May 16 | St. Simon Stock | വിശുദ്ധ സൈമൺ സ്റ്റോക്ക്

പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മുഹമ്മദീയരുടെ പിടിയിലായ വിശുദ്ധ നാടിനെ മോചിപ്പിക്കാനായി കുരിശുയുദ്ധക്കാർ യൂറോപ്പിൽ നിന്ന് വന്നു. അവരിൽ കുറച്ചുപേർ കർമ്മലമലയിൽ സന്യാസിമാരായി കൂടി, ‘കർമ്മലമാതാവിന്റെ സഹോദരർ’ എന്ന പേരിൽ ഒരു സമൂഹമായി. 1206ൽ ജെറുസലേമിന്റെ പാത്രിയാർക്കായിരുന്ന വിശുദ്ധ ആൽബർട്ട് അവർക്കായി നിയമാവലി എഴുതിയുണ്ടാക്കിയത് കാർമലൈറ്റ്സിന് അന്നുമുതൽ ജീവിതത്തിന്റെ ചട്ടക്കൂടായി. മുസ്‌ലീങ്ങൾ വിശുദ്ധനഗരം വീണ്ടും ആക്രമിച്ചപ്പോൾ കുറേപ്പേർ യൂറോപ്പിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ള കുറച്ചുപേർ ആക്രമണത്തിനിരയായി.

യൂറോപ്പിലേക്ക് മാറിതാമസിച്ച കർമ്മലീത്തക്കാർ അതിശയകരമായ വിധം വിശുദ്ധിയിൽ ജീവിച്ചിരുന്ന സൈമൺ സ്റ്റോക്കിനെ കണ്ടുമുട്ടി. 1185 ൽ കെന്റിൽ ജനിച്ച സൈമൺ 12 വയസ്സുള്ളപ്പോൾ വനാന്തരത്തിലേക്ക് പോയി, പൊള്ളയായ ഒരു ഓക്ക് മരക്കുറ്റിയുടെ സുരക്ഷിതത്വത്തിൽ ഏറെക്കാലം സന്യാസിയായി ജീവിച്ചതുകൊണ്ടാണ് സ്റ്റോക്ക് എന്ന പേര് കൂട്ടിച്ചേർത്തു ആളുകൾ വിളിക്കാൻ തുടങ്ങിയത്.

ചെറുപ്പം മുതലേ പരിശുദ്ധ അമ്മയോട് നല്ല ഭക്തിയുണ്ടായിരുന്ന സൈമണിന് അമ്മ ദർശനങ്ങൾ നൽകിയിരുന്നു. ഒരു ദർശനത്തിൽ പരിശുദ്ധ അമ്മ പറഞ്ഞു കർമ്മലമലയിൽ നിന്ന് വരുന്ന സന്യാസികളുടെ സമൂഹത്തിൽ ചേരണമെന്ന്.

1241ൽ കെന്റിലെ പ്രഭു കർമ്മലീത്തക്കാർക്ക് ഒരു വസതിയും വിശാലമായ ഭൂമിയും സമ്മാനിച്ചപ്പോൾ അവർ അതിൽ സ്വർഗ്ഗരോപിതമാതാവിന്റെ പേരിൽ ഒരു പള്ളിയും ഒരു ആശ്രമവും പണിയാൻ തുടങ്ങി. 1245 ലെ സമ്മേളനത്തിൽ അവരുടെ പ്രിയൊർ ജനറൽ ആയി സൈമൺ സ്റ്റോക്ക് തിരഞ്ഞെടുക്കപ്പെട്ടു. സന്യാസികളുടെ ധ്യാനാത്മകശൈലിയിൽ നിന്നും ഫ്രാൻസിസ്ക്കൻസിന്റെയും ഡോമിനിക്കൻസിന്റെയും ജീവിതരീതികളിലേക്ക് മാറിക്കൊണ്ടിരുന്ന സഹോദരരുടെ സമൂഹത്തിന് അദ്ദേഹത്തിന്റെ വിശുദ്ധിയും നേതാവെന്ന നിലയിലുള്ള സവിശേഷതകളും ആവശ്യമായിരുന്നു.

1251ജൂലൈ 16 ന് രാത്രി മുഴുവൻ പരിശുദ്ധ അമ്മയുടെ വഴിനടത്തലിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന സൈമൺ സ്റ്റോക്കിന് ഒരു കയ്യിൽ ഉത്തരീയവും മറുകയ്യിൽ ഉണ്ണീശോയെയും പിടിച്ച രീതിയിൽ അമ്മ കാണപ്പെട്ടു. അമ്മ പറഞ്ഞു ,

“എൻ്റെ പ്രിയ പുത്രാ, നിനക്കും കർമ്മലമലയിലെ മക്കൾക്കുമായി ഞാൻ നേടിയ കൃപയുടെ പ്രത്യേക അടയാളമായി നിൻ്റെ സഭയുടെ ഈ ഉത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവരെ നിത്യാഗ്നിയിൽ നിന്നു ഞാൻ സംരക്ഷിക്കും. ഇത് രക്ഷയുടെ അടയാളവും അപകടസമയത്തു പരിചയും പ്രത്യേക സമാധാനത്തിൻ്റെയും സംരക്ഷണത്തിൻ്റെയും വാഗ്ദാനമാണ്. “

സൈമൺ അമ്മയുടെ ദർശനത്തെ പറ്റിയും വാഗ്ദാനത്തെ പറ്റിയും വിശദമായെഴുതി എല്ലാ കർമ്മലീത്തആശ്രമങ്ങളിലേക്കും അയച്ചു. ഉത്തരീയഭക്തി പ്രചരിക്കാൻ തുടങ്ങി. പോപ്പുമാരും ബിഷപ്പുമാരും രാജാക്കന്മാരും കൃഷിക്കാരും, ഒന്നുപോലെ ഉത്തരീയം ഇടാൻ ആരംഭിച്ചു. നൂറ്റാണ്ടുകളായി ഈ ഭക്തി മാറിമാറി വരുന്ന മാർപാപ്പമാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ഫ്രാൻസിലെ ബോർഡോ എന്ന സ്ഥലത്തെ കത്തീഡ്രലിൽ വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ ശരീരാവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

1322ൽ അവിഞ്ഞോണിൽ വെച്ച് ജോൺ ഇരുപത്തിരണ്ടാം പാപ്പക്ക് പ്രത്യക്ഷപ്പെട്ട അമ്മ കർമ്മലസഭ പോപ്പിന്റെ പ്രത്യേക സംരക്ഷണത്തിൽ ആയിരിക്കണമെന്ന് പറഞ്ഞു.ഉത്തരീയം ഭക്തിയോടെ ധരിക്കുന്നവരെ ശുദ്ധീകരണസ്ഥലത്തേക്ക് അവൾ അനുഗമിക്കുമെന്നും ചില നിബന്ധനകൾ പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ മരണശേഷം വരുന്ന ആദ്യം വരുന്ന ശനിയാഴ്ച അവരുടെ സഹനങ്ങളിൽ നിന്ന് അവൾ മോചിപ്പിക്കുമെന്നും പറഞ്ഞു ( Sabbatine Privilege).

നിബന്ധനകൾ എന്ന് പറയുന്നത് ഒരാളുടെ ജീവിതാവസ്ഥക്ക് ചേർന്നവിധമുള്ള ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതും ഉത്തരീയം സ്ഥിരമായി ധരിക്കുന്നതും പരിശുദ്ധ അമ്മയുടെ നമസ്കാരങ്ങൾ / പ്രാർത്ഥനകൾ / ജപമാല.. ചൊല്ലുന്നതുമാണ്. പത്താം പീയൂസ് മാർപ്പാപ്പ തവിട്ടു നിറത്തിലുള്ള ഉത്തരീയത്തിന് പകരം മെഡൽ ധരിക്കാൻ അനുവദിച്ചു. ഒരുവശത്തു ഈശോയുടെ തിരുഹൃദയവും മറുവശത്തു പരിശുദ്ധ അമ്മയുടെ പടവും.

നിത്യജീവിതം കൈവശപ്പെടുത്താൻ കഴിയുമെന്ന പരിശുദ്ധ അമ്മയുടെ വിലയേറിയ വാഗ്ദാനമുള്ളതുകൊണ്ട് ഉത്തരീയം ധരിക്കുന്നത് നിസ്സാരകാര്യമായി കാണരുതെന് പീയൂസ് പന്ത്രണ്ടാമൻ പാപ്പ നമ്മെ ഓർമിപ്പിക്കുന്നു.

ബെനഡിക്റ്റ് പതിനഞ്ചാമൻ പാപ്പ പറഞ്ഞു, “എല്ലാവർക്കും പൊതുവായി ഒരു ഭാഷാരീതിയും ഒരൊറ്റ രക്ഷാകവചവും ആയിരിക്കണം. ഭാഷ സുവിശേഷവചനമാണ്, എല്ലാവരും ഒരേപോലെ ധരിക്കേണ്ട രക്ഷാകവചം ഉത്തരീയവും,സംരക്ഷണത്തിന്റെ വാഗ്ദാനമുള്ളതാണത് , മരണശേഷം പോലും.

നമ്മുടെ രക്ഷക്കുള്ള വലിയ ആയുധമായ ഉത്തരീയഭക്തി പ്രചരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment