മരണത്തിന്റെ വക്കിലെത്തി അന്ത്യകൂദാശകൾ നൽകിക്കൊണ്ടിരിക്കവേ അവൾ അമ്മയോട് പറഞ്ഞു, “അമ്മ എന്തിനാണ് കരയുന്നത്? ധൈര്യമായിരിക്കൂ. ഇപ്രാവശ്യം അവിടുന്ന് എന്നെ എടുക്കുകയില്ല. മരിക്കുന്നതിന് മുൻപ് എന്നിൽ നിന്ന് എന്തൊക്കെയോ കൂടി അവിടുത്തേക്ക് ആവശ്യമുണ്ട്”
‘വ്യാകുലമാതാവിന്റെ കൊച്ചുസഹോദരികൾ’ എന്ന സമൂഹത്തിന്റെ സ്ഥാപകയായ വിശുദ്ധ ക്ലേലിയ ബാർബിയേരി, കത്തോലിക്കാസഭയിൽ സന്യാസസമൂഹസ്ഥാപകരിൽ ഏറ്റവും പ്രായം കുറഞ്ഞവളാണ്. 1847ൽ ഇറ്റലിയിലെ ബുദ്രിയെയിൽ ജനിച്ച അവൾ വെറും 23 വർഷമേ ഈ ഭൂമിയിൽ ജീവിച്ചുള്ളൂ എങ്കിലും ദൈവസ്നേഹത്തെ ആവും വിധം മറ്റുള്ളവരിലേക്ക് പകരാൻ ഉത്സാഹിച്ചു. ആദ്യകുർബ്ബാന സ്വീകരണസമയം മുതലുള്ള അവളുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു വിശുദ്ധയാവുക, അതുവഴി മറ്റുള്ളവരെ വിശുദ്ധിയിലേക്ക് നയിക്കുക എന്നത്. അതുപോലെ തന്നെ പുണ്യവതിയായി തീർന്ന അവളുടെ മധുരസ്വരം മരണശേഷവും ഭൂമിയിൽ അനേകർക്ക് പ്രചോദനമാകുന്നു!
ദിവ്യകാരുണ്യസ്വീകരണ ശേഷം ദൈവാരാധനയിലും സ്തുതിയിലും മുഴുകുമ്പോൾ അവളുടെ മുഖം ദൈവസ്നേഹത്താലും ആന്തരികപ്രകാശത്താലും തിളങ്ങിയിരുന്നു.
കുട്ടിക്കാലത്തേ അമ്മ ജസീന്തയോട് ഇടക്കിടക്ക് ചോദിക്കും, ” അമ്മേ, എങ്ങനെയാണ് എനിക്ക് ഒരു വിശുദ്ധയാവാൻ സാധിക്കുക? ” കൂലിവേലക്കാരുടെയും ചണജോലിക്കാരുടെയും ലോകത്തിലായിരുന്നു ആ ദരിദ്രബാലിക വളർന്നത്. ചണനാരുകൾ കൊണ്ട് പണിയെടുക്കുമ്പോൾ എത്രയും വേഗത്തിൽ തീർക്കാൻ പറയുന്ന അമ്മയോട് അവൾ പറയും, ” അമ്മേ, നമുക്ക് ഇതിന് കൂലി ലഭിക്കുന്നത് കൊണ്ട്, നമ്മുടെ ജോലി ഏറ്റവും നന്നായി ചെയ്യണം”. ഈശോയെക്കുറിച്ച് സംസാരിക്കാൻ അതീവതാല്പര്യം പ്രകടിപ്പിച്ചിരുന്ന അവൾ അടുക്കളയിലും പാടത്തും നന്നായി പണിയെടുക്കുന്നതിന് ഇടയിൽ പോലും, പ്രാർത്ഥനയിലൂടെ നിരന്തരമായ ദൈവസാന്നിധ്യത്തിൽ അവനോട് ചെന്നിരുന്നു.
ഫാദർ ഗ്വീദിയുടെ മതബോധനക്ലാസ്സുകളും ദൈവവചനം ധ്യാനിക്കാനുള്ള പരിശീലനവും വായിക്കാൻ കൊടുത്ത പുസ്തകങ്ങളും ആദ്ധ്യാത്മിക പ്രബോധനങ്ങളും അവൾക്ക് വളരെ സഹായകരമായി. പിന്നീട് ഫാദറിന്റെ ‘ക്രിസ്തീയ മതബോധന സംഘ’ ത്തിൽ ചേർന്ന് പതിനഞ്ചു വയസ്സുള്ള അവൾ കുട്ടികൾക്ക് ദൈവസ്നേഹത്തെ പറ്റി ക്ലാസ്സുകൾ എടുത്തു. അവളുടെ ക്ലാസ്സുകളിൽ മുതിർന്നവരും വരാൻ തുടങ്ങി. ഇടവകയിലെ സ്ത്രീജനങ്ങൾക്കായി ആദ്ധ്യാത്മികപ്രഭാഷണങ്ങൾ നൽകി.
വിശുദ്ധിയിൽ ജീവിക്കാൻ ഏവരെയും സഹായിക്കുക വഴി അവൾ അവരെയെല്ലാം ക്രിസ്തുവിനായി നേടുകയായിരുന്നു.
പ്രതിസന്ധികളിൽ ഇങ്ങനെ പ്രാർത്ഥിച്ചു, “നാഥാ, അങ്ങിൽ ഞാൻ പ്രത്യാശ വക്കുന്നു. യേശുവേ എന്നെ മുഴുവനായി അങ്ങേ കരങ്ങളിൽ അർപ്പിക്കുന്നു”. മറ്റു മൂന്ന് കൂട്ടുകാരോട് ചേർന്ന് പ്രാർത്ഥന, സുവിശേഷധ്യാനം, ക്രിസ്ത്വനുകരണ വായന, ഉപവിപ്രവർത്തികൾ എന്നിവക്ക് സമയം കണ്ടെത്തി.
പ്രവചനവരവും പരഹൃദയജ്ഞാനവും ഉണ്ടായിരുന്നു ക്ലേലിയക്ക്. കൂട്ടുകാരിയുടെ അമ്മ കൊണ്ടുവന്ന ആപ്പിളുകളിൽ കുറച്ചെണ്ണം അവൾ തിരിച്ചേൽപ്പിച്ചു കാരണം അതിൽ പകുതി , അന്യന്റെ പറമ്പിൽ നിന്ന് ചോദിക്കാതെ എടുത്തതാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.
രോഗത്താൽ അത്യാസന്നനിലയിലായെങ്കിലും മരണവക്ത്രത്തിൽ നിന്ന് അത്ഭുതകരമായ സൗഖ്യത്താൽ രക്ഷപ്പെട്ടു വന്ന ക്ലേലിയ കൂട്ടുകാരോട് പറഞ്ഞു, ” നാം വളരെ ദരിദ്രരാണ്. അതിനാൽ ഒരു സന്യാസകുടുംബവും നമ്മെ അംഗങ്ങളായി സ്വീകരിക്കുകയില്ല. പ്രാർത്ഥനാജീവിതം നയിക്കുന്നതിനും നന്മ ചെയ്യുന്നതിനുമായി നമുക്ക് സ്വയം സമർപ്പിക്കാം”. പുതിയ സംരംഭത്തിനായി അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവർക്ക് സന്യാസഭവനമായി ലഭിക്കാൻ പോകുന്ന വീടിനെ പറ്റിയും അവരുടെ ഭവനത്തിലേക്ക് ഭാവിയിൽ ധാരാളം ആളുകൾ കുതിരപ്പുറത്തും വണ്ടിയിലും വന്ന് ഇറങ്ങുമെന്നും അവൾ പ്രവചിച്ചു. ഏറെ ക്ലേശങ്ങളും പരീക്ഷണങ്ങളും തരണം ചെയ്താണ് ദൈവകൃപയാൽ അവൾക്ക് പുതിയ സന്യാസസമൂഹത്തിനായി അനുമതി ലഭിച്ചത്. 1868 മെയ് ഒന്നിന് ക്ലേലിയയും കൂട്ടുകാരും പുതിയ ജീവിതം ആരംഭിച്ചു.പരിശുദ്ധ അമ്മയായിരുന്നു അവരുടെ ശക്തികേന്ദ്രം. പ്രാർത്ഥന, ത്യാഗം, അദ്ധ്വാനം, പരസ്നേഹപ്രവർത്തികൾ എന്നിവ ജീവിതവ്രതവും.
മതബോധനവും ആത്മാക്കളെ ഈശോക്കായി നേടുന്നതുമായിരുന്നു അവളുടെ പ്രധാനജോലി. അതിനിടയിൽ അറിവില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിച്ചു. വീടുകളിൽ കയറി വചനം പങ്കുവെച്ചു. രോഗികളിൽ ഈശോയേക്കണ്ട് ശുശ്രൂഷിച്ചു. പ്രായം വളരെ കുറവാണെങ്കിലും എല്ലാവരുടെയും ‘മദർ ക്ലേലിയ’ ആയി
1870 ജനുവരിയിൽ ക്ഷയരോഗം പിടിപ്പെട്ട ക്ലേലിയ ജൂലൈ 13 ന്, അമ്മയോടും സഹോദരിയോടും യാത്ര ചോദിച്ച്, കയ്യിലുണ്ടായിരുന്ന ക്രൂശിതരൂപം ചുംബിച്ചു പുഞ്ചിരിയോടെ സ്വർഗ്ഗനാഥന്റെ അടുക്കലേക്ക് പറന്നുയർന്നു. ‘നമ്മുടെ പുണ്യവതി മരിച്ചുപോയെന്ന് പറഞ്ഞ് ആളുകൾ അവളുടെ തിരുശേഷിപ്പിനായി പരക്കം പാഞ്ഞു. 1871 ഏപ്രിൽ ആകുമ്പോഴേക്കും ഒമ്പതാം പീയൂസ് പാപ്പയുടെ അനുവാദത്തോടെ ക്ലേലിയ മരിച്ച മുറി ഒരു ദേവാലയമാക്കി മാറ്റി.
മരിക്കുന്നതിന് മുൻപ് അവൾ തന്റെ കൂട്ടാളികളോട് പറഞ്ഞിരുന്നു, ” നിങ്ങളെ ഞാൻ കൈവിടില്ല, ഞാനെന്നും നിങ്ങളുടെ അരികിൽ ഉണ്ടാവും”.
അവളുടെ ഒന്നാം ചരമവാർഷികമടുത്തപ്പോൾ ആ സഹോദരിമാർ അവൾ മരിച്ച മുറിയിൽ ഒരു ദിവസത്തെ ധ്യാനം നടത്താൻ തീരുമാനിച്ചു. അവർ പറഞ്ഞത് ആരിലും അത്ഭുതം ഉളവാക്കുന്നതായിരുന്നു. ” ഞങ്ങളുടെ പ്രാർത്ഥനയുടെ മധ്യത്തിൽ മധുരമായ ഒരു സ്വർഗീയസ്വരം ഞങ്ങളോട് ചേർന്നു. ഇടത്തുനിന്ന് വലത്തോട്ടും ഉയർന്നും ആ സ്വരം ഞങ്ങളുടെ ഓരോരുത്തരുടെയും അടുത്തുകൂടി കടന്നുപോയി. അത് നൽകിയ ആനന്ദം വർണ്ണനാതീതമാണ്”. ക്ലേലിയ കൂട്ടുകാർക്ക് നൽകിയ വാക്ക് പാലിച്ചു. 1871 മുതൽ ഇന്നുവരെ ക്ലേലിയയുടെ ശബ്ദം പലരും കേട്ടുകൊണ്ടേ ഇരിക്കുന്നു.
അവൾ കാരണം ലഭിച്ച രോഗശാന്തികൾ നാമകരണ നടപടികൾക്ക് തുടക്കമിട്ടു. 1968 ഒക്ടോബർ 27 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് പോൾ ആറാമൻ പാപ്പ വാഴ്ത്തിപ്പെട്ടവളായി പ്രഖ്യാപിച്ച ക്ലേലിയ ബാർബിയേരിയെ 1989 ഏപ്രിൽ 9ന് ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി ഉയർത്തി.യുവജനങ്ങൾക്ക് ക്ലേലിയയുടെ ജീവിതം നല്ലൊരു മാതൃകയാണ്.
Happy Feast of St. Clelia Barbieri
ജിൽസ ജോയ് ![]()
കടപ്പാട് : അമൽ മാക്കീൽ MST യുടെ വിശുദ്ധ ക്ലേലിയ



Leave a comment