The Book of Leviticus, Chapter 24 | ലേവ്യര്‍, അദ്ധ്യായം 24 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 24

ദേവാലയദീപം

1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 വിളക്കുകള്‍ നിരന്തരം കത്തിക്കൊണ്ടിരിക്കുന്നതിന് ഒലിവില്‍നിന്നെടുത്ത ശുദ്ധമായ എണ്ണ നിന്റെ അടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്‍ജനത്തോടു പറയുക.3 സമാഗമകൂടാരത്തില്‍ സാക്ഷ്യത്തിന്റെ തിര ശ്ശീലയ്ക്കു പുറത്ത് പ്രദോഷംമുതല്‍ പ്രഭാതംവരെ നിരന്തരം കര്‍ത്താവിന്റെ സന്നിധിയില്‍ അഹറോന്‍ അതു സജ്ജമാക്കി വയ്ക്കണം. നിങ്ങളുടെ തലമുറകള്‍ക്ക് എന്നേക്കുമുള്ള നിയമമാണിത്.4 കര്‍ത്താവിന്റെ സന്നിധിയില്‍ ദീപപീഠത്തിന്‍മേല്‍ അവന്‍ ദീപങ്ങള്‍ നിരന്തരം ഒരുക്കിവയ്ക്കണം.

തിരുസാന്നിദ്ധ്യ അപ്പം

5 നീ നേരിയ മാവുകൊണ്ടു പന്ത്രണ്ട് അപ്പം ഉണ്ടാക്കണം. ഓരോ അപ്പത്തിനും പത്തില്‍രണ്ട് ഏഫാ മാവ് ഉപയോഗിക്കണം.6 അവ ആറു വീതം രണ്ടു നിരകളായി പൊന്‍മേശയില്‍ വയ്ക്കണം.7 ശുദ്ധമായ കുന്തുരുക്കം ഓരോ നിലയിലും വയ്ക്കണം. കര്‍ത്താവിന് അപ്പത്തോടൊപ്പം സ്മരണാംശമായി അഗ്‌നിയില്‍ അര്‍പ്പിക്കാന്‍വേണ്ടിയാണ് ഇത്.8 ഇസ്രായേല്‍ജനത്തിനുവേണ്ടി നിത്യമായ ഒരു ഉടമ്പടിയായി സാബത്തുതോറും മുടക്കംകൂടാതെ അഹറോന്‍ അതു കര്‍ത്താവിന്റെ മുന്‍പില്‍ ക്രമപ്പെടുത്തിവയ്ക്കണം.9 അത് അഹറോനും അവന്റെ പുത്രന്‍മാര്‍ക്കും ഉള്ളതായിരിക്കും. അവര്‍ അതു വിശുദ്ധ സ്ഥലത്തുവച്ചു ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിന് അര്‍പ്പിതമായ ദഹന ബലിയുടെ അതിവിശുദ്ധമായ അംശവും അവന്റെ ശാശ്വതാവകാശവുമാണ്.

ദൈവദൂഷണത്തിനു ശിക്ഷ

10 ഇസ്രായേല്‍ക്കാരിയില്‍ ഈജിപ്തുകാരനു ജനിച്ച ഒരുവന്‍ ഇസ്രായേല്‍ജനത്തിനിടയില്‍ വന്ന് പാളയത്തില്‍വച്ച് ഒരു ഇസ്രായേല്‍ക്കാരനുമായി വഴക്കിട്ടു.11 ഇസ്രായേല്‍ സ്ത്രീയുടെ മകന്‍ തിരുനാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. അവര്‍ അവനെ മോശയുടെ അടുക്കല്‍ കൊണ്ടുവന്നു. അവന്റെ അമ്മയുടെ പേര്‍ ഷെലോമിത്ത് എന്നായിരുന്നു. അവള്‍ ദാന്‍ ഗോത്രത്തിലെ ദിബ്രിയുടെ മകളായിരുന്നു.12 അവര്‍ അവനെ കര്‍ത്താവിന്റെ ഹിതം അറിയുന്നതുവരെ തടവില്‍ വച്ചു.13 കര്‍ത്താവ് മോശയോടു കല്‍പിച്ചു:14 ശാപവാക്കു പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോകുക. അവന്‍ പറഞ്ഞതു കേട്ടവരെല്ലാം അവന്റെ തലയില്‍ കൈവച്ചതിനുശേഷം ജനം അവനെ കല്ലെറിയട്ടെ.15 എന്നിട്ട് ഇസ്രായേല്‍ ജനത്തോടു പറയുക, ദൈവത്തെ ശപിക്കുന്നവന്‍ തന്റെ പാപം വഹിക്കണം.16 കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം.

പ്രതികാരത്തിന്റെ നിയമം

17 മനുഷ്യനെ കൊല്ലുന്നവന്‍മരണശിക്ഷ അനുഭവിക്കണം.18 മൃഗത്തെ കൊല്ലുന്നവന്‍ പകരം മൃഗത്തെ കൊടുക്കണം – ജീവനു പകരം ജീവന്‍.19 അയല്‍ക്കാരനെ അംഗഭംഗപ്പെടുത്തുന്നവനോട് അതു തന്നെ ചെയ്യണം.20 ഒടിവിന് ഒടിവും കണ്ണിനു കണ്ണും പല്ലിനു പല്ലും പകരം കൊടുക്കണം. മറ്റൊരുവനെ അംഗഭംഗപ്പെടുത്തിയതുപോലെ അവനെയും അംഗഭംഗപ്പെടുത്തണം.21 മൃഗത്തെ കൊല്ലുന്നവന്‍ പകരം മൃഗത്തെ കൊടുക്കണം. എന്നാല്‍ മനുഷ്യനെ കൊല്ലുന്നവനെ കൊന്നുകളയണം.22 സ്വദേശിക്കും വിദേശിക്കും ഒരേ നിയമംതന്നെ. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.23 ദൈവദൂഷണം പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്ന് മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു. മോശയോടു കര്‍ത്താവ് കല്‍പിച്ചതുപോലെ ഇസ്രായേല്‍ജനം പ്രവര്‍ത്തിച്ചു.

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment