St. Lawrence of Rome | വിശുദ്ധ ലോറൻസ് | August 10

വിശുദ്ധ ലോറൻസിനെ പറ്റിയുള്ള ഒരു വാചകം ആദ്യമായി വായിക്കുന്നത് 17-18 കൊല്ലങ്ങൾക്ക് മുൻപ് അവിചാരിതമായി Imitations of Christ (ക്രിസ്ത്വനുകരണം) എന്ന ഒരു കുഞ്ഞു ഇംഗ്ലീഷ് പുസ്തകം എന്റെ കയ്യിൽ വന്നുചേർന്നപ്പോഴാണെന്ന് തോന്നുന്നു. ദുബായിൽ ഞാൻ അപ്പോൾ ജോലി ചെയ്തിരുന്ന മണി എക്സ്ചേഞ്ച് ഓഫീസിൽ ഏതോ കസ്റ്റമർ മറന്നുവെച്ചു പോയ നിലയിൽ ആ പുസ്തകം ലഭിക്കുന്നതിനു മുൻപ് ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടേയില്ലായിരുന്നു.

ആരും അതന്വേഷിച്ചുവരാതിരുന്നപ്പോൾ, വായിക്കാൻ ബൈബിൾ അല്ലാതെ വേറൊന്നും കയ്യിൽ ഇല്ലാതിരുന്ന അക്കാലത്ത് ഈശോ കയ്യിൽ എത്തിച്ചു തന്ന പുസ്തകമായി അതിനെ ഞാൻ കരുതി. നാട്ടിലേക്ക് പൈസ അയക്കാൻ വന്ന ഒരു കസ്റ്റമർക്ക് ഇത് കൊണ്ടുവരാനും കൗണ്ടറിൽ മറന്നുവെച്ചിട്ടു പോകാനുമൊക്കെ തോന്നിച്ചതിൽ ഞാൻ ദൈവത്തെ സ്തുതിച്ചു. ഒരു നിധി പോലെയാണ് ഞാൻ അതിന്റെ ഓരോ അദ്ധ്യായങ്ങളും അന്ന് വായിച്ചു കൊണ്ടിരുന്നത്.

യേശുവിനെപ്രതി, മറ്റു സ്നേഹിതരെ അകറ്റാനും ഉപേക്ഷിക്കാനും ഒക്കെ പറ്റണം എന്ന് പറയുന്നിടത്താണ് വിശുദ്ധ ലോറൻസ് ഈശോയോടുള്ള സ്നേഹത്തെ പ്രതി സിക്സ്റ്റസ് രണ്ടാമൻ പാപ്പയെ തന്നിൽ നിന്നും അകറ്റാൻ സന്നദ്ധനായി എന്ന് പറയുന്നത്. മറ്റ് ഇന്റിമേറ്റ് സ്നേഹിതരൊന്നും നിനക്കുണ്ടാവരുത് എന്ന മനോഭാവമാണ് നിന്റെ പ്രിയനുള്ളത് എന്ന് അതിന് മുൻപിലെ അദ്ധ്യായത്തിൽ പറയുന്നുമുണ്ട്. ഈശോ കുറച്ചല്ല, നല്ല രീതിയിൽ തന്നെ പൊസ്സസ്സീവ് ആണ് . നമ്മുടെ ബെസ്റ്റ് ഫ്രണ്ട് ആയി, ആശ്വാസമായി ഒക്കെ ഈശോയെ കരുതുന്നത് തന്നെയാണ് ഏറ്റവും നല്ലതും.അവനെപ്പോലെ കൂടെ നിൽക്കാൻ വേറെ ആർക്ക് പറ്റും? അപ്പോഴേ ലോകത്തിന്റെ കോലാഹലങ്ങൾക്കിടയിലൂടെയും ദൈവസാന്നിധ്യ സ്മരണ നിലനിർത്താൻ പറ്റൂ,, അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ. അതുതന്നെയല്ലേ ബൈബിളിൽ പറയുന്ന ഇടവിടാതുള്ള പ്രാർത്ഥന? ദൈവത്തോടുള്ള സംസാരമാണല്ലോ പ്രാർത്ഥന. (ഇപ്പറഞ്ഞപോലെയൊക്കെ നിലനിൽക്കാൻ കുറച്ചൊക്കെ സാധിച്ചിട്ടുണ്ടെങ്കിലും കുറെ കഴിയുമ്പോൾ ആ നിലയിൽ നിന്ന് വീണുപോകാറുണ്ടെന്നും കൂടി പറഞ്ഞുകൊള്ളട്ടെ. എങ്കിലും ഒരു വേട്ടപ്പട്ടിയെ പോലെ നമ്മെ ഈശോ പിന്തുടരും, മാനുഷികാശ്വാസങ്ങൾ ഇല്ലാതാക്കി, നമ്മെ ഒറ്റക്കാക്കി, അവനിൽ ആശ്രയിക്കുകയല്ലാതെ വേറെ ഒരു വഴിയും ഇല്ലാതാക്കിക്കൊണ്ടൊക്കെ)

അപ്പോൾ വിശുദ്ധ ലോറൻസിനെപ്പറ്റി ആണ് പറഞ്ഞുവന്നത്. വിശുദ്ധ അംബ്രോസിന്റെ വിവരണത്തിൽ നിന്നാണ് വിശുദ്ധ ലോറൻസിന്റെ മരണം എപ്രകാരം ആയിരുന്നെന്ന വിവരങ്ങൾ കൂടുതലായി ലഭിച്ചത്. 258ആം ആണ്ടിൽ വലേരിയൻ II ചക്രവർത്തി പുറപ്പെടുവിച്ച രാജശാസനം എല്ലാ പുരോഹിതരെയും മെത്രാന്മാരെയും ഡീക്കന്മാരെയുമൊക്കെ കൊന്നുകളയാൻ പറഞ്ഞുകൊണ്ടുള്ളതായിരുന്നു. അതനുസരിച്ച് സിക്സ്റ്റസ് രണ്ടാമൻ പാപ്പയെയും കുറച്ചു ഡീക്കന്മാരെയും കൊന്നുകളയാൻ കൊണ്ടുപോകവേ ഡീക്കനായിരുന്ന വിശുദ്ധ ലോറൻസ് സങ്കടം പറഞ്ഞു, തനിക്ക് അവരുടെയൊപ്പം രക്തസാക്ഷിത്വത്തിനുള്ള സൗഭാഗ്യം ലഭിക്കാഞ്ഞതിന്. വിടപറയുമ്പോൾ മാർപ്പാപ്പ ലോറൻസിനോട് പറഞ്ഞു, ‘വിഷമിക്കാതിരിക്കു മകനേ , മൂന്ന് ദിവസം കഴിഞ്ഞാൽ നീയും പോന്നോളും ഞങ്ങൾ പോകുന്നിടത്തേക്ക്’ എന്ന്.

സഭയുടെ അധീനതയിൽ ധാരാളം സമ്പത്തുണ്ടെന്നായിരുന്നു ചക്രവർത്തിയുടെ വിചാരം. അതിനായി റോമിലെ പ്രിഫെക്റ്റ്, ലോറൻസിനെ വിളിപ്പിച്ചു. സഭയുടെ സമ്പത്തും നിധിയുമെല്ലാം കൊണ്ടുവന്ന് അടിയറ വെക്കാനായി പറഞ്ഞു.ജീവനിൽ കൊതിയുള്ളവർ എത്രയും വേഗം അത് ചെയ്തേനെ, അങ്ങനെ ചെയ്‌താൽ ജീവൻ രക്ഷപ്പെട്ടെങ്കിലോ എന്നോർത്ത്. എന്നാൽ ലോറൻസ് തിരക്കുപിടിച്ചു ചെയ്തത് എന്താണെന്നറിയാമോ? മൂന്ന് ദിവസത്തിനുള്ളിൽ അത് ചെയ്തേക്കാമെന്നു പറഞ്ഞ് പോന്നിട്ട്, സഭയുടെ വസ്തുവകകളെല്ലാം പാവങ്ങളെ വിളിച്ചുകൂട്ടി ദാനം ചെയ്തു. പണമോ സ്വർണ്ണമോ ഒന്നും ബാക്കി വെച്ചില്ല, തിരുപാത്രങ്ങൾ പോലും.

മൂന്ന് ദിവസം കഴിഞ്ഞപ്പോൾ സഭയിലെ മുടന്തരും അന്ധരും അനാഥരും വിധവകളും ഒക്കെ ആയവരെ വിളിച്ചുകൂട്ടി പ്രിഫെക്ടിനടുത്തു ചെന്നു അവരെ ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു, “ഇതാണ് സഭയുടെ സമ്പത്ത്” എന്ന്. ഉറപ്പായ മരണത്തെ നോക്കി പല്ലിളിച്ചു കൊണ്ട് ഇങ്ങനെ ഭരണകൂടത്തെ ദേഷ്യം പിടിപ്പിക്കാൻ എത്ര പേർക്ക് പറ്റും? അതിക്രൂരമായ മരണമായിരിക്കും ഇനിയെന്ന കാര്യത്തിൽ ഇനി സശയമില്ലല്ലോ. ദേഷ്യം കൊണ്ട് വിറച്ചവർ ലോറൻസിന് സമ്മാനിച്ചത് ചെറുതീയിൽ അല്പാൽപ്പമായി തീയിൽ വറുക്കപ്പെട്ടുകൊണ്ടുള്ള മരണമാണ്.

ജീവനോടെ ‘ബാർബിക്യൂ’ ചെയ്യപ്പെടാനായി (രക്തസാക്ഷിത്വ കിരീടത്തിനായി ) സന്തോഷത്തോടെ ചെന്ന ലോറൻസിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി വലിയ ചട്ടിയിൽ പിടിച്ചു കിടത്തി അടിയിൽ തീയിട്ടു ചുട്ടുപഴുപ്പിച്ചു. അദ്ദേഹത്തിന്റെ നർമ്മഭാവന അപ്പോഴും കൂടെയുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പറഞ്ഞു “assum est; versa, et manduca” ‘ഈ ഭാഗം വെന്തിട്ടുണ്ട്. ഇനി മറിച്ചിട്ട് വേവിച്ചോളു, കഴിച്ചോളൂ’ എന്നാണ് അതിനർത്ഥം. റോമിന് വേണ്ടി, സഭക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ലോറൻസ് മരിച്ചു. പോപ്പിനോടൊത്തു രക്തസാക്ഷികളായ ഏഴു ഡീക്കന്മാരിൽ ഒരാളാണ് വിശുദ്ധ ലോറൻസ്. അനേകം പേർ ഈ സംഭവത്തിൽ നിന്ന് പ്രചോദിതരായി സഭക്ക് വേണ്ടി, ഈശോയെ പ്രതി, സന്തോഷത്തോടെ അക്കാലത്ത് ജീവൻ വെടിഞ്ഞു.

ആദിമക്രൈസ്തവരുടെ ചുടുനിണത്തിൽ തഴച്ചു വളർന്ന സഭയിലെ വിശ്വാസവീരന്മാരുടെ തീക്ഷ്‌ണത എന്നും നമുക്ക് പ്രചോദനം തന്നെ. കൊല്ലുന്നവരോടും വെറുപ്പോ ദേഷ്യമോ കാണിക്കാത്ത സ്നേഹത്തിന്റെ ക്രൈസ്തവമാതൃക കണ്ടുകൊണ്ട് കൂടെ ആണല്ലോ അക്കാലത്ത് ആയിരങ്ങൾ സഭയിലേക്കാകർഷിക്കപ്പെട്ടതും രക്തസാക്ഷികളായിക്കൊണ്ടിരുന്നതും.. ചാട്ടവാറെടുക്കുന്ന വിശ്വാസികളാകാൻ ഇക്കാലത്ത് ആയിരങ്ങളും പതിനായിരങ്ങളും തയാറാണ്. പക്ഷേ വേണ്ടയിടത്ത് ക്ഷമിക്കാനും സഹിഷ്ണുത കാണിക്കാനും പ്രേഷിത തീക്ഷ്‌ണതക്കുമൊക്കെകൂടി നമ്മൾ അവരെ മാതൃകയാക്കേണ്ടിയിരിക്കുന്നു.

Happy Feast of St. Lawrence of Rome

ജിൽസ ജോയ് ✍️

Advertisements
St. Lawrence of Rome | വിശുദ്ധ ലോറൻസ്
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment