🔥 🔥 🔥 🔥 🔥 🔥 🔥
08 Jun 2022
Blessed Mariyam Thresia, Virgin
or Wednesday of week 10 in Ordinary Time
Liturgical Colour: White.
പ്രവേശകപ്രഭണിതം
ഇതാ, കത്തിച്ച വിളക്കുമായി
ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ട
വിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക.
Or:
ക്രിസ്തുവിന്റെ കന്യകേ,
നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെ
കിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
കുടുംബ ജീവിതത്തെ പരിപോഷിപ്പിക്കുന്നതില്‍
അദ്ഭുതകരമായ പരിപാലനത്താല്‍
കന്യകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ,
അങ്ങ് അലങ്കരിച്ചുവല്ലോ.
ഈ കന്യകയുടെ മാധ്യസ്ഥ്യത്താല്‍,
ഗാര്‍ഹിക സഭയായ ഓരോ കുടുംബവും
ജീവിത വ്യഗ്രതകളുടെ മധ്യേ ക്രിസ്തുവിന്
ഫലപ്രദമായ സാക്ഷ്യംനല്കാന്‍
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
1 രാജാ 18:20-39
അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവര്‍ അറിയുന്നതിന് എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
അക്കാലത്ത്, ആഹാബ് ഇസ്രായേല്‍ജനത്തെയും പ്രവാചകന്മാരെയും കാര്‍മല്‍ മലയില്‍ ഒരുമിച്ചുകൂട്ടി. ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? കര്‍ത്താവാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍. ജനം ഒന്നും പറഞ്ഞില്ല. ഏലിയാ വീണ്ടും ജനത്തോടു പറഞ്ഞു: കര്‍ത്താവിന്റെ പ്രവാചകന്മാരില്‍ ഞാനേ ശേഷിച്ചിട്ടുള്ളു, ഞാന്‍ മാത്രം. ബാലിനാകട്ടെ നാനൂറ്റിയന്‍പതു പ്രവാചകന്മാരുണ്ട്. ഞങ്ങള്‍ക്കു രണ്ടു കാളയെ തരുവിന്‍. ഒന്നിനെ അവര്‍ കഷണങ്ങളാക്കി വിറകിന്മേല്‍ വയ്ക്കട്ടെ; തീ കൊളുത്തരുത്. മറ്റേതിനെ ഞാനും ഒരുക്കി വിറകിന്മേല്‍ വയ്ക്കാം. ഞാനും തീ കൊളുത്തുകയില്ല. നിങ്ങള്‍ നിങ്ങളുടെ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാം. അഗ്നി അയച്ചു പ്രാര്‍ഥന കേള്‍ക്കുന്ന ദൈവമായിരിക്കും യഥാര്‍ഥദൈവം. വളരെ നല്ല അഭിപ്രായം, ജനം ഒന്നാകെ പ്രതിവചിച്ചു.
ബാലിന്റെ പ്രവാചകന്മാരോട് ഏലിയാ പറഞ്ഞു: ആദ്യം നിങ്ങള്‍ ഒരു കാളയെ ഒരുക്കിക്കൊള്ളുവിന്‍, നിങ്ങള്‍ അനേകം പേരുണ്ടല്ലോ. നിങ്ങളുടെ ദേവനെ വിളിച്ചപേക്ഷിക്കുവിന്‍. എന്നാല്‍, തീ കൊളുത്തരുത്. അവര്‍ കാളയെ ഒരുക്കി പ്രഭാതം മുതല്‍ മധ്യാഹ്നം വരെ ബാല്‍ദേവാ ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ എന്നു വിളിച്ചപേക്ഷിച്ചു. പ്രതികരണമുണ്ടായില്ല; ആരും ഉത്തരവും നല്‍കിയില്ല. ബലിപീഠത്തിനു ചുറ്റും അവര്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്നു. ഉച്ചയായപ്പോള്‍ ഏലിയാ അവരെ പരിഹസിച്ച് പറഞ്ഞു: ഉച്ചത്തില്‍ വിളിക്കുവിന്‍. ബാല്‍ ഒരു ദേവനാണല്ലോ. അവന്‍ ദിവാസ്വപ്‌നം കാണുകയായിരിക്കാം; ദിനചര്യ അനുഷ്ഠിക്കുകയാവാം; യാത്രപോയതാവാം, അല്ലെങ്കില്‍ ഉറങ്ങുകയാവും, വിളിച്ചുണര്‍ത്തേണ്ടിയിരിക്കുന്നു. അപ്പോള്‍ അവര്‍ ശബ്ദമുയര്‍ത്തി വിളിച്ചു; ആചാരമനുസരിച്ചു വാളുകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്‍പ്പിച്ചു, രക്തം ഒഴുകി. മധ്യാഹ്നം കഴിഞ്ഞിട്ടും അവര്‍ ഉന്മത്തരായി വിളിച്ചുകൊണ്ടിരുന്നു. ബലിക്കു സമയമായി. എന്നിട്ടും ഒരു ശബ്ദവും ഉണ്ടായില്ല; ആരും ഉത്തരം നല്‍കിയില്ല. ആരും അവരുടെ പ്രാര്‍ഥന ശ്രവിച്ചില്ല.
അപ്പോള്‍, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിന്‍: എല്ലാവരും ചെന്നു. കര്‍ത്താവിന്റെ തകര്‍ന്നുകിടന്നിരുന്ന ബലിപീഠം അവന്‍ കേടുപോക്കി. നിന്റെ നാമം ഇസ്രായേല്‍ എന്നായിരിക്കും എന്നു കര്‍ത്താവ് ആരോട് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അവന്‍ പന്ത്രണ്ട് കല്ലെടുത്തു. ആ കല്ലുകള്‍കൊണ്ട് അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. അതിനുചുറ്റും രണ്ട് അളവു വിത്തുകൊള്ളുന്ന ഒരു ചാലുണ്ടാക്കി. അവന്‍ വിറക് അടുക്കി കാളയെ കഷണങ്ങളാക്കി അതിന്മേല്‍ വച്ചു. അവന്‍ പറഞ്ഞു: നാലു കുടം വെള്ളം ദഹനബലിവസ്തുവിലും വിറകിലും ഒഴിക്കുവിന്‍. അവന്‍ തുടര്‍ന്നു: വീണ്ടും അങ്ങനെ ചെയ്യുവിന്‍; അവര്‍ ചെയ്തു. അവന്‍ വീണ്ടും പറഞ്ഞു: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യുവിന്‍. അവര്‍ അങ്ങനെ ചെയ്തു. ബലിപീഠത്തിനു ചുറ്റും വെള്ളമൊഴുകി ചാലില്‍ വെള്ളം നിറഞ്ഞു.
ദഹനബലിയുടെ സമയമായപ്പോള്‍ ഏലിയാ പ്രവാചകന്‍ അടുത്തുവന്നു പ്രാര്‍ഥിച്ചു: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണെന്നും, ഞാന്‍ അങ്ങേ ദാസനാണെന്നും, അങ്ങേ കല്‍പനയനുസരിച്ചാണു ഞാന്‍ ഇതു ചെയ്തതെന്നും അങ്ങ് ഇന്നു വെളിപ്പെടുത്തണമേ! കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവര്‍ അറിയുന്നതിന് എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! ഉടനെ കര്‍ത്താവില്‍ നിന്ന് അഗ്നി ഇറങ്ങി ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തു. ഇതു കണ്ടു ജനം സാഷ്ടാംഗം വീണ് വിളിച്ചുപറഞ്ഞു: കര്‍ത്താവു തന്നെ ദൈവം! കര്‍ത്താവു തന്നെ ദൈവം!
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 16:1b-2ab,4,5ab,8,11
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്;
അങ്ങില്‍ നിന്നല്ലാതെ എനിക്കു നന്മയില്ല.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അന്യദേവന്മാരെ അനുഗമിക്കുന്നവര്‍
തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു;
ഞാന്‍ അവര്‍ക്കു രക്തംകൊണ്ടു പാനീയബലി അര്‍പ്പിക്കുകയില്ല;
ഞാന്‍ അവരുടെ നാമം ഉച്ചരിക്കുകയില്ല.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;
എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;
അങ്ങേ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങേ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
സങ്കീ.25/4,5.
അല്ലേലൂയ!അല്ലേലൂയ!
എൻ്റെ ദൈവമേ, അങ്ങേ പാതകൾ എന്നെ പഠിപ്പിക്കേണമേ! അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കേണമേ.
അല്ലേലൂയ!
സുവിശേഷം
മത്താ 5:17-19
അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍ നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:6
ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.
Or:
cf. സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
Categories: Daily Readings, Readings