The Book of Genesis, Chapter 26 | ഉല്പത്തി, അദ്ധ്യായം 26 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 26

ഇസഹാക്കും അബിമെലക്കും

1 അബ്രാഹത്തിന്റെ കാലത്തുണ്ടായ തിനു പുറമേ, മറ്റൊരു ക്ഷാമം കൂടി ആ നാട്ടിലുണ്ടായി. ഇസഹാക്ക് ഗരാറില്‍ ഫിലിസ്ത്യരുടെ രാജാവായ അബിമെലക്കിന്റെ അടുത്തേക്കു പോയി.2 കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ഈജിപ്തിലേക്കു പോകരുത്; ഞാന്‍ പറയുന്ന നാട്ടില്‍ പാര്‍ക്കുക.3 ഈ നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുക. ഞാന്‍ നിന്റെ കൂടെയുണ്ടായിരിക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കുകയുംചെയ്യും. നിനക്കും നിന്റെ പിന്‍തലമുറക്കാര്‍ക്കും ഈ പ്രദേശമെല്ലാം ഞാന്‍ തരും. നിന്റെ പിതാവായ അബ്രാഹത്തോടുചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും.4 ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. ഈ ദേശമെല്ലാം അവര്‍ക്കു ഞാന്‍ നല്‍കും. നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജന തകളെല്ലാം അനുഗ്രഹിക്കപ്പെടും.5 കാരണം, അബ്രാഹം എന്റെ സ്വരം കേള്‍ക്കുകയും എന്റെ നിര്‍ദേശങ്ങളും കല്‍പനകളും പ്രമാണങ്ങളും നിയമങ്ങളും പാലിക്കുകയുംചെയ്തു.6 ഇസഹാക്ക് ഗരാറില്‍ത്തന്നെതാമസിച്ചു.7 അന്നാട്ടുകാര്‍ അവന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോള്‍, അവള്‍ എന്റെ സഹോദരിയാണ് എന്ന് അവന്‍ പറഞ്ഞു. അവള്‍ ഭാര്യയാണെന്നു പറയാന്‍ അവനുപേടിയായിരുന്നു. കാരണം, അവള്‍ അഴകുള്ളവളായിരുന്നതുകൊണ്ട് റബേക്കായ്ക്കുവേണ്ടി നാട്ടുകാര്‍ തന്നെ കൊല്ലുമെന്ന് അവന്‍ വിാരിച്ചു.8 അവന്‍ അവിടെ പാര്‍പ്പു തുടങ്ങി. ഏറെനാളുകള്‍ക്കുശേഷം, ഒരു ദിവസം ഫിലിസ്ത്യരുടെ രാജാവായ അബിമെലക്ക് ജനാലയിലൂടെ നോക്കിയപ്പോള്‍ ഇസഹാക്ക് ഭാര്യ റബേക്കായെ ആലിംഗനം ചെയ്യുന്നതു കണ്ടു.9 അബിമെലക്ക് ഇസഹാക്കിനെ വിളിച്ചു ചോദിച്ചു: അവള്‍ നിന്റെ ഭാര്യയാണല്ലോ. പിന്നെയെന്താണ് സഹോദരിയാണ് എന്നു പറഞ്ഞത്? അവന്‍ മറുപടി പറഞ്ഞു: അവള്‍ മൂലം മരിക്കേണ്ടിവന്നെങ്കിലോ എന്നോര്‍ത്താണ് ഞാന്‍ അങ്ങനെ പറഞ്ഞത്.10 അബിമെലക്ക് ചോദിച്ചു: നീയെന്തിനാണ് ഞങ്ങളോടിതു ചെയ്തത്? ജനങ്ങളിലാരെങ്കിലും നിന്റെ ഭാര്യയോടൊത്തു ശയിക്കുകയും അങ്ങനെ വലിയൊരപരാധം നീ ഞങ്ങളുടെമേല്‍ വരുത്തിവയ്ക്കുകയും ചെയ്യുമായിരുന്നല്ലോ.11 അതുകൊണ്ട്, അബിമെലക്ക് ജനങ്ങള്‍ക്കെല്ലാം താക്കീതു നല്‍കി: ഈ മനുഷ്യനെയോ അവന്റെ ഭാര്യയെയോ ആരെങ്കിലും തൊട്ടുപോയാല്‍ അവന്‍ വധിക്കപ്പെടും.12 ഇസഹാക്ക് ആ നാട്ടില്‍ കൃഷിയിറക്കുകയും അക്കൊല്ലംതന്നെ നൂറുമേനി വിളവെ ടുക്കുകയും ചെയ്തു. കര്‍ത്താവ് അവനെ അനുഗ്രഹിച്ചു.13 അവന്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരുന്നു. ക്രമേണ അവന്‍ വലിയ സമ്പന്നനാവുകയും ചെയ്തു.14 അവന് ധാരാളം ആടുമാടുകളും പരിചാരകരും ഉണ്ടായിരുന്നു. അതുകൊണ്ട്, ഫിലിസ്ത്യര്‍ക്ക് അവനോട് അസൂയതോന്നി.15 അവന്റെ പിതാവായ അബ്രാഹത്തിന്റെ വേലക്കാര്‍ കുഴിച്ച കിണറുകളെല്ലാം ഫിലിസ്ത്യര്‍ മണ്ണിട്ടു മൂടി.16 അബിമെലക്ക് ഇസഹാക്കിനോടു പറഞ്ഞു: ഞങ്ങളെ വിട്ടുപോവുക. നീ ഞങ്ങളെക്കാള്‍ കൂടുതല്‍ ശക്തനായിരിക്കുന്നു.17 ഇസഹാക്ക് അവിടെ നിന്നു പുറപ്പെട്ട് ഗരാറിന്റെ താഴ്‌വരയില്‍ കൂടാരമടിച്ചു.18 തന്റെ പിതാവായ അബ്രാഹത്തിന്റെ കാലത്ത് കുഴിച്ചതും അവന്റെ മരണശേഷം ഫിലിസ്ത്യര്‍ നികത്തിക്കളഞ്ഞതുമായ കിണറുകളെല്ലാം ഇസഹാക്ക് വീണ്ടും കുഴിച്ചു; തന്റെ പിതാവു കൊടുത്ത പേരുകള്‍തന്നെ അവയ്ക്കു നല്‍കുകയും ചെയ്തു.19 താഴ്‌വരയില്‍ കിണര്‍ കുഴിച്ചുകൊണ്ടിരിക്കേ ഇസഹാക്കിന്റെ വേലക്കാര്‍ ഒരു നീരുറവ കണ്ടെണ്ടത്തി.20 ഗരാറിലെ ഇടയന്‍മാര്‍ ഇതുഞങ്ങളുടെ ഉറവയാണ് എന്നുപറഞ്ഞ് ഇസഹാക്കിന്റെ ഇടയന്‍മാരുമായി വഴക്കുണ്ടാക്കി. അവര്‍ തന്നോടു വഴക്കിനു വന്നതുകൊണ്ട് അവന്‍ ആ കിണറിന് ഏസെക്ക് എന്നു പേരിട്ടു.21 അവര്‍ വീണ്ടും ഒരു കിണര്‍ കുഴിച്ചു. അതിനെച്ചൊല്ലിയും വഴക്കുണ്ടായി. അതുകൊണ്ട്, അതിനെ അവന്‍ സിത്‌നാ എന്നു വിളിച്ചു.22 അവിടെനിന്നുമാറി അകലെ അവര്‍ വേറൊരു കിണര്‍ കുഴിച്ചു. അതിന്റെ പേരില്‍ വഴക്കുണ്ടായില്ല. അവന്‍ അതിനു റഹോബോത്ത് എന്നു പേരിട്ടു. കാരണം, അവന്‍ പറഞ്ഞു: കര്‍ത്താവ് ഞങ്ങള്‍ക്ക് ഇടം തന്നിരിക്കുന്നു. ഭൂമിയില്‍ ഞങ്ങള്‍ സമൃദ്ധിയുളളവരാകും.23 അവിടെനിന്ന് അവന്‍ ബേര്‍ഷെബായിലേക്കു പോയി.24 ആ രാത്രിതന്നെ കര്‍ത്താവ് അവനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: നിന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവമാണു ഞാന്‍; നീ ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹത്തെപ്രതി ഞാന്‍ നിന്നെ അനുഗ്രഹിക്കും; നിന്റെ സന്തതികളെ വര്‍ധിപ്പിക്കുകയും ചെയ്യും.25 അതിനാല്‍ അവന്‍ അവിടെ ഒരു ബലിപീഠം നിര്‍മിച്ചു; കര്‍ത്താവിന്റെ നാമം വിളിച്ച് അപേക്ഷിച്ചു. അവന്‍ അവിടെ കൂടാരമടിച്ചു. ഇസഹാക്കിന്റെ ഭൃത്യന്‍മാര്‍ അവിടെ ഒരു കിണര്‍ കുഴിച്ചു.26 ഗരാറില്‍നിന്ന് അബിമെലക്ക് തന്റെ ആലോചനക്കാരനായ അഹൂസ്‌സത്തും, സേനാധിപനായ ഫിക്കോളും ഒരുമിച്ച് ഇസഹാക്കിനെ കാണാന്‍ ചെന്നു.27 അവന്‍ അവരോടു ചോദിച്ചു: എന്നെ വെറുക്കുകയും നിങ്ങളുടെ നാട്ടില്‍നിന്നു പുറത്താക്കുകയുംചെയ്ത നിങ്ങള്‍ എന്തിന് എന്റെയടുക്കലേക്കു വന്നു?28 അവര്‍ പറഞ്ഞു: കര്‍ത്താവ് നിന്നോടുകൂടെയുണ്ടെന്ന് ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. അതുകൊണ്ട് നാം തമ്മില്‍ സത്യംചെയ്ത് ഒരുടമ്പടി ഉണ്ടാക്കുക നല്ലതെന്നു ഞങ്ങള്‍ക്കു തോന്നി.29 ഞങ്ങള്‍ നിന്നെ ഉപദ്രവിക്കാതിരിക്കുകയും നിനക്കു നന്‍മമാത്രം ചെയ്യുകയും സമാധാനത്തില്‍ നിന്നെ പറഞ്ഞയയ്ക്കുകയും ചെയ്തതുപോലെ, നീയും ഞങ്ങളെ ഉപദ്രവിക്കാതിരിക്കണം. നീ ഇപ്പോള്‍ കര്‍ത്താവിനാല്‍ അനുഗൃഹീതനാണ്.30 അവന്‍ അവര്‍ക്കൊരു വിരുന്നൊരുക്കി. അവര്‍ തിന്നുകയും കുടിക്കുകയുംചെയ്തു.31 രാവിലെ അവര്‍ എഴുന്നേറ്റ് അന്യോന്യം സത്യംചെയ്തു. ഇസഹാക്ക് അവരെയാത്രയാക്കി. അവര്‍ സമാധാനത്തോടെ അവനെ വിട്ടുപോയി.32 അന്നുതന്നെ ഇസഹാക്കിന്റെ വേലക്കാര്‍ വന്ന് തങ്ങള്‍ കുഴിച്ചുകൊണ്ടിരിക്കുന്ന കിണറ്റില്‍ വെള്ളം കണ്ടെന്ന് അവനെ അറിയിച്ചു.33 അവന്‍ അതിനു ഷെബാ എന്നു പേരിട്ടു. അതിനാല്‍ ഇന്നും ആ പട്ടണത്തിന്‌ബേര്‍ഷെബാ എന്നാണു പേര്.34 നാല്‍പതു വയസ്‌സായപ്പോള്‍ ഏസാവ് ഹിത്യനായ ബേരിയുടെ പുത്രിയൂദിത്തിനെയും ഹിത്യനായ ഏലോണിന്റെ പുത്രി ബാസ്മത്തിനെയും വിവാഹം ചെയ്തു.35 അവര്‍ ഇസഹാക്കിന്റെയും റബേക്കായുടെയും ജീവിതം ദുഃഖപൂര്‍ണമാക്കി.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Leave a comment