April 25 | വിശുദ്ധ മാർക്കോസ്

വിശുദ്ധ മാർക്കോസ്

ബൈബിളിൽ രണ്ടാമതായി കാണുന്ന വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആണ് ആദ്യം എഴുതപ്പെട്ട സുവിശേഷമായി കരുതപ്പെടുന്നത്. നാലു സുവിശേഷങ്ങളിൽ താരതമ്യേന ചെറുതുമായ ഇത്‌ A.D.65 നോട് അടുത്ത്, റോമിൽ വെച്ച് ഗ്രീക്ക് ഭാഷയിലാണ് അപ്പസ്തോലന്മാരുടെ രാജകുമാരൻ വാമൊഴിയായി പഠിപ്പിച്ചതെല്ലാം നഷ്ടപ്പെട്ടു പോകാതിരിക്കാൻ റോമൻ ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം വിശുദ്ധ മാർക്കോസ് എഴുതിവെച്ചത്.

റോമിൽ പത്രോസ് ശ്ലീഹായുടെ സെക്രട്ടറി ആയിരുന്ന മാർക്കോസ്, പത്രോസ് ശ്ലീഹ ഈശോയുടെ ജീവിതത്തെപറ്റി പറയുന്നതെല്ലാം എഴുതിയെടുത്തു സൂക്ഷിച്ചിരുന്നു.വിശദമായും സ്പഷ്ടമായും പത്രോസിന്റെ സ്വഭാവസവിശേഷതകളെ പറ്റി ഈ സുവിശേഷത്തിൽ പ്രതിപാദിക്കുന്നതിനാൽ സഭാപിതാക്കന്മാർ ‘പത്രോസിന്റെ സുവിശേഷം’ എന്ന് കൂടി മാർക്കോസ് എഴുതിയ സുവിശേഷത്തെ വിളിക്കുന്നു.ഏഷ്യാമൈനറിലെ സഭക്കുള്ള ആദ്യലേഖനത്തിൽ പത്രോസ്ശ്ലീഹ മാർക്കോസിനെ സംബോധന ചെയ്യുന്നത് ‘എന്റെ മകനായ മാർക്കോസ്’ എന്ന് പറഞ്ഞാണ്.

ദൈവപുത്രനായ യേശുവിന്റെ സദ്വാർത്ത വിളംബരം ചെയ്യുന്നു മാർക്കോസ് തൻറെ സുവിശേഷത്തിലൂടെ. ആദ്യത്തെ വാചകത്തിൽ തന്നെ അത് പ്രകടമാണ്. ഈശോയുടെ ആംഗ്യങ്ങളും ആകാരവും മനസ്സിൽ വരച്ചെടുക്കാനും സുവിശേഷരംഗങ്ങൾക്ക് നിറം പിടിപ്പിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന സൂക്ഷ്മാംശങ്ങൾ മാർക്കോസിന്റെ സുവിശേഷത്തിൽ കാണാം. ഈശോ സാത്താനാൽ പരീക്ഷിക്കപ്പെടുന്ന സമയത്ത് ‘വന്യമൃഗങ്ങളോട് കൂടെയായിരുന്നു’ (1:13),ഈശോ ‘തലയിണ വെച്ച് ഉറങ്ങുകയായിരുന്നു’ (4:38), അവൻ ശിശുക്കളെ എടുത്ത് അവരുടെ മേൽ കൈകൾ വെച്ചു അനുഗ്രഹിച്ചു ( 10:16) തുടങ്ങിയ പറച്ചിലുകളിൽ അത് ദൃശ്യമാണ്.

യേശു ആജ്ഞാപിക്കുന്ന ചില വാക്കുകൾ , ‘ ‘അടങ്ങുക, ശാന്തമാകുക’ ( 4:39), തുറക്കപ്പെടട്ടെ എന്നർത്ഥം വരുന്ന ‘എഫാത്താ’ ( 7:34), ‘ബാലികേ എഴുന്നേല്ക്കു’ എന്നർത്ഥം വരുന്ന ‘തലീത്ത കുമി’ ( 5:41) ഇതൊക്കെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് മാർക്കോസ് മാത്രമാണ്. ഈശോയുടെ വായിൽ നിന്ന് ഈ ശബ്ദങ്ങൾ പുറപ്പെടുന്ന മാത്രയിൽ കടൽ ശാന്തമാവുന്ന, ബധിരൻ സുഖപ്പെടുന്ന, മരിച്ചവർ എഴുന്നേൽക്കുന്ന ദൃശ്യങ്ങൾ നമുക്ക് മുന്നിൽ തെളിഞ്ഞുവരുന്നു.

‘അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട് ‘( 3:5), നെടുവീർപ്പിട്ടുകൊണ്ട് (7:34) തുടങ്ങിയ, ദൃക്‌സാക്ഷിവിവരണം പോലുള്ള പദങ്ങൾ ഏറെയുണ്ട്. അതെ, ആ ദൃക്‌സാക്ഷി പത്രോസ് ശ്ലീഹ തന്നെയാകാനേ വഴിയുള്ളു.

പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തിലൂടെ, ശതാധിപനിലൂടെ, യേശുവിനെ ദൈവപുത്രനായും ക്രിസ്തുവായും മാർക്കോസ് അവതരിപ്പിച്ചു.

.അതേസമയം സ്നേഹം,പേടി, ദേഷ്യം, വിഷാദം തുടങ്ങിയ സ്വാഭാവിക മനുഷ്യവികാരങ്ങൾ പ്രകടിപ്പിക്കുന്ന പൂർണ്ണനായ ഒരു മനുഷ്യനായും ഈശോയെ ഇതിൽ വരച്ചുകാണിക്കുന്നു. വിജാതീയക്രിസ്ത്യാനികൾക്കായാണ് വിശുദ്ധ മാർക്കോസ് സുവിശേഷമെഴുതിയതെന്നു കരുതപ്പെടുന്നുവെങ്കിലും ഈശോയെ പിഞ്ചെല്ലുന്നതിൽ പരാജയപ്പെട്ടവർക്ക് അവനിലേക്ക് വരുന്നതിനായി പ്രത്യാശ പകരാനും അതിന് കഴിഞ്ഞിട്ടുണ്ട്.

റോമൻ പേരായ മാർക്കോസ് മാത്രമല്ല ഹീബ്രു പേരായ യോഹന്നാൻ എന്നൊരു പേരും അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പസ്‌തോലപ്രവർത്തനങ്ങൾ 12:12 ൽ നമ്മൾ വായിക്കുന്നു ‘അവൻ( പത്രോസ് ) , മാർക്കോസ് എന്ന അപരനാമമുള്ള യോഹന്നാൻറെ അമ്മയായ മറിയത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ വളരെപ്പേർ സമ്മേളിച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു’. മാർക്കോസും അവന്റെ അമ്മയും ആദിമസഭയിൽ അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു. ജെറുസലേമിലുള്ള അവരുടെ വീട് ആ നാട്ടിലുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ ഒത്തുകൂടലിനുള്ള സ്ഥിരം വേദി ആയിരുന്നു. ബാർണബാസിന്റെ പിതൃസഹോദരപുത്രൻ കൂടെയാണ് മാർക്കോസ് (കൊളോ.4:10). അവനെപ്പോലെ തന്നെ സൈപ്രസ് സ്വദേശിയും ലേവായനുമായിരുന്നു.

അപ്പ. 15:37 ൽ മാർക്കോസ് കാരണം പൗലോസിനും ബാർണബാസിനും അഭിപ്രായഭിന്നത ഉണ്ടാകുന്നതും അവർ വേർപിരിയുന്നതും നമ്മൾ വായിക്കുന്നുണ്ടെങ്കിലും പിന്നീട് പൗലോസിന് ഒരാശ്വാസമാകുന്ന മാർക്കോസിനെ കൊളോ. 4:10-11 ലും ഫിലെ.24 ലും കാണാം.

ആരാണ് യേശു എന്നതും യേശുശിഷ്യൻ ആരാണ് എന്നതും മാർക്കോസിന്റെ സുവിശേഷം വായിക്കുന്നവരുടെ ഉള്ളിൽ ഉരുത്തിരിയുന്ന ചോദ്യമാണ്. എങ്ങനെയുള്ളവരാണ് അവന്റെ ശിഷ്യന്മാർ എന്ന് പറയുന്നതിന് മുൻപ് ആരാണ് യേശു എന്നറിയണമല്ലോ.

എട്ടാം അധ്യായത്തിൽ യേശു ശിഷ്യന്മാരോട് ചോദിക്കുന്നു, “ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? ” പത്രോസ് മറുപടി പറഞ്ഞു “നീ ക്രിസ്തുവാണ്”. പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിന് ശേഷം ആരോടും അത് പറയരുത് എന്ന് ഈശോ പറഞ്ഞതിന്റെ ഒരു കാരണം മിശിഹ വളരെയധികം സഹിച്ച് കുരിശുമരണത്തിനു ശേഷം ഉയിർക്കേണ്ടവനാണ് എന്ന സത്യമൊന്നും അവർക്ക് മനസ്സിലായിട്ടില്ലെന്നത് കൊണ്ടാണ്. “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അത് നഷ്ടപ്പെടുത്തും. ആരെങ്കിലും എനിക്ക് വേണ്ടിയോ സുവിശേഷത്തിന് വേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും”. (മാർക്കോ 8:34-35) അവന്റെ ശിഷ്യനാകുക എന്നതിന്റെ അർത്ഥം അവനെ അനുകരിക്കാൻ റെഡിയാവുക എന്നാണ്.യേശുവാണ് ക്രിസ്തു എന്ന് വെറുതെ പറയുക മാത്രമല്ല അവന്റെ ശിഷ്യന്മാർ ചെയ്യേണ്ടത്. തന്നെത്തന്നെ പരിത്യജിച്ച് സ്വയം ബലിയായ യേശുവിനെ മാതൃകയാക്കുന്ന ജീവിതം നയിക്കുന്നതാണല്ലോ അത്.

അവന്റെ പീഡാനുഭവവും മരണവും ഉയിർപ്പും മൂന്നു പ്രാവശ്യം പ്രവചിച്ചതിനു ശേഷവും യേശു തന്റെ ശിഷ്യന്മാർ മറ്റുള്ളവരുടെ അടുത്ത് യജമാനന്മാരാവൻ ശ്രമിക്കുന്നത് കാണുന്നുണ്ട്. രണ്ടാമത്തെ പ്രവചനത്തിന് ശേഷം തങ്ങളിൽ ആരാണ് വലിയവൻ എന്ന് അവർ പരസ്പരം തർക്കിക്കുന്ന കാണാം. ഈശോ അവരോട് പറയുന്നു, ” ഒന്നാമനാകാൻ ആഗ്രഹിക്കുന്നവർ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാവണം” (മാർക്കോ.9:35). മൂന്നാമത്തെ പ്രവചനത്തിന് ശേഷമാണ് സെബദിപുത്രന്മാർ അവന്റെ വലത്തും ഇടത്തുമുള്ള സ്ഥാനങ്ങൾക്കുവേണ്ടി മുറവിളി കൂട്ടുന്നത്. ബാക്കിയുള്ളവർ രോഷാകുലരാകുന്നു, കാരണം അവരും ഉയർന്ന സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവരാണ്. ഈശോക്ക് വീണ്ടും പറയേണ്ടി വരുന്നു, ” നിങ്ങളുടെയിടയിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ ( മാർക്കോ.10.43-45)

മാർക്കോസ് സുവിശേഷകന്റെ ചിഹ്നം ചിറകുള്ള ഒരു സിംഹമാണ്. ഒരു സിംഹഗർജ്ജനം പോലെ ‘മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ’ സ്നാപകയോഹന്നാനെ കാണിച്ചുകൊണ്ട് സുവിശേഷം തുടങ്ങുന്നതിനാൽ ആണ് പ്രധാനമായും അത് അങ്ങനെ ആയത്. വെളിപാടിൽ പറയുന്ന സിംഹവും മാർക്കോസിന് പിൽക്കാലത്തുണ്ടാകുന്ന സിംഹത്തിന്റെ സ്വപ്നവും എസെക്കിയേലിന്റെ ദർശനമായുമൊക്കെ അതിന് ബന്ധമുണ്ട്.

വിശുദ്ധ മാർക്കോസ് സുവിശേഷം എഴുതുക മാത്രമല്ല അത് പ്രഘോഷിക്കുക കൂടെ ചെയ്തു. അക്വീലിയ പ്രദേശത്ത് സുവിശേഷപ്രഘോഷണം നടത്തിയത് വിശുദ്ധ മാർക്കോസാണ്. 400 വർഷത്തിന് ശേഷം അവിടെ നിന്ന് പലായനം ചെയ്തവർ ആണ് വെനീസിലെ ലഗൂൺ സിറ്റി സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു.അവിടത്തെ സ്വർഗ്ഗീയ മധ്യസ്ഥൻ വിശുദ്ധ മാർക്കോസാണ്.

അക്വീലിയയിൽ നിന്ന് ഈജിപ്തിലേക്ക് പോയ മാർക്കോസ് അലെക്‌സാൻഡ്രിയയിൽ സഭ സ്ഥാപിച്ചു. അവിടുത്തെ ആദ്യമെത്രാൻ ആയിരുന്ന അദ്ദേഹത്തിന്റെ, ശിഷ്യർ അവരുടെ ഭക്തിക്കും തപശ്ചര്യകൾക്കും പേരുകേട്ടവരാണ്. ഇത് കാരണം വിശുദ്ധ ജെറോം മാർക്കോസിനെ താപസരുടെ പിതാവ് എന്ന് വിളിക്കാനിടയാക്കി. ഈജിപ്തിലെ മരുഭൂമികളിൽ അങ്ങനെയുള്ള വളരെപ്പേർ ഉണ്ടായിരുന്നു. അലെക്‌സാൻഡ്രിയയിൽ, പ്രസിദ്ധരായ വളരെയധികം മെത്രാന്മാരെയും വിശ്വാസവേദപാരംഗതരെയുമൊക്കെ സഭക്ക് സമ്മാനിച്ച ആദ്യ ക്രിസ്ത്യൻ പാഠശാല നമ്മൾ കാണുന്നു.

A.D 68 ൽ ഈസ്റ്റർ കാലത്ത് വിശുദ്ധ മാർക്കോസ് പിടിക്കപ്പെടുകയും കഴുത്തിൽ കയറുകെട്ടി തെരുവുകളിലൂടെ മരണം വരെ വലിച്ചിഴക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ രക്തം തെരുവുകളിലെ നിലം ചുവപ്പിച്ചു. ജീവനെടുത്തതിന് ശേഷം മാർക്കോസിന്റെ ശരീരം അവർ കത്തിക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഒരു വലിയ കൊടുങ്കാറ്റ്‌ ജനക്കൂട്ടത്തെ ചിതറിക്കുകയും തീ കെടുത്തുകയും ചെയ്തു. ക്രിസ്ത്യാനികൾ അദ്ദേഹത്തിന്റെ ശരീരം കണ്ടെടുത്ത് സംസ്കരിച്ചു. ഒൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വെനീഷ്യൻ പട്ടാളക്കാർ, അപ്പോൾ മുസ്ലിം ഭരണത്തിലായിരുന്ന അലെക്‌സാൻഡ്രിയയിൽ നിന്ന് വിശുദ്ധ മാർക്കോസിന്റെ ശരീരം രഹസ്യമായി മാറ്റി വെനീസിലെത്തിച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള സുന്ദരമായ ബസിലിക്കയിൽ, യേശുവിനായി ജീവിച്ച് രക്തസാക്ഷിയായ വിശുദ്ധ മാർക്കോസിന്റെ ശരീരം അന്നുമുതൽ വിശ്രമിക്കുന്നു.

ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്ന ദൗത്യം, രക്ഷകനായ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചും ജീവിച്ചും അവനായി മരിച്ചും വിശുദ്ധ മാർക്കോസ് പൂർത്തിയാക്കി. യഥാർത്ഥ യേശുശിഷ്യൻ എങ്ങനെയായിരിക്കണമെന്ന യേശുവിന്റെ ആഗ്രഹവും നിർദ്ദേശങ്ങളും വ്യക്തമായി സുവിശേഷത്തിലൂടെ കാണിച്ചുതന്ന വിശുദ്ധ മാർക്കോസിനോട് നമുക്കും മാധ്യസ്ഥം യാചിക്കാം ഔദ്ധത്യം വെടിഞ്ഞു ശുശ്രൂഷയുടെ പാഠം പഠിക്കാനുള്ള അനുഗ്രഹം നമുക്കും തരാനായി, അങ്ങനെ യേശുവിന് സാക്ഷ്യം വഹിക്കാൻ നമ്മെ സഹായിക്കാൻ.

സുവിശേഷരചയിതാവും സുവിശേഷപ്രഘോഷകനും രക്തസാക്ഷിയും ഒക്കെയായ വിശുദ്ധ മാർക്കോസിന്റെ തിരുന്നാൾ മംഗളങ്ങൾ എല്ലാവർക്കും നേരുന്നു.

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment