ലേവ്യ പുസ്തകം, അദ്ധ്യായം 2
ധാന്യബലി
1 ആരെങ്കിലും കര്‍ത്താവിനു ധാന്യബലി അര്‍പ്പിക്കുന്നെങ്കില്‍ ബലിവസ്തു നേര്‍മയുള്ള മാവായിരിക്കണം. അതില്‍ എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും ചെയ്യണം. 2 അത് അഹറോന്റെ പുത്രന്‍മാരായ പുരോഹിതരുടെ മുന്‍പില്‍ കൊണ്ടുവരണം. പുരോഹിതന്‍ ഒരുകൈ മാവും എണ്ണയും കുന്തുരുക്കം മുഴുവനും എടുത്തു സ്മരണാംശമായി ബലിപീഠത്തില്‍ ദഹിപ്പിക്കണം. അത് അഗ്‌നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും. 3 ധാന്യബലിവസ്തുവില്‍ ശേഷിച്ച ഭാഗം അഹറോനും പുത്രന്‍മാര്‍ക്കുമുള്ളതാണ്. കര്‍ത്താവിനുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്ധമാണിത്.4 ധാന്യബലിക്കുള്ള കാഴ്ചവസ്തു അടുപ്പില്‍ ചുട്ടെടുത്തതാണെങ്കില്‍ അതു നേരിയമാവില്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പമോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അടയോ ആയിരിക്കണം.5 നിന്റെ ധാന്യബലിക്കുള്ള കാഴ്ചവസ്തു വറചട്ടിയില്‍ പാകപ്പെടുത്തിയതാണെങ്കില്‍ അതു പുളിപ്പില്ലാത്ത നേരിയമാവില്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയതായിരിക്കണം.6 കഷണങ്ങളായി മുറിച്ച് അതില്‍ എണ്ണയൊഴിക്കണം. അത് ഒരു ധാന്യബലിയാണ്.7 ധാന്യബലിക്കുള്ള കാഴ്ചവസ്തു ഉരുളിയില്‍ പാകപ്പെടുത്തിയതാണെങ്കില്‍ അത് നേരിയമാവില്‍ എണ്ണചേര്‍ത്ത് ഉണ്ടാക്കിയതായിരിക്കണം.8 ഇവകൊണ്ടുണ്ടാക്കിയ ധാന്യബലി കര്‍ത്താവിനു കൊണ്ടുവരുമ്പോള്‍ അതു പുരോഹിതനെ ഏല്‍പിക്കണം. അവന്‍ അതു ബലിപീഠത്തിലേയ്ക്കു കൊണ്ടുവരണം.9 പുരോഹിതന്‍ ധാന്യബലിയില്‍നിന്നു സ്മരണാംശമെടുത്ത് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. അത് അഗ്‌നിയിലുള്ള ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.10 ധാന്യബലിവസ്തുവില്‍ ശേഷിക്കുന്നത് അഹറോനും പുത്രന്‍മാര്‍ക്കുമുള്ളതാണ്. കര്‍ത്താവിനുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്ധമാണിത്.11 കര്‍ത്താവിനു നിങ്ങള്‍ കൊണ്ടുവരുന്ന ധാന്യബലി പുളിപ്പുചേര്‍ത്തതായിരിക്കരുത്. ദഹനബലിയായി പുളിമാവോ തേനോ അര്‍പ്പിക്കരുത്.12 എന്നാല്‍, അവ ആദ്യഫലങ്ങളായി കര്‍ത്താവിനു സമര്‍പ്പിക്കാം. അവ ഒരിക്കലും കര്‍ത്താവിനു സുരഭിലബലിയായി ദഹിപ്പിക്കരുത്. ധാന്യബലിക്കെല്ലാം ഉപ്പുചേര്‍ക്കണം.13 ധാന്യബലിയില്‍ നിന്നു നിന്റെ ദൈവത്തിന്റെ ഉടമ്പടിയുടെ ഉപ്പു നീക്കിക്കളയരുത്. എല്ലാ ധാന്യബലിയോടുംകൂടെ ഉപ്പു സമര്‍പ്പിക്കണം.14 ആദ്യഫലങ്ങള്‍ കര്‍ത്താവിനു ധാന്യബലിയായി സമര്‍പ്പിക്കുന്നെങ്കില്‍ പുതിയ കതിരുകളില്‍നിന്നുള്ള മണികള്‍ തീയില്‍ ഉണക്കിപ്പൊടിച്ചു സമര്‍പ്പിക്കണം.15 അതില്‍ എണ്ണയൊഴിക്കുകയും കുന്തുരുക്കമിടുകയും വേണം. അത് ഒരു ധാന്യബലിയാണ്.16 പൊടിച്ച മാവില്‍നിന്നും എണ്ണയില്‍നിന്നും സ്മരണാംശമെടുത്ത് കുന്തുരുക്കം മുഴുവനുംകൂടി പുരോഹിതന്‍ ദഹിപ്പിക്കണം. അതു കര്‍ത്താവിനുള്ള ദഹനബലിയാണ്.
The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation




Leave a comment