, നീ ഈ ലോകത്തിലേക്കു വരാനിരിക്കുന്ന
സജീവനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്
ഞാന്‍ വിശ്വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഈ രഹസ്യങ്ങള്‍ വഴി അവയുടെ അച്ചാരം സ്വീകരിച്ചുകൊണ്ട്,
അവയുടെ ഫലമനുഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment