വി. യൊവാക്കിമിന്റേയും വി. അന്നയുടേയും തിരുനാൾ

പരിശുദ്ധമറിയത്തിന്റെ മാതാപിതാക്കളായ #വിശുദ്ധ യൊവാക്കിമിന്റേയും #വിശുദ്ധ അന്നയുടേയും തിരുനാൾ.❤️

അഹറോന്റെ പുത്രിയായ #അന്ന ആഗ്രഹിച്ചിരുന്നതു തന്റെ ജീവിതത്തെ നീതിമാനായ ഒരു മനുഷ്യന്റെ ജീവിതത്തോടു ചേര്‍ക്കണമെന്നായിരുന്നു.

കുടുംബത്തിന്റെ സന്തോഷം നീതിനിഷ്ഠമായ ജീവിതത്തിലാണ് അടങ്ങിയിരിക്കുന്നതെന്നു അവര്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു.

അതുപോലെ #യൊവാക്കിം വിലമതിച്ചിരുന്നതു സൗന്ദര്യത്തെക്കാളും സമ്പത്തിനേക്കാളും കൂടുതലായി അന്നയില്‍ കണ്ട നന്മയേയും ജ്ഞാനത്തേയും ആയിരുന്നു.

വളരെ വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യമില്ലാത്തതിന്റെ പേരില്‍ നിരാശരാകാതെ,

സന്താന സൗഭാഗ്യത്തിനും മിശിഹായുടെ ആഗമനത്തിനും വേണ്ടി പ്രാര്‍ഥിക്കുവാനുമായി യൊവാക്കിം കാഴ്ചകളുമായി ജറുസലേം ദേവാലയത്തിലേക്കു പോയി.

അവിടത്തെ യുവപുരോഹിതന്‍ അവരുടെ വന്ധ്യതയെ പരിഹസിച്ചു ചൊടിപ്പിച്ചു.

വളരെയേറെ വേദനയോടെ
യൊവാക്കിം ദൈവത്തോടുപറഞ്ഞു: ”അങ്ങയുടെ അഭീഷ്ടമനുസരിച്ച് ഈ നാണക്കേട് ഞാന്‍ സഹിക്കാം.

അങ്ങയുടെ കൃപയ്ക്ക് ഈ ദാസന്‍ അയോഗ്യനെങ്കില്‍ എന്റെ എളിയ ഭാര്യ അന്നയുടെ യാചനകളെ അങ്ങു ചെവിക്കൊണ്ടാലും.

എങ്കിലും #എന്റെഇഷ്ടമല്ലസകലതിലുംഅവിടത്തെഅഭീഷ്ടം_നിറവേറട്ടെ.”

യൊവാക്കിമിന് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ട്, സ്വര്‍ഗത്തിനും ഭൂമിക്കും ആനന്ദദായകമായ ഒരു പുത്രിയെ ഭാര്യ അന്ന പ്രസവിക്കുമെന്ന് ഉറപ്പു കൊടുത്തു.

ഈ സമയം പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന അന്നയ്ക്കും ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ട് മിശിഹായുടെ മാതാവ് നിന്നില്‍ ജനിക്കുമെന്നും ഇതാരോടും പറയരുതെന്നും പറഞ്ഞു.

അങ്ങനെയൊരു കുഞ്ഞിനു ജന്മം നൽകാൻ കഴിഞ്ഞാൽ, ആ കുഞ്ഞിനെ ദൈവത്തിന് സമർപ്പിച്ചുകൊള്ളാമെന്ന് അവർ വാഗ്ദാനം ചെയ്തു.

സമയത്തിന്റെ പൂർത്തികരണത്തിൽ, #അന്ന, തന്റെ കുഞ്ഞിന് ജന്മം നൽകി.

അവർ അവൾക്ക് #മേരി എന്ന പേരിട്ടു.

കുഞ്ഞുമേരിക്ക് മൂന്നു വയസ്സായപ്പോൾ, ദൈവത്തിന് കൊടുത്ത വാഗ്ദാനം നിറവേറ്റാനായി, അവർ കുഞ്ഞിനെ ജറുസലേം ദേവാലയത്തിൽ കൊണ്ടുചെന്നാക്കി.

അവിടെ അവൾ വളർന്നു. മേരിയുണ്ടായതിനു ശേഷം, ഒരുപാട് താമസിയാതെ #യൊവാക്കിം മരിച്ചുവെന്നും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ, #അന്ന രണ്ടാമതും വിവാഹം കഴിച്ചെന്ന് ചരിത്രം പറഞ്ഞുവയ്ക്കുന്നു.

രക്ഷാകര കര്‍മ്മത്തിനു സമയമടുത്തുവെന്നു മനസ്സിലാക്കിയ സര്‍വശക്തനായ ദൈവം, രക്ഷകന്‍റെ അമ്മയുടെ മാതാപിതാക്കളായി ഇസ്രായേലിലെ ഏറ്റവും നീതിമാന്മാരായ യോവാക്കിമിനെയും അന്നയെയും തിരഞ്ഞെടുത്തു.

ദാവീദിന്‍റെ വംശജനായ യോവാക്കിം, സോളമനെപ്പോലെ ജ്ഞാനത്തെ സ്തുതിച്ച് പ്രാർത്ഥിച്ചിരുന്നു. അഹറോന്‍റെ പുത്രിയായ അന്നയാകട്ടെ, ധീരയായ വനിതയും സര്‍വസുഗന്ധങ്ങളും പരത്തുന്ന പൂക്കുലയിലെ പുഷ്പങ്ങൾ പോലെ ജ്ഞാനത്തിന്‍റെ എല്ലാ കൃപകളെയും ഉള്ളില്‍ വഹിക്കുന്ന ഒരു ഹൃദയത്തിന്‍റെ ഉടമയായിരുന്നു.

അന്നയെ ഭാര്യയായി സ്വീകരിച്ച യോവാക്കിം, അവളെ സ്നേഹിക്കുകയും അവളുടെ ഹൃദയത്തിലെ ജ്ഞാനത്തെ ആദരിക്കുകയും ചെയ്തു.

തന്‍റെ ജീവിതത്തെ നീതിമാനായ ഒരു മനുഷ്യന്‍റെ ജീവിതത്തോടു ചേര്‍ക്കണമെന്നു മാത്രമായിരുന്നു അന്ന ആഗ്രഹിച്ചതും.

യൊവാക്കിമും അന്നയും പരിശുദ്ധമായി സ്നേഹിച്ചു. ആ സ്നേഹത്തെ പൂര്‍ണ്ണതയിലെത്തിക്കുന്നതിന് ഒരു അമ്മയാകാന്‍ മാത്രം അന്നയ്ക്ക് സാധിച്ചിരുന്നില്ല.

മക്കളില്ലാത്ത ദുഃഖത്തിലും അവർ പരസ്പരം ആശ്വാസവാക്കുകള്‍ കൈമാറി.

യോവാക്കിം പറഞ്ഞു, “നമ്മള്‍ പ്രത്യാശയില്‍ ജീവിക്കണം. ദൈവത്തിന് എല്ലാം സാധ്യമാണ്.

സാറായ്ക്കു സംഭവിച്ചതു തന്നെ നിനക്കും സംഭവിച്ചേക്കാം. അതുപോലെ, ഏൽക്കാനയും അന്നയും ദൈവഹിതത്തിനായി കാത്തിരുന്നപ്പോൾ പ്രവാചകനായ സാമുവല്‍ ജനിച്ചില്ലേ.

ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലല്ലോ”. അതുകേട്ടപ്പോൾ, അന്നയും ദൈവത്തിൽ വിശ്വാസമർപ്പിച്ചു.

അവള്‍ പറഞ്ഞു: “ജനിക്കുന്ന ശിശു ദൈവത്തിന്‍റെതായിരിക്കുമെന്ന് നമുക്കു ദൈവത്തോടു വാഗ്ദാനം ചെയ്യാം”; അവര്‍ ദേവാലയത്തിലെത്തി വിശ്വാസത്തോടെ പ്രാര്‍ത്ഥനകളര്‍പ്പിച്ചു.

ഒരു കുഞ്ഞിനെ സ്വപ്നം കാണുകയായിരുന്ന അവര്‍ക്ക് ദൈവത്തിന്‍റെ അമ്മയെ ലഭിച്ചു.

നിത്യമായ ജ്ഞാനം, സമയത്തിന്‍റെ തികവില്‍ അന്നയിൽ നിറഞ്ഞു. ദൈവശക്തിയുടെ നിശ്വാസവും ദൈവമഹത്വത്തിന്‍റെ പരിശുദ്ധമായ പ്രസരണവും വന്ധ്യയായ അവളില്‍ വചനമായിത്തീര്‍ന്നു.

താനൊരു അമ്മയായി എന്ന് ഉറപ്പായപ്പോൾ അന്ന സ്തോത്രഗീതം ആലപിച്ചു. അങ്ങനെ യോവാക്കിമിന്‍റെ വിശ്വാസം പൂവണിഞ്ഞു. ഇരുവര്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം.

അന്ന തുടർന്നു: “അതൊരു പെണ്‍കുട്ടിയായിരിക്കും. ദൈവത്തിന്‍റെ പുത്രി! വന്ധ്യയിൽ നിന്നും പൊട്ടിവിടര്‍ന്ന ഒരു കുഞ്ഞ്. നമ്മുടെ എന്നതിനെക്കാള്‍ അവൾ ദൈവത്തിന്‍റെതാണ്.

പിതാവായ ദൈവത്തിന്‍റെ സമാധാനവും അനുഗ്രഹങ്ങളും കൊണ്ടുവരുന്ന അവളെ മേരി എന്ന് വിളിക്കാം. അവള്‍ കര്‍ത്താവിനു സമര്‍പ്പിക്കപ്പെട്ടവളാണ്.

ജനിക്കുന്നതിനു മുന്‍പ് അര്‍പ്പിക്കപ്പെട്ട ബലിവസ്തു. മൂന്നു വര്‍ഷം അവളെ കണ്ടു സന്തോഷിച്ചശേഷം, കര്‍ത്താവിനു നല്‍കാം.

അവര്‍ അത്യുന്നതനായ ദൈവത്തിന് സ്തുതിഗീതം അർപ്പിച്ച് കാത്തിരുന്നു.

രണ്ടു വിശുദ്ധാത്മക്കളില്‍ നിന്ന് ജനിച്ചതിനാല്‍ സ്വഭാവികമായും നല്ല ഗുണങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും മേരി ഒരു പ്രത്യേക സൃഷ്ടിയായിരുന്നു.

നന്മയെ മാത്രം സ്നേഹിക്കാന്‍ ഒരു മനസ്സും ജന്മപാപരഹിതമായ ഒരു ആത്മാവും അവൾക്ക് ഉണ്ടായിരുന്നു.

വചനമായ ദൈവം വസിക്കാനിരുന്ന ആ ദൈവാലയത്തെ ദൈവം ജന്മപാപക്കറയില്ലാതെയാണ് സൃഷ്ടിച്ചത്.

അവള്‍ അമലോത്ഭവയായിരുന്നു. അന്നയ്ക്കു പ്രസവസമയമടുത്തപ്പോള്‍ ശരീരത്തിനു ക്ഷീണം അനുഭവപ്പെട്ടെങ്കിലും ആത്മാവില്‍ ആനന്ദത്താൽ നിറഞ്ഞു.

അന്ന പ്രവചിക്കാന്‍ തുടങ്ങി. “വലിയ പ്രഭയോടെ നീ പ്രകാശിക്കും. ലോകത്തിലെ സകല ജനങ്ങളും നിന്‍റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കും.

നിന്നെ സ്നേഹിക്കുകയും നിന്‍റെ സ്നേഹത്തില്‍ ആനന്ദിക്കുകയും ചെയ്യുന്നവര്‍ അനുഗൃഹീതരാകുന്നു. ഞാനാണ്‌ അതിൽ ആദ്യം സന്തോഷിക്കുന്നത്; അവളുടെ അനുഗൃഹീതയായ അമ്മ”.

പ്രസവ ശുശ്രൂഷ ചെയ്ത സ്ത്രീ വിളിച്ചു പറഞ്ഞു. “യോവാക്കിം, കുഞ്ഞ് വരുന്നുണ്ട്, വേഗത്തിലും നന്നായിട്ടും തന്നെ “.

അതേസമയം, ഒരു മഴവില്ല് ആകാശത്തില്‍‍ വിലങ്ങനെ അർദ്ധവൃത്താകൃതിയിൽ വിരിഞ്ഞു നിന്നു. അത് ഇസ്രയേലിനെ മുഴുവന്‍ ഒരു വലിയ വൃത്തത്തിനുള്ളിലാക്കി.

അന്നയുടെ പ്രസവ ശുശ്രൂഷ ചെയ്ത സ്ത്രീകൾ സന്തോഷത്തോടെ നല്ല ശരീരപുഷ്ടിയുള്ള ഒരു ശിശുവിനെ തുണിയില്‍ പൊതിഞ്ഞു കൊണ്ടുവന്നു, നമ്മുടെ അമ്മ, മേരി.

ജ്ഞാനത്തിന്‍റെ പ്രവൃത്തികള്‍ പരിശുദ്ധ കന്യക മറിയത്തിന്‍റെ ജീവിതത്തില്‍ എവിടെയും പ്രകടമായിരുന്നു.അവളെ സ്നേഹിക്കുന്നവരെല്ലാം ദൈവത്തിന്‍റെ സ്വന്തമായിത്തീർന്നു.

അവളുടെ കളങ്കരഹിതമായ പരിശുദ്ധിയെ നോക്കി ദൈവജനം സാത്താന്റെ പ്രലോഭനങ്ങളെ ജയിക്കുന്നു.

ശിശുക്കളെ വഹിക്കുന്ന ഉദരങ്ങള്‍ക്കു ആശ്വാസവും, വിവാഹിതരായ സ്ത്രീകളുടെ മാര്‍ഗ്ഗദര്‍ശിയും മരിക്കുന്നവരുടെ അമ്മയുമായി വിളങ്ങി നില്ക്കുന്ന പരിശുദ്ധ അമ്മ.

(മരിയ വാൾത്തോർത്തയ്ക്ക് ഈശോ നൽകിയ ദർശനങ്ങളിൽ നിന്നും )

നമ്മുടെ ഈശോയുടെ അമ്മയാകാൻ ഭാഗ്യം ലഭിച്ച
പരിശുദ്ധ അമ്മയുടെ മാതാപിതാക്കളായ വി.യൊവാക്കിമിനോടും വി.അന്നയോടും #കുഞ്ഞുങ്ങളില്ലാത്ത വിഷമമനുഭവിക്കുന്ന ദമ്പതികൾക്കു വേണ്ടി മദ്ധ്യസ്ഥം യാചിക്കാം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, വിശ്വാസത്തോടെയുള്ള കാത്തിരിപ്പും അവർക്ക് അനുഗ്രഹമായതുപോലെ, കുഞ്ഞുങ്ങൾക്കായി അതിയായി ആഗ്രഹിച്ചു കാത്തിരിക്കുന്ന ദമ്പതികളും അനുഗ്രഹിക്കപ്പെടട്ടെ.

വി. അന്നാമ്മയോടുള്ള ജപം

പരിശുദ്ധ ദൈവമാതാവിന്റെ അമ്മയായ വി. അന്നാമ്മേ ! അങ്ങേ പുത്രി ദൈവത്തിനു ഏറ്റവും ഇഷ്ടം ഉള്ളവളാകുവാൻ തക്കവണ്ണം അങ്ങുന്ന് അവളെ വളർത്തിയല്ലോ. ഞങ്ങളും ഞങ്ങളുടെ മക്കളെ പുണ്യമുള്ളവരായിട്ടു വളർത്തുവാൻ ദൈവത്തോട് അപേക്ഷിച്ചു മനോഗുണം തരുവിക്കണമേ.
നന്മനിറഞ്ഞ ഭാഗ്യപ്പെട്ട വി. അന്നാമ്മേ ; അങ്ങേയ്ക്കു സ്വസ്തി; കർത്താവ് അങ്ങയോടുകൂടെ : അങ്ങുന്ന് സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ ; അങ്ങേ വയറ്റിൻ ഫലമായ മറിയം വാഴ്ത്തപ്പെട്ടവളാകുന്നു. ശുദ്ധ അന്നാമ്മേ! ദേവമാതാവിന്റെയും എത്രയും യോഗ്യയായ അമ്മേ! പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണനേരത്തും ദൈവത്തോടപേക്ഷിച്ചു കൊള്ളേണമേ. ആമേൻ

എല്ലാവർക്കും വി. യൊവാക്കിമിന്റേയും വി. അന്നയുടേയും തിരുനാൾ നന്മകൾ.

Author: Unknown | Source: WhatsApp

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s