The Book of Exodus, Chapter 16 | പുറപ്പാട്, അദ്ധ്യായം 16 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 16

മന്നായും കാടപ്പക്ഷിയും

1 ഇസ്രായേല്‍സമൂഹം ഏലിമില്‍ നിന്നു പുറപ്പെട്ട് ഏലിമിനും സീനായ്ക്കുമിടയ്ക്കുള്ള സീന്‍മരുഭൂമിയിലെത്തി. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസമായിരുന്നു അത്.2 മരുഭൂമിയില്‍ വച്ച് ഇസ്രായേല്‍ സമൂഹം ഒന്നടങ്കം മോശയ്ക്കും അഹറോനും എതിരായി പിറുപിറുത്തു.3 ഇസ്രായേല്‍ക്കാര്‍ അവരോടു പറഞ്ഞു: ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍ കര്‍ത്താവിന്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്രനന്നായിരുന്നു! എന്നാല്‍, സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.4 കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും.5 ആറാം ദിവസം നിങ്ങള്‍ ശേഖരിക്കുന്നത് അകത്തു കൊണ്ടുവന്ന് ഒരുക്കിവയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടിയുണ്ടായിരിക്കും.6 മോശയും അഹറോനും എല്ലാ ഇസ്രായേല്‍ക്കാരോടുമായി പറഞ്ഞു: കര്‍ത്താവാണു നിങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നതെന്ന് സ ന്ധ്യയാകുമ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും.7 പ്രഭാതമാകുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെ മഹത്വം ദര്‍ശിക്കും. കാരണം, തനിക്കെതിരായ നിങ്ങളുടെ പിറുപിറുപ്പുകള്‍ കര്‍ത്താവു കേട്ടിരിക്കുന്നു. ഞങ്ങള്‍ക്കെതിരായി നിങ്ങള്‍ ആവലാതിപ്പെടാന്‍ ഞങ്ങളാരാണ്?8 മോശ പറഞ്ഞു: നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ വൈകുന്നേരം മാംസവും രാവിലെ വേണ്ടുവോളം അപ്പവും കര്‍ത്താവു തരും. എന്തെന്നാല്‍, അവിടുത്തേക്കെതിരായുള്ള നിങ്ങളുടെ ആവലാതികള്‍ അവിടുന്നു കേട്ടിരിക്കുന്നു. ഞങ്ങളാരാണ്? നിങ്ങളുടെ ആവലാതികള്‍ ഞങ്ങള്‍ക്കെതിരായിട്ടല്ല, കര്‍ത്താവിനെതിരായിട്ടാണ്.9 അനന്തരം, മോശ അഹറോനോടു പറഞ്ഞു: ഇസ്രയേല്‍ സമൂഹത്തോടു പറയുക: നിങ്ങള്‍ കര്‍ത്താവിന്റെ സന്നിധിയിലേക്കടുത്തു വരുവിന്‍. എന്തെന്നാല്‍, കര്‍ത്താവു നിങ്ങളുടെ ആവലാതികള്‍ കേട്ടിരിക്കുന്നു.10 അഹറോന്‍ ഇസ്രായേല്‍ സമൂഹത്തോടു സംസാരിച്ചപ്പോള്‍ അവര്‍ മരുഭൂമിയിലേക്കു നോക്കി. അപ്പോള്‍ കര്‍ത്താവിന്റെ മഹത്വം മേഘത്തില്‍ പ്രത്യക്ഷപ്പെട്ടു.11 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:12 ഇസ്രായേല്‍ക്കാരുടെ പരാതികള്‍ ഞാന്‍ കേട്ടു. അവരോടു പറയുക: സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്‌സിലാക്കും.13 വൈകുന്നേരമായപ്പോള്‍ കാടപ്പക്ഷികള്‍ വന്ന് പാളയം മൂടി. രാവിലെ പാളയത്തിനു ചുററും മഞ്ഞുവീണുകിടന്നിരുന്നു.14 മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു.15 ഇസ്രായേല്‍ക്കാര്‍ ഇതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: ഇതെന്താണ്? അതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അപ്പോള്‍ മോശ അവരോടു പറഞ്ഞു: കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണിത്.16 കര്‍ത്താവു കല്‍പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഓരോരുത്തനും തന്റെ കൂടാരത്തിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരു ഓമെര്‍വീതം ശേഖരിക്കട്ടെ.17 ഇസ്രായേല്‍ക്കാര്‍ അപ്രകാരം ചെയ്തു; ചിലര്‍ കൂടുതലും ചിലര്‍ കുറവും ശേഖ രിച്ചു.18 പിന്നീട് ഓമെര്‍കൊണ്ട് അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ ശേഖരിച്ചവര്‍ക്ക് കൂടുതലോ, കുറവു ശേഖരിച്ചവര്‍ക്കു കുറവോ ഉണ്ടായിരുന്നില്ല. ഓരോരുത്തനും ശേ ഖരിച്ചത് അവനു ഭക്ഷിക്കാന്‍മാത്രമുണ്ടായിരുന്നു.19 മോശ അവരോടു പറഞ്ഞു: ആരും അതില്‍നിന്ന് അല്‍പം പോലും പ്രഭാതത്തിലേക്കു നീക്കിവയ്ക്കരുത്.20 എന്നാല്‍, അവര്‍ മോശയെ അനുസരിച്ചില്ല. ചിലര്‍ അതില്‍ നിന്നും ഒരു ഭാഗം പ്രഭാതത്തിലേക്കു നീക്കിവച്ചു. അത് പുഴുത്തു മോശമായി. മോശ അവരോടു കോപിച്ചു.21 പ്രഭാതം തോറും ഓരോരുത്തരും തങ്ങള്‍ക്കു ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചു കൊണ്ടിരുന്നു. ബാക്കിയുള്ളത് സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ഉരുകിപ്പോയിരുന്നു.22 ആറാംദിവസം ഒരാള്‍ക്കു രണ്ട് ഓമെര്‍ വീതം ഇരട്ടിയായി അപ്പം അവര്‍ ശേഖരിച്ചു; സമൂഹനേതാക്കള്‍ വന്നു വിവരം മോശയെ അറിയിച്ചു.23 അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: കര്‍ത്താവിന്റെ കല്‍പനയിതാണ്, നാളെ പരിപൂര്‍ണ വിശ്രമത്തിന്റെ ദിവസമാണ്- കര്‍ത്താവിന്റെ വിശുദ്ധമായ സാബത്തുദിനം. വേണ്ടത്ര അപ്പം ഇന്നു ചുട്ടെടുക്കുവിന്‍. വേവിക്കേണ്ടത് വേവിക്കുകയും ചെയ്യുവിന്‍. ബാക്കി വരുന്നത് അടുത്ത പ്രഭാതത്തിലേക്കു സൂക്ഷിക്കുവിന്‍.24 മോശ കല്‍പിച്ചതുപോലെ, മിച്ചം വന്നത് അവര്‍ പ്രഭാതത്തിലേക്കു മാററിവച്ചു. അതു ചീത്തയായിപ്പോയില്ല. അതില്‍ പുഴുക്കള്‍ ഉണ്ടായതുമില്ല.25 മോശ പറഞ്ഞു: ഇന്നു കര്‍ത്താവിന്റെ വിശ്രമദിനമാകയാല്‍ നിങ്ങള്‍ അതു ഭക്ഷിച്ചുകൊള്ളുവിന്‍, പാളയത്തിനു വെളിയില്‍ ഇന്ന് അപ്പം കാണുകയില്ല.26 ആറു ദിവസം നിങ്ങള്‍ അതുശേഖരിക്കണം. ഏഴാംദിവസം സാബത്താകയാല്‍ അതുണ്ടായിരിക്കുകയില്ല.27 ഏഴാംദിവസം ജനങ്ങളില്‍ ചിലര്‍ അപ്പം ശേഖരിക്കാനായി പുറത്തിറങ്ങി.28 എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ കര്‍ത്താവ് മോശയോടു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ എന്റെ കല്‍പനകളും നിയമങ്ങളും പാലിക്കാതിരിക്കും?29 കര്‍ത്താവ് നിങ്ങള്‍ക്കു സാബത്തു നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടാണ്, ആറാം ദിവസം അവിടുന്ന് രണ്ടു ദിവസത്തേക്കുള്ള അപ്പം നിങ്ങള്‍ക്കു തരുന്നത്. ഏഴാംദിവസം ഓരോരുത്തനും തന്റെ വസതിയില്‍തന്നെ കഴിയട്ടെ; ആരും പുറത്തു പോകരുത്.30 അതനുസരിച്ച് ഏഴാംദിവസം ജനം വിശ്രമിച്ചു.31 ഇസ്രായേല്‍ക്കാര്‍ അതിനു മന്നാ എന്നു പേരു നല്കി. അതു കൊത്തമ്പാലരി പോലെയിരുന്നു. വെളുത്തതും തേന്‍ ചേര്‍ത്ത അപ്പത്തിന്റെ രുചിയുള്ളതുമായിരുന്നു.32 മോശ പറഞ്ഞു: കര്‍ത്താവിന്റെ കല്‍പന ഇതാണ്: ഈജിപ്തില്‍ നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോരുമ്പോള്‍ മരുഭൂമിയില്‍ വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ തന്ന അപ്പം നിങ്ങളുടെ പിന്‍തലമുറകള്‍ കാണുന്നതിനുവേണ്ടി അതില്‍നിന്ന് ഒരു ഓമെര്‍ എടുത്ത് സൂക്ഷിച്ചു വയ്ക്കുവിന്‍.33 മോശ അഹറോനോടു പറഞ്ഞു: ഒരു പാത്രത്തില്‍ ഒരു ഓമെര്‍ മന്നാ എടുത്ത് നിങ്ങളുടെ പിന്‍തല മുറകള്‍ക്കുവേണ്ടി കര്‍ത്താവിന്റെ സന്നിധിയില്‍ സൂക്ഷിച്ചു വയ്ക്കുക.34 കര്‍ത്താവ് മോശയോട് കല്‍പിച്ചതുപോലെ അഹറോന്‍ അതു സാക്ഷ്യപേടകത്തിനു മുന്‍പില്‍ സൂക്ഷിച്ചുവച്ചു.35 ഇസ്രായേല്‍ക്കാര്‍ മനുഷ്യവാസമുള്ള സ്ഥലത്തെത്തുന്നതുവരെ നാല്‍പതു വര്‍ഷത്തേക്കു മന്നാ ഭക്ഷിച്ചു. കാനാന്‍ ദേശത്തിന്റെ അതിര്‍ത്തിയിലെത്തുന്നതുവരെ മന്നായാണ് അവര്‍ ഭക്ഷിച്ചത്.36 ഒരു ഓമെര്‍ ഒരു എഫായുടെ പത്തിലൊന്നാണ്.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment