🔥 🔥 🔥 🔥 🔥 🔥 🔥
23 Mar 2022
Wednesday of the 3rd week of Lent
(optional commemoration of Saint Turibius of Mongrovejo, Bishop)
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. സങ്കീ 119:133
അങ്ങേ വചനമനുസരിച്ച് എന്റെ കാലടികള്‍ നയിക്കണമേ.
ഒരു അനീതിയും എന്നെ കീഴടക്കാതിരിക്കട്ടെ.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, തപസ്സുകാലാനുഷ്ഠാനം വഴി പരിശീലനം ലഭിച്ചവരും
അവിടത്തെ വചനത്താല്‍ പരിപോഷിതരുമായ ഞങ്ങള്‍
വിശുദ്ധമായ ആത്മസംയമനത്താല്‍
പൂര്‍ണഹൃദയത്തോടെ അങ്ങേക്കു സമര്‍പ്പിതരും
സര്‍വദാ പ്രാര്‍ഥനയില്‍ ഐക്യപ്പെട്ടവരുമാകുന്നതിനുള്ള
അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
നിയ 4:1,5-9
നിങ്ങള്‍ ജീവിക്കേണ്ടതിനു ചട്ടങ്ങളും കല്‍പനകളും അനുസരിക്കുവിന്‍.
മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു:
ഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്ന് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തരുന്ന ദേശം കൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്‍പനകളും അനുസരിക്കുവിന്‍.
ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന രാജ്യത്ത് നിങ്ങളനുഷ്ഠിക്കേണ്ടതിന് എന്റെ ദൈവമായ കര്‍ത്താവ് എന്നോടു കല്‍പിച്ച പ്രകാരം അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു. അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റു ജനതകളുടെ ദൃഷ്ടിയില്‍ നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്‍പനകളെപ്പറ്റി കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍ തന്നെ എന്നുപറയും. നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതു പോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതു പോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്? നിങ്ങളുടെ കണ്ണുകള്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും ജീവിതകാലം മുഴുവന്‍ അവ ഹൃദയത്തില്‍ നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിന്‍; ജാഗരൂകരായിരിക്കുവിന്‍. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കണം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 147:12-13, 15-16, 19-20
ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക;
സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍
അവിടുന്നു ബലപ്പെടുത്തുന്നു;
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
അവിടുന്ന് അനുഗ്രഹിക്കുന്നു.
ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു;
അവിടുത്തെ വചനം പാഞ്ഞു വരുന്നു.
അവിടുന്ന് ആട്ടിന്‍രോമം പോലെ മഞ്ഞു പെയ്യിക്കുന്നു;
ചാരംപോലെ ഹിമധൂളി വിതറുന്നു.
ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും
ഇസ്രായേലിനു തന്റെ ചട്ടങ്ങളും
പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും
അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല;
അവിടുത്തെ പ്രമാണങ്ങള്‍
അവര്‍ക്ക് അജ്ഞാതമാണ്.
ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
യേശു അവരോടു പറഞ്ഞു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവൻ്റെ പ്രകാശം ഉണ്ടായിരിക്കും.
കർത്താവായ യേശുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേയ്ക്കു മഹത്വം.
സുവിശേഷം
മത്താ 5:17-19
അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍ നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കാഴ്ചവസ്തുക്കളുടെ സമര്‍പ്പണത്തോടൊപ്പം
അവിടത്തെ ജനത്തിന്റെ പ്രാര്‍ഥനകളും സ്വീകരിക്കുകയും
അവിടത്തെ രഹസ്യങ്ങള്‍ ആഘോഷിക്കുന്ന ഞങ്ങളെ
സകല അപകടങ്ങളിലും നിന്ന് സംരക്ഷിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 16:11
കര്‍ത്താവേ, അങ്ങ് എനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു.
അങ്ങേ മുഖദര്‍ശനത്തിന്റെ ആനന്ദംകൊണ്ട് എന്നെ നിറയ്ക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളെ പരിപോഷിപ്പിച്ച സ്വര്‍ഗീയവിരുന്ന്,
ഞങ്ങളെ വിശുദ്ധീകരിക്കുകയും
സകല തിന്മകളിലും നിന്നു ശുദ്ധീകൃതരായി
ഉന്നതങ്ങളില്‍ നിന്നുള്ള വാഗ്ദാനങ്ങള്‍ക്കു യോഗ്യരാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️