Saint Mark, Evangelist – Feast 

🌹 🔥 🌹 🔥 🌹 🔥 🌹

25 Apr 2023

Saint Mark, Evangelist – Feast 

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിനെ,
സുവിശേഷ പ്രഘോഷണത്തിന്റെ കൃപ നല്കി അനുഗ്രഹിച്ചുവല്ലോ.
ക്രിസ്തുവിന്റെ കാലടികള്‍ വിശ്വസ്തതയോടെ
ഞങ്ങള്‍ പിഞ്ചെല്ലാന്‍ തക്കവണ്ണം,
വിശുദ്ധ മര്‍ക്കോസിന്റെ പ്രബോധനം
ഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 പത്രോ 5:5a-14
എന്റെ പുത്രനായ മര്‍ക്കോസ് നിങ്ങള്‍ക്കു വന്ദനം പറയുന്നു.

പരസ്പരവിനയത്തിന്റെ അങ്കി അണിയുവിന്‍. ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്‍കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍ നിന്ന് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയും ചെയ്യുവിന്‍; തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും. ആധിപത്യം എന്നും എന്നേക്കും അവന്റെതായിരിക്കട്ടെ! ആമേന്‍.
നിങ്ങള്‍ അവലംബിക്കുന്ന ദൈവകൃപ സത്യമായിട്ടുള്ളതാണെന്ന് ഉപദേശിക്കാനും സാക്ഷ്യപ്പെടുത്താനുമായി വിശ്വസ്തസഹോദരനായി ഞാന്‍ കണക്കാക്കുന്ന സില്‍വാനോസുവഴി ചുരുക്കത്തില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതിയിരിക്കുന്നു. നിങ്ങളെപ്പോലെ തെരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 89:1-2,5-6,15-16

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
or
അല്ലേലൂയ!

കര്‍ത്താവേ, ഞാന്‍ എന്നും
അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട്
അങ്ങേ വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങേ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങേ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
or
അല്ലേലൂയ!

കര്‍ത്താവേ, ആകാശം അങ്ങേ അദ്ഭുതങ്ങളെ സ്തുതിക്കട്ടെ!
നീതിമാന്മാരുടെ സമൂഹത്തില്‍
അങ്ങേ വിശ്വസ്തത പ്രകീര്‍ത്തിക്കപ്പെടട്ടെ!
കര്‍ത്താവിനു സമനായി
സ്വര്‍ഗത്തില്‍ ആരുണ്ട്?
കര്‍ത്താവിനോടു സദൃശനായി
സ്വര്‍ഗവാസികളില്‍ ആരുണ്ട്?

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
or
അല്ലേലൂയ!

ഉത്സവഘോഷത്താല്‍ അങ്ങയെ
സ്തുതിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
കര്‍ത്താവേ, അവര്‍ അങ്ങേ
മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു.
അവര്‍ നിത്യം അങ്ങേ നാമത്തില്‍ ആനന്ദിക്കുന്നു;
അങ്ങേ നീതിയെ പുകഴ്ത്തുന്നു.

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവത്തിൻ്റെ ശക്തിയും ജ്ഞാനവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഞങ്ങൾ പ്രസംഗിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 16:15-20
യേശു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.

യേശു പതിനൊന്നുപേര്‍ക്ക് പ്രത്യക്ഷപ്പെട്ടു അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടു കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
കര്‍ത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍ കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ മര്‍ക്കോസിന്റെ മഹത്ത്വം വണങ്ങിക്കൊണ്ട്,
അങ്ങേക്ക് ഞങ്ങള്‍ കൃതജ്ഞതാബലി അര്‍പ്പിക്കുകയും
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുകയും ചെയ്യുന്നു.
അങ്ങേ സഭയില്‍ സുവിശേഷ പ്രഘോഷണം
സദാ നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, യുഗാന്തംവരെ എല്ലായ്‌പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും,

അല്ലേല്ലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
അങ്ങേ വിശുദ്ധ അള്‍ത്താരയില്‍ നിന്നു
ഞങ്ങള്‍ സ്വീകരിച്ചത് ഞങ്ങളെ വിശുദ്ധീകരിക്കുകയും
വിശുദ്ധ മര്‍ക്കോസ് പ്രഘോഷിച്ച
സുവിശേഷത്തിന്റെ വിശ്വാസത്തില്‍
ഞങ്ങളെ ശക്തരാക്കിത്തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤ 🌹 ❤ 🌹 ❤ 🌹

Advertisements

Leave a comment