Blessed Luigi and Blessed Maria Beltrame Quattrocchi | വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ച് ഉയർത്തപ്പെട്ട ആദ്യത്തെ ദമ്പതികൾ

പത്താമത് ലോകകുടുംബസംഗമം ഇക്കൊല്ലം ജൂണിൽ, റോമിൽ നടന്നപ്പോൾ അതിന്റെ മധ്യസ്ഥരായി തിരഞ്ഞെടുത്തിരുന്നത് ലൂയിജി – മരിയ ബെൽത്രാമെ ക്വത്റോച്ചി ദമ്പതികളെയായിരുന്നു. കത്തോലിക്കസഭയിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഒരുമിച്ച് ഉയർത്തപ്പെട്ട ആദ്യത്തെ ദമ്പതികളായിരുന്നു അവർ. അവരുടെ വിവാഹദിനമായ നവംബർ 25 ആണ് അവരുടെ തിരുന്നാൾ ദിവസം.

സഭയിൽ ആദ്യമായി ദമ്പതികൾ ഒന്നിച്ച് വാഴ്ത്തപെട്ടവരുടെ പദവിയിലേക്ക്

ഒക്ടോബർ 21, 2001. അതൊരു ഞായറാഴ്ചയായിരുന്നു. Familiaris Consortio ( കുടുംബകൂട്ടായ്മ – ആധുനികലോകത്തിൽ ക്രിസ്തീയകുടുംബത്തിന്റെ പങ്കിനെപ്പറ്റി) എന്ന പേരിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ എഴുതിയ അപ്പസ്തോലിക പ്രബോധനത്തിന്റെ ഇരുപതാം വാർഷികാഘോഷവേളയായ ആ ദിനത്തിൽ, റോമിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

വിവാഹിതരായിരുന്ന രണ്ടുപേരെ ഒരുമിച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു കൊണ്ട്, സന്യാസ- പുരോഹിതജീവിതത്തെപ്പോലെ തന്നെ അൽമായജീവിതത്തിലും വിശുദ്ധി അവിഭാജ്യഘടകമാണെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിക്കുക എന്ന പാപ്പയുടെ ഏറെക്കാലമായുള്ള സ്വപ്നം പൂവണിഞ്ഞു. വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ലൂയിജി-മരിയ ബെൽത്രാമെ ക്വത്റോച്ചി ദമ്പതികൾ 50 വർഷത്തോളം വിവാഹജീവിതം നയിച്ചവരായിരുന്നു. അവരുടെ നാലുമക്കളിൽ മൂന്നുപേർ ആ അനുഗ്രഹീതദിവസം അവിടെ സന്നിഹിതരായിരുന്നു.പുരോഹിതരായ 95 വയസ്സുകാരൻ ഫിലിപ്പോയും 91 വയസ്സുള്ള സെസാറോയും, പരിശുദ്ധപിതാവിനൊപ്പം സഹകാർമ്മികരായിരുന്നു. 87 വയസ്സുണ്ടായിരുന്ന എൻറിക്കേറ്റ എന്ന മകൾ മറ്റു വിശ്വാസികൾക്കൊപ്പം ദിവ്യബലിയിൽ സംബന്ധിച്ചു. കന്യാസ്ത്രീയായിരുന്ന സ്റ്റെഫാനിയ നിത്യസമ്മാനത്തിനായി പോയികഴിഞ്ഞിരുന്നു.

“പ്രിയ സഹോദരി സഹോദരന്മാരെ ! പ്രിയ കുടുംബങ്ങളെ ! ” ജോൺപോൾ രണ്ടാമൻ പാപ്പ തന്റെ പ്രസംഗം ഇങ്ങനെ തുടങ്ങി. ” ഇന്ന് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് ദമ്പതികളായ രണ്ടുപേരെ വാഴ്ത്തപ്പെട്ടവരാക്കാനാണ്, ലൂയിജി – മരിയ ബെൽത്രാമെ ക്വത്റോച്ചിമാരെ . ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ അവർ റോമിൽ ജീവിച്ചു, ക്രിസ്തുവിലുള്ള വിശ്വാസം കഠിനമായി പരീക്ഷിക്കപ്പെട്ട സമയത്ത് ; എങ്കിലും പ്രത്യാശയോടെ അവർ പ്രതികരിച്ചു. ബുദ്ധിമുട്ടേറിയ ആ വർഷങ്ങളിൽ പോലും ആ ഭാര്യാഭർത്താക്കന്മാർ വിശ്വാസദീപം കെടാതെ സൂക്ഷിച്ച്, മക്കളിലേക്ക് അത് കൈമാറി, അവരിൽ മൂന്നുപേർ ഇന്ന് നമ്മോടൊപ്പം ഇവിടുണ്ട്. പ്രിയപ്പെട്ടവരേ, ഇതാണ് നിങ്ങളുടെ അമ്മ നിങ്ങളെക്കുറിച്ച് എഴുതിയത്, “ദൈവത്തെ അവർ അറിയാനായി , സ്നേഹിക്കാനായി, ഞങ്ങൾ അവരെ വിശ്വാസത്തിൽ വളർത്തി”, തീർന്നില്ല, നിങ്ങളുടെ മാതാപിതാക്കൾ കത്തുന്ന ദീപം കൈമാറിയത് അവരുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും സഹപ്രവർത്തകർക്കും മാത്രല്ല, ഇപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് അത് തരുന്നത് സാർവ്വത്രിക സഭക്ക് മുഴുവനായും ആണ്.

” familiaris consortio എന്ന അപസ്തോലിക പ്രബോധനത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കാൻ ഇതിനേക്കാൾ സന്തോഷമുള്ള നിമിഷങ്ങൾ ഉണ്ടാകാനിടയില്ല. ഈ ഡോക്യുമെന്റ്, വിവാഹത്തിന്റെ കേന്ദ്രസ്ഥാനവും കുടുംബത്തിന്റെ ദൗത്യവും എടുത്തുകാണിക്കുന്നതിനൊപ്പം കൂദാശാധിഷ്ഠിതജീവിതത്തിലൂടെ ലഭിക്കുന്ന കൃപയുടെ ബലത്താൽ പങ്കാളികളോട് വിശുദ്ധിയുടെ പാത പിന്തുടരാൻ ആവശ്യപ്പെടുന്നു.ഈ പാതയുടെ മനോഹാരിത, അനുഗ്രഹീത ഇറ്റാലിയൻ ദമ്പതികളായ ലൂയിജിയുടെയും മരിയയുടെയും മാതൃകപരമായ ജീവിതസാക്ഷ്യത്തിൽ പ്രകാശമാനമാകുന്നു.

” ഈ ദമ്പതികൾ വിവാഹിതജീവിതത്തിലെ സ്നേഹവും സേവനജീവിതവും സുവിശേഷത്തിന്റെ പ്രകാശത്തിൽ വലിയ തീക്ഷ്‌ണതയോടെ ജീവിച്ചു. ഉത്തരവാദിത്വബോധത്തോടെ അവർ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ സഹകരിച്ചു, കുഞ്ഞുങ്ങളെ പഠിപ്പിച്ചും ദൈവത്തിന് അവരെക്കുറിച്ചുള്ള സ്നേഹപദ്ധതി മനസ്സിലാക്കുന്നതിലേക്ക് അവരെ നയിച്ചുമൊക്കെ ഉദാരതയോടെ മക്കളെ വേണ്ടുംവണ്ണം വളർത്തി. ആ ഫലഭൂയിഷ്ടമായ ആത്മീയമണ്ണിൽ സന്യാസജീവിതത്തിലേക്കും പൗരോഹിത്യത്തിലേക്കുമുള്ള ദൈവവിളികൾ മുളച്ചുപൊന്തി, ദൈവത്തിൽ വേരുറപ്പിച്ചുള്ള ദാമ്പത്യസ്നേഹത്തിൽ വിവാഹവും ബ്രഹ്മചര്യവും എങ്ങനെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും പരസ്പരം പ്രകാശിപ്പിക്കുന്നെന്നും കാണിച്ചുതന്നു.

“ദൈവവചനത്താലും വിശുദ്ധരുടെ സാക്ഷ്യങ്ങളാലും ആകർഷിക്കപ്പെട്ട്, ആ അനുഗ്രഹീതദമ്പതികൾ, സാധാരണമായ ഒരു ജീവിതം അസാധാരണമാം വിധം ജീവിച്ചു. ഒരു സാധാരണ ജീവിതത്തിലെ സന്തോഷങ്ങൾക്കും ഉത്കണ്ഠകൾക്കുമിടയിൽ, അസാധാരണമായ വിധത്തിൽ എങ്ങനെ ആത്മീയതയാൽ സമ്പന്നമായ ജീവിതം ജീവിക്കണമെന്ന് അവർക്ക് അറിയാമായിരുന്നു. പരിശുദ്ധ കുർബ്ബാനയും പരിശുദ്ധ അമ്മയോടുള്ള വണക്കവുമായിരുന്നു അവരുടെ ജീവിതകേന്ദ്രം. എല്ലാ ദിവസവും ജപമാലകൾ ചൊല്ലി, ഉപദേശത്തിനായി. ആത്മീയപിതാക്കന്മാരെ സമീപിച്ചു. ഇങ്ങനെ, ദൈവവിളി തിരിച്ചറിയാനുള്ള ഉദ്യമത്തിൽ അവർ തങ്ങളുടെ മക്കളെ അനുധാവനം ചെയ്തു.

“ലൂയിജിയുടെയും മരിയയുടെയും വിശ്വാസത്തിന്റെ സമ്പന്നതയും ഭാര്യഭർത്താക്കന്മാർ എന്ന നിലവിലുള്ള അവരുടെ സ്നേഹവും, എല്ലാ വിശ്വാസികൾക്കും വിശുദ്ധിയിലേക്ക് വിളിയുണ്ടെന്നുള്ളതിനെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പറഞ്ഞതിന്റെ ജീവിതസാക്ഷ്യമാണ്. വിവാഹിതരായ ഈ ദമ്പതികളുടെ വാഴ്ത്തപ്പെടലോടെ, കൗൺസിലിന്റെ ഉദ്ദേശം സാക്ഷാൽക്കരിക്കപ്പെട്ടിരിക്കുന്നു.

” പ്രിയ കുടുംബങ്ങളെ, ദമ്പതികളായി ജീവിക്കുന്നവർക്ക് വിശുദ്ധിയുടെ പാത സാധ്യമാണെന്നും അത് മനോഹരമാണെന്നും , അസാധാരണമാം വിധം ഫലം നൽകുന്നതാണെന്നും , കുടുംബത്തിനും സഭക്കും സമൂഹത്തിനും അടിസ്ഥാനപരമായി വേണ്ടതാണെന്നുമുള്ളതിന്റെ സ്പഷ്ടമായ ഉറപ്പ് നമുക്കിന്നുണ്ട് “.

ദൈവത്തിൽ ഉറപ്പിക്കപ്പെട്ട കുടുംബം

ലൂയിജി ബെൽത്രാമെ ജനിച്ചത് 1880, ജനുവരി 12 ന് കറ്റാണിയ എന്ന സ്ഥലത്താണ്. കുട്ടികളില്ലാതിരുന്ന അവന്റെ അമ്മാവൻ ലൂയിജി ക്വത്റോച്ചിയും ഭാര്യയും, കുഞ്ഞു ലൂയിജിയെ അവരോടൊപ്പം വളർത്താൻ അവന്റെ മാതാപിതാക്കളോട് അനുവാദം ചോദിച്ചു. അങ്ങനെ അമ്മാവനൊപ്പം വളർന്ന ലൂയിജി ബെൽത്രാമെയുടെ പേരിന്റെ കൂടെ അദ്ദേഹത്തിന്റെ സർനെയിം ക്വത്റോച്ചി എന്നും ചേർന്നു. റോമിലെ ലാ സാപ്പിയെൻസ യൂണിവേഴ്സിറ്റിയിൽ പഠിച്ച അവൻ നിയമത്തിൽ ബിരുദമെടുത്തു. ബാങ്കുകളുടെ ബോർഡംഗം ആയും രാഷ്ട്രപുനർനിർമ്മാണസമിതി അംഗമായും ഒക്കെ സേവനമനുഷ്ഠിച്ച ലൂയിജി വിരമിച്ചത് ഇറ്റാലിയൻ സ്റ്റേറ്റിന്റെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ആയിട്ടായിരുന്നു.

മരിയ കൊർസീനി ജനിച്ചത് 1884, ജൂൺ 24 ന് ഫ്ലോറെൻസിൽ വെച്ചായിരുന്നു.സാഹിത്യം , ശിൽപ്പവിദ്യ, കല എന്നിവക്കൊക്കെ പേരുകേട്ട ആ നഗരത്തിൽ നല്ല സാംസ്‌കാരിക അടിത്തറ തന്നെ അവൾക്ക് ലഭിച്ചു. സംഗീതം ഇഷ്ടപ്പെട്ടിരുന്ന മരിയ, പ്രൊഫസർ, എഴുത്തുകാരി എന്നീ നിലകളിലും വിമൻസ് കാത്തലിക് ആക്ഷൻ പോലുള്ള അനേകം അസോസിയേഷനുകളിൽ അംഗമായും ശോഭിച്ചു.

ബെൽത്രാമെ ക്വത്റോച്ചി, കൊർസീനി കുടുംബങ്ങൾ കൂടെക്കൂടെ പരസ്പരം സന്ദർശിച്ചിരുന്നു. ലൂയിജിയെ വിവാഹം കഴിക്കാൻ മരിയക്ക് വിരോധമില്ലെന്ന് അറിഞ്ഞപ്പോൾ നവംബർ 25, 1095 ൽ അവരുടെ വിവാഹം നടന്നു. ഫിലിപ്പോയുടെയും സ്റ്റെഫാനിയയുടെയും സെസാറോയുടെയും ജനനശേഷം 1913 ന്റെ അവസാനങ്ങളിൽ മരിയ അവളുടെ അവസാനത്തെ കുഞ്ഞായ എൻറിക്കേറ്റയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു.

അതൊരു അപകടം പിടിച്ച ഗർഭധാരണമാണെന്നും അബോർഷൻ ചെയ്തുകൊണ്ട് അമ്മയുടെ ജീവനെങ്കിലും രക്ഷിക്കാനും പ്രഗത്ഭരായ ഡോക്ടർമാർ അവരെ ഉപദേശിച്ചു. അഞ്ച് ശതമാനത്തിലും കുറവായിരുന്നു കുഴപ്പമില്ലാതിരിക്കാനുള്ള സാധ്യത. ലൂയിജിയും മരിയയും അബോർഷൻ വേണ്ടെന്ന് പറഞ്ഞ് ദൈവത്തിൽ സമ്പൂർണമായി ആശ്രയിച്ചു. ഗർഭധാരണത്തിന്റെ അവസാന ദിവസങ്ങളിൽ ബുദ്ധിമുട്ടും വിഷമവും വളരെ കൂടുതലായിരുന്നു. പക്ഷെ ദൈവത്തിന്റെ കരുതലിൽ പ്രസവശേഷം അമ്മയും കുഞ്ഞും സുരക്ഷിതരായിരുന്നു.

മരിയ ധാരാളം പുസ്തകങ്ങളെഴുതി.സുവിശേഷമൂല്യങ്ങളാൽ സമ്പന്നമായിരുന്ന അവയുടെ പ്രഥമലക്ഷ്യം അവളുടെ കുഞ്ഞുങ്ങളെ നന്നായി വളരാൻ സഹായിക്കുകയായിരുന്നു.നല്ല ആത്മീയനേതാക്കളുടെ രചനകൾ അവൾ വായിക്കാറുണ്ടായിരുന്നു. ഫാദർ പാവോളിനോ പെലെഗ്രിനോയുടെ വാക്കുകൾ അവളെ വല്ലാതെ സ്വാധീനിച്ചു.

” വിശുദ്ധി എന്നത് അസാധാരണ കാര്യങ്ങൾ ചെയ്യുന്നതിലല്ല, ലളിതമായ കാര്യങ്ങൾ ഒരുവന്റെ വിളിയനുസരിച്ച് നന്നായി ചെയ്യുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവഹിതത്തിന് പൂർണ്ണമായി നമ്മെത്തന്നെ സമർപ്പിക്കുന്നതാണത്”.

നവംബർ 5, 1924 ആ കുടുംബത്തിന് പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. പതിനൊന്നാം പീയൂസ് പാപ്പയുടെ ജനറൽ ഓഡിയൻസിന് അവർ പോയി. അടുത്ത ദിവസം ഫിലിപ്പോയെ രൂപത സെമിനാരിയിലും സെസാറോയെ ട്രാപ്പിസ്റ്റ് ആശ്രമത്തിലും കൊണ്ട് ചേർത്തു.സ്റ്റെഫാനിയ, സിസ്റ്റർ മരിയ സിസീലിയ എന്ന പേര് സ്വീകരിച്ച് മിലാനിൽ ബെനഡിക്ടൈൻ മഠത്തിൽ ചേർന്നു. എൻറിക്കേറ്റ പേരെന്റ്സിനെ പരിചരിക്കാനായി വീട്ടിൽ തന്നെ നിന്നു. ഏതെങ്കിലുമൊരു മതേതരസ്ഥാപനത്തിൽ അംഗമായിക്കൊണ്ട് സേവനം ചെയ്യാൻ അവൾ തീരുമാനിച്ചു.

വിരസമായ ഒരു നിമിഷം പോലുമില്ലാതെ

ക്വത്റോച്ചി കുടുബത്തിൽ ജീവിതം അതിന്റെ പൂർണ്ണതയിൽ ആസ്വദിച്ചിരുന്നു. സ്പോർട്സിനും അവധിദിവസത്തിൽ കടൽതീരത്തേക്കോ പർവ്വതനിരകളിലേക്കോ ഉള്ള യാത്രകൾക്കും സമയമുണ്ടായിരുന്നു. സുഹൃത്തുക്കളെയും പാവങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്യാൻ അവരുടെ വാതിൽ തുറന്നുകിടന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് അവരുടെ ഭവനം അഭയാർത്ഥികളെ സ്വാഗതം ചെയ്തു. വൈകുന്നേരങ്ങളിൽ ഒന്നിച്ചു ജപമാലകൾ ചൊല്ലി. ഈശോയുടെ തിരുഹൃദയത്തിന് അവരുടെ ഭവനം പ്രതിഷ്ഠിക്കപെട്ടിരുന്നു. എല്ലാ ആദ്യവെള്ളിയാഴ്ചകളിലും തിരുമണിക്കൂർ ആരാധനയിൽ പങ്കുചേർന്നു. ബെനഡിക്ടൈൻ സന്യാസികൾ നടത്തുന്ന ആഴ്ചാവസാന ധ്യാനങ്ങളിൽ പങ്കെടുത്തു.

ദൈനംദിന ജോലികൾ നന്നായി തന്നെ ചെയ്തിരുന്ന മരിയ അപ്പസ്തോലികവേലകൾക്കും സമയം കണ്ടെത്തി. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാർട്ടിന്റെ രൂപീകരണത്തിൽ, ഇറ്റാലിയൻ വിമൻസ് അസോസിയേഷന്റെ ജനറൽ കൗൺസിലിൽ , എത്യോപ്യയിലെ യുദ്ധസമയത്തും രണ്ടാം ലോക മഹായുദ്ധസമയത്തും റെഡ് ക്രോസ്സ് നേഴ്സ് ആയി, ഒക്കെ മരിയയുടെ അകമഴിഞ്ഞ സഹകരണമുണ്ടായിരുന്നു. മതബോധനക്‌ളാസുകൾ എടുത്തിരുന്ന മരിയ ലൂയിജിയുടെയും അവരുടെ മക്കളുടെയും കൂടെ പാവപ്പെട്ട കുട്ടികൾക്ക് സ്കൗട്ട് ട്രൂപ്പുകൾ തുടങ്ങി. മരിയയും ലൂയിജിയും ഫാമിലി അപ്പസ്തോലേറ്റ്, മാര്യേജ് ഒരുക്ക ക്‌ളാസുകൾ എന്നിവയിൽ സജീവമായിരുന്നു.

വീരോചിതമായ വിശുദ്ധി

അങ്ങനെയുള്ള ആ മനോഹരഭവനത്തിൽ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമുള്ള ദൈവവിളി തഴച്ചു വളർന്നു. രണ്ട് ആൺമക്കളെയും ഒരു മകളെയും ദൈവത്തിന് കൊടുത്തതിനു ശേഷം മരിയയും ലൂയിജിയും ദൈവത്തിൽ നിന്നുള്ള ഏത് വിളിക്കും പൂർണ്ണസമ്മതം കൊടുക്കാനുതകുന്ന ഒരു കോഴ്സിൽ പങ്കെടുത്തു. ഇരുപത് വർഷത്തെ അവരുടെ വിവാഹജീവിതത്തിന് ശേഷം ‘ഒട്ടും എളുപ്പമല്ലാത്ത പ്രതിജ്ഞയെ ഒന്നൂടെ പരിപൂർണ്ണമാക്കാൻ ‘ തീരുമാനമെടുത്തു അതായത് വൈവാഹിക – ശാരീരികബന്ധത്തിൽ നിന്ന് അകന്നു നിൽക്കാൻ. അപ്പോൾ ലൂയിജിക്ക് 46 ഉം മരിയക്ക് 41ഉം വയസ്സായിരുന്നു.

നവംബർ 5, 1951 ൽ അവരുടെ കുടുംബസംഗമത്തിൽ അപ്പനും അമ്മയും പുരോഹിതരായ രണ്ടു മക്കളും സന്യാസിനിയായ മകളും പിന്നെ എൻറിക്കേറ്റയും ഉണ്ടായിരുന്നു. അതൊരു വലിയ ആഘോഷമായിരുന്നു. കുറച്ചു ദിവസത്തിനു ശേഷം നവംബർ 9, 1951 ന് ലൂയിജി സ്വർഗ്ഗസമ്മാനത്തിനായി വിളിക്കപ്പെട്ടു. പതിനാല് വർഷങ്ങൾ കൂടി മരിയ ജീവിച്ചിരുന്നു. ഓഗസ്റ് 26,1965 ൽ ത്രിസന്ധ്യജപം ചൊല്ലിക്കൊണ്ടിരിക്കവേ എൻറിക്കേറ്റയുടെ കൈകളിൽ കിടന്ന് ശാന്തമായി അന്ത്യയാത്ര പറഞ്ഞു.

ലൂയിജിയുടെയും മരിയയുടെയും ശരീരാവശിഷ്ടങ്ങൾ – തിരുശേഷിപ്പ് റോമിൽ Divino Amore (Divine Love) ൽ ഉണ്ട്‌.

വിശുദ്ധിയിലേക്ക് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് നമുക്കോർക്കാം. ദൈവദാനമായ മക്കളെ വിശുദ്ധിയിലേക്ക് നയിക്കാനും ദൈവത്തിന്റെ പദ്ധതിയോട് ചേർന്നു നിൽക്കാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം.

Happy Feast of Blessed Luigi and Blessed Maria Beltrame Quattrocchi

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s