The Book of Genesis, Chapter 25 | ഉല്പത്തി, അദ്ധ്യായം 25 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 25

അബ്രാഹത്തിന്റെ സന്തതികള്‍

1 അബ്രാഹം കെത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ വിവാഹംചെയ്തു.2 അവളില്‍ അവനു സിമ്‌റാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്ക്, ഷൂവാഹ് എന്നിവര്‍ ജനിച്ചു.3 യോക്ഷാന് ഷെബായും ദദാനും ജനിച്ചു. ദദാന്റെ മക്കളാണ് അഷൂറിം, ലത്തുഷിം, ലവുമിം എന്നിവര്‍.4 മിദിയാന്റെ മക്കള്‍ ഏഫാ, ഏഫെര്‍, ഹനോക്ക്, അബീദാ, എല്‍ദാ എന്നിവരാണ്.5 ഇവര്‍ കെത്തൂറായുടെ സന്താനങ്ങളാണ്. അബ്രാഹം തനിക്കുണ്ടായിരുന്നതെല്ലാം ഇസഹാക്കിനു കൊടുത്തു.6 തന്റെ ഉപനാരികളിലുണ്ടായ മക്കള്‍ക്കും അബ്രാഹം ധാരാളം സമ്മാനങ്ങള്‍ നല്‍കി. താന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അവരെയെല്ലാം മകനായ ഇസഹാക്കില്‍നിന്നു ദൂരെ, കിഴക്കന്‍ ദേശത്തേക്ക് അയച്ചു.

അബ്രാഹത്തിന്റെ മരണം

7 അബ്രാഹത്തിന്റെ ആയുഷ്‌കാലം നൂറ്റെഴുപത്തഞ്ചുവര്‍ഷമായിരുന്നു.8 തന്റെ വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തികഞ്ഞവാര്‍ധക്യത്തില്‍ അബ്രാഹം അന്ത്യശ്വാസം വലിക്കുകയും തന്റെ ജനത്തോടു ചേരുകയും ചെയ്തു.9 മക്കളായ ഇസഹാക്കും ഇസ്മായേലും മാമ്രേയുടെ എതിര്‍വശത്തു സോഹാര്‍ എന്ന ഹിത്യന്റെ മകനായ എഫ്രോണിന്റെ വകയായിരുന്ന മക്‌പെലാഗുഹയില്‍ അവനെ അടക്കി.10 ഹിത്യരില്‍ നിന്ന് അബ്രാഹം വിലയ്ക്കു വാങ്ങിയതായിരുന്നു ആ വയല്‍. അവിടെ അബ്രാഹം ഭാര്യ സാറായോടൊപ്പം സംസ്‌കരിക്കപ്പെട്ടു.11 അബ്രാഹത്തിന്റെ മരണത്തിനുശേഷം ദൈവം അവന്റെ പുത്രന്‍ ഇസഹാക്കിനെ അനുഗ്രഹിച്ചു. അവന്‍ ബേര്‍ല്ഹായ്‌റോയില്‍ പാര്‍ത്തു.

ഇസ്മായേലിന്റെ സന്തതികള്‍

12 സാറായുടെ ദാസിയായ ഈജിപ്തുകാരി ഹാഗാറില്‍ അബ്രാഹത്തിനുണ്ടായ ഇസ്മായേലിന്റെ മക്കള്‍ ഇവരാണ്.13 ജനനക്രമമനുസരിച്ച് ഇസ്മായേലിന്റെ മക്കളുടെ പേരു വിവരം: ഇസ്മായേലിന്റെ കടിഞ്ഞൂല്‍പുത്രന്‍ നെബായോത്ത്. തുടര്‍ന്ന് കേദാര്‍, അദ്‌ബേല്‍, മിബ്‌സാം,14 മിഷ്മാ, ദൂമാ, മസ്‌സാ,15 ഹദാദ്, തേമാ, യത്തൂര്‍, നഫീഷ്, കേദെമാ.16 ഇവരാണ് ഇസ് മായേലിന്റെ പുത്രന്‍മാര്‍. ഗ്രാമങ്ങളും ആസ്ഥാനങ്ങളുമനുസരിച്ച് അവരുടെ വംശത്തിലെ പന്ത്രണ്ടു പ്രഭുക്കന്‍മാരുടെ പേരുകളാണിവ.17 ഇസ്മായേലിന്റെ ആയുഷ്‌കാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. അവന്‍ അന്ത്യശ്വാസം വലിക്കുകയും തന്റെ ബന്ധുക്കളോടു ചേരുകയും ചെയ്തു.18 ഹവിലാ മുതല്‍ ഷൂര്‍വരെയുള്ള ദേശത്ത് അവര്‍ വാസമുറപ്പിച്ചു. അസ്‌സീറിയായിലേക്കുള്ള വഴിയില്‍ ഈജിപ്തിന്റെ എതിര്‍വശത്താണ് ഷൂര്‍. അവര്‍ ചാര്‍ച്ചക്കാരില്‍ നിന്നെല്ലാം അകന്നാണു ജീവിച്ചത്.

ഏസാവും യാക്കോബും

19 അബ്രാഹത്തിന്റെ പുത്രനായ ഇസഹാക്കിന്റെ വംശാവലി: അബ്രാഹത്തിന്റെ മകന്‍ ഇസഹാക്ക്.20 ഇസഹാക്കിനു നാല്‍പതു വയസ്‌സുള്ളപ്പോള്‍ അവന്‍ റബേക്കായെ ഭാര്യയായി സ്വീകരിച്ചു. അവള്‍ പാദാന്‍ആരാമിലുള്ള ബത്തുവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായിരുന്നു. അവര്‍ അരമായരായിരുന്നു.21 ഇസഹാക്ക് തന്റെ വന്ധ്യയായ ഭാര്യയ്ക്കു വേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. കര്‍ത്താവ് അവന്റെ പ്രാര്‍ഥന കേള്‍ക്കുകയും റബേക്കാ ഗര്‍ഭിണിയാവുകയും ചെയ്തു.22 അവ ളുടെ ഉദരത്തില്‍ക്കിടന്നു കുഞ്ഞുങ്ങള്‍ മല്ലിട്ടപ്പോള്‍ അവള്‍ കര്‍ത്താവിനോടു ചോദിച്ചു: ഇങ്ങനെയെങ്കില്‍ എനിക്കെന്തു സംഭവിക്കും? അവള്‍ കര്‍ത്താവിന്റെ തിരുമന സ്‌സറിയാന്‍ പ്രാര്‍ഥിച്ചു.23 കര്‍ത്താവ് അവളോട് അരുളിച്ചെയ്തു: രണ്ടു വംശങ്ങളാണ് നിന്റെ ഉദരത്തിലുള്ളത്. നിന്നില്‍നിന്നു പിറക്കുന്നവര്‍ രണ്ടു ജനതകളായിപ്പിരിയും. ഒന്ന് മറ്റേതിനെക്കാള്‍ ശക്തമായിരിക്കും. മൂത്തവന്‍ ഇളയവനു ദാസ്യവൃത്തി ചെയ്യും.24 അവള്‍ക്കു മാസം തികഞ്ഞപ്പോള്‍ അവളുടെ ഉദരത്തില്‍ രണ്ടു ശിശുക്കള്‍.25 ആദ്യം പുറത്തുവന്നവന്‍ ചെമന്നിരുന്നു. അവന്റെ ദേഹം മുഴുവന്‍ രോമക്കുപ്പായമിട്ടതുപോലെയായിരുന്നു. അവര്‍ അവന് ഏസാവ് എന്നു പേരിട്ടു.26 അതിനുശേഷം അവന്റെ സഹോദരന്‍ പുറത്തുവന്നു. ഏസാവിന്റെ കുതികാലില്‍ അവന്‍ പിടിച്ചിരുന്നു. അവനെ യാക്കോബ് എന്നുവിളിച്ചു. ഇസഹാക്കിന് അറുപതു വയസ്‌സായപ്പോഴാണ് അവള്‍ അവരെ പ്രസവിച്ചത്.

കടിഞ്ഞൂലവകാശം

27 കുട്ടികള്‍ വളര്‍ന്നുവന്നു. ഏസാവ് നായാട്ടില്‍ സമര്‍ഥനും കൃഷിക്കാരനുമായി. യാക്കോബ് ശാന്തനായിരുന്നു. അവന്‍ കൂടാരങ്ങളില്‍ പാര്‍ത്തു.28 വേട്ടയാടി കൊണ്ടുവന്നിരുന്ന മാംസം തിന്നാന്‍ കിട്ടിയിരുന്നതിനാല്‍ ഇസഹാക്ക് ഏസാവിനെ വളരെയ ധികം സ്‌നേഹിച്ചിരുന്നു. റബേക്കായ്ക്ക് യാക്കോബിനോടായിരുന്നു കൂടുതല്‍ സ്‌നേഹം.29 ഒരിക്കല്‍ യാക്കോബ് പായസമുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ ഏസാവ് വിശന്നുതളര്‍ന്നു വയലില്‍നിന്നുവന്നു.30 അവന്‍ യാക്കോബിനോടു പറഞ്ഞു: ആ ചെമന്ന പായസം കുറച്ച് എനിക്കു തരുക; ഞാന്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. അതിനാല്‍ അവന് ഏദോം എന്നു പേരുണ്ടായി.31 യാക്കോബ് പ്രതിവചിച്ചു: ആദ്യം നിന്റെ കടിഞ്ഞൂല വകാശം എനിക്കു വിട്ടുതരുക.32 ഏസാവു പറഞ്ഞു: ഞാന്‍ വിശന്നു ചാകാറായി. കടിഞ്ഞൂലവകാശം കൊണ്ട് എനിക്കിനി എന്തു പ്രയോജനം?33 യാക്കോബ് പറഞ്ഞു: ആദ്യം എന്നോടു ശപഥം ചെയ്യുക. ഏസാവ് ശപഥം ചെയ്തു. അവന്‍ തന്റെ കടിഞ്ഞൂലവകാശം യാക്കോബിനു വിട്ടുകൊടുത്തു.34 യാക്കോബ് അവന് അപ്പവും പയറുപായ സവും കൊടുത്തു. തീറ്റിയും കുടിയും കഴിഞ്ഞ് അവന്‍ എഴുന്നേറ്റുപോയി. അങ്ങനെ ഏസാവ് തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Leave a comment