The Book of Psalms, Chapter 69 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 69 | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, അദ്ധ്യായം 69

ദീനരോദനം

1 ദൈവമേ, എന്നെ രക്ഷിക്കണമേ! വെള്ളം എന്റെ കഴുത്തോളമെത്തിയിരിക്കുന്നു.

2 കാലുറയ്ക്കാത്ത ആഴമുള്ള ചേറ്റില്‍ ഞാന്‍ താഴുന്നു; ആഴമുള്ള ജലത്തില്‍ ഞാനെത്തിയിരിക്കുന്നു; ജലം എന്റെ മേല്‍ കവിഞ്ഞൊഴുകുന്നു.

3 കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, എന്റെ തൊണ്ട വരണ്ടു, ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണുകള്‍ മങ്ങി.

4 കാരണംകൂടാതെ എന്നെ എതിര്‍ക്കുന്നവര്‍ എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്. എന്നെ നശിപ്പിക്കാനൊരുങ്ങിയവര്‍, നുണകൊണ്ട് എന്നെ ആക്രമിക്കുന്നവര്‍, പ്രബലരാണ്. ഞാന്‍ മോഷ്ടിക്കാത്തതുതിരിച്ചുകൊടുക്കാനാവുമോ?

5 കര്‍ത്താവേ, എന്റെ ഭോഷത്തംഅവിടുന്നറിയുന്നു; എന്റെ തെറ്റുകള്‍ അങ്ങയില്‍നിന്നുമറഞ്ഞിരിക്കുന്നില്ല.

6 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയില്‍ പ്രത്യാശവയ്ക്കുന്നവര്‍ഞാന്‍ മൂലം ലജ്ജിക്കാനിടയാക്കരുതേ! ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവര്‍, ഞാന്‍ മൂലംഅപമാനിതരാകാന്‍ സമ്മതിക്കരുതേ!

7 അങ്ങയെപ്രതിയാണു ഞാന്‍ നിന്ദനം സഹിച്ചതും ലജ്ജ എന്റെ മുഖത്തെ ആവരണംചെയ്തതും.

8 എന്റെ സഹോദരര്‍ക്കു ഞാന്‍ അപരിചിതനും എന്റെ അമ്മയുടെ മക്കള്‍ക്കു ഞാന്‍ അന്യനുമായിത്തീര്‍ന്നു.

9 അങ്ങയുടെ ആലയത്തെക്കുറിച്ചുള്ളതീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെനിന്ദനം എന്റെ മേല്‍ നിപതിച്ചു.

10 ഉപവാസംകൊണ്ടു ഞാന്‍ എന്നെത്തന്നെ വിനീതനാക്കി; അതും എനിക്കു നിന്ദനത്തിനു കാരണമായി.

11 ഞാന്‍ ചാക്കുടുത്തു; അതുനിമിത്തംഞാന്‍ അവര്‍ക്കു പഴമൊഴിയായി.

12 നഗരകവാടത്തിങ്കലിരിക്കുന്നവര്‍ക്കുഞാന്‍ സംസാരവിഷയമായി; മദ്യപര്‍ എന്നെക്കുറിച്ചു പാട്ടുകള്‍ ചമയ്ക്കുന്നു.

13 കര്‍ത്താവേ, ഞാന്‍ അങ്ങയോടുപ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!

14 രക്ഷയുടെ വാഗ്ദാനത്തില്‍ അങ്ങ്‌വിശ്വസ്തനാണല്ലോ; ഞാന്‍ ചേറില്‍ മുങ്ങിപ്പോകാതെ എന്നെ രക്ഷിക്കണമേ! ശത്രുക്കളില്‍നിന്നും സമുദ്രത്തിന്റെ ആഴത്തില്‍നിന്നും എന്നെ മോചിപ്പിക്കണമേ!

15 ജലം എന്റെ മേല്‍ കവിഞ്ഞൊഴുകാതിരിക്കട്ടെ! ആഴങ്ങള്‍ എന്നെ വിഴുങ്ങാതിരിക്കട്ടെ! പാതാളം എന്നെ മൂടിക്കളയാതിരിക്കട്ടെ!

16 കര്‍ത്താവേ, എനിക്കുത്തരമരുളണമേ! അങ്ങയുടെ അചഞ്ചലസ്‌നേഹംഅതിശ്രേഷ്ഠമാണല്ലോ; കരുണാസമ്പന്നനായഅവിടുന്ന് എന്നെ കടാക്ഷിക്കണമേ!

17 അങ്ങയുടെ ദാസനില്‍നിന്നു മുഖംമറയ്ക്കരുതേ! ഞാന്‍ കഷ്ടതയിലകപ്പെട്ടു. വേഗം എനിക്ക് ഉത്തരമരുളണമേ!

18 എന്റെ അടുത്തുവന്ന് എന്നെ രക്ഷിക്കണമേ! ശത്രുക്കളില്‍നിന്ന് എന്നെ സ്വതന്ത്രനാക്കണമേ!

19 ഞാന്‍ ഏറ്റ നിന്ദനവും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു; എന്റെ ശത്രുക്കളെ അങ്ങേക്കറിയാമല്ലോ.

20 നിന്ദനം എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ നൈരാശ്യത്തിലാണ്ടു; സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു; ആരെയും കണ്ടില്ല. ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നു നോക്കി; ആരുമുണ്ടായിരുന്നില്ല.

21 ഭക്ഷണമായി അവര്‍ എനിക്കു വിഷംതന്നു, ദാഹത്തിന് അവര്‍ എനിക്കു വിനാഗരി തന്നു.

22 അവരുടെ ഭക്ഷണമേശ അവര്‍ക്കുകെണിയായിത്തീരട്ടെ! അവരുടെ യാഗോത്‌സവങ്ങള്‍ കുരുക്കായിത്തീരട്ടെ!

23 അവര്‍ കണ്ണ് ഇരുണ്ട് അന്ധരായിപ്പോകട്ടെ! അവരുടെ അരക്കെട്ടു നിരന്തരംവിറകൊള്ളട്ടെ!

24 അങ്ങയുടെ രോഷം അവരുടെമേല്‍വര്‍ഷിക്കണമേ! അങ്ങയുടെ കോപാഗ്‌നി അവരെ ഗ്രസിക്കട്ടെ!

25 അവരുടെ താവളം ശൂന്യമായിപ്പോകട്ടെ! അവരുടെ കൂടാരത്തില്‍ ആരുംവസിക്കാതിരിക്കട്ടെ!

26 അവിടുന്നു പ്രഹരിച്ചവനെ അവര്‍പീഡിപ്പിക്കുന്നു; അവിടുന്നു മുറിവേല്‍പിച്ചവനെഅവര്‍ വീണ്ടും ദ്രോഹിക്കുന്നു.

27 അവര്‍ക്കു ശിക്ഷയ്ക്കുമേല്‍ ശിക്ഷനല്‍കണമേ! അങ്ങയുടെ ശിക്ഷയില്‍ നിന്ന് അവര്‍ക്കു മോചനം ലഭിക്കാതിരിക്കട്ടെ!

28 ജീവിക്കുന്നവരുടെ പുസ്തകത്തില്‍നിന്ന്അവരെ മായിച്ചുകളയണമേ! നീതിമാന്‍മാരുടെ കൂട്ടത്തില്‍ അവരുടെപേരെഴുതാന്‍ ഇടയാകാതിരിക്കട്ടെ!

29 ഞാന്‍ പീഡിതനും വേദന തിന്നുന്നവനുമാണ്; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ സമുദ്ധരിക്കട്ടെ!

30 ഞാന്‍ ദൈവത്തിന്റെ നാമത്തെപാടിസ്തുതിക്കും, കൃതജ്ഞതാസ്‌തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടുത്തും.

31 അതു കര്‍ത്താവിനു കാളയെക്കാളും കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെക്കാളും പ്രസാദകരമായിരിക്കും.

32 പീഡിതര്‍ അതുകണ്ട് ആഹ്‌ളാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്‍മേഷഭരിതമാകട്ടെ!

33 കര്‍ത്താവു ദരിദ്രന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെഅവിടുന്നു നിന്ദിക്കുകയില്ല.

34 ആകാശവും ഭൂമിയും, സമുദ്രങ്ങളും അവയില്‍ സഞ്ചരിക്കുന്ന സമസ്തവുംഅവിടുത്തെ സ്തുതിക്കട്ടെ!

35 ദൈവം സീയോനെ രക്ഷിക്കും; യൂദായുടെ നഗരങ്ങള്‍ പുതുക്കിപ്പണിയും; അവിടുത്തെ ദാസര്‍ അതില്‍ പാര്‍ത്ത് അതു കൈവശമാക്കും.

36 അവിടുത്തെ ദാസന്‍മാരുടെ സന്തതികള്‍ അത് അവകാശമാക്കും. അവിടുത്തെനാമത്തെ സ്‌നേഹിക്കുന്നവര്‍ അതില്‍ വസിക്കുകയും ചെയ്യും.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment