Wednesday of the 4th week of Lent

🌹 🔥 🌹 🔥 🌹 🔥 🌹

22 Mar 2023

Wednesday of the 4th week of Lent – Proper Readings 
(see also The Man Born Blind)

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

ദൈവമേ, നീതിമാന്മാര്‍ക്ക് യോഗ്യതകള്‍ക്കനുസരിച്ച് സമ്മാനങ്ങളും
പ്രായശ്ചിത്തം വഴി പാപികള്‍ക്കു മോചനവും നല്കുന്ന അങ്ങ്
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരില്‍ കനിയണമേ.
അങ്ങനെ, ഞങ്ങളുടെ കുറ്റങ്ങളുടെ ഏറ്റുപറച്ചില്‍
പാപപ്പൊറുതി പ്രാപിക്കാന്‍ സഹായകമാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 49:8a-15
രാജ്യം സ്ഥാപിക്കാനായി ഞാന്‍ നിന്നെ സംരക്ഷിച്ച് ജനത്തിന് ഉടമ്പടിയായി നല്‍കിയിരിക്കുന്നു.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:

പ്രസാദകാലത്ത് ഞാന്‍ നിനക്ക് ഉത്തരമരുളി.
രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു.
രാജ്യം സ്ഥാപിക്കാനും ശൂന്യമായ അവകാശഭൂമി
പുനര്‍വിഭജനം ചെയ്തു കൊടുക്കാനും
ഞാന്‍ നിന്നെ സംരക്ഷിച്ച്
ജനത്തിന് ഉടമ്പടിയായി നല്‍കിയിരിക്കുന്നു.

ബന്ധിതരോടു പുറത്തുവരാനും
അന്ധകാരത്തിലുള്ളവരോടു വെളിച്ചത്തുവരാനും
ഞാന്‍ പറഞ്ഞു.
യാത്രയില്‍ അവര്‍ക്കു ഭക്ഷണം ലഭിക്കും;
വിജനമായ കുന്നുകളെല്ലാം
അവരുടെ മേച്ചില്‍പുറങ്ങളായിരിക്കും.
അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല;
ചുടുകാറ്റോ വെയിലോ അവരെ തളര്‍ത്തുകയില്ല.
എന്തുകൊണ്ടെന്നാല്‍, അവരുടെമേല്‍ ദയയുള്ളവന്‍
അവരെ നയിക്കും;
നീര്‍ച്ചാലുകള്‍ക്കരികിലൂടെ അവരെ കൊണ്ടുപോകും.

മലകളെ ഞാന്‍ വഴിയാക്കി മാറ്റും; രാജവീഥികള്‍ ഉയര്‍ത്തും.
അങ്ങ് ദൂരെനിന്ന് – വടക്കുനിന്നും പടിഞ്ഞാറുനിന്നും
സിയെന്‍ ദേശത്തുനിന്നും – അവന്‍ വരും.

ആകാശമേ, ആനന്ദഗാനം ആലപിക്കുക;
ഭൂമിയേ, ആര്‍ത്തുവിളിക്കുക;
മലകളേ, ആര്‍ത്തു പാടുക;
കര്‍ത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു.
ദുരിതമനുഭവിക്കുന്ന തന്റെ ജനത്തോട്
അവിടുന്ന് കരുണ കാണിക്കും.
എന്നാല്‍, സീയോന്‍ പറഞ്ഞു:
കര്‍ത്താവ് എന്നെ ഉപേക്ഷിച്ചു;
എന്റെ കര്‍ത്താവ് എന്നെ മറന്നു കളഞ്ഞു.
മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ?
പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ?
അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 145:8-9, 13cd-14, 17-18

കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.

കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയുംമേല്‍
അവിടുന്നു കരുണ ചൊരിയുന്നു.

കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.

കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും
പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു,
നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.

കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.

കര്‍ത്താവിന്റെ വഴികള്‍ നീതിനിഷ്ഠവും
അവിടുത്തെ പ്രവൃത്തികള്‍ കൃപാപൂര്‍ണവുമാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
കര്‍ത്താവു സമീപസ്ഥനാണ്.

കര്‍ത്താവു കൃപാലുവും കരുണാമയനുമാണ്.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

സുവിശേഷം

യോഹ 5:17-30
പിതാവ് മരിച്ചവരെ എഴുന്നേല്‍പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു.

യേശു യഹൂദരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു. ഇതുമൂലം അവനെ വധിക്കാന്‍ യഹൂദര്‍ കൂടുതലായി പരിശ്രമിച്ചു. കാരണം, അവന്‍ സാബത്തു ലംഘിക്കുക മാത്രമല്ല തന്നെത്തന്നെ ദൈവതുല്യനാക്കിക്കൊണ്ട് ദൈവത്തെ തന്റെ പിതാവെന്നു വിളിക്കുകയുംചെയ്തു.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു. എന്തെന്നാല്‍, പിതാവു പുത്രനെ സ്‌നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിസ്മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികളും അവിടുന്ന് അവനെ കാണിക്കും. പിതാവ് മരിച്ചവരെ എഴുന്നേല്‍പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍ നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും.
സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ബലിയുടെ ശക്തി
ഞങ്ങളുടെ പഴയ ജീവിതാവസ്ഥ
കാരുണ്യപൂര്‍വം തുടച്ചുനീക്കുകയും
പുതുജീവനും രക്ഷയും
ഞങ്ങളില്‍ വര്‍ധമാനമാക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 3:17

ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്
ലോകത്തെ ശിക്ഷ വിധിക്കാനല്ല;
പ്രത്യുത, അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വിശ്വാസികള്‍ക്ക്
ഔഷധമായി അങ്ങു നല്കിയ സ്വര്‍ഗീയ ദാനങ്ങള്‍ സ്വീകരിച്ചവരെ
ശിക്ഷാവിധിയില്‍ എത്തിച്ചേരാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s