🌹 🔥 🌹 🔥 🌹 🔥 🌹

05 Sep 2022

Saint Teresa of Kolkata, Religious 
on Monday of week 23 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, കുരിശില്‍ക്കിടന്നു ദാഹിക്കുന്ന
അങ്ങേ പുത്രന്‍റെ സ്‌നേഹത്തിന്
പാവപ്പെട്ടവരില്‍ പാവപ്പെട്ടവരോടുളള
നിസ്തുല സ്‌നേഹത്തോടെ പ്രത്യുത്തരം നല്കാന്‍
കന്യകയായ വിശുദ്ധ തെരേസയെ അങ്ങു വിളിച്ചുവല്ലോ.
ഈ കന്യകയുടെ മാധ്യസ്ഥ്യത്താല്‍,
വേദനിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളില്‍
ക്രിസ്തുവിനെ ദര്‍ശിച്ച് ശുശ്രൂഷിക്കാനുളള
അനുഗ്രഹമരുളണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 5:1-8
നിങ്ങള്‍ പഴയ പുളിപ്പ് നീക്കിക്കളയുവിന്‍; നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

സഹോദരരേ, വിജാതീയരുടെ ഇടയില്‍പ്പോലും ഇല്ലാത്ത തരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെ ഇടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ കഴിയുന്നു! എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്തവത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍ നിന്നു നീക്കിക്കളയുവിന്‍. ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാന്‍ അവിടെ സന്നിഹിതനായി ഈ പ്രവൃത്തി ചെയ്തവനെ നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ വിധിച്ചുകഴിഞ്ഞു. നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തിലും എന്റെ ആത്മീയ സാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ കര്‍ത്താവായ യേശുവിന്റെ അധികാരമുപയോഗിച്ച് ആ മനുഷ്യനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്‍പിച്ചുകൊടുക്കണം. അങ്ങനെ അവന്റെ ആത്മാവ് കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ രക്ഷ പ്രാപിക്കട്ടെ. നിങ്ങളുടെ ആത്മപ്രശംസ ഒട്ടും നന്നല്ല. അല്‍പം പുളിപ്പ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ? നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവര്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, അശുദ്ധിയും തിന്മയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്മാര്‍ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു തിരുനാള്‍ ആഘോഷിക്കാം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 5:4-5,6,11

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ.

അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല;
തിന്മ അങ്ങയോടൊത്തു വസിക്കുകയില്ല.
അഹങ്കാരികള്‍ അങ്ങേ കണ്‍മുന്‍പില്‍ നില്‍ക്കുകയില്ല;
അധര്‍മികളെ അങ്ങു വെറുക്കുന്നു.

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ.

വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു;
രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു.

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ.

അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ!
അവര്‍ എന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ!
അങ്ങേ നാമത്തെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കണമേ!
അവര്‍ അങ്ങയില്‍ ആനന്ദിക്കട്ടെ!

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ നന്നായി അറിയാം. അവ എന്നെ അനുഗമിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 6:6-11
സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഒരു സാബത്തില്‍ യേശു ഒരു സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലത്തുകൈ ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. നിയമജ്ഞരും ഫരിസേയരും യേശുവില്‍ കുറ്റമാരോപിക്കാന്‍ പഴുതുനോക്കി, സാബത്തില്‍ അവന്‍ രോഗ ശാന്തി നല്‍കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ് നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റുനിന്നു. യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്മചെയ്യുന്നതോ തിന്മ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം? അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കിക്കൊണ്ട് അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈ നീട്ടി. അതു സുഖപ്പെട്ടു. അവര്‍ രോഷാകുലരായി, യേശുവിനോട് എന്താണു ചെയ്യേണ്ടതെന്നു പരസ്പരം ആലോചിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യമായ വാഗ്ദാനങ്ങളിലുള്ള
ഞങ്ങളുടെ പ്രത്യാശ കൈവെടിയാതിരിക്കാന്‍
ലൗകിക അടയാളങ്ങള്‍ കൊണ്ട്
അങ്ങ് ഞങ്ങളെ സമാശ്വസിപ്പിക്കുന്നുവല്ലോ.
വിശുദ്ധ N യുടെ സ്മരണ ആചരിച്ചുകൊണ്ട്
വിശുദ്ധീകരിക്കപ്പെടേണ്ട ഞങ്ങളുടെ ഭക്തകാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 45:1

എന്റെ ഹൃദയത്തില്‍ ഉദാത്തമായ വാക്ക് തുടിച്ചുനില്ക്കുന്നു.
ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ രാജാവിനോടു പറയും.

Or:
ലൂക്കാ10:42

ഒന്നുമാത്രമേ ആവശ്യമുള്ളൂ.
ഇവള്‍ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു,
അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ സ്രോതസ്സാല്‍ നവീകൃതരായി,
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
വിശുദ്ധ N യുടെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിനോട് ദിനം പ്രതി കൂടുതല്‍ ഗാഢമായി
ഒന്നുചേര്‍ന്നുകൊണ്ട്,
അവിടത്തെ കൃപയുടെ രാജ്യത്തില്‍
പങ്കാളികളായിത്തീരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Advertisements
Fediverse reactions
September 2022
S M T W T F S
 123
45678910
11121314151617
18192021222324
252627282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading