സങ്കീർത്തനങ്ങൾ, അദ്ധ്യായം 112
ദൈവഭക്തന്റെ സന്തോഷം
1 കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍ ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
2 അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.
3 അവന്റെ ഭവനം സമ്പത്‌സമൃദ്ധമാകും; അവന്റെ നീതി എന്നേക്കും നിലനില്‍ക്കും.
4 പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍പ്രകാശമുദിക്കും; അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.
5 ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും.
6 നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്റെ സ്മരണ എന്നേക്കും നിലനില്‍ക്കും.
7 ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല: അവന്റെ ഹൃദയം അചഞ്ചലവും കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്.
8 അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവന്‍ ഭയപ്പെടുകയില്ല; അവന്‍ ശത്രുക്കളുടെ പരാജയം കാണും.
9 അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു; അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു; അവന്‍ അഭിമാനത്തോടെ ശിരസ്‌സുയര്‍ത്തി നില്‍ക്കും.
10 ദുഷ്ടന്‍ അതുകണ്ടു കോപിക്കുന്നു, പല്ലിറുമ്മുന്നു; അവന്റെ ഉള്ളുരുകുന്നു; ദുഷ്ടന്റെ ആഗ്രഹം നിഷ്ഫലമാകും.
The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation




Leave a comment