The Book of Genesis, Chapter 28 | ഉല്പത്തി, അദ്ധ്യായം 28 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 28

1 ഇസഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: കാനാന്യസ്ത്രീകളില്‍ ആരെയും നീ വിവാഹം കഴിക്കരുത്.2 പാദാന്‍ആരാമില്‍ നിന്റെ അമ്മയുടെ പിതാവായ ബത്തുവേലിന്റെ വീട്ടിലേക്കു പോവുക. അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിലൊരാളെ ഭാര്യയായി സ്വീകരിക്കുക.3 സര്‍വശക്തനായദൈവം നിന്നെ അനുഗ്രഹിച്ച്, സമൃദ്ധമായി വര്‍ധിപ്പിച്ച്, നിന്നില്‍ നിന്നു പല ജനതകളെ ഉളവാക്കട്ടെ!4 അബ്രാഹത്തിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതികള്‍ക്കുമായി അവിടുന്നു നല്‍കട്ടെ! നീ ഇപ്പോള്‍ പരദേശിയായി പാര്‍ക്കുന്നതും, ദൈവം അബ്രാഹത്തിനു നല്‍കിയതുമായ ഈ നാട് നീ അവകാശപ്പെടുത്തുകയും ചെയ്യട്ടെ!5 അങ്ങനെ ഇസഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. അവന്‍ പാദാന്‍ആരാമിലുള്ള, ലാ ബാന്റെ അടുക്കലേക്കു പോയി. അരമായനായ ബത്തുവേലിന്റെ മകനും, യാക്കോ ബിന്റെയും ഏസാവിന്റെയും അമ്മ റബേക്കായുടെ സഹോദരനും ആണ് ലാബാന്‍.6 ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചതും പാദാന്‍ആരാമില്‍ നിന്നു ഭാര്യയെ കണ്ടുപിടിക്കുന്നതിന് അങ്ങോട്ട് അവനെ പറഞ്ഞയച്ചതും ഏസാവ് അറിഞ്ഞു. അവനെ അനുഗ്രഹിച്ചപ്പോള്‍ കാനാന്യസ്ത്രീകളില്‍നിന്നു ഭാര്യയെ സ്വീകരിക്കരുത് എന്ന് അവന്‍ യാക്കോബിനോടു കല്‍പിച്ചെന്നും7 തന്റെ മാതാപിതാക്കളെ അനുസരിച്ച് യാക്കോബ് പാദാന്‍ആരാമിലേക്കു പോയെന്നും ഏസാവ് മനസ്‌സിലാക്കി.8 കാനാന്യസ്ത്രീകളെ തന്റെ പിതാവായ ഇസഹാക്കിന് ഇഷ്ടമല്ലെന്നു മനസ്‌സിലായപ്പോള്‍9 ഏസാവ് അബ്രാഹത്തിന്റെ മകനായ ഇസ്മായേലിന്റെ അടുത്തു ചെന്ന് അവന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെ ഭാര്യയായി സ്വീകരിച്ചു. അവനുണ്ടായിരുന്ന മറ്റു ഭാര്യമാര്‍ക്ക് പുറമേയായിരുന്നു ഇവള്‍.

യാക്കോബിന്റെ സ്വപ്നം

10 യാക്കോബ് ബേര്‍ഷെബായില്‍നിന്നു ഹാരാനിലേക്കു പുറപ്പെട്ടു.11 സൂര്യന്‍ അ സ്തമിച്ചപ്പോള്‍ അവന്‍ വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്തു തലയ്ക്കു കീഴേവച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനം ഉണ്ടായി:12 ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി – അതിന്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്‍മാര്‍അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.13 ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ടു കര്‍ത്താവ് അരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും.14 നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും.15 ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.16 അപ്പോള്‍ യാക്കോബ് ഉറക്കത്തില്‍ നിന്നുണര്‍ന്നു. അവന്‍ പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്.17 എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതിപൂണ്ട് അവന്‍ പറഞ്ഞു: ഈ സ്ഥലം എത്ര ഭയാനകമാണ്! ഇതു ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്റെ കവാടമാണിവിടം.18 യാക്കോബ് അതിരാവിലെ എഴുന്നേറ്റു തലയ്ക്കു കീഴേ വച്ചിരുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്‍മേല്‍ എണ്ണയൊഴിച്ചു.19 അവന്‍ ആ സ്ഥലത്തിനു ബഥേല്‍ എന്നുപേരിട്ടു. ലൂസ് എന്നായിരുന്നു ആ പട്ടണത്തിന്റെ ആദ്യത്തെ പേര്.20 അതുകഴിഞ്ഞ് യാക്കോബ് ഒരു പ്രതിജ്ഞചെയ്തു: ദൈവമായ കര്‍ത്താവ് എന്റെ കൂടെ ഉണ്ടായിരിക്കുകയും, ഈയാത്രയില്‍ എന്നെ സംരക്ഷിക്കയും,21 എനിക്ക് ഉണ്ണാനും ഉടുക്കാനും തരുകയും, എന്റെ പിതാവിന്റെ വീട്ടിലേക്കു സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍ കര്‍ത്താവായിരിക്കും എന്റെ ദൈവം.22 തൂണായി കുത്തിനിര്‍ത്തിയിരിക്കുന്ന ഈ കല്ലുദൈവത്തിന്റെ ഭവനമായിരിക്കും. അവിടുന്ന് എനിക്കു തരുന്നതിന്റെ യെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യും.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Leave a comment