🌹 🔥 🌹 🔥 🌹 🔥 🌹
04 Sep 2022
23rd Sunday in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും
ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജ്ഞാനം 9:13-18
അങ്ങേ ഹിതം ആരറിയും?
ദൈവശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാകും?
കര്‍ത്താവിന്റെ ഹിതം തിരിച്ചറിയാന്‍ ആര്‍ക്കു കഴിയും?
മര്‍ത്യരുടെ ആലോചന നിസ്സാരമാണ്.
ഞങ്ങളുടെ പദ്ധതികള്‍ പരാജയപ്പെടാം.
നശ്വരശരീരം ആത്മാവിനു ദുര്‍വഹമാണ്.
ഈ കളിമണ്‍കൂടാരം ചിന്താശീലമുള്ള മനസ്സിനെ ഞെരുക്കുന്നു.
ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്‌കരം.
അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍:
പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍
കണ്ടെത്താന്‍ ആര്‍ക്കു കഴിയും?
അങ്ങ് ജ്ഞാനത്തെയും അങ്ങേ പരിശുദ്ധാത്മാവിനെയും
ഉന്നതത്തില്‍ നിന്നു നല്‍കിയില്ലെങ്കില്‍,
അങ്ങേ ഹിതം ആരറിയും!
ജ്ഞാനം ഭൂവാസികളുടെ പാത നേരേയാക്കി,
അങ്ങേക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു:
അവര്‍ രക്ഷിക്കപ്പെടുകയും ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 90:3-4,5-6,12-13,14,17
കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
മനുഷ്യനെ അവിടുന്നു
പൊടിയിലേക്കു മടക്കി അയയ്ക്കുന്നു;
മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍
എന്ന് അങ്ങു പറയുന്നു.
ആയിരം വത്സരം അങ്ങേ ദൃഷ്ടിയില്‍
കഴിഞ്ഞുപോയ ഇന്നലെപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.
കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന
സ്വപ്നം പോലെ തുടച്ചുമാറ്റുന്നു;
പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍.
പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു;
സായാഹ്‌നത്തില്‍ അതു വാടിക്കരിയുന്നു,
കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍
ഞങ്ങളെ പഠിപ്പിക്കണമേ!
ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!
കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും?
അങ്ങേ ദാസരോട് അലിവു തോന്നണമേ!
കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
പ്രഭാതത്തില്‍ അങ്ങേ കാരുണ്യംകൊണ്ടു
ഞങ്ങളെ സംതൃപ്തരാക്കണമേ!
ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍
ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപ
ഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ!
ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!
ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!
കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
രണ്ടാം വായന
ഫില 1:9-10,12-17
ഒരു ദാസനായിട്ടല്ല, അതിലുപരി, പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ സ്വീകരിക്കുക.
പൗലോസായ ഞാന്‍ വൃദ്ധനും ഇപ്പോള്‍ യേശുക്രിസ്തുവിനെ പ്രതി തടവുകാരനുമാണ്. എന്റെ പുത്രന്‍ ഒനേസിമോസിന്റെ കാര്യമാണു നിന്നോടു ഞാന്‍ അപേക്ഷിക്കുന്നത്. എന്റെ കാരാഗൃഹവാസ കാലത്തു ഞാന്‍ അവനു പിതാവായി. അവനെ നിന്റെ അടുത്തേക്കു ഞാന്‍ തിരിച്ചയയ്ക്കുന്നു. എന്റെ ഹൃദയം തന്നെയാണു ഞാന്‍ അയയ്ക്കുന്നത്. സുവിശേഷത്തെ പ്രതിയുള്ള എന്റെ ബന്ധിതാവസ്ഥയില്‍ നിനക്കുവേണ്ടി എന്നെ ശുശ്രൂഷിക്കാന്‍ ഞാന്‍ അവനെ സന്തോഷപൂര്‍വം എന്നോടൊപ്പം നിറുത്തുമായിരുന്നു. നിന്റെ ഔദാര്യം നിര്‍ബന്ധത്താലാകാതെ സ്വതന്ത്ര മനസ്സാല്‍ ആകുന്നതിനാണ് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കാത്തത്. അല്‍പകാലത്തേക്ക് അവന്‍ നിന്നില്‍ നിന്നു വേര്‍പിരിഞ്ഞത് ഒരുപക്‌ഷേ നിത്യമായി അവനെ നിനക്കു തിരിച്ചു കിട്ടുന്നതിനായിരിക്കാം. ഇനി ഒരു ദാസനായിട്ടല്ല, അതിലുപരി, ലൗകികമായും കര്‍ത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു. അതുകൊണ്ട്, നീ എന്നെ നിന്റെ സഹകാരിയായി പരിഗണിക്കുന്നെങ്കില്‍, എന്നെപ്പോലെ അവനെയും സ്വീകരിക്കുക.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
ഈ ദാസൻ്റെ മേൽ അങ്ങേ മുഖ പ്രകാശം പതിയട്ടെ, അങ്ങേ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ!
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 14:25-33
തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.
അക്കാലത്ത്, വലിയ ജനക്കൂട്ടങ്ങള്‍ യേശുവിന്റെ അടുത്തുവന്നു. അവന്‍ തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെ തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല. ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍, അതു പൂര്‍ത്തിയാക്കാന്‍ വേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കുകൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ കെട്ടിക്കഴിഞ്ഞ് പണി മുഴുവനാക്കാന്‍ കഴിയാതെ വരുമ്പോള്‍, കാണുന്നവരെല്ലാം അവനെ ആക്‌ഷേപിക്കും. അവര്‍ പറയും: ഈ മനുഷ്യന്‍ പണി ആരംഭിച്ചു; പക്‌ഷേ, പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍, ഇരുപതിനായിരം ഭടന്മാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരം കൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടു യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അതു സാധ്യമല്ലെങ്കില്‍, അവന്‍ ദൂരത്തായിരിക്കുമ്പോള്‍ തന്നെ ദൂതന്മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2
നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.
Or:
യോഹ 8: 12
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും
സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹