🌹 🔥 🌹 🔥 🌹 🔥 🌹
22 Oct 2022
Saint John Paul II, Pope
or Saturday of week 29 in Ordinary Time
or Saturday memorial of the Blessed Virgin Mary
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
കരുണാസമ്പന്നനായ ദൈവമേ,
പാപ്പായായ വിശുദ്ധ ജോണ്‍ പോള്‍
അങ്ങേ സാര്‍വത്രികസഭയില്‍
ആധ്യക്ഷ്യം വഹിക്കാന്‍ അങ്ങു തിരുവുളളമായല്ലോ.
അദ്ദേഹത്തിന്റെ പ്രബോധനങ്ങളാല്‍ ഉദ്‌ബോധിരായി,
മാനവരാശിയുടെ ഏകരക്ഷകനായ ക്രിസ്തുവിന്റെ
രക്ഷാകര കൃപാവരത്തിനായി
വിശ്വാസത്തോടെ ഞങ്ങളുടെ ഹൃദയങ്ങള്‍
തുറക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എഫേ 4:7-16
ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു.
സഹോദരരേ, നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി. അവന്‍ ആരോഹണം ചെയ്തുവെന്നതിന്റെ അര്‍ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ? ഇറങ്ങിയവന്‍ തന്നെയാണ്, എല്ലാ വസ്തുക്കളെയും പൂരിതമാക്കാന്‍ വേണ്ടി എല്ലാ സ്വര്‍ഗങ്ങള്‍ക്കുമുപരി ആരോഹണം ചെയ്തവനും. അവന്‍ ചിലര്‍ക്ക് അപ്പോസ്തലന്മാരും പ്രവാചകന്മാരും സുവിശേഷ പ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും മറ്റും ആകാന്‍ വരം നല്‍കി. ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു. നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍ മനുഷ്യര്‍ കൗശലപൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെറിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്. പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു. അവന്‍ വഴി ശരീരംമുഴുവന്‍, ഓരോ സന്ധിബന്ധവും അതതിന്റെ ജോലി നിര്‍വഹിക്കത്തക്കവിധം സമന്വയിക്കപ്പെട്ട്, വളരുകയും സ്‌നേഹത്തില്‍ രൂപപ്പെടുകയും ചെയ്യുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 122:1-2,3-4ab,4cd-5
കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
കര്‍ത്താവിന്റെ ആലയത്തിലേക്കു
നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍
ഞാന്‍ സന്തോഷിച്ചു.
ജറുസലെമേ, ഇതാ ഞങ്ങള്‍
നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.
കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം.
അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,
കര്‍ത്താവിന്റെ ഗോത്രങ്ങള്‍.
കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
ഇസ്രായേലിനോടു കല്‍പിച്ചതുപോലെ,
കര്‍ത്താവിന്റെ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.
അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു;
ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍.
കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
കർത്താവ് വാഗ്ദാനങ്ങളിൽ വിശ്വസ്ഥനും പ്രവൃർത്തികളിൽ കാരുണ്യവാനുമാണ്.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 13:1-9
പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അക്കാലത്ത്, ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു. അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ? അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല എന്നു ഞാന്‍ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അവന്‍ ഈ ഉപമ പറഞ്ഞു: ഒരുവന്‍ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നുനോക്കാന്‍ അവന്‍ വന്നു; എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ അവന്‍ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍ നിന്ന് ഫലം അന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരന്‍ അവനോടു പറഞ്ഞു: യജമാനനേ, ഈ വര്‍ഷംകൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞുകൊള്ളുക.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി
സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, വിശുദ്ധ N ന്റെ വണക്കത്തില്‍
അങ്ങേ മഹത്ത്വത്തിനു വേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ ബലി
അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 10:11
നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി തന്റെ ജീവനര്‍പ്പിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ N സ്‌നേഹാഗ്നിയാല്‍
തീക്ഷ്ണതയോടെ എരിഞ്ഞ്
അങ്ങേ സഭയ്ക്കുവേണ്ടി തന്നത്തന്നെ സദാ അര്‍പ്പിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹



Leave a comment