The Book of Leviticus, Chapter 6 | ലേവ്യര്‍, അദ്ധ്യായം 6 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 6

1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: 2 സൂക്ഷിക്കാനേല്‍പിച്ചതോ ഈടുവച്ചതോ ആയ വസ്തു തിരിച്ചുകൊടുക്കാതെയും കവര്‍ച്ച ചെയ്തും അയല്‍ക്കാരനെ വഞ്ചിക്കുക, പീഡിപ്പിക്കുക,3 കാണാതെപോയതു കണ്ടുകിട്ടിയിട്ടും ആ കാര്യം നിഷേധിച്ച് കള്ള സത്യം ചെയ്യുക എന്നിങ്ങനെയുമുള്ള പാപങ്ങളില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ച്, കര്‍ത്താവിനോട് അവിശ്വസ്തത കാണിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും.4 ഒരുവന്‍ ഇങ്ങനെ പാപംചെയ്തു കുറ്റക്കാരനായാല്‍, അവന്‍ കവര്‍ച്ചകൊണ്ടോ മര്‍ദനത്തിലൂടെയോ കൈവശപ്പെടുത്തിയതും സൂക്ഷിക്കാന്‍ ഏല്‍പിക്കപ്പെട്ടതും കാണാതെപോയി കണ്ടുകിട്ടിയതും,5 കള്ളസത്യം ചെയ്തു നേടിയതും എല്ലാം, വിലയുടെ അഞ്ചില്‍ ഒരുഭാഗം കൂട്ടിച്ചേര്‍ത്ത് പ്രായശ്ചിത്തബലിയുടെ ദിവസം ഉടമസ്ഥനു തിരിച്ചുകൊടുക്കണം.6 കൂടാതെ, പ്രായശ്ചിത്തബലിക്കുള്ള ചെല വനുസരിച്ച് നീ നിശ്ചയിക്കുന്ന വിലവരുന്ന ഊനമറ്റ ഒരു മുട്ടാടിനെ ആട്ടിന്‍പറ്റത്തില്‍ നിന്നു കര്‍ത്താവിനു പ്രായശ്ചിത്തബലിയായി പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.7 പുരോഹിതന്‍ കര്‍ത്താവിന്റെ മുന്‍ പില്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവന്‍ ചെയ്ത ഏതു കുറ്റത്തിലുംനിന്ന് അവനു മോചനം ലഭിക്കും.
നിരന്തര ദഹനബലി
8 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:9 അഹറോനോടും അവന്റെ പുത്രന്‍മാരോടും ഇപ്രകാരം കല്‍പിക്കുക, ദഹനബലിക്കുള്ള നിയമം ഇതാണ്: ബലിവസ്തു ബലിപീഠത്തിന്‍മേലുള്ള അഗ്‌നികുണ്‍ഡത്തില്‍, രാത്രിമുഴുവന്‍, പ്രഭാതംവരെ വച്ചിരിക്കണം. ബലിപീഠത്തിലെ അഗ്‌നി തുടരെ കത്തി ക്കൊണ്ടിരിക്കുകയും വേണം.10 പുരോഹിതന്‍ ചണംകൊണ്ടുള്ള വസ്ത്രവും കാല്‍ ച്ചട്ടയും ധരിക്കണം. കാഴ്ചവസ്തു അഗ്‌നിയില്‍ ദഹിപ്പിച്ചുണ്ടായ ചാരം ബലിപീഠത്തില്‍ നിന്നു ശേഖരിച്ച് അതിന്റെ ഒരു വശത്തിടണം.11 അതിനുശേഷം വസ്ത്രം മാറി വേറെവസ്ത്രം ധരിച്ചു ചാരം പാളയത്തിനു വെളിയില്‍ ശുചിയായ സ്ഥലത്തേയ്ക്കു കൊണ്ടുപോകണം.12 ബലിപീഠത്തിലെ അഗ്‌നി കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്. ദിവസവും രാവിലെ പുരോഹിതന്‍ അതില്‍ വിറക് അടുക്കുകയും അതിന്‍മേല്‍ ദഹനബലിവസ്തു ക്രമത്തില്‍ നിരത്തുകയും സമാധാനബലിക്കായുള്ള മേദസ്‌സു ദഹിപ്പിക്കുകയും വേണം.13 ബലിപീഠത്തിലെ അഗ്‌നി നിരന്തരം കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത്.

ധാന്യബലി

14 ധാന്യബലിയുടെ നിയമം ഇതാണ്: അത് അഹറോന്റെ പുത്രന്‍മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ബലിപീഠത്തിനു മുന്‍പില്‍ അര്‍പ്പിക്കണം.15 പുരോഹിതന്‍ ധാന്യബലിക്കുള്ള നേരിയ മാവില്‍നിന്ന് ഒരുകൈ മാവും അതിനുള്ള എണ്ണയും കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണാംശമായി ബലിപീഠത്തില്‍വച്ചു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിക്കണം.16 ശേഷിക്കുന്നത് അഹറോനും പുത്രന്‍മാരും ഭക്ഷിക്കണം. വിശുദ്ധസ്ഥലത്തുവച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിവേണം അതു ഭക്ഷിക്കാന്‍. സമാഗമകൂടാരത്തിന്റെ അങ്കണത്തില്‍വച്ച് അവര്‍ അതു ഭക്ഷിക്കണം. അതു പുളിപ്പുചേര്‍ത്തു ചുടരുത്.17 എന്റെ ദഹനബലികളില്‍നിന്ന് അവരുടെ ഓഹരിയായി ഞാന്‍ അതു കൊടുത്തിരിക്കുന്നു. പാപപരിഹാരബലിപോലെയും പ്രായ ശ്ചിത്തബലിപോലെയും അത് ഏറ്റവും വിശുദ്ധമാണ്.18 അഹറോന്റെ പുത്രന്‍മാര്‍ക്കെല്ലാവര്‍ക്കും കര്‍ത്താവിന്റെ ദഹനബലിയില്‍നിന്നു ഭക്ഷിക്കാം. തലമുറതോറും എന്നും നിലനില്‍ക്കേണ്ട നിയമമാണിത്. അവയെ സ്പര്‍ശിക്കുന്നവരെല്ലാം വിശുദ്ധരായിത്തീരും.19 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:20 അഹറോനും അവന്റെ പുത്രന്‍മാരും അഭിഷേകദിവസം കര്‍ത്താവിനു സമര്‍പ്പിക്കേണ്ട ബലി ഇതാണ്. ഒരു ഏഫായുടെ പത്തിലൊന്നു നേരിയമാവ് അനുദിന ധാന്യബലിയായി, പകുതി രാവിലെയും പകുതി വൈകുന്നേരവും അര്‍പ്പിക്കണം.21 അത് എണ്ണചേര്‍ത്തു വറചട്ടിയില്‍ ചുട്ടെടുക്കണം. അതു നന്നായി കുഴച്ച്, ചുട്ട്, കഷണങ്ങളാക്കി, ധാന്യബലിപോലെ കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിക്കണം.22 അഹറോന്റെ പുത്രന്‍മാരില്‍ അവന്റെ പിന്‍തുടര്‍ച്ചാവകാശിയായി അഭിഷിക്ത നായ പുരോഹിതന്‍ എന്നേക്കുമുള്ള നിയമപ്രകാരം അതു കര്‍ത്താവിനു സമര്‍പ്പിക്കണം. അതു മുഴുവനും ദഹിപ്പിക്കണം.23 പുരോഹിതന്റെ ഓരോ ധാന്യബലിയും പൂര്‍ണ്ണമായി ദഹിപ്പിക്കണം. അതു ഭക്ഷിക്കാന്‍ പാടില്ല.

പാപപരിഹാരബലി

24 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:25 അഹറോനോടും പുത്രന്‍മാരോടും പറയുക, പാപപരിഹാരബലിയുടെ നിയമം ഇതാണ്. പാപപരിഹാരബലിക്കുള്ള മൃഗത്തെ കര്‍ത്താവിന്റെ സന്നിധിയില്‍ ദഹനബലിമൃഗത്തെ കൊല്ലുന്ന സ്ഥലത്തുവച്ചുതന്നെ കൊല്ലണം. അത് അതിവിശുദ്ധമാണ്.26 പാപപരിഹാരബലി അര്‍പ്പിക്കുന്ന പുരോഹിതന്‍ അതു ഭക്ഷിക്കണം. സമാഗമകൂടാരത്തിന്റെ അങ്കണത്തില്‍ വിശുദ്ധസ്ഥലത്തുവച്ചുവേണം ഭക്ഷിക്കുവാന്‍.27 അതിന്റെ മാംസത്തില്‍ തൊടുന്നവരെല്ലാം വിശുദ്ധരായിത്തീരും. അതിന്റെ രക്തം വസ്ത്രത്തില്‍ തെറിച്ചുവീണാല്‍ ആ വസ്ത്രം വിശുദ്ധസ്ഥലത്തുവച്ചു കഴുകണം.28 അതു പാകംചെയ്ത മണ്‍പാത്രം ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കില്‍ അതു നന്നായി തേച്ചുകഴുകണം.29 പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്‍മാര്‍ക്കും അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്.30 എന്നാല്‍ വിശുദ്ധസ്ഥലത്തുവച്ച് പാപപരിഹാരകര്‍മം നടത്താന്‍ ബലിമൃഗത്തിന്റെ രക്തം സമാഗമകൂടാരത്തിലേക്കു കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ ആ ബലിമൃഗത്തെ ഭക്ഷിക്കരുത്. അതിനെ അഗ്‌നിയില്‍ ദഹിപ്പിക്കണം.

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment