വിശുദ്ധ ലോറൻസിനെ പറ്റിയുള്ള ഒരു വാചകം ആദ്യമായി വായിക്കുന്നത് കുറേ കൊല്ലങ്ങൾക്ക് മുൻപ് അവിചാരിതമായി Imitations of Christ (ക്രിസ്ത്വനുകരണം) കയ്യിൽ കിട്ടിയപ്പോഴാണ്. യേശുവിനെപ്രതി, മറ്റു സ്നേഹിതരെ അകറ്റാനും ഉപേക്ഷിക്കാനും ഒക്കെ പറ്റണം എന്ന് പറയുന്നിടത്താണ് വിശുദ്ധ ലോറൻസ് ഈശോയോടുള്ള സ്നേഹത്തെ പ്രതി സിക്സ്റ്റസ് രണ്ടാമൻ പാപ്പയെ തന്നിൽ നിന്നും അകറ്റാൻ സന്നദ്ധനായി എന്ന് അതിൽ പറയുന്നത്.
വിശുദ്ധ അംബ്രോസിന്റെ വിവരണത്തിൽ നിന്ന് വിശുദ്ധ ലോറൻസിന്റെ മരണം എപ്രകാരം ആയിരുന്നെന്ന വിവരങ്ങൾ കൂടുതലായി നമുക്ക് ലഭിക്കുന്നു. 258ആം ആണ്ടിൽ വലേരിയൻ II ചക്രവർത്തി പുറപ്പെടുവിച്ച രാജശാസനം എല്ലാ പുരോഹിതരെയും മെത്രാന്മാരെയും ഡീക്കന്മാരെയുമൊക്കെ കൊന്നുകളയാൻ പറഞ്ഞുകൊണ്ടുള്ളതായിരുന്നു. അതനുസരിച്ച് സിക്സ്റ്റസ് രണ്ടാമൻ പാപ്പയെയും കുറച്ചു ഡീക്കന്മാരെയും കൊന്നുകളയാൻ കൊണ്ടുപോകവേ ഡീക്കനായിരുന്ന വിശുദ്ധ ലോറൻസ് സങ്കടം പറഞ്ഞു, തനിക്ക് അവരുടെയൊപ്പം രക്തസാക്ഷിത്വത്തിനുള്ള സൗഭാഗ്യം ലഭിക്കാഞ്ഞതിന്. വിടപറയുമ്പോൾ മാർപ്പാപ്പ ലോറൻസിനോട് പറഞ്ഞു, ‘വിഷമിക്കാതിരിക്കു മകനേ , മൂന്ന് ദിവസം കഴിഞ്ഞാൽ നീയും പോന്നോളും ഞങ്ങൾ പോകുന്നിടത്തേക്ക്’ എന്ന്.
സഭയുടെ അധീനതയിൽ ധാരാളം സമ്പത്തുണ്ടെന്നായിരുന്നു ചക്രവർത്തിയുടെ വിചാരം. അതിനായി റോമിലെ പ്രിഫെക്റ്റ്, ലോറൻസിനെ വിളിപ്പിച്ചു. സഭയുടെ സമ്പത്തും നിധിയുമെല്ലാം കൊണ്ടുവന്ന് അടിയറ വെക്കാനായി പറഞ്ഞു.ജീവനിൽ കൊതിയുള്ളവർ എത്രയും വേഗം അത് ചെയ്തേനെ , അങ്ങനെ ചെയ്‌താൽ ജീവൻ രക്ഷപ്പെട്ടെങ്കിലോ എന്നോർത്ത്. എന്നാൽ ലോറൻസ് തിരക്കുപിടിച്ചു ചെയ്തത് എന്താണെന്നറിയാമോ? മൂന്ന് ദിവസത്തിനുള്ളിൽ അത് ചെയ്തേക്കാമെന്നു പറഞ്ഞ് പോന്നിട്ട്, സഭയുടെ വസ്തുവകകളെല്ലാം പാവങ്ങളെ വിളിച്ചുകൂട്ടി ദാനം ചെയ്തു. പണമോ സ്വർണ്ണമോ ഒന്നും ബാക്കി വെച്ചില്ല, തിരുപാത്രങ്ങൾ പോലും.
മൂന്ന് ദിവസം കഴിഞ്ഞപ്പോൾ സഭയിലെ മുടന്തരും അന്ധരും അനാഥരും വിധവകളും ഒക്കെ ആയവരെ വിളിച്ചുകൂട്ടി പ്രിഫെക്ടിനടുത്തു ചെന്നു അവരെ ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു, ” ഇതാണ് സഭയുടെ സമ്പത്ത് ” എന്ന്. ഉറപ്പായ മരണത്തെ നോക്കി പല്ലിളിച്ചാൽ അതിക്രൂരമായ മരണമായിരിക്കും ഇനിയെന്ന കാര്യത്തിൽ സംശയമില്ലല്ലോ. ദേഷ്യം കൊണ്ട് വിറച്ചവർ ലോറൻസിന് സമ്മാനിച്ചത് ചെറുതീയിൽ അല്പാൽപ്പമായി തീയിൽ വറുക്കപ്പെട്ടുകൊണ്ടുള്ള മരണമാണ്.
ജീവനോടെ ‘ബാർബിക്യൂ’ ചെയ്യപ്പെടാനായി (രക്തസാക്ഷിത്വ കിരീടത്തിനായി) സന്തോഷത്തോടെ ചെന്ന ലോറൻസിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി വലിയ ചട്ടിയിൽ പിടിച്ചു കിടത്തി അടിയിൽ തീയിട്ടു ചുട്ടുപഴുപ്പിച്ചു. അദ്ദേഹത്തിന്റെ നർമ്മഭാവന അപ്പോഴും കൂടെയുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പറഞ്ഞു “assum est ; versa, et manduca” ‘ഈ ഭാഗം വെന്തിട്ടുണ്ട്. ഇനി മറിച്ചിട്ട് വേവിച്ചോളു, കഴിച്ചോളൂ’ എന്നാണ് അതിനർത്ഥം. റോമിന് വേണ്ടി, സഭക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ലോറൻസ് മരിച്ചു. പോപ്പിനോടൊത്തു രക്തസാക്ഷികളായ ഏഴു ഡീക്കന്മാരിൽ ഒരാളാണ് വിശുദ്ധ ലോറൻസ്. അനേകം പേർ ഈ സംഭവത്തിൽ നിന്ന് പ്രചോദിതരായി സഭക്ക് വേണ്ടി, ഈശോയെ പ്രതി, സന്തോഷത്തോടെ അക്കാലത്ത് ജീവൻ വെടിഞ്ഞു.
ആദിമക്രൈസ്തവരുടെ ചുടുനിണത്തിൽ തഴച്ചു വളർന്ന സഭയിലെ വിശ്വാസവീരന്മാരുടെ തീക്ഷ്‌ണത എന്നും നമുക്ക് പ്രചോദനം തന്നെ. കൊല്ലുന്നവരോടും വെറുപ്പോ ദേഷ്യമോ കാണിക്കാത്ത സ്നേഹത്തിന്റെ ക്രൈസ്തവമാതൃക കണ്ടുകൊണ്ട് കൂടെ ആണല്ലോ അക്കാലത്ത് ആയിരങ്ങൾ സഭയിലേക്കാകർഷിക്കപ്പെട്ടതും രക്തസാക്ഷികളായിക്കൊണ്ടിരുന്നതും..ചാട്ടവാറെടുക്കുന്ന വിശ്വാസികളാകാൻ ഇക്കാലത്ത് ആയിരങ്ങളും പതിനായിരങ്ങളും തയാറാണ്. പക്ഷേ വേണ്ടയിടത്ത് ക്ഷമിക്കാനും സഹിഷ്ണുത കാണിക്കാനും പ്രേഷിത തീക്ഷ്‌ണതക്കുമൊക്കെകൂടി നമ്മൾ അവരെ മാതൃകയാക്കേണ്ടിയിരിക്കുന്നു.
Happy Feast of St. Lawrence of Rome
ജിൽസ ജോയ് ![]()



Leave a comment