വിശുദ്ധ ജീവിതത്തിനു വിശുദ്ധ ബൊനവന്തൂരായുടെ നാലു നിർദേശങ്ങൾ
“ദൈവദൂതനെപോലെയുള്ള വേദപാരംഗൻ” (Seraphic Doctor) എന്ന് അറിയപ്പെടുന്ന ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിൻ്റെ മുൻ മിനിസ്റ്റർ ജനറലും തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ വിശുദ്ധ ബൊനവന്തൂരായുടെ തിരുനാൾ ദിനമാണ് ജൂലൈ 15. നമ്മൾ വിശുദ്ധരുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ഈശോയെ അനുഗമിക്കാൻ അവരുടെ ജീവിതത്തിൽ നിന്നു നമുക്കു എന്തു പഠിക്കാൻ കഴിയുമെന്നാണ് നാം ചിന്തിക്കേണ്ടത്.
ബൊനവന്തൂരാ കുട്ടിയായിരിക്കുമ്പോൾ തന്നെ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയെ കണ്ടിരുന്നു. ബൊനവന്തൂരായെ അലട്ടിയിരുന്ന മാരകമായ അസുഖത്തെ അത്ഭുഭുതകരമായി സുഖപ്പെടുത്തിയത് ഫ്രാൻസീസാണന്നു പറയപ്പെടുന്നു. ചെറുപ്പത്തിൽത്തന്നെ ബൊനവന്തൂര ഫ്രാൻസിസ്‌കൻ സന്യാസ സഭയിൽ ചേർന്നു. പ്രതിഭാധനനായ ബൊനവന്തൂര മധ്യകാലഘട്ടത്തിലെ മികച്ച ബുദ്ധിശാലികളിൽ ഒരാളായിരുന്നു . അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവചരിത്രം എഴുതിയതു ഈ പ്രതിഭാശാലിയാണ്. വേദപാരംഗതനായ അദ്ദേഹത്തിൻ്റെ ദൈവശാസ്ത്ര ആത്മീയ ഉൾക്കാഴ്ചകളും നിരീക്ഷണങ്ങളും ഈശോയുടെ അനുയായി എന്നതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി എടുക്കാൻ സഹായകരമാണ്.
വിശുദ്ധ ബൊനവെന്തൂരാ വിശുദ്ധ ജീവിതം നയിക്കാനുള്ള നാലു പ്രയോഗിക നിർദേശങ്ങൾ സകലരെയും പഠിപ്പിക്കുന്നു: “ദൈവത്തിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവൻ ആദ്യം പാപം ഒഴിവാക്കണം, കാരണം അത് നമ്മുടെ സ്വഭാവത്തെ വികലമാക്കുന്നു; കൃപ വീണ്ടെടുക്കാൻ അവൻ പ്രാർത്ഥിക്കണം; ശുദ്ധീകരിക്കുന്ന നീതി ലഭിക്കാൻ അവൻ ഒരു നല്ല ജീവിതം നയിക്കണം, പ്രകാശിപ്പിക്കുന്ന അറിവ് ലഭിക്കാൻ അവൻ ധ്യാനിക്കണം, പരിപൂർണ്ണമായ ജ്ഞാനം ലഭിക്കുന്നതിന് അവൻ ധ്യാനം പരിശീലിക്കണം.”
1) പാപം ഒഴിവാക്കുക.
ഈശോമിശിഹായുടെ അനുഗാമിയാകാൻ നാം ആഗ്രഹിക്കുന്നു വെങ്കിൽ പാപവും പാപ സാഹചര്യങ്ങളും നാം ഉപേക്ഷിക്കണം. പാപം ദൈവ നിയമങ്ങളുടെ ലംഘനനമായതിനാൽ പാപം നമ്മുടെ സ്വഭാവത്തെ വികലമാക്കുന്നു. പാപത്തിന് നാം സ്വയം കീഴടങ്ങുമ്പോൾ, ദൈവം നമുക്ക് നൽകിയ സ്വാതന്ത്ര്യം എന്ന അമൂല്യദാനം നാം ദുരുപയോഗം ചെയ്യുന്നു. നാം പാപത്തിൽ സ്വാധീനവലയത്തിൽ ആകുമ്പോൾ നമ്മുടെ ബുദ്ധി ഇരുളടഞ്ഞതും ഇച്ഛൾ ദുർബലമാവുകയും ചെയും.
2) കൃപ വീണ്ടെടുക്കാൻ പ്രാർത്ഥിക്കുക
പാപം നമ്മുടെ സ്വഭാവത്തെ വികലമാക്കുകയാൽ ദൈവ കൃപയുണ്ടെങ്കിലെ നമ്മിലെ ദൈവീക ഛായ വീണ്ടെടുക്കാൻ കഴിയുകയുള്ളു. ദൈവത്തിൻ്റെ കൃപയാൽ നിറയുന്നതിനും അവിടുന്നു ആഗ്രഹിക്കുന്ന വഴികളിൽ സഞ്ചരിക്കാനും പ്രാർത്ഥന സഹായിക്കുന്നു. കൂദാശകളുടെ സ്വീകരണം ദൈവവചന വായനയും പഠനവും ഭക്തഭ്യാസങ്ങളെല്ലാം ദൈവകൃപയാൽ നിറയുന്നതിനു സഹായകരമാണ്.
3) പ്രകാശിപ്പിക്കുന്ന അറിവ് ലഭിക്കാൻ ധ്യാനിക്കുക
ധ്യാനിക്കുക എന്നാൽ ദൈവസാന്നിധ്യത്തിൻ്റെ അവബോധത്തിൽ ആയിരുന്നുകൊണ്ട് ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ചിന്തിക്കുകയും സ്നേഹത്തിൽ വളരുകയുമാണ്. തിരുവെഴുത്തുകൾ വായിക്കുകയും അതിൻ്റെ പൊരുളുകൾ മനസ്സിലാക്കി സ്നേനേഹപൂർവ്വം ധ്യാനം പരിശീലിക്കണം. സ്നേഹത്തിൽ ഈശോ മിശിഹായുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രകാശിപ്പിക്കുന്ന അറിവു നമുക്കു കരഗതമാകും. അതിനാൽ ധ്യാനത്തിനായി എല്ലാ ദിവസവും ഒരു നിശ്ചിത നേരം കരുതി വയ്ക്കുക.
4) ധ്യാനാത്മകത്വം പരിശീലിക്കുക
ധ്യാനാത്മകത്വം (Contemplation) എന്നാൽ ദൈവത്തെക്കുറിച്ച് ചിന്തിക്കുക എന്നല്ല, മറിച്ച് നമ്മുടെ ഹൃദയവും മനസ്സും ദൈവത്തിൽത്തന്നെ കേന്ദ്രീകരിക്കുക എന്നതാണ്. എല്ലാ ദിവസവും ആവശ്യമുള്ള പ്രശാന്തതയും ഹൃദയജ്ഞാനവും ഈ പ്രാർത്ഥനാ രീതിയിലൂടെയാണ് നമുക്കു ലഭിക്കുന്നത്. നമ്മുടെ ഹൃദയ വിചാരങ്ങൾ ദൈവത്തിങ്കലേക്ക് ഉയർത്തി നമ്മുടെ ഹൃദയത്തെ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയാൽ നിറയുവാൻ നാം അനുവദിക്കുന്ന സുവർണ്ണ നിമിഷങ്ങളാണ് ധ്യാനാത്മകത്വത്തിൻ്റെ സമയം.
തന്റെ വിശുദ്ധ ജീവിതത്തിലൂടെയും പഠനത്തിലൂടെയും അധ്യാപനത്തിലൂടെയും പ്രാർത്ഥനയിലൂടെയും മാതൃകകളിലൂടെയും വിശുദ്ധ ബൊനവെന്തൂരാ മറ്റുള്ള ജീവിതങ്ങളെ പരിപോഷിച്ചു. മാലാഖമാർക്കടുത്ത ജീവിത വിശുദ്ധി കാത്തു സൂക്ഷിച്ച ബൊനവെന്തൂരാ പുണ്യവാൻ്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ മഹത്തായ പഠനത്തിൽ നിന്ന് നമുക്ക് പ്രയോജനം നേടാനും ഉപവിയുടെ തീക്ഷ്ണത നിരന്തരം അനുകരിക്കാനും നമുക്കും കഴിയട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment