The Book of 1 Samuel, Chapter 6 | 1 സാമുവൽ, അദ്ധ്യായം 6 | Malayalam Bible | POC Translation

Advertisements

1 സാമുവൽ, അദ്ധ്യായം 6

പേടകം തിരിച്ചെത്തുന്നു

1 കര്‍ത്താവിന്റെ പേടകം ഏഴുമാസം ഫിലിസ്ത്യരുടെ രാജ്യത്തായിരുന്നു.2 ഫിലിസ്ത്യര്‍ പുരോഹിതന്‍മാരെയും ജ്യോത്‌സ്യന്‍മാരെയും വിളിച്ചുവരുത്തി ചോദിച്ചു: കര്‍ത്താവിന്റെ പേടകം നാമെന്തു ചെയ്യണം? പൂര്‍വസ്ഥാനത്തേക്കു തിരിച്ചയയ്ക്കുമ്പോള്‍ അതോടൊപ്പം നാമെന്താണ് കൊടുത്തയയ് ക്കേണ്ടത്?3 അവര്‍ പറഞ്ഞു: ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം തിരിച്ചയയ്ക്കുന്നത് വെറുംകൈയോടെ ആകരുത്. ഒരുപ്രായശ്ചിത്തബലിക്കുള്ള വസ്തുക്കള്‍ തീര്‍ച്ചയായും കൊടുത്തയയ്ക്കണം. അപ്പോള്‍ നിങ്ങള്‍ സുഖംപ്രാപിക്കുകയും അവിടുത്തെ കരം നിങ്ങളില്‍നിന്നു പിന്‍വലിക്കാഞ്ഞതിന്റെ കാരണം മനസ്‌സിലാകുകയും ചെയ്യും.4 എന്തു വസ്തുവാണ് പ്രായശ്ചിത്തബലിക്കുഞങ്ങള്‍ അവിടുത്തേക്ക് അര്‍പ്പിക്കേണ്ടത് എന്ന് ഫിലിസ്ത്യര്‍ ചോദിച്ചു. അവര്‍ പറഞ്ഞു: ഫിലിസ്ത്യപ്രഭുക്കന്‍മാരുടെ സംഖ്യയനുസരിച്ച് സ്വര്‍ണനിര്‍മിതമായ അഞ്ചു കുരുക്കളും അഞ്ച് എലികളുമാകട്ടെ. കാരണം, നിങ്ങള്‍ക്കും നിങ്ങളുടെ പ്രഭുക്കന്‍മാര്‍ക്കും ഒരേ ബാധതന്നെയാണല്ലോ ഉണ്ടായത്.5 അതുകൊണ്ട്, നിങ്ങള്‍ നിങ്ങളുടെ കുരുക്കളുടെയും നിങ്ങളുടെ നാട് നശിപ്പിച്ച എലികളുടെയും രൂപംതന്നെ ഉണ്ടാക്കണം. അങ്ങനെ ഇസ്രായേല്യരുടെ ദൈവത്തിന്റെ മഹിമയെ പ്രകീര്‍ത്തിക്കുവിന്‍; നിങ്ങളുടെയും നിങ്ങളുടെ ദേവന്‍മാരുടെയും നിങ്ങളുടെ നാടിന്റെയുംമേല്‍ ശക്തിപ്പെട്ടിരിക്കുന്ന കരം അവിടുന്നു പിന്‍വലിച്ചേക്കാം.6 ഈജിപ്തുകാരെയും ഫറവോയെയും പോലെ നിങ്ങളും എന്തിനു കഠിനഹൃദയരാകുന്നു? അവിടുന്ന് അവരെ പരിഹാസപാത്രമാക്കിയതിനുശേഷമല്ലേ, നാടുവിടാന്‍ ഈജിപ്തുകാര്‍ ഇസ്രായേല്യരെ അനുവദിച്ചതും അവര്‍ പോയതും?7 അതുകൊണ്ട് നിങ്ങള്‍ ഒരു പുതിയ വണ്ടിയുണ്ടാക്കി ഒരിക്കലും നുകം വച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ കെട്ടുവിന്‍. അവയുടെ കുട്ടികള്‍ വീട്ടില്‍നിന്നു കൊള്ളട്ടെ.8 കര്‍ത്താവിന്റെ പേടകമെടുത്ത് വണ്ടിയില്‍ വയ്ക്കുക. പ്രായശ്ചിത്തബലിക്ക് നിങ്ങള്‍ തയ്യാറാക്കിയ സ്വര്‍ണയുരുപ്പടികള്‍ പെട്ടിക്കുള്ളിലാക്കി അതിന്റെ ഒരുവശത്തുവയ്ക്കുവിന്‍.9 നിങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുവിന്‍. സ്വന്തം നാടായ ബത്‌ഷെമെഷിലേക്കാണ് അവ പോകുന്നതെങ്കില്‍ തീര്‍ച്ചയായും അവിടുത്തെ കരങ്ങളാണ് ഈ വലിയ അനര്‍ത്ഥം നമുക്ക് വരുത്തിയത്. അല്ലെങ്കില്‍, അവിടുന്നല്ല നമ്മെ ശിക്ഷിച്ചതെന്നും അവയാദൃച്ഛികമായി സംഭവിച്ചതാണെന്നും നമുക്ക് അനുമാനിക്കാം. അവര്‍ അപ്രകാരം ചെയ്തു.10 രണ്ട് കറവപ്പശുക്കളെകൊണ്ടുവന്നു വണ്ടിക്കുകെട്ടി. കിടാക്കളെ വീട്ടില്‍ നിര്‍ത്തി.11 കര്‍ത്താവിന്റെ പേടകത്തോടൊപ്പം സ്വര്‍ണനിര്‍മിതമായ കുരുക്ക ളും എലികളുമുള്ള പെട്ടിയും അതിനുള്ളില്‍വച്ചു.12 പശുക്കള്‍ ബത്‌ഷെമെഷിലേക്കുള്ള പെരുവഴിയിലൂടെ അമറിക്കൊണ്ട് ഇടംവലം നോക്കാതെ നേരേ പോയി. ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ ബത്‌ഷെമെഷ് അതിര്‍ത്തിവരെ അവയെ അനുധാവനം ചെയ്തു.13 ബത്‌ഷെമെഷിലെ ജനങ്ങള്‍ വയലില്‍ ഗോതമ്പ് കൊയ്തുകൊണ്ടിരിക്കുകയായിരുന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് കര്‍ത്താവിന്റെ പേടകമാണ്. അവര്‍ അത്യധികം ആനന്ദിച്ചു.14 വണ്ടി ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലില്‍ചെന്നുനിന്നു. ഒരു വലിയ കല്ല് അവിടെ ഉണ്ടായിരുന്നു. വണ്ടിക്കുപയോഗിച്ചിരുന്ന മരം വെട്ടിക്കീറി പശുക്കളെ ദഹനബലിയായി അവര്‍ കര്‍ത്താവിനു സമര്‍പ്പിച്ചു.15 ലേ വ്യര്‍ കര്‍ത്താവിന്റെ പേടകവും അതോടൊപ്പം സ്വര്‍ണയുരുപ്പടികള്‍ വച്ചിരുന്ന പെട്ടിയും താഴെയിറക്കി ആ വലിയ കല്ലിന്‍മേല്‍ വച്ചു. ബത്‌ഷെമെഷിലെ ജനങ്ങള്‍ അന്നു ദഹന ബലികളും ഇതരബലികളും കര്‍ത്താവിനു സമര്‍പ്പിച്ചു.16 ഇതു കണ്ടതിനുശേഷം ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ അഞ്ചുപേരും അന്നുതന്നെ എക്രോണിലേക്കു മടങ്ങി.17 കര്‍ത്താവിന് പ്രായശ്ചിത്തബലിയായി ഫിലിസ്ത്യര്‍ സമര്‍പ്പിച്ച സ്വര്‍ണക്കുരുക്കളില്‍ ഒന്ന് അഷ് ദോദിനും മറ്റൊന്ന് ഗാസായ്ക്കും മൂന്നാമത്തേത് അഷ്‌ക്കലോനും നാലാമത്തേത് ഗത്തിനും അഞ്ചാമത്തേത് എക്രോണിനുംവേണ്ടിയായിരുന്നു.18 സ്വര്‍ണയെലികള്‍ ഫിലിസ്ത്യപ്രഭുക്കന്‍മാരുടെ അധീനതയിലുള്ള, കോട്ടകളാല്‍ ചുറ്റപ്പെട്ട, നഗരങ്ങളുടെയും തുറസ്‌സായ ഗ്രാമങ്ങളുടെയും സംഖ്യയനുസരിച്ചായിരുന്നു.19 കര്‍ത്താവിന്റെ പേടകം ഇറക്കിവച്ച ആ വലിയ കല്ല് ഈ സംഭവത്തിനു സാക്ഷിയായി ഇന്നും ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലില്‍ ഉണ്ട്. കര്‍ത്താവിന്റെ പേടകത്തിലേക്കു എത്തിനോക്കിയ എഴുപത് ബത്‌ഷെമെഷുകാരെ അവിടുന്നു വധിച്ചു. കര്‍ത്താവ് അവരുടെ ഇടയില്‍ കൂട്ടക്കൊല നടത്തിയതുകൊണ്ട് അവര്‍ വിലപിച്ചു.20 ബത്‌ഷെമെഷിലെ ആളുകള്‍ പറഞ്ഞു: കര്‍ത്താവിന്റെ സന്നിധിയില്‍, പരിശുദ്ധനായ ഈ ദൈവത്തിന്റെ സന്നിധിയില്‍, നില്‍ക്കാന്‍ ആര്‍ക്കു കഴിയും? നമ്മുടെ അടുത്തുനിന്ന് അവിടുത്തെ എങ്ങോട്ട് അയയ്ക്കും?21 അവര്‍ ദൂതന്‍മാരെ കിരിയാത്ത്‌യയാറിമിലെ ജനങ്ങളുടെ അടുത്തയച്ചു പറഞ്ഞു: കര്‍ത്താവിന്റെ പേടകം ഫിലിസ്ത്യര്‍ തിരിച്ചയച്ചിരിക്കുന്നു. നിങ്ങള്‍ വന്ന് ഏറ്റെടുത്തുകൊള്ളുവിന്‍.

Advertisements

The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David
Advertisements
King Saul
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment