സങ്കീർത്തനങ്ങൾ, അദ്ധ്യായം 80
ഞങ്ങളെ പുനരുദ്ധരിക്കണമേ
1 ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്‍മേല്‍ വസിക്കുന്നവനേ,പ്രകാശിക്കണമേ!
2 എഫ്രായിമിനും ബഞ്ചമിനും മനാസ്‌സെക്കും അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ! ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ!
3 ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയുംഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
4 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ജനത്തിന്റെ പ്രാര്‍ഥനകള്‍ എത്രനാള്‍ അങ്ങു കേള്‍ക്കാതിരിക്കും?
5 അങ്ങ് അവര്‍ക്കു ദുഃഖം ആഹാരമായി നല്‍കി; അവരെ അളവില്ലാതെ കണ്ണീര്‍ കുടിപ്പിച്ചു.
6 അങ്ങു ഞങ്ങളെ അയല്‍ക്കാര്‍ക്കുനിന്ദാപാത്രമാക്കി; ഞങ്ങളുടെ ശത്രുക്കള്‍ പരിഹസിച്ചു ചിരിക്കുന്നു.
7 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
8 ഈജിപ്തില്‍നിന്ന് അവിടുന്ന് ഒരുമുന്തിരിവള്ളി കൊണ്ടുവന്നു; ജനതകളെ പുറത്താക്കി അതു നട്ടുപിടിപ്പിച്ചു.
9 അവിടുന്ന് അതിനുവേണ്ടി തടമൊരുക്കി; അതു വേരൂന്നി വളര്‍ന്നു, ദേശം മുഴുവനും പടര്‍ന്നു.
10 അതിന്റെ തണല്‍കൊണ്ടു പര്‍വതങ്ങളും അതിന്റെ ശാഖകള്‍കൊണ്ടു കൂറ്റന്‍ ദേവദാരുക്കളും മൂടി.
11 അത് അതിന്റെ ശാഖകളെ സമുദ്രംവരെയും ചില്ലകളെ നദിവരെയും നീട്ടി.
12 അങ്ങുതന്നെ അതിന്റെ മതില്‍തകര്‍ത്തതെന്തുകൊണ്ട്?വഴിപോക്കര്‍ അതിന്റെ ഫലം പറിക്കുന്നു.
13 കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു; സകലജന്തുക്കളും അതിനെ തിന്നുകളയുന്നു.
14 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ!
15 സ്വര്‍ഗത്തില്‍നിന്നു നോക്കിക്കാണണമേ! ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലത്തുകൈ നട്ട ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ!
16 അവര്‍ അതിനെ അഗ്‌നിക്കിരയാക്കുകയുംവെട്ടിവീഴ്ത്തുകയും ചെയ്തു; അങ്ങയുടെ മുഖത്തുനിന്നു വരുന്ന ശാസനയാല്‍ അവര്‍ നശിച്ചു പോകട്ടെ!
17 എന്നാല്‍, അങ്ങയുടെ കരം അങ്ങയുടെ വലത്തുവശത്തു നിര്‍ത്തിയിരിക്കുന്നവന്റെ മേല്‍- അങ്ങേക്കു ശുശ്രൂഷചെയ്യാന്‍ ശക്തനാക്കിയ മനുഷ്യപുത്രന്റെ മേല്‍ – ഉണ്ടായിരിക്കട്ടെ.
18 അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍നിന്ന് ഒരിക്കലും പിന്തിരിയുകയില്ല; ഞങ്ങള്‍ക്കു ജീവന്‍ നല്‍കണമേ! ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും.
19 സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment