Wednesday of the 3rd week of Eastertide 

🌹 🔥 🌹 🔥 🌹 🔥 🌹

26 Apr 2023

Wednesday of the 3rd week of Eastertide 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കുടുംബത്തോടുകൂടെ ആയിരിക്കുകയും
കാരുണ്യപൂര്‍വം അവരെ സുരക്ഷിതരാക്കുകയും ചെയ്യണമേ.
വിശ്വാസത്തിന്റെ കൃപ നല്കിയ അവര്‍ക്ക്,
അങ്ങേ ഏകജാതന്റെ ഉത്ഥാനത്തില്‍
നിത്യമായ ഭാഗഭാഗിത്വം നല്കുമാറാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 8:1b-8
ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.

അന്ന് ജറുസലെമിലെ സഭയ്‌ക്കെതിരായി വലിയ പീഡനം നടന്നു. അപ്പോസ്തലന്മാരൊഴികേ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി. വിശ്വാസികള്‍ സ്‌തേഫാനോസിനെ സംസ്‌കരിച്ചു. അവനെച്ചൊല്ലി അവര്‍ വലിയ വിലാപം ആചരിച്ചു. എന്നാല്‍, സാവൂള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്മാരെ വലിച്ചിഴച്ചു കൊണ്ടുവന്ന് തടവിലാക്കി.
ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു. പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്സോടെ ശ്ര ദ്ധിച്ചു. എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്മാരും സുഖം പ്രാപിച്ചു. അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 66:1-3a,4-5,6-7a

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

ഭൂവാസികളേ, ആഹ്‌ളാദത്തോടെ
ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
അവിടുത്തെ നാമത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍;
സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍.
അവിടുത്തെ പ്രവൃത്തികള്‍ എത്ര ഭീതിജനകം!

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

അവിടുത്തെ പ്രവൃത്തികള്‍ എത്ര ഭീതിജനകം!
അങ്ങേ ശക്തിപ്രഭാവത്താല്‍
ശത്രുക്കള്‍ അങ്ങേക്കു കീഴടങ്ങും.
ഭൂവാസികള്‍ മുഴുവന്‍ അവിടുത്തെ ആരാധിക്കുന്നു,
അവര്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു,
അങ്ങേ നാമത്തിനുസ്‌തോത്രമാലപിക്കുന്നു.

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

ദൈവത്തിന്റെ പ്രവൃത്തികള്‍ വന്നുകാണുവിന്‍,
മനുഷ്യരുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ ഭീതിജനകമാണ്.
അവിടുന്നു സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
അവര്‍ അതിലൂടെ നടന്നുനീങ്ങി.

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

അവിടെ നമ്മള്‍ ദൈവത്തില്‍ സന്തോഷിച്ചു.
അവിടുന്നു തന്റെ ശക്തിയില്‍എന്നേക്കും വാഴും.
അവിടുന്നുജനതകളെ നിരീക്ഷിക്കുന്നു;
കലഹപ്രിയര്‍ അഹങ്കരിക്കാതിരിക്കട്ടെ!

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ നന്നായി അറിയാം. അവ എന്നെ അനുഗമിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

യോഹ 6:35-40
പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം.

യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല. എന്നാല്‍, നിങ്ങള്‍ എന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്. അവിടുന്ന് എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.

കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ പെസഹാരഹസ്യങ്ങള്‍വഴി
ഞങ്ങളെന്നും കൃതജ്ഞതാ നിര്‍ഭരരായിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ നവീകരണത്തിന്റെ നിരന്തര പ്രവര്‍ത്തനം
ഞങ്ങള്‍ക്ക് നിത്യാനന്ദത്തിന് നിദാനമായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം

കര്‍ത്താവ് ഉത്ഥാനം ചെയ്യുകയും
തന്റെ രക്തത്താല്‍ വീണ്ടെടുത്ത നമ്മെ പ്രകാശിപ്പിക്കുകയും ചെയ്തു,
അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ ശ്രവിക്കണമേ.
ഞങ്ങളുടെ പരിത്രാണത്തിന്റെ ഈ പരമപരിശുദ്ധവിനിമയം
ഞങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ സഹായം പ്രദാനംചെയ്യുകയും
നിത്യാനന്ദത്തിന് ഞങ്ങളെ അര്‍ഹരാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤ 🌹 ❤ 🌹 ❤ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s