The Book of Judges, Chapter 3 | ന്യായാധിപന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 3

1 കാനാനിലെയുദ്ധങ്ങളില്‍ പങ്കെടുത്ത് പരിചയം സിദ്ധിച്ചിട്ടില്ലാത്ത ഇസ്രായേല്‍ക്കാരെ പരീക്ഷിക്കാന്‍വേണ്ടി കര്‍ത്താവ് കുറെജനതകളെ ശേഷിപ്പിച്ചു.2 ഇസ്രായേല്‍ തലമുറകളെയുദ്ധമുറഅഭ്യസിപ്പിക്കാനും, പ്രത്യേകിച്ച്, യുദ്ധാനുഭവമുണ്ടായിട്ടില്ലാത്തവരെയുദ്ധം പഠിപ്പിക്കാനും വേണ്ടിയാണിത്.3 ആ ജനതകള്‍ ഇവരാണ്: ഫിലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്‍മാര്‍, കാനാന്യര്‍, സിദോന്യര്‍, ബാല്‍ഹെര്‍മ്മോന്‍മല മുതല്‍ ഹമാത്തിന്റെ പ്രവേശനകവാടം വരെയു ള്ള ലബനോന്‍മലയില്‍ താമസിച്ചിരുന്ന ഹിവ്യര്‍.4 മോശവഴി കര്‍ത്താവ് തങ്ങളുടെ പിതാക്കന്‍മാര്‍ക്ക് നല്‍കിയ കല്‍പനകള്‍ ഇസ്രായേല്‍ക്കാര്‍ അനുസരിക്കുമോ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് ഇവരെ അവശേഷിപ്പിച്ചത്.5 അങ്ങനെ ഇസ്രായേല്‍ജനം കാനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയില്‍ ജീവിച്ചു.6 അവരുടെ പുത്രിമാരെ ഇസ്രായേല്‍ക്കാര്‍ വിവാഹം ചെയ്തു; തങ്ങളുടെ പുത്രിമാരെ അവര്‍ക്കു വിവാഹം ചെയ്തുകൊടുത്തു. ഇസ്രായേല്‍ക്കാര്‍ അവരുടെ ദേവന്‍മാരെ സേവിക്കുകയും ചെയ്തു.

ഒത്ത്‌നിയേല്‍

7 തങ്ങളുടെ ദൈവമായ കര്‍ത്താവിനെ മറന്ന് ബാല്‍ദേവന്‍മാരെയും അഷേരാ പ്രതിഷ്ഠകളെയും സേവിച്ചുകൊണ്ട് ഇസ്രായേല്‍ കര്‍ത്താവിന്റെ മുന്‍പാകെ തിന്‍മ പ്രവര്‍ത്തിച്ചു.8 അതിനാല്‍, കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ മെസൊപ്പൊട്ടാമിയാ രാജാവായ കുഷാന്റ ിഷാത്തായിമിന്റെ കൈകളില്‍ ഏല്‍പിച്ചു. അവനെ അവര്‍ എട്ടുവര്‍ഷം സേവിച്ചു.9 ഇസ്രായേല്‍ജനം കര്‍ത്താവിനോടു നിലവിളിച്ചു. കാലെബിന്റെ ഇളയ സഹോദരനായ കെനാസിന്റെ പുത്രന്‍ ഒത്ത്‌നിയേലിനെ കര്‍ത്താവ് അവര്‍ക്കു വിമോചകനായി നിയമിക്കുകയും അവന്‍ അവരെ മോചിപ്പിക്കുകയും ചെയ്തു.10 കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ വന്നു; അവന്‍ ഇസ്രായേലില്‍ന്യായവിധി നടത്തി. അവന്‍ യുദ്ധത്തിനു പുറപ്പെട്ടു; മെസൊപ്പൊട്ടാമിയാരാജാവായ കുഷാന്റ ിഷാത്തായിമിനെ കര്‍ത്താവ് അവന്റെ കൈയില്‍ ഏല്‍പിച്ചുകൊടുത്തു. ഒത്ത്‌നിയേല്‍ അവന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചു.11 അങ്ങനെ, ദേശത്ത് നാല്‍പതുവര്‍ഷം ശാന്തി നിലനിന്നു. അതിനുശേഷം കെനാസിന്റെ മകനായ ഒത്ത്‌നിയേല്‍ മരിച്ചു.

ഏഹൂദ്

12 ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ ചെയ്തു. അതിനാല്‍, അവിടുന്ന് മൊവാബുരാജാവായ എഗ്‌ലോനെ ഇസ്രായേലിനെതിരേ പ്രബലനാക്കി.13 അവന്‍ അമ്മോന്യരെയും അമലേക്യരെയും കൂട്ടി ഇസ്രായേലിനെ പരാജയപ്പെടുത്തി ഈന്തപ്പനകളുടെ നഗരം കൈവശമാക്കി.14 ഇസ്രായേല്‍ജനം മൊവാബു രാജാവായ എഗ്‌ലോനെ പതിനെട്ടു വര്‍ഷം സേവിച്ചു.15 എന്നാല്‍, ഇസ്രായേല്‍ജനതകര്‍ത്താവിനോടു നിലവിളിച്ചപ്പോള്‍ അവിടുന്ന് അവര്‍ക്ക് ഒരു വിമോചകനെ നല്‍കി. ബഞ്ചമിന്‍ഗോത്രജനായ ഗേരയുടെ മകനും ഇടത്തുകൈയനുമായ ഏഹൂദായിരുന്നു അത്. ഇസ്രായേല്‍ അവന്‍ വശം മൊവാബു രാജാ വായ എഗ്‌ലോന് കാഴ്ച കൊടുത്തയച്ചു.16 ഏഹൂദ് ഒരുമുഴം നീളമുള്ള ഇരുവായ്ത്തലവാള്‍ ഉണ്ടാക്കി വസ്ത്രത്തിനടിയില്‍ വലത്തെത്തുടയില്‍ കെട്ടിവച്ചു.17 അവന്‍ മൊവാബു രാജാവായ എഗ്‌ലോന് കാഴ്ച സമര്‍പ്പിച്ചു.18 എഗ്‌ലോന്‍ തടിച്ചുകൊഴുത്ത മനുഷ്യനായിരുന്നു. ഏഹൂദ് കാഴ്ച സമര്‍പ്പിച്ചു കഴിഞ്ഞ് ചുമട്ടുകാരെ പറഞ്ഞയച്ചു.19 എന്നാല്‍, ഗില്‍ഗാലില്‍ ശിലാവിഗ്രഹങ്ങളുടെ അടുത്തു ചെന്നപ്പോള്‍ അവന്‍ തിരിഞ്ഞു നടന്ന് രാജാവിന്റെ യടുക്കല്‍ വന്നുപറഞ്ഞു: അല്ലയോ രാജാവേ, എനിക്ക് അങ്ങയെ ഒരു രഹസ്യസന്‌ദേശം അറിയിക്കാനുണ്ട്. രാജാവു പരിചാരകരോട് പുറത്തു പോകാന്‍ ആജ്ഞാപിച്ചു. അവര്‍ പോയി.20 രാജാവ് വേനല്‍ക്കാല വസതിയില്‍ ഇരിക്കുകയായിരുന്നു. ഏഹൂദ് അടുത്തുവന്ന് പറഞ്ഞു: ദൈവത്തില്‍നിന്നു നിനക്കായി ഒരു സന്‌ദേശം എന്റെ പക്കലുണ്ട്. അപ്പോള്‍ അവന്‍ എഴുന്നേറ്റുനിന്നു.21 ഏഹൂദ് ഇടത്തുകൈകൊണ്ട് വലത്തെ തുടയില്‍ നിന്ന് വാള്‍ വലിച്ചെടുത്ത് അവന്റെ വയറ്റില്‍ ശക്തിയായി കുത്തിയിറക്കി.22 വാളോടൊപ്പം പിടിയും അകത്തുകടന്നു. വാള്‍ ഊരി എടുക്കാതിരുന്നതുകൊണ്ട് കൊഴുപ്പ് അതിനെ മൂടി.23 അനന്തരം, ഏഹൂദ് പൂമുഖത്തിറങ്ങി അവനെ അകത്തിട്ട് വാതിലടച്ചു പൂട്ടി. അവന്‍ പോയിക്കഴിഞ്ഞ് പരിചാരകര്‍ വന്നു.24 മുറിയുടെ കതകുകള്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍ അവന്‍ ദിന ചര്യയ്ക്കു രഹസ്യമുറിയിലായിരിക്കുമെന്ന് അവര്‍ വിചാരിച്ചു.25 അവര്‍ കാത്തിരുന്നു കുഴഞ്ഞു; എന്നിട്ടും മുറിയുടെ വാതിലുകള്‍ തുറക്കാതിരുന്നതു കണ്ടപ്പോള്‍ അവര്‍ താക്കോല്‍ എടുത്തു തുറന്നു. അതാ രാജാവ് തറയില്‍ മരിച്ചു കിടക്കുന്നു.26 അവര്‍ കാത്തിരുന്ന സമയത്ത് ഏഹൂദ് ശിലാവിഗ്രഹങ്ങള്‍ക്കപ്പുറമുള്ള സെയിറായിലേക്കു രക്ഷപെട്ടു.27 അവന്‍ എഫ്രായിം മലമ്പ്രദേശത്ത് എത്തിയപ്പോള്‍ കാഹളം മുഴക്കി. ഇസ്രായേല്‍ജനം മലയില്‍ നിന്ന് അവന്റെ നേതൃത്വത്തില്‍ താഴേക്കിറങ്ങി.28 അവന്‍ അവരോടു പറഞ്ഞു: എന്റെ പിന്നാലെ വരുക. കര്‍ത്താവ് നിങ്ങളുടെ ശത്രുക്കളായ മൊവാബ്യരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു. അവര്‍ അവന്റെ പിന്നാലെ പോയി. മൊവാബിന് എതിരേയുള്ള ജോര്‍ദാന്റെ കടവുകള്‍ പിടിച്ചടക്കി; അതിലെ കടന്നുപോകാന്‍ ഒരുവനെയും അനുവദിച്ചില്ല.29 ധീരന്‍മാരും കരുത്തുറ്റവരുമായ പതിനായിരത്തോളം മൊവാബ്യരെ അന്ന് അവര്‍ കൊന്നു. ഒരുവന്‍ പോലും രക്ഷപെട്ടില്ല.30 അങ്ങനെ മൊവാബ് ആദിവസം ഇസ്രായേലിന് അധീനമായി. എണ്‍പതു വര്‍ഷത്തേക്കു നാട്ടില്‍ ശാന്തിനിലനിന്നു.

ഷംഗാര്‍

31 ഏഹൂദിന്റെ പിന്‍ഗാമിയും അനാത്തിന്റെ പുത്രനുമായ ഷംഗാര്‍ അറുനൂറു ഫിലിസ്ത്യരെ ചാട്ടകൊണ്ടു കൊന്നു. അവനും ഇസ്രായേലിനെ രക്ഷിച്ചു.

Advertisements

The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Samson
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment