Monday of the 3rd week of Eastertide 

🌹 🔥 🌹 🔥 🌹 🔥 🌹

24 Apr 2023
Monday of the 3rd week of Eastertide 
or Saint Fidelis of Sigmaringen, Priest, Martyr 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
പഴയമനുഷ്യനെ അവന്റെ എല്ലാ വ്യാപാരങ്ങളോടുമൊപ്പം വിട്ടുപേക്ഷിച്ച്,
പെസഹാ ഔഷധത്താല്‍ അവിടത്തെ പ്രകൃതിയിലേക്ക് അനുരൂപരാക്കി,
അവിടത്തെ സംസര്‍ഗത്തില്‍ ജീവിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 6:8-15
അവന്റെ സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

സ്‌തേഫാനോസ് കൃപാവരവും ശക്തിയും കൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചു. കിറേനേക്കാരും അലക്‌സാണ്‍ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്രന്മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങള്‍ എഴുന്നേറ്റ് സ്‌തേഫാനോസിനോട് വാദപ്രതിവാദത്തിലേര്‍പ്പെട്ടു. എന്നാല്‍, അവന്റെ സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട്, അവര്‍ രഹസ്യമായി പ്രേരിപ്പിച്ചതനുസരിച്ച് ജനങ്ങളില്‍ ചിലര്‍ പറഞ്ഞു: അവന്‍ മോശയ്ക്കും ദൈവത്തിനും എതിരായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു. അവര്‍ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച്‌ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്തു. കള്ളസാക്ഷികള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവന്‍ ഈ വിശുദ്ധ സ്ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതില്‍ നിന്ന് ഒരിക്കലും വിരമിക്കുന്നില്ല. നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നല്‍കിയിട്ടുള്ള ആചാരങ്ങള്‍ മാറ്റുകയും ചെയ്യുമെന്ന് ഇവന്‍ പ്രസ്താവിക്കുന്നതു ഞങ്ങള്‍ കേട്ടു. സംഘത്തിലുണ്ടായിരുന്നവര്‍ അവന്റെ നേരേ സൂക്ഷിച്ചുനോക്കി. അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 119:23-24, 26-27, 29-30

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍.
or
അല്ലേലൂയ!

രാജാക്കന്മാര്‍ ഒത്തുചേര്‍ന്ന് എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു;
എന്നാല്‍, ഈ ദാസന്‍ അങ്ങേ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കും.
അവിടുത്തെ കല്‍പനകളാണ് എന്റെ ആനന്ദം;
അവയാണ് എനിക്ക് ഉപദേശം നല്‍കുന്നത്.

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍.
or
അല്ലേലൂയ!

എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍,അങ്ങ് എനിക്കുത്തരമരുളി;
അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി
എനിക്കു കാണിച്ചുതരണമേ!
ഞാന്‍ അങ്ങേ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍.
or
അല്ലേലൂയ!

തെറ്റായ മാര്‍ഗങ്ങളെ എന്നില്‍ നിന്ന് അകറ്റണമേ!
കാരുണ്യപൂര്‍വം അങ്ങേ നിയമം എന്നെ പഠിപ്പിക്കണമേ!
ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു;
അങ്ങേ ശാസനങ്ങള്‍ എന്റെ കണ്‍മുന്‍പില്‍ ഉണ്ട്.

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത്.

അല്ലേലൂയ!

സുവിശേഷം

യോഹ 6:22-29
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍.

അവിടെ ഒരു വള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്മാരോടുകൂടി യേശു അതില്‍ കയറിയിരുന്നില്ല എന്നും ശിഷ്യന്മാര്‍ തനിയേ ആണു പോയതെന്നും കടലിന്റെ മറുകരെ നിന്ന ആളുകള്‍ പിറ്റെദിവസം മനസ്സിലാക്കി. കര്‍ത്താവ് കൃതജ്ഞതാസ്‌തോത്രം ചെയ്തു നല്‍കിയ അപ്പം ജനങ്ങള്‍ ഭക്ഷിച്ച ആ സ്ഥലത്തിനടുത്തേക്കു തിബേരിയാസില്‍ നിന്നു മറ്റു വള്ളങ്ങള്‍ വന്നു. യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളങ്ങളില്‍ കയറി യേശുവിനെത്തിരക്കി കഫര്‍ണാമിലെത്തി.
യേശുവിനെ കടലിന്റെ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്ബീ, അങ്ങ് എപ്പോള്‍ ഇവിടെയെത്തി? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാകാന്‍ ഞങ്ങള്‍ എന്തു ചെയ്യണം? യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി – അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുക.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ സമര്‍പ്പണത്തോടൊപ്പം
ഞങ്ങളുടെ പ്രാര്‍ഥനകളും അങ്ങേ പക്കലേക്ക് ഉയരട്ടെ.
അങ്ങേ മഹാമനസ്‌കതയാല്‍ ശുദ്ധീകരിക്കപ്പെട്ട്,
അങ്ങേ മഹാകാരുണ്യത്തിന്റെ രഹസ്യങ്ങള്‍ക്ക്
ഞങ്ങള്‍ യോഗ്യരായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 14:27

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ സമാധാനം നിങ്ങളെ ഏല്പിച്ചിട്ടു പോകുന്നു,
എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു.
ലോകം നല്കുന്ന പോലെയല്ല ഞാന്‍ നല്കുന്നത്,
അല്ലേലൂയാ.

ദിവ്യഭോജന പ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ക്രിസ്തുവിന്റെ ഉത്ഥാനത്താല്‍
നിത്യജീവനിലേക്ക് ഞങ്ങളെ അങ്ങ് പുനരാനയിക്കുന്നുവല്ലോ.
പെസഹാരഹസ്യത്തിന്റെ ഫലങ്ങള്‍
ഞങ്ങളില്‍ വര്‍ധമാനമാക്കുകയും
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
രക്ഷാകരമായ ഭോജ്യത്തിന്റെ ശക്തി
ചൊരിയുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤ 🌹 ❤ 🌹 ❤ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s