Saint Ignatius of Antioch / Monday of week 29 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

17 Oct 2022

Saint Ignatius of Antioch, Bishop, Martyr 
on Monday of week 29 in Ordinary Time

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
രക്തസാക്ഷികളായ വിശുദ്ധരുടെ വിശ്വാസപ്രഖ്യാപനത്താല്‍
അങ്ങേ സഭയുടെ ദിവ്യഗാത്രം
അങ്ങ് അലങ്കരിക്കുന്നുവല്ലോ.
ഇന്ന് അനുസ്മരിക്കുന്ന വിശുദ്ധ ഇഗ്നേഷ്യസിന്റെ
മഹത്ത്വപൂര്‍ണമായ പീഡാസഹനം
അദ്ദേഹത്തിന് നിത്യമഹിമ നല്കിയപോലെ,
അത് ഞങ്ങള്‍ക്ക് നിത്യമായ സംരക്ഷണമായി
ഭവിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എഫേ 2:1-10
യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു.

സഹോദരരേ, അപരാധങ്ങളും പാപങ്ങളും മൂലം ഒരിക്കല്‍ നിങ്ങള്‍ മൃതരായിരുന്നു. അന്ന്, ഈ ലോകത്തിന്റെ ഗതി പിന്തുടര്‍ന്നും, അനുസരണക്കേടിന്റെ മക്കളില്‍ പ്രവര്‍ത്തിക്കുന്ന അരൂപിയായ അന്തരീക്ഷ ശക്തികളുടെ അധീശനെ അനുസരിച്ചുമാണ് നിങ്ങള്‍ നടന്നിരുന്നത്. അനുസരണക്കേടിന്റെ ഈ മക്കളോടൊപ്പം ഒരു കാലത്ത് നമ്മളും ശരീരത്തിന്റെയും മനസ്സിന്റെയും അഭിലാഷങ്ങള്‍ സാധിച്ചുകൊണ്ട് ജഡമോഹങ്ങളില്‍ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്റെ മക്കളായിരുന്നു. എന്നാല്‍, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്‌നേഹത്താല്‍, ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു. യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. അവിടുന്ന് യേശുക്രിസ്തുവില്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 100:1-2,3,4,5

കര്‍ത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍;
ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.

കര്‍ത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്.

കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;
അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്;
നമ്മള്‍ അവിടുത്തേതാണ്;
നാം അവിടുത്തെ ജനവും
അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.

കര്‍ത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്.

കൃതജ്ഞതാഗീതത്തോടെ
അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍;
സ്തുതികള്‍ ആലപിച്ചുകൊണ്ട്
അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.

കര്‍ത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്.

അവിടുത്തേക്കു നന്ദിപറയുവിന്‍;
അവിടുത്തെ നാമം വാഴ്ത്തുവിന്‍.
കര്‍ത്താവു നല്ലവനാണ്,
അവിടുത്തെ കാരുണ്യം ശാശ്വതമാണ്;
അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.

കര്‍ത്താവാണ് നമ്മെ സൃഷ്ടിച്ചത്; നമ്മള്‍ അവിടുത്തേതാണ്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവേ, അങ്ങേ പാതകൾ എന്നെ പഠിപ്പിക്കേണമേ! അങ്ങേ സത്യത്തിലേയ്ക്ക് എന്നെ നയിക്കേണമേ!

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 12:13-21
നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?

അക്കാലത്ത്, ജനക്കൂട്ടത്തില്‍ നിന്ന് ഒരുവന്‍ യേശുവിനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ! യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തു ഭാഗിക്കുന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്.
ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവു നല്‍കി. അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവന്‍ സൂക്ഷിക്കാന്‍ എനിക്കു സ്ഥലമില്ലല്ലോ. അവന്‍ പറഞ്ഞു: ഞാന്‍ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകള്‍ പൊളിച്ച്, കൂടുതല്‍ വലിയവ പണിയും; അതില്‍ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാന്‍ എന്റെ ആത്മാവിനോടു പറയും: ആത്മാവേ, അനേകവര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക. എന്നാല്‍, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നില്‍ നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും? ഇതുപോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ക്രിസ്തുവിന്റെ ഗോതമ്പുമണിയായ
വിശുദ്ധ ഇഗ്നേഷ്യസിനെ,
പീഡാസഹനവും രക്തസാക്ഷിത്വവും വഴി
നിര്‍മല അപ്പമായി അങ്ങ് സ്വീകരിച്ചുവല്ലോ.
ഞങ്ങളുടെ ഭക്തിയുടെ ഈ അര്‍പ്പണം
അങ്ങേക്ക് പ്രീതികരമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ഞാന്‍ ക്രിസ്തുവിന്റെ ഗോതമ്പുമണിയാകുന്നു;
അത് വന്യമൃഗങ്ങളുടെ ദന്തങ്ങളാല്‍ പൊടിഞ്ഞ്,
നിര്‍മല അപ്പമായി കാണപ്പെടുമാറാകട്ടെ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഇഗ്നേഷ്യസിന്റെ സ്വര്‍ഗീയജന്മദിനത്തില്‍
ഞങ്ങള്‍ സ്വീകരിച്ച സ്വര്‍ഗീയ അപ്പം,
ഞങ്ങളെ നവീകരിക്കുകയും
പേരുകൊണ്ടും പ്രവൃത്തികൊണ്ടും
ക്രിസ്ത്യാനികളാക്കി തീര്‍ക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s