സ്വയം വെളിപ്പെടുത്തുന്ന ദൈവവും പ്രാർത്ഥനയുടെ ദിശയും

സ്വയം വെളിപ്പെടുത്തുന്ന ദൈവവും പ്രാർത്ഥനയുടെ ദിശയും

ഫാ. ജോസഫ് കളത്തിൽ,
താമരശ്ശേരി രൂപത.

വെളിപാടിന്റെ മതം എന്നാണല്ലോ ക്രിസ്തുമതം അറിയപ്പെടുന്നത്. സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെയാണ് ഇവിടെ നാം കാണുന്നത്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നതനുസരിച്ച് മനുഷ്യന്റെ ധിഷണാശക്തിക്ക് അപ്രാപ്യമായ ദൈവിക വെളിപാടിന്റെ തലത്തിൽ വിശ്വസിക്കുന്നവരാണ് ക്രൈസ്തവർ. ഈശോയെയും പരിശുദ്ധാത്മാവിനെയും നമ്മുടെ പക്കലേക്ക് അയച്ചുകൊണ്ട് ദൈവം തന്റെ പദ്ധതി പൂർണമായി വെളിപ്പെടുത്തി(ccc, 50).
ദൈവശാസ്ത്രപരമായ ഈ വിശ്വാസവും മറ്റു മതങ്ങളിൽ കാണുന്ന വിശ്വാസവും തമ്മിലുള്ള വ്യത്യാസം ഉറപ്പിച്ചു പറയണമെന്ന് വിശ്വാസതിരുസംഘം 2000 ആഗസ്റ്റ് 6 ന് പുറപ്പെടുവിച്ച ‘കർത്താവായ ഈശോ’ എന്ന രേഖ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ദൈവശാസ്ത്രപരമായ വിശ്വാസം എന്നത് വെളിവാക്കപ്പെട്ട സത്യത്തെ കൃപവരത്തിൽ സ്വീകരിക്കലാണെന്ന് ഈ രേഖ ഓർമിപ്പിക്കുന്നു. മറ്റു മതങ്ങളിലെ വിശ്വാസസംഹിതയാകട്ടെ അനുഭവത്തിൻ്റെയും ചിന്തയുടെയും ആകെത്തുകയാണ്. മനുഷ്യൻ അവന്റെ സത്യാന്വേഷണത്തിൽ മനസ്സിലാക്കുകയും ദൈവത്തോടും കേവല സത്തയോടുമുള്ള ബന്ധത്തിൽ ഫലിപ്പിക്കുകയും ചെയ്തതാണ് മറ്റു മതങ്ങളുടെ വിശ്വാസസംഹിതകൾ.

എല്ലാ മതങ്ങളുടെയും വിശ്വാസം ഒന്നാണെന്ന കാഴ്ചപ്പാടിനെ ഈ രേഖ തിരുത്തുന്നു. മറ്റു മതങ്ങളിൽ കാണുന്ന വിശ്വാസം വാസ്തവത്തിൽ മതപരമായ ഒരു അനുഭവമാണ്. അത് ഇപ്പോഴും കേവല സത്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള സമ്മത പ്രകടനം അതിന് ഇപ്പോഴും ഇല്ല.(No.7).

ക്രൈസ്തവ വെളിപാടും പ്രാർത്ഥനയും
ക്രൈസ്തവ പ്രാർത്ഥനയെ ഇപ്രകാരം ക്രൈസ്തവ വെളിപാടിന്റെ അടിസ്ഥാനത്തിലാണ് നാം മനസ്സിലാക്കേണ്ടത്. അതായത് തന്നെത്തന്നെ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന് നാം കൊടുക്കുന്ന പ്രത്യുത്തരം ആണ് ക്രൈസ്തവ കാഴ്ചപ്പാടിൽ പ്രാർത്ഥന. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതുപോലെ നിത്യ രക്ഷയെ സംബന്ധിച്ച സൗജന്യ വാഗ്ദാനത്തിനുള്ള വിശ്വാസത്തിന്റെ പ്രത്യുത്തരം ആണ് പ്രാർത്ഥന.(ccc, No.2561). വിശ്വസ്തനായ ദൈവത്തിന്റെ സ്നേഹപൂർവ്വമായ മുൻകൈയെടുക്കലാണ് പ്രാർത്ഥനയിൽ ആദ്യം സംഭവിക്കുന്നത്.അതിനുള്ള ഉത്തരമാണ് മനുഷ്യന്റെ പ്രാർത്ഥന എന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു.(ccc, 2567).

ന്യൂ ഏജ് പ്രസ്ഥാനവും പ്രാർത്ഥനയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും
പരമ്പരാഗത വിശ്വാസത്തിന് ബദലായി ഈ കാലഘട്ടത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ന്യൂ ഏജ് പ്രസ്ഥാനങ്ങൾ ദൈവത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പുലർത്തുന്നവയാണ്. ന്യൂ ഏജ് എന്നത് 1970കളിൽ യൂറോപ്പിൽ ആരംഭിച്ച ഒരു ആത്മീയ പ്രസ്ഥാനമാണ്. ലോകത്തിലെ പല പുരാതന മതങ്ങളിൽ നിന്നും വിവിധങ്ങളായ ഘടകങ്ങൾ കൂട്ടിച്ചേർത്തു രൂപീകരിച്ച (Syncretism എന്ന പേരിൽ ഇത് അറിയപ്പെടുന്നു) ഈ പ്രസ്ഥാനക്കാരെ സംബന്ധിച്ചിടത്തോളം പ്രാർത്ഥന എന്നത് ഒരുവൻ തന്നിലേക്ക് തന്നെ തിരിയലാണ്. ഇവിടെ വ്യക്തിപരമായ ദൈവം എന്ന കാഴ്ചപ്പാടിന് പ്രസക്തിയില്ല. ആഗോളതലത്തിലുള്ള ഒരു നവീന ആധ്യാത്മികതയാണ് ന്യൂ ഏജ് പ്രസ്ഥാനം ലക്ഷ്യം വെയ്ക്കുന്നത്. ന്യൂ ഏജ് ആദ്ധ്യാത്മികതയനുസരിച്ച് പ്രപഞ്ചം എന്നത് ദൈവത്തെയും മനുഷ്യരെയും മറ്റ് ആത്മീയ ശക്തികളെയും ഉൾക്കൊള്ളുന്ന ഒന്നാണ്. എല്ലാം ദൈവമാണെന്നും (Pantheism ) എല്ലാം ദൈവത്തിൽ ആണെന്നുമുള്ള(Panentheism) തത്വശാസ്ത്രങ്ങൾ ഇക്കൂട്ടരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ന്യൂ ഏജ് കാഴ്ചപ്പാടനുസരിച്ച് ആദ്ധ്യാത്മികത എന്നത് സൃഷ്ട പ്രപഞ്ചത്തോട് ഉള്ള ഒരുവൻ്റെ ഐക്യവും ഒന്നാകലും ആണ്. പാപം,രക്ഷ തുടങ്ങിയ പദങ്ങളെ നിഷേധിക്കുന്ന ഇവർ അതിനുപകരം കുറേക്കൂടി മയപ്പെട്ട പദങ്ങളായ അടിമത്തം,അതിജീവനം തുടങ്ങിയ വാക്കുകളാണ് തത്തുല്യമായി ഉപയോഗിക്കുന്നത്.
ന്യൂ ഏജ് കാഴ്ചപ്പാട് ഒരുവന് പ്രപഞ്ചവുമായുള്ള ബന്ധത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അവരുടെ ദൈവം പ്രപഞ്ചമാണ്.
പ്രാർത്ഥന, ധ്യാനം എന്നിവയെ ചില ടെക്നിക്കുകൾ ആയിക്കാണുന്ന ന്യൂ ഏജ് പ്രസ്ഥാനക്കാർ നിശബ്ദതയെ ശൂന്യതയുമായുള്ള കണ്ടുമുട്ടലായാണ് അവതരിപ്പിക്കുന്നത്. ദൈവത്തിന്റെ മനുഷ്യഹൃദയത്തിനു വേണ്ടിയുള്ള അന്വേഷണം എന്നതിനേക്കാൾ തങ്ങളുടെ തന്നെ അഹത്തിന്റെ ആഴങ്ങളിലേക്ക് പോകുവാനുള്ള ഒരു ടെക്നിക് ആയാണ് ഇവർ പ്രാർത്ഥനയെ മനസ്സിലാക്കുന്നത്.

ക്രൈസ്തവ പ്രാർത്ഥനയുടെ വ്യതിരിക്തത
സാംസ്ക്കാരിക കാര്യങ്ങൾക്കും മതാന്തര സംവാദത്തിനും വേണ്ടിയുള്ള വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ 2003 ൽ പ്രസിദ്ധീകരിച്ച രേഖയാണ് “Jesus Christ the bearer of the water of Life”. ന്യൂ ഏജ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ക്രൈസ്തവ വിലയിരുത്തലായ ഈ രേഖ ക്രിസ്തീയ പ്രാർത്ഥനയുടെ വ്യതിരിക്തതയെ വ്യക്തമാക്കുന്നുണ്ട്. ക്രൈസ്തവ കാഴ്ചപ്പാടിലെ ദൈവം സ്നേഹമാണ് എന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്ന ഈ രേഖ ക്രൈസ്തവർ പ്രത്യാശ അർപ്പിച്ചിരിക്കുന്നത് വ്യക്തിത്വമില്ലാത്ത ഒരു പ്രപഞ്ചശക്തിയിൽ അല്ലെന്നും മറിച്ച് വ്യക്തിപരനായ ഒരു ദൈവത്തിന്റെ സ്നേഹസംരക്ഷണയിലാണ് എന്നും വ്യക്തമാക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ക്രൈസ്തവരെ സംബന്ധിച്ച് ആദ്ധ്യാത്മികത എന്നത് ദൈവത്തിന് വേണ്ടിയുള്ള നമ്മുടെ അന്വേഷണം എന്നതിനേക്കാൾ മനുഷ്യരായ നമ്മെ അന്വേഷിച്ചിറങ്ങിയ ദൈവത്തിലാണ് എത്തി നിൽക്കുന്നത്. സൃഷ്ടികളിലേക്കുള്ള ദൈവത്തിന്റെ അവരോഹണം ആണ് ഇവിടെ പ്രധാനപ്പെട്ടത്.
ക്രൈസ്തവ കാഴ്ചപ്പാടിൽ മാനസാന്തരം എന്നത് പരിശുദ്ധാത്മാവിൻ്റെ കൃപാവര ത്താലും ശക്തിയാലും പുത്രനായ ദൈവത്തിലൂടെ പിതാവായ ദൈവത്തിലേക്കുള്ള ഒരു തിരിയൽ ആണ്. അതിനാൽത്തന്നെ ക്രൈസ്തവ പ്രാർത്ഥന എന്നത് മാനസാന്തരത്തിൻ്റെ മനോഭാവം ഉൾക്കൊള്ളുന്നതാണ്. പ്രാർത്ഥനയെന്നത് ഇവിടെ ഒരുവൻ്റെ അഹത്തിൽ നിന്നും ദൈവത്തിലേക്കുള്ള പ്രയാണം അഥവാ പറക്കൽ ആണ്. ഇത് ഒരു സ്നേഹ സംഭാഷണം ആണ്. ദൈവത്തിന്റെ ഇഷ്ടത്തിനായുള്ള പരിപൂർണ സമർപ്പണമാണിത്. ക്രൈസ്തവരെ സംബന്ധിച്ച് രക്ഷ അടങ്ങിയിരിക്കുന്നത് കേവലം വ്യക്തിത്വരൂപാന്തരീകരണത്തിലൂടയല്ല,മറിച്ച് പാപത്തിൽ നിന്നും അതിന്റെ അനന്തരഫലങ്ങളിൽ നിന്നും ഉള്ള മോചനത്തിലൂടെയാണ്. ക്രൈസ്തവ പ്രാർത്ഥനയുടെ ദ്വിമുഖ ആഭിമുഖ്യത്തെക്കുറിച്ച് ഈ രേഖ വ്യക്തമാക്കുന്നുണ്ട്. ഇവിടെ ഒരുവൻ തൻ്റെ തന്നെ ഉള്ളിലേക്ക് നോക്കുന്നു. എന്നാൽ അതേസമയം തന്നെ അടിസ്ഥാനപരമായി ദൈവവുമായുള്ള ഒരു കണ്ടുമുട്ടലും ഇവിടെ നടക്കുന്നുണ്ട്. അതായത് ക്രൈസ്തവ പ്രാർത്ഥന എപ്പോഴും ആശ്രയിച്ചിരിക്കുന്നതും അടിസ്ഥാന മിട്ടിരിക്കുന്നതും ദൈവിക വെളിപാടിൽ ആണ്.

പ്രാർത്ഥനയുടെ ദിശയും ദൈവിക വെളിപാടിനോടുള്ള ആഭിമുഖ്യവും
കത്തോലിക്കാസഭയിൽ ഇന്ന് ജീവിച്ചിരിക്കുന്ന വലിയ ദൈവശാസ്ത്രജ്ഞനായ കർദ്ദിനാൾ റാറ്റ്സിംഗർ (ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ) 2000 ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ലിറ്റർജിയുടെ ചൈതന്യം’ (The Spirit of the Liturgy) എന്നത്. ഈ ഗ്രന്ഥത്തിൽ അദ്ദേഹം ആരാധനക്രമത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിലെ ഒരു അധ്യായം മുഴുവൻ മാറ്റിവെച്ചിരിക്കുന്നത് പ്രാർത്ഥനയുടെ ദിശയെക്കുറിച്ച് സംസാരിക്കാനാണ്. ക്രിസ്തീയ പ്രാർത്ഥനയുടെ വ്യതിരിക്തതയെ വ്യക്തമാക്കുന്ന അദ്ദേഹം അത് ദൈവിക വെളിപാടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്ന പരമ്പരാഗത കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിലുള്ള കിഴക്കോട്ട് തിരിഞ്ഞു നിന്നുള്ള പ്രാർത്ഥനയെക്കുറിച്ച് അദ്ദേഹം ഈ അധ്യായത്തിൽ വിശദമാക്കുന്നുണ്ട്. ക്രിസ്തീയ സഭയുടെ പ്രാരംഭ കാലം മുതലേ പ്രബലമായിരുന്ന ഈ രീതി പ്രപഞ്ചത്തെയും ചരിത്രത്തെയും സംയോജിപ്പിക്കുന്ന ക്രിസ്തീയ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനപരമായ ആവിഷ്ക്കരണമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അതായത് കിഴക്കിന് അഭിമുഖമായി പ്രാർത്ഥിക്കുന്ന രീതി എന്നെന്നേക്കുമായി ഒരിക്കൽ മാത്രം ഉണ്ടായ രക്ഷാകര സംഭവ ചരിത്രങ്ങളിലും ഇനി വരാനിരിക്കുന്നവനായ കർത്താവിനെ ദർശിക്കാനുള്ള ഒരുക്കത്തിലും അധിഷ്ഠിതമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
യഹൂദ,ഇസ്ലാം മതങ്ങളെക്കുറിച്ച് റാറ്റ്സിംഗർ ഇവിടെ സൂചിപ്പിക്കുന്നുണ്ട്. ഈ മതങ്ങളുടെ കാഴ്ചപ്പാടനുസരിച്ച് ദൈവം തന്നെ ത്തന്നെ സ്വയം വെളിപ്പെടുത്തിയ കേന്ദ്ര സ്ഥലത്തേക്ക് തിരിഞ്ഞു നിന്നു വേണം പ്രാർത്ഥിക്കേണ്ടത്. ഇപ്രകാരം യഹൂദർ ജറുസലം ദേവാലയത്തിലേക്ക് തിരിഞ്ഞു നിന്നും ഇസ്ലാം മത വിശ്വാസികൾ മെക്കയിലേക്ക് തിരിഞ്ഞു നിന്നുമാണ് പ്രാർത്ഥിക്കുന്നത്. ക്രൈസ്തവ പാരമ്പര്യത്തിൽ ഇത് കിഴക്കിന് അഭിമുഖം എന്ന രീതിയിലാണ് രൂപപ്പെട്ടുവന്നത്. തന്നെത്തന്നെ സ്വയം വെളിപ്പെടുത്തിയ ദൈവത്തിലേക്ക് ഉന്മുഖമായിരിക്കുന്നു എന്ന അർത്ഥത്തിലാണ് ക്രൈസ്തവർ കിഴക്കിന് അഭിമുഖമായി നിന്ന് പ്രാർത്ഥിക്കുന്നത്.

ദൈവം എല്ലായിടത്തും ഇല്ലേ?
പ്രാർത്ഥനയുടെ ദിശയുമായി ബന്ധപ്പെട്ട് പാശ്ചാത്യലോകത്ത് വളർന്നുവന്ന ഒരു ചിന്തയെക്കുറിച്ച് കർദ്ദിനാൾ റാറ്റ്സിംഗർ തന്റെ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. ദൈവം അരൂപിയും സർവ്വവ്യാപിയും ആയതുകൊണ്ട് പ്രാർത്ഥന ഒരു പ്രത്യേക, സ്ഥലത്തോ പ്രത്യേക ദിശയ്ക്കോ അഭിമുഖമായി നടത്തേണ്ടതില്ല എന്നതാണ് ഈ ചിന്ത. ഇതിന് മറുപടിയായി റാറ്റ്സിംഗർ പറയുന്നത് തീർച്ചയായും നമുക്ക് എവിടെയും പ്രാർത്ഥിക്കാമെന്നും ദൈവം എല്ലായിടത്തും നമുക്ക് പ്രാപ്തനാണെന്നുമാണ്. എന്നാൽ ദൈവത്തിന്റെ സർവ്വവ്യാപിത്വത്തെക്കുറിച്ചുള്ള ഈ അറിവ് ഉത്ഭവിച്ചിരിക്കുന്നത് ദൈവത്തിന്റെ വെളിപ്പെടുത്തലിൻ്റെ ഫലമായിട്ടാണ് എന്ന് അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു. അതായത് ദൈവം എല്ലായിടത്തും ഉണ്ടെന്ന് അവിടുന്ന് തന്നെയാണ് നമുക്ക് വെളിപ്പെടുത്തി ത്തന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് അവിടുത്തോട് ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കാനും സാധിക്കുന്നു. അതിനാൽ കൃത്യമായും പ്രസക്തമായ ഒരു കാര്യമാണ് വെളിപ്പെടുത്തപ്പെട്ട ദൈവത്തിലേക്കുള്ള നമ്മുടെ ആഭിമുഖ്യം കഴിഞ്ഞ കാലത്തെന്നപോലെ ഇന്നും പ്രാർത്ഥനകളിൽ പ്രദർശിപ്പിക്കണം എന്നുള്ളത്. ദൈവം ശരീരം എടുക്കുകയും ഈ ലോകത്തിന്റെ സ്ഥലകാല പരിമിതികളിൽ പ്രവേശിക്കുകയും ചെയ്തതുകൊണ്ട് നമ്മുടെ പ്രാർത്ഥനകളിൽ, ആരാധനക്രമപ്രാർത്ഥനയിലെങ്കിലും, ദൈവത്തോട് സംസാരിക്കുന്നത് മനുഷ്യാവതാര ത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന് റാറ്റ്സിംഗർ ഓർമിപ്പിക്കുന്നു. അതായത് മാംസമായി തീർന്ന വചനത്തിലൂടെ ത്രിത്വൈക ദൈവത്തിലേയ്ക്ക് ആണ് നാം നോക്കേണ്ടത്. അതിനാൽ കിഴക്കിന് അഭിമുഖമായുള്ള പ്രാർത്ഥനയുടെ ദിശയും സ്വയം വെളിപ്പെടുത്തിയ ദൈവത്തോടുള്ള ആഭിമുഖ്യവും പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നതാണ്.

പഴമയോ പാരമ്പര്യവാദമോ?
കിഴക്കിന് അഭിമുഖമായി നിലകൊള്ളുന്ന പ്രാർത്ഥനയുടെ ദിശയെക്കുറിച്ച് പലരും അസഹിഷ്ണുതയോടെയാണ് സംസാരിക്കാറുള്ളത്. പഴമയോ പാരമ്പര്യവാദമോ ആയിട്ടാണ് പലരും ഈ രീതിയെ വിലയിരുത്തുന്നത്. ഈ രീതി നൽകുന്ന ആഴമേറിയ അർത്ഥത്തെക്കുറിച്ച് പലരും ചിന്തിക്കാറില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. വിശ്വാസത്തെ അഭിപ്രായവുമായി കൂട്ടിക്കുഴയ്ക്കുന്ന ശൈലി ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് കാണാൻ സാധിക്കുമെന്ന് റാറ്റ്സിംഗർ പറയുന്നുണ്ട്. അതായത് പലരും മാനുഷിക വചനങ്ങളിലും അഭിപ്രായങ്ങളിലും ആരാധന ക്രമത്തെ പടുത്തുയർത്താനാണ് ശ്രമിക്കുന്നത്.’ലിറ്റർജിയുടെ ചൈതന്യം’എന്ന തന്റെ ഗ്രന്ഥത്തിലെ റീത്തുകളെക്കുറിച്ചുള്ള അധ്യായത്തിൽ റാറ്റ്സിംഗർ പറയുന്നത് ശ്രദ്ധേയമാണ്: “മഹത്തായ യാഥാർത്ഥ്യം നമ്മുടെ അടുത്തേക്ക് കൊണ്ടു വരുന്ന മഹാ വിരുന്നിനെ(ആരാധനക്രമത്തെ) നാം തന്നെ നിർമ്മിക്കുകയല്ല, മറിച്ച് ഒരു ദാനമായി നാം സ്വീകരിക്കുകയാണ് ചെയ്യുന്നത്”. പഴമയുടെയോ പാരമ്പര്യവാദത്തിൻ്റെയോ പേര് പറഞ്ഞുകൊണ്ട് അടിസ്ഥാന പ്രതീകങ്ങളെ അവഗണിക്കാൻ നമുക്ക് ആവുകയില്ല. മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ലോകത്തിൽ ലിറ്റർജിയുടെ അഥവാ ആരാധനക്രമത്തിൻ്റെ സത്ത എന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന റാറ്റ്സിംഗറുടെ വാക്കുകൾ ഏറെ പ്രസക്തമാണ്.

സ്വയം അടഞ്ഞ ഒരു വൃത്തവും മനുഷ്യനിലെ ദൈവിക ഛായയും
പുരോഹിതൻ വിശുദ്ധ ബലി അർപ്പിക്കുന്ന അവസരത്തിലോ പ്രാർത്ഥനയുടെ അവസരത്തിലോ ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് റാറ്റ്സിംഗർ തൻ്റെ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. ആ സമൂഹം സ്വയം പരിമിതമാക്കപ്പെട്ട ഒരു വൃത്തമായിത്തീരുന്നു എന്ന് അദ്ദേഹം പറയുന്നു. അതായത് ആ സമൂഹം അതിൽ തന്നെ അടഞ്ഞിരിക്കുന്ന ഒന്നാണ്.
ആധുനികകാലത്ത് സാധ്യമല്ലാത്ത ഒന്നാണ് കിഴക്കിനഭിമുഖ പ്രാർത്ഥനയെന്ന ഹോയ്സ് ലിങ്ങ് എന്ന ലിറ്റർജി പണ്ഡിതൻ്റെ വാദത്തിന് റാറ്റ്സിംഗർ കൊടുക്കുന്ന മറുപടി നമുക്ക് ഇനിയും പ്രപഞ്ചത്തിൽ യാതൊരു താല്പര്യവും ഇല്ലെന്നാണോ എന്നതാണ്. വാസ്തവത്തിൽ നാം ഇന്ന് നമ്മുടെ ചെറിയ വൃത്തത്തിൽ പ്രത്യാശ ഇല്ലാത്തവരായി ചുരുണ്ടുകൂടിക്കഴിയുകയാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. സൃഷ്ടി മുഴുവനോടുംകൂടി പ്രാർത്ഥിക്കുകയെന്നത് ഇന്ന് പ്രധാനപ്പെട്ടതല്ലേ എന്ന അദ്ദേഹത്തിന്റെ ചോദ്യം പ്രപഞ്ചത്തെക്കൂടി ഉൾക്കൊള്ളുന്നതാകണം ക്രൈസ്തവ പ്രാർത്ഥന എന്ന കാഴ്ചപ്പാടിലേക്ക് വെളിച്ചം വീശുന്നതാണ്.ഈ അർത്ഥം വീണ്ടെടുക്കാൻ കിഴക്കിനഭിമുഖ പ്രാർത്ഥന സഹായകമാന്നെന്ന് അദ്ദേഹം ഇവിടെ ചൂണ്ടിക്കാണിക്കുന്നു.

ജനാഭിമുഖമായി വിശുദ്ധ ബലിയർപ്പിക്കുമ്പോൾ അഥവാ പ്രാർത്ഥനയിൽ നാം പരസ്പരം നോക്കുമ്പോൾ മനുഷ്യനിലുള്ള ദൈവത്തിന്റെ ഛായയാണ് നാം നോക്കുന്നതെന്നും അതിനാൽ പരസ്പരം നോക്കുന്നതാണ് പ്രാർത്ഥനയുടെ ശരിയായ ദിശയെന്നും ഉള്ള വാദത്തിന് പ്രത്യുത്തരമായി റാറ്റ്സിംഗർ പറയുന്നത് ഇത് ഒരു വിചിത്രമായ വാദമാണെന്നാണ്. മനുഷ്യനിലെ ദൈവഛായ ഫോട്ടോഗ്രാഫിയിലേതുപോലുള്ള ഒരു വീക്ഷണത്തിലൂടെയല്ല നാം കാണേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. അതായത് വിശ്വാസത്തിൻ്റെ പുതിയ ദർശനത്തിലൂടെയാണ് മനുഷ്യനിലുള്ള ദൈവികഛായയെ നാം കാണേണ്ടത്. മനുഷ്യനിലെ നന്മ, സത്യസന്ധത, ആന്തരിക സത്യം, വിനയം, സ്നേഹം എന്നിവയെ കാണുന്നതുപോലെയാണ് നാമവയെ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പ്രാർത്ഥനയുടെ ദിശയെക്കുറിച്ചുള്ള സംവാദവും യാഥാർത്ഥ്യങ്ങളും
പ്രാർത്ഥനയുടെ ദിശയെക്കുറിച്ചുള്ള സംവാദത്തിന് അടിസ്ഥാനമാകേണ്ടത് സഭയുടെ ചരിത്രം, ആരാധനക്രമം ദൈവശാസ്ത്രം എന്നീ ഘടകങ്ങളാണ്. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് നാം കാണുന്ന പല സംവാദങ്ങളും ഈ ഘടകങ്ങളെ പരിഗണിക്കുന്നേയില്ല. സംവാദം എപ്പോഴും സത്യത്തെ പുറത്തു കൊണ്ടുവരേണ്ടതും അതിനെ ലക്ഷ്യമാക്കുന്നതുമായിരിക്കണം.അതായത്, യാഥാർത്ഥ്യബോധത്തോടെയുള്ള വിശകലനവും പരസ്പര ബഹുമാനവുമാണ് സംവാദത്തിലുണ്ടായിരിക്കേണ്ടത്. സഭയിലെ പ്രാർത്ഥനയുടെ ദിശയ്ക്ക് ഒരു പാരമ്പര്യമുണ്ടെന്നും അത് അടിസ്ഥാനമിട്ടിരിക്കുന്നത് വെളിപ്പെടുത്തപ്പെട്ട ദൈവത്തിലേക്കുള്ള ആഭിമുഖ്യത്തിലാണെന്നുമുള്ള ചിന്ത ഇന്ന് പലപ്പോഴും കൈമോശം വന്നു കൊണ്ടിരിക്കുകയാണ്. കിഴക്കിനഭിമുഖ ദിശയിലേക്ക് തിരിഞ്ഞുള്ള പ്രാർത്ഥന സാർവത്രിക സഭയുടെ ഒരു പൊതു പൈതൃകമാണ്. വ്യക്തിസഭകളുടെ കൂട്ടായ്മയായ കത്തോലിക്കാസഭയിലെ വിവിധ വ്യക്തി സഭകളുടെയും മറ്റ് അകത്തോലിക്കാ സഭകളുടെയും പൊതു പാരമ്പര്യമാണ് കിഴക്കിന് അഭിമുഖമായി ബലിയർപ്പിക്കുക എന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ലത്തീൻ സഭയിൽ ആരംഭിച്ച ആരാധനാക്രമ പ്രസ്ഥാനത്തിന്റെ സ്വാധീന ഫലമായിട്ടാണ് ലത്തീൻ സഭയിൽ ജനാഭിമുഖ ബലിയർപ്പണം എന്ന രീതി ആരംഭിച്ചത്. ലത്തീൻ സഭയെ അനുകരിച്ചുകൊണ്ട് ഇന്നു പല കത്തോലിക്കാ പൗരസ്ത്യസഭകളും ഈ രീതി പിന്തുടരുന്നുണ്ട്. കൂടുതൽ ജനപങ്കാളിത്തം ലക്ഷ്യമാക്കി ചില പാശ്ചാത്യ രാജ്യങ്ങളിൽ ആരംഭിച്ച ജനാഭിമുഖബലിയർപ്പണം 1962 മുതൽ 1965 വരെയുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ലത്തീൻ സഭയിലാകെ വ്യാപകമായി നടപ്പിലാക്കപ്പെട്ടു. എന്നാൽ ജനാഭിമുഖബലിയർപ്പണം എന്നത് ഒരിക്കലും രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ നിർദ്ദേശമോ തീരുമാനമോ അല്ലായിരുന്നു. കൗൺസിലിന് ശേഷം വന്ന ചില പരിഷ്ക്കാരങ്ങളുടെ മറവിൽ ചിലർ സ്വമേധയാ ആരംഭിച്ചതായിരുന്നു ഈ രീതി. എന്നാൽ ലത്തീൻസഭയുടെയോ മറ്റ് പൗരസ്ത്യസഭകളുടെയോ പാരമ്പര്യത്തിൽ ഒരിക്കൽപോലും ജനാഭിമുഖ ബലിയർപ്പണം എന്ന രീതി ഉണ്ടായിരുന്നില്ല. ലത്തീൻ സഭയിലെ പല പ്രമുഖ ആരാധനക്രമ പണ്ഡിതരും കിഴക്കിനഭിമുഖ ബലിയർപ്പണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അത് വീണ്ടെടുക്കേണ്ടതിനെക്കുറിച്ചും പറയുന്നുണ്ട്. റാറ്റ് സിംഗർ,യുങ്ങ്മാൻ, ലൂയി ബുയേ, ക്ലൗസ് ഗാമ്പർ, മൈക്കിൾ ലാങ്ങ് എന്നിവർ അവരിൽ ചിലരാണ്.ദൈവാരാധനയ്ക്കും കൂദാശാ കാര്യങ്ങൾക്കുമായുള്ള വത്തിക്കാൻ കാര്യാലയത്തിൻ്റെ അധ്യക്ഷനായ കർദ്ദിനാൾ റോബർട്ട് സാറ 2016 ൽ ലണ്ടനിൽ വെച്ച് നടന്ന ഒരു ആരാധനക്രമ സമ്മേളനത്തിൽ വച്ച് കിഴക്കിനഭിമുഖമായുള്ള ബലിയർപ്പണരീതി വീണ്ടെടുക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് വിശദമാക്കിയിരുന്നു. അദ്ദേഹം പറയുന്നു: “ആരാധനാക്രമം എന്നത് എന്നെയും നിന്നെയും കുറിച്ചുള്ളതല്ല. ആരാധനക്രമം എന്നത് അടിസ്ഥാനപരമായും ആത്യന്തികമായും ദൈവത്തെക്കുറിച്ചും അവിടുന്ന് നമുക്ക് വേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചുമാണ് ഓർമിപ്പിക്കുന്നത്. നമ്മുടെ ആരാധനക്രമ ആഘോഷങ്ങളിൽ നാം ഉറപ്പാക്കേണ്ട ഒരു വസ്തുത ദൈവം സത്യമായും നമ്മുടെ ആഘോഷങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നാണ്.ലിറ്റർജിയുടെ പ്രാധാന്യം അടങ്ങിയിരിക്കുന്നത് നാം എന്തു ചെയ്യുന്നു എന്നതല്ല മറിച്ച് ദൈവം എന്തു ചെയ്യുന്നുവെന്നതാണ്”.

കേരളത്തിലെ സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിലും പലപ്പോഴും പ്രാർത്ഥനയുടെ ദിശയെ ക്കുറിച്ചുള്ള സംവാദം അപഹാസ്യമായ ആരോപണ പ്രത്യാരോപണങ്ങളിലേക്കാണ് നയിക്കപ്പെടാറുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ലത്തീൻ സഭയിൽ പ്രചുര പ്രചാരത്തിലായ ജനാഭിമുഖ ബലിയർപ്പണം എന്ന രീതി അക്കാലത്ത് കേരള സഭയിലുണ്ടായിരുന്ന ചില മെത്രാന്മാർ ഇവിടെയും അനുകരിക്കുകയാണ് ചെയ്തത്. സഭാധികാരികളിൽ നിന്നുള്ള നിയതമായ ഏതെങ്കിലുമൊരു കല്പനയുടെ അടിസ്ഥാനത്തിലല്ല ജനാഭിമുഖം എന്ന രീതി സീറോ മലബാർ സഭയിൽ ആരംഭിച്ചത്. ഇവിടെ പ്രത്യേകം പ്രസ്താവ്യമായ ഒരു വസ്തുത 1923 ൽ സീറോ മലബാർ ഹയരാർക്കി സ്ഥാപിച്ചതിനുശേഷവും നിയതമായ ഒരു നേതൃത്വം 1992 വരെ സീറോ മലബാർ സഭയ്ക്ക് ഇവിടെ ഇല്ലായിരുന്നു എന്നതാണ്. 1992 ലാണല്ലോ സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെടുന്നതും മേജർ ആർച്ച് ബിഷപ്പിനെ നമുക്ക് ലഭിക്കുന്നതും. ചരിത്രം പരിശോധിക്കുമ്പോൾ നാം കാണുന്നത് പതിനഞ്ചാം നൂറ്റാണ്ടു മുതലുള്ള പോർട്ടുഗീസ് അധിനിവേശത്തത്തെത്തുടർന്നുള്ള കാലം മുതൽ പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ നാട്ടു മെത്രാന്മാരെ ലഭിക്കുന്നതുവരെ കേരളസഭ ഒരുതരം അടിമത്തത്തിൽ ആയിരുന്നുവെന്നാണ്. പദ്രവാദോ, പ്രൊപ്പഗാന്ത എന്നീ രണ്ട് ഭരണസംവിധാനങ്ങളുടെയിടയിൽ അക്കാലത്ത് കേരളത്തിലെ മാർത്തോമാ നസ്രാണികൾ ഞെരുക്കപ്പെടുകയാണ് ചെയ്തത്. 1896ൽ നാട്ടു മെത്രാന്മാരെ ലഭിച്ചെങ്കിലും 1992 ൽ മാത്രമാണ് സിനഡൽ സംവിധാനത്തോടു കൂടിയുള്ള ഒരു ഭരണ സംവിധാനം മലബാർ സഭയ്ക്ക് ലഭിക്കുന്നത്.നാട്ടു മെത്രാന്മാരെ ലഭിച്ചതിനു ശേഷം മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെടുന്നതുവരെയുള്ള ഏകദേശം ഒരു നൂറ്റാണ്ടുകാലം (1896-1992) ആരാധനക്രമവുമായി ബന്ധപ്പെട്ട് സഭയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വരികയും പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തപ്പെടുകയും ചെയ്ത കാലഘട്ടമായിരുന്നു.പ്രത്യേകിച്ച്, രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം 1970-കളിൽ ഭാരത വൽക്കരണവും ഭാരതീയ പൂജയും ചിലർ നടപ്പിലാക്കുകയും പിന്നീട് റോം ഇടപെട്ട് അത് തിരുത്തുകയും ചെയ്തു.

പ്രാർത്ഥനയുടെ സെക്കുലറൈസേഷൻ എന്ന ഭീഷണി
പ്രാർത്ഥനയുടെ ദിശ എന്നത് സ്വയം വെളിപ്പെടുത്തപ്പെട്ട ദൈവത്തിലേക്കുള്ള ആഭിമുഖ്യം എന്ന രീതിയിലാണ് നാം മനസ്സിലാക്കേണ്ടത്. കിഴക്കിനഭിമുഖമായ ബലിയർപ്പണവും പ്രാർത്ഥനയും ഈ അർഥത്തിൽ ഏറെ പ്രസക്തമാണ്. ഈ അർഥത്തെ കുറച്ചു കാണിക്കുന്ന വിധത്തിലുള്ള ഒരു രീതിയാണ് സഭാചരിത്രത്തിൽ ആവിർഭവിച്ച ജനാഭിമുഖ ബലിയർപ്പണ രീതി. വിശുദ്ധ ബലിയിലെ സജീവപങ്കാളിത്തം എന്ന നല്ല ലക്ഷ്യത്തോടെ ചില പാശ്ചാത്യ രാജ്യങ്ങളിൽ ആരംഭിച്ച ഒരു രീതിയായിരുന്നു അതെങ്കിലും വി.കുർബ്ബാനയുടെ ബലിപരമായ അർത്ഥത്തിന് ഈ രീതിയനുസരിച്ച് ഏറെ ശോഷണം സംഭവിച്ചുവെന്ന് പല പ്രമുഖ ആരാധനക്രമ പണ്ഡിതരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദൈവശാസ്ത്രപരമായ കാഴ്ചപ്പാടനുസരിച്ച് ബലിയർപ്പിക്കുന്ന രീതിക്കും ബലിയർപ്പണത്തിൻ്റെ ലക്ഷ്യത്തിനും അഭേദ്യമായ ബന്ധമാണുള്ളത്.

പ്രാർത്ഥനയുടെ സെക്കുലറൈസേഷൻ ആണ് ഈ കാലഘട്ടത്തിൽ നാം ഏറെ ഭീഷണി നേരിടുന്ന ഒരു മേഖല. ഈ പദം പ്രാർത്ഥനയെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. കത്തോലിക്കാസഭയിലെ ചില നവീകരണ ഗ്രൂപ്പുകളും സഭയിൽനിന്ന് വിഘടിച്ചു പോയ ചില പ്രസ്ഥാനങ്ങളും പലപ്പോഴും വ്യത്യസ്ത ഭാവത്തിലും രീതിയിലും ഉള്ള പ്രാർത്ഥനാശൈലികൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ ആത്യന്തികമായി അവയെല്ലാം ദൈവിക വെളിപാടിനോട് വിശ്വസ്തത പുലർത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. പ്രാർത്ഥന, ധ്യാനം തുടങ്ങിയവയെ ചില ടെക്നിക്കുകൾ ആയി ഉപയോഗിക്കുന്ന ന്യൂ ഏജ് പ്രസ്ഥാനക്കാരെ സംബന്ധിച്ച് പ്രാർത്ഥനയും ധ്യാനവും ഒരുവന് തന്നിലേക്കുതന്നെ തിരിയാനുള്ള ഉപാധികളാണ്.ഇവിടെ വ്യക്തിപരമായ രീതിയിൽ ദൈവവുമായുള്ള ഒരു കണ്ടുമുട്ടൽ ഇല്ല. കാരണം അവർ പ്രപഞ്ചത്തിൻ്റെ ശക്തിയിൽ വിശ്വസിക്കുന്നവരും വ്യക്തിയായ ദൈവത്തെ നിഷേധിക്കുന്നവരും ആണ്.ഇത്തരം കാഴ്ചപ്പാടുകൾ ഇക്കാലഘട്ടത്തിലെ ക്രൈസ്തവരെ സ്വാധീനിക്കാനുള്ള സാധ്യത വളരെയേറെയാണ്.

വി. കുർബ്ബാനയും വീണ്ടെടുക്കേണ്ട അർത്ഥതലങ്ങളും
സഭയിലെ ഏറ്റവും വലിയ പ്രാർത്ഥന വിശുദ്ധ കുർബാനയാണല്ലോ.
പ്രാർത്ഥനയുടെ അർത്ഥം ഏറ്റവുമധികം വെളിപ്പെടേണ്ട സന്ദർഭമാണ് വിശുദ്ധ കുർബാനയുടെ അർപ്പണം. ഈ വിശുദ്ധ കുർബാനയോട് ചേർന്നാണ് മറ്റ് ഭക്തകൃത്യങ്ങളെയും പ്രാർത്ഥനകളെയും നാം മനസ്സിലാക്കേണ്ടത്. ഓരോ വ്യക്തി സഭയിലെയും ഭക്ത കൃത്യങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു:”ഭക്ത കൃത്യങ്ങൾക്ക് ആണ്ടുവട്ടത്തിലെ വിവിധ കാലങ്ങളോട് പൊരുത്തം ഉണ്ടായിരിക്കണം. അവ ആരാധനക്രമത്തിൽ നിന്നുതന്നെ ഒരുവിധത്തിൽ മുളയെടുക്കുന്നവയും ജനങ്ങളെ ആരാധനക്രമത്തിലേക്ക് അടുപ്പിക്കുന്നവയും ആകണം”(SC, No.13). കർദ്ദിനാൾ റാറ്റ്സിംഗർ ‘The Feast of Faith’ എന്ന തൻ്റെ ഗ്രന്ഥത്തിൽ പറയുന്നതുപോലെ വി.കുർബാനയ്ക്ക് ഒരേയൊരു ആന്തരിക ദിശയേയുള്ളൂ. അതായത് മിശിഹായിൽ നിന്ന് പരിശുദ്ധാത്മാവിൽ പിതാവിലേക്ക്. ഇത് ആരാധനക്രമപരികർമ്മത്തിൽ എപ്രകാരം ഏറ്റവും നന്നായി പ്രകടിപ്പിക്കാനാവും എന്ന ചോദ്യം മാത്രമേ ഇവിടെയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സഭാപിതാവായ വി.അഗസ്റ്റിൻ പറയുന്നതനുസരിച്ച് വിശ്വാസികളുടെ ആന്തരികമായ അവസ്ഥ അവരുടെ ബാഹ്യമായ അടയാളങ്ങളോട് സമാന്തരമായി നിലകൊള്ളുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്റ്റെഫാൻ ഹൈഡ് എന്ന ഗ്രന്ഥകാരൻ്റെ വാക്കുകൾ പ്രാർത്ഥനയുടെ അർത്ഥവുമായി ബന്ധപ്പെട്ട് ഏറെ പ്രസക്തമാണ്. അദ്ദേഹം പറയുന്നു:” പ്രാർത്ഥിക്കുക എന്നാൽ ദൈവവുമായി സംഭാഷണം നടത്തുക എന്നാണർത്ഥം. നാം സംഭാഷണം നടത്തുന്ന വ്യക്തിയെ നോക്കാതിരിക്കുക എന്നത് അനാദരവാണ്. നാം പ്രാർത്ഥിക്കുമ്പോൾ മുകളിലേക്ക് നോക്കുക എന്ന പ്രവൃത്തി പഴയ – പുതിയനിയമ സൃഷ്ടിദൈവശാസ്ത്രം മുഴുവൻ്റെയും പ്രകടനമാണ്. ആദിമസഭയിൽ പുരോഹിതനും ദൈവജനവും പ്രാർത്ഥിക്കുമ്പോൾ മദ്ബഹായുടെ മുകളിലേക്ക് നോക്കുമായിരുന്നു.
വിശ്വാസികളുടെ നോട്ടം എന്നത് ബലിപീഠത്തിലേക്കോ കാർമ്മികനിലേക്കോ അല്ലായിരുന്നു, മറിച്ച് അതിനപ്പുറത്തേക്ക് ആയിരുന്നു”. പുതിയ ജെറുസലേമിനെ ലക്ഷ്യമാക്കി കിഴക്കിന് അഭിമുഖമായി ആയിരുന്നു ആദിമകാലം മുതലേ ക്രൈസ്തവർ പ്രാർത്ഥിച്ചിരുന്നത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എറിക് പീറ്റേഴ്സൺ എന്ന ഗ്രന്ഥകാരൻ ഇപ്രകാരം പറയുന്നു : “ആദിമകാലം മുതൽ കിഴക്കിനെ സ്ലീവായുമായി ബന്ധപ്പെടുത്തിയാണ് സംസാരിക്കുന്നത്. എവിടെയെങ്കിലും നേരെ കിഴക്കോട്ട് തിരിയാൻ സാധ്യമല്ലെങ്കിൽ സ്ലീവാ യിലേക്ക് തിരിയുക. ഇവിടെ സ്ലീവാ ആന്തരികമായി വിശ്വാസത്തിന്റെ ‘കിഴക്ക് ‘ ആയി മാറുകയാണ് ചെയ്യുന്നത്”. യഹൂദർ ജെറുസലേം ദൈവാലയത്തിന് അഭിമുഖമായി നടത്തുന്ന യഹൂദ ആരാധനയ്ക്ക് നേർവിപരീതമായിട്ടായിരുന്നു ക്രൈസ്തവർ കിഴക്കിനഭിമുഖമായി പ്രാർത്ഥിച്ചിരുന്നത്. ഇത് മിശിഹായിൽ വെളിവാക്കപ്പെട്ട വെളിപാടിന്റെ നവീനതയെ സൂചിപ്പിക്കുന്ന ഒന്നാണ്.

ഉപസംഹാരം
പ്രാർത്ഥനയുടെ സെക്കുലറൈസേഷൻ ഏറെ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രൈസ്തവ പ്രാർത്ഥനയുടെ അർഥവും പ്രതീകാത്മകതയും വീണ്ടെടുക്കുവാൻ നമുക്ക് സാധിക്കണം.പ്രസിദ്ധ ലത്തീൻ ആരാധനാക്രമപണ്ഡിതനായ മൈക്കിൾ ലാങ്ങ് അഭിപ്രായപ്പെടുന്നതുപോലെ വിശുദ്ധ കുർബാനയുടെ ആഘോഷവേളയിൽ അതിന്റെ അർത്ഥത്തിന് വിരുദ്ധമായ രീതിയിൽ നാം അടയാളങ്ങളെ ഒഴിവാക്കുകയാണെങ്കിൽ ഏറ്റവും നല്ല ദിവ്യരഹസ്യാധിഷ്ഠിത മതബോധന പരിശീലനത്തിനു പോലും വി.കുർബാനയുടെ അർത്ഥത്തിൽ സംഭവിക്കുന്ന ശോഷണത്തെ വീണ്ടെടുക്കാൻ ആവുകയില്ല. ഏറ്റവും വലിയ പ്രാർത്ഥനയായ വി.കുർബാനയുടെ അർത്ഥവും പ്രതീകാത്മകതയും വീണ്ടെടുക്കാൻ നാം ബദ്ധശ്രദ്ധരാകണമെന്ന് അദ്ദേഹത്തിൻ്റെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.സ്റ്റെഫാൻ ഹൈഡിൻ്റെ വാക്കുകൾ ഇവിടെ വീണ്ടും പ്രസക്തമാവുകയാണ്:”ദൈവപുത്രൻ്റെ മനുഷ്യാവതാരം എന്ന യാഥാർത്ഥ്യത്തോട് ക്രൈസ്തവ വിശ്വാസം വളരെയേറെ കടപ്പെട്ടിരിക്കുന്നു.മറ്റു മതങ്ങളെ അപേക്ഷിച്ച് ക്രൈസ്തവമതത്തിന് ശരീരത്തോട് കൂടുതൽ ബോധപൂർവ്വവും അടുത്തതുമായ ബന്ധമുണ്ട്. പ്രാർത്ഥന എന്നത് കേവലം ആന്തരികതയല്ല. അത് പ്രത്യേകമായ പ്രാർത്ഥനാരൂപങ്ങളിലൂടെ തീർച്ചയായും മനുഷ്യാവതാരം ചെയ്യപ്പെടേണ്ടതാണ് “.

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s