August 12 | St. Jane Frances De Chantal / വി. ജെയ്ൻ ഫ്രാൻസിസ്‌ ഷന്താൾ

കുഞ്ഞു ജെയ്ൻ സ്തബ്ധയായി നിന്നുപോയി. ഇതുപോലെ പറയാൻ പാടുണ്ടോ ആരെങ്കിലും! വീട്ടിൽ വിരുന്നു വന്ന ഒരു ഉദ്യോഗസ്ഥൻ അവളുടെ പിതാവിനോട് പറയുന്നതാണ് അവൾ കേട്ടത്.

“ഈശോ സക്രാരിയിൽ എഴുന്നെള്ളിയിരിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല” ഇതാണയാൾ പറഞ്ഞത്. കേട്ടതും ഷോക്കായിപ്പോയ ജെയ്ൻ ഓടിവന്നു അയാളെ വിളിച്ചു, “സർ”, അവളുടെ പിതാവിന് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് അവൾ ചാടിക്കേറി പറഞ്ഞു, “ഈശോ ദിവ്യകാരുണ്യത്തിൽ ജീവനോടെ ഉണ്ടെന്നു താങ്കൾ വിശ്വസിക്കുക തന്നെ വേണം.അവൻ തന്നെയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്. താങ്കൾ അത് വിശ്വസിക്കുന്നില്ലെങ്കിൽ ഈശോയെ താങ്കൾ ഒരു നുണയനാക്കുകയാണ്”!

അതിഥി അത്ഭുതത്തോടെ അവളെ നോക്കി. അഞ്ചു വയസ്സുള്ള കുട്ടിയിൽ നിന്നാണോ താനീ കേട്ടത്? എന്നിട്ട് അതേക്കുറിച്ച് അവളുമായി സംസാരിക്കാൻ തുടങ്ങി. മതബോധനപാഠഭാഗങ്ങളും തിരുവചനങ്ങളും നന്നായി അറിയാമായിരുന്ന ജെയ്നിന് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടായിരുന്നു. അവസാനം വിഷയം മാറ്റാൻ ആ മനുഷ്യൻ പറഞ്ഞു, ” നമുക്കിപ്പോ ഒരു ചോക്ലേറ്റ് കഴിച്ചാലോ’?

ജെയ്ൻ അയാൾ കൊടുത്ത ചോക്ലേറ്റ് കയ്യിൽ വാങ്ങിച്ചു, പക്ഷേ കഴിക്കാതെ ഒറ്റയേറാണ് അവിടെ എരിഞ്ഞിരുന്ന അടുപ്പിലേക്ക് ( തണുപ്പ് മാറാനായി കത്തിച്ചിരുന്ന നെരിപ്പോട് ). “അവിടെ” അവൾ ഉറക്കെ പറഞ്ഞു, “യേശുക്രിസ്തുവിന്റെ വാക്കുകൾ വിശ്വസിക്കാത്തവർ അതുപോലെയാണ് നരകത്തിലെ തീയിൽ കത്തിയെരിയുക”!

യുക്തിവാദി ആയിരുന്ന ആ മനുഷ്യനെ വിറപ്പിച്ച അഞ്ചുവയസ്സുകാരി ആണ് ജെയ്ൻ ഫ്രാൻസസ് ദേ ഷന്താൾ. വിസിറ്റേഷൻ സന്യാസസഭയുടെ സ്ഥാപക. ഭാര്യ, അമ്മ, വിധവ, സന്യാസിനി, സന്യാസിനി സമൂഹത്തിന്റെ സ്ഥാപക എന്നിങ്ങനെ വിശേഷണങ്ങൾ ഒരുപാട് ഉണ്ട് ജെയ്നിന്. 1572 ജനുവരി 23ന് ആണവൾ ജനിച്ചത്, ഫ്രാൻസിലെ ഡിജോണിൽ. അവളുടെ പിതാവ് ബർഗുണ്ടി ഫ്രഞ്ച് പാർലിമെന്റിലെ പ്രസിഡന്റ്‌ ആയിരുന്നു. മൂന്ന് മക്കളിൽ രണ്ടാമത്തവൾ ആയ ജെയ്നിന് ഒന്നര വയസ്സാവുമ്പോഴേക്ക് അവളുടെ അമ്മ മരിച്ചു. എങ്കിലും പിതാവ് ക്രിസ്തീയ വിശ്വാസത്തിൽ മക്കളെ വളർത്തിക്കൊണ്ടുവന്നത് വളർത്തിക്കൊണ്ട് വന്നത് എപ്രകാരമെന്നു നമ്മൾ ഇപ്പോൾ കണ്ടല്ലോ.വിധിവൈപരീത്യങ്ങളുടെ മുന്നിൽ പകച്ചു പോയപ്പോഴും ആ വിശ്വാസം അവളെ മുന്നോട്ട് നയിച്ചു.

വിശുദ്ധ വിൻസെന്റ് ഡി പോൾ ജെയ്നിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, ” കഠിനമായ ആന്തരികപരീക്ഷണങ്ങൾ നേരിടേണ്ടി വന്നെങ്കിലും ആഴമേറിയ വിശ്വാസം അവൾക്കുണ്ടായിരുന്നു. ശാന്തത ആ മുഖത്തു നിന്ന് മാറുകയോ ദൈവം അവളിൽ നിന്ന് ആവശ്യപ്പെട്ട വിശ്വസ്തതയിൽ നിന്ന് ഒരിക്കൽ പോലും അയഞ്ഞുപോവുകയോ ഉണ്ടായിട്ടില്ല. ഭൂമിയിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിശുദ്ധിയുള്ള കുറച്ചു പേരിൽ ഒരാളായി ആണ് ഞാൻ അവളെ കരുതുന്നത്”.

നല്ലൊരു ക്രിസ്തീയവിശ്വാസിയും ഹെൻറി നാലാമൻ രാജാവിന്റെ സൈനികോദ്യോഗസ്ഥരിൽ ഒരാളുമായ ബാരോൺ ക്രിസ്റ്റഫർ ദേ ഷന്താളുമായി പ്രണയത്തിലാവുമ്പോൾ ജെയ്നിന് ഇരുപത് വയസ്സ്. ഡിസംബർ 29, 1592 ൽ അവർ വിവാഹിതരായി. ആദ്യത്തെ രണ്ട് മക്കൾ ചെറുപ്പത്തിൽ തന്നെ മരിച്ചെങ്കിലും നാല് മക്കളെ കൊടുത്ത് ദൈവം അവരെ അനുഗ്രഹിച്ചു (മൂന്ന് പെണ്ണും ഒരാണും ). ക്രിസ്റ്റഫറിന് ഡ്യൂട്ടിക്കായി കുറേനാൾ മാറിനിൽക്കേണ്ടി വന്നപ്പോൾ ജെയ്നിന് മനസിലായി അവർക്ക് കുറെ കടമുണ്ടെന്ന്. അതെല്ലാം അവളുടെ സംഘാടനമികവിൽ വീട്ടി സ്വസ്ഥമായി. പാവപ്പെട്ടവരെയും രോഗികളെയും തന്നാലാവും വിധം സഹായിക്കാൻ അവൾ മറന്നില്ല.

9 വർഷത്തെ സന്തോഷം അധികം നീണ്ടുനിന്നില്ല. കുറച്ച് അതിഥികളുടെ കൂടെ വേട്ടക്ക് പോയ ക്രിസ്റ്റഫറിനെ വസ്ത്രത്തിന്റെ നിറം കണ്ട് മാൻ ആണെന്ന് തെറ്റിദ്ധരിച്ച് അതിലൊരാൾ വെടിവെച്ചു. 9 ദിവസം ജീവന്മരണപോരാട്ടത്തിലായിരുന്ന ക്രിസ്റ്റഫർ, തനിക്ക് പറ്റിയത് അറിയാതെയുള്ള ഒരപകടമായി കരുതാനും ആരും പ്രതികാരം ചെയ്യരുതെന്നും മറ്റുള്ളവരെ നിർദ്ദേശിച്ചു. അന്ത്യകൂദാശകൾ കൈക്കൊണ്ട്, തന്റെ ആത്മാവിനെ ദൈവപിതാവിന് സമർപ്പിച്ചു. ജെയ്ൻ തന്റെ പ്രിയഭർത്താവിനെ വെടിവെച്ച ആളോട് ക്ഷമിച്ചെന്നു മാത്രമല്ല അയാളുടെ അടുത്ത കുട്ടിക്ക് തലതൊട്ടമ്മ കൂടെയായി.

നാല് മാസമെടുത്തു ജെയ്ൻ തന്റെ നഷ്ടവുമായി പൊരുത്തപ്പെടാൻ. ഡി ജോണിൽ തന്റെ പിതാവിന്റെ അടുത്താണ് അവളപ്പോൾ താമസിച്ചിരുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവിന്റെ പിതാവ് ബാരോൺ ദേ ഷന്താൾ അവരോട് അദ്ദേഹത്തിന്റെ കൂടെ ചെന്നു താമസിക്കാനും അല്ലെങ്കിൽ സ്വത്തിൽ അവകാശമൊന്നും ഉണ്ടാവില്ലെന്നും പറഞ്ഞു. അദ്ദേഹം വലിയ അഹങ്കാരിയും കാർക്കശ്യസ്വഭാവക്കാരനും ഒക്കെ ആണെങ്കിലും, സ്വത്ത്‌ മോഹിച്ചല്ലെങ്കിലും, സ്നേഹത്തിലൂടെയും സേവനത്തിലൂടെയും അദ്ദേഹത്തിന്റെ ആത്മാവിനെ ക്രിസ്തുവിന് വേണ്ടി നേടണമെന്നുറച്ച് അവൾ അവിടെപ്പോയി എല്ലാ ബുദ്ധിമുട്ടും ക്ഷമയോടെ സഹിച്ചു.

ജെനീവയിലെ ബിഷപ്പും അറിയപ്പെടുന്ന പ്രാസംഗികനുമായിരുന്ന ഫ്രാൻസിസ് ദേ സാലസ് 1604ൽ നോമ്പിന്റെ സമയത്ത് ഒരു പ്രഭാഷണപരമ്പരക്കായി ഡിജോണിലേക്ക് വന്നു. ജെയ്ൻ അദ്ദേഹത്തെ കേൾക്കാൻ ആകാംക്ഷയോടെ പിതാവിന്റെ വസതിയിലേക്ക് വന്നു.

“അദ്ദേഹത്തെ പറ്റി അറിയാൻ സാധിച്ച നിമിഷം മുതൽക്ക് തന്നെ “, ജെയ്ൻ പിന്നീട് പറഞ്ഞു, ” എന്റെ ഹൃദയത്തിന്റെ അഗാധതയിൽ നിന്ന് ഞാൻ അദ്ദേഹത്തെ വിശുദ്ധനെന്ന് വിളിച്ചു”. അവൾ പുനർവിവാഹം ചെയ്യുന്നുണ്ടോ എന്ന് ഫ്രാൻസിസ് അവളോട് ചോദിച്ചു.താൻ കന്യാവ്രതം നേർന്നുകഴിഞ്ഞു എന്ന് അവൾ പറഞ്ഞപ്പോൾ എങ്കിൽ പിന്നെ വസ്ത്രധാരണം കുറച്ചുകൂടി ലളിതമാക്കിക്കൂടെ എന്ന് വിശുദ്ധൻ ജേനിനോട് ചോദിച്ചു.

ജെയ്ൻ അവളുടെ ആത്മീയനിയന്താവായി ഫ്രാൻസിസിനെ സ്വീകരിച്ചു, തന്നെത്തന്നെ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാക്കി. ഫ്രാൻസിസ് തിരിച്ച് അവൾക്ക് താൻ നല്ലൊരു പിതാവും സുഹൃത്തുമായിരിക്കും എന്ന് വാക്ക് കൊടുത്തു, “എന്റെ മകൾ ജെയ്ൻ ഫ്രാൻസസിനെ ഈ ദിവസം മുതൽ എന്നാൽ കഴിയും പോലെ, എന്റെ ആത്മാവിനോടെന്ന പോലെ, ശ്രദ്ധയോടെയും വിശ്വസ്തതയോടെയും ദൈവസ്നേഹത്തിലും അവളുടെ ആത്മാവിന്റെ പൂർണ്ണതയിലൂടെയും നയിക്കുമെന്നും സഹായിക്കുമെന്നും സേവിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു “.

കത്തോലിക്കാസഭയിലെ രണ്ട് വിശുദ്ധരുടെ അതുല്യമായ ആത്മീയ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. അവൾ ചെയ്തുപോന്നിരുന്ന അനേകം പ്രായശ്ചിത്തപ്രവൃത്തികളും ഉപവാസവും മാറ്റിവെച്ച്, നല്ലൊരു മകളായിക്കൊണ്ടും മരുമകളായിക്കൊണ്ടും അമ്മയായിക്കൊണ്ടും ദൈവത്തെ സ്നേഹിക്കാൻ ഫ്രാൻസിസ് അവളോട് പറഞ്ഞു. ദൈവഹിതത്തോടുള്ള അവളുടെ വിധേയത്വം പലവഴിയിലൂടെയും പരീക്ഷിച്ചതിന് ശേഷം, അവളുടെ സഹകരണത്തോടെ ഒരു സന്യാസസഭ സ്ഥാപിക്കാൻ ആലോചിക്കുന്നതിനെക്കുറിച്ച് അദ്ദേഹം അവളോട് പറഞ്ഞു. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജെയ്ൻ, ഫ്രാൻസിസ് സാലസ് പിതാവിന് ഒരു പ്രചോദനം തന്നെയായിരുന്നു. അവൾക്കെഴുതിയ കത്തുകളിൽ അദ്ദേഹത്തിന്റെ ചിന്തകൾ പങ്കുവെച്ചിട്ടുണ്ട്, “സോളമൻ ജെറുസലേമിൽ കണ്ടെത്താൻ ബുദ്ധിമുട്ടിയ ധീരയായ യുവതിയെ ഞാൻ കണ്ടെത്തി ” അദ്ദേഹം പറഞ്ഞു.

ജൂൺ 6, 1610ന് ആണ് വിസിറ്റേഷൻ സഭാസമൂഹം ഫ്രാൻസിസ് ആനെസിയിൽ നൽകിയ ഭവനത്തിൽ നിലവിൽ വന്നത്. മറ്റ് സഭാസമൂഹങ്ങളിലെ നിയമങ്ങളുടെ കാർക്കശ്യം മൂലം അവിടെ അംഗമാകാൻ കഴിയാതിരിക്കുകയും എന്നാൽ തങ്ങളുടെ ജീവിതം ദൈവത്തിനായി അർപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്ന യുവതികളെയും ആരോഗ്യം കുറഞ്ഞ വിധവകളെയും ഉദ്ദേശിച്ചാണ് ഈ സഭാസമൂഹം ആരംഭിച്ചത്.

പഠിപ്പിക്കലും രോഗീശുശ്രൂഷയുമായിരുന്നു പ്രധാനമായും അതിന്റെ ലക്ഷ്യങ്ങൾ. വിജ്ഞാനത്തിന്റെയും മിതത്വത്തിന്റെയും ഒരു മിശ്രണമായിരുന്നു അവരുടെ നിയമം. “ശക്തർക്ക് എളുപ്പമുള്ളതോ ദുർബ്ബലർക്ക് കഠിനമായതോ” അല്ലായിരുന്നു അത്. കഠിനപ്രായശ്ചിത്തപ്രവൃത്തികൾക്ക് പകരം എളിമയിലും സൗമ്യതയിലും സ്നേഹത്തോടെ ദൈവത്തെ സേവിക്കാനായി സന്യാസിനികളെ ഉൽബോധിപ്പിച്ചു. ഇവർക്കായി ആണ് ഫ്രാൻസിസ് തന്റെ പ്രസിദ്ധമായ പ്രബന്ധം On the Love of God എഴുതിയത്.

ആനെസിയിലേക്ക് പോകും മുൻപ് ജെയ്ൻ വീട്ടുകാര്യമെല്ലാം ക്രമപ്പെടുത്തിയിരുന്നു. അപ്പോഴേക്കും മുതിർന്നിരുന്ന അവളുടെ മക്കളെ നല്ല കരങ്ങളിൽ ഏൽപ്പിച്ചു. എങ്കിലും വേർപാട് വേദനാജനകമായിരുന്നു. അവസാനനിമിഷത്തിൽ പോലും, കൗമാരക്കാരനായിരുന്ന അവളുടെ മകൻ വീട്ടുമുറ്റത്ത് അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു, “അമ്മ പോവുകയാണെങ്കിൽ എന്റെ മേലേക്കൂടി ചവിട്ടിക്കടന്ന് പോകേണ്ടി വരും” അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു, ജെയ്ൻ തന്റെ ദൈവവിളിയുടെ പ്രാധാന്യം കണക്കിലെടുത്ത് അവളുടെ മകനെ മറികടന്ന്, പിതാവിന്റെ കാൽക്കൽ കുനിഞ്ഞു അനുഗ്രഹം മേടിച്ച് കടന്നുപോയി. ഒരമ്മക്ക് അതെത്ര വിഷമമുള്ളതായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.

ജെയ്നിന്റെ മാതൃക അനേകം സന്യാസാർത്ഥിനികളെ സഭാസമൂഹത്തിലേക്ക് ആകർഷിച്ചു. 1622ൽ ജെയ്ൻ ഫ്രാൻസസ് മരിക്കുമ്പോൾ 19 കോൺവെന്റുകൾ ഉണ്ടായിരുന്നു. 1641 ആവുമ്പോഴേക്കും 88 സന്യാസഭവനങ്ങളിലായി 1800 സന്യാസിനികൾ ഉണ്ടായിരുന്നു.

ചില്ലറ എതിർപ്പുകളൊന്നുമായിരുന്നില്ല അവളുടെ വഴികളിൽ പ്രതിബന്ധമായി നിന്നത്.

ആവൃതിക്ക് പുറത്തുള്ള സമൂഹമായിട്ടാണ് വിസിറ്റേഷൻ സഭ തുടങ്ങിയത്. അക്കാലത്ത് നിലനിന്നിരുന്ന കീഴ്‌വഴക്കങ്ങൾക്ക് ഒരുപാട് മുന്നിലായിരുന്നു ഫ്രാൻസിസിന്റെയും ജെയ്നിന്റെയും പ്രവർത്തനങ്ങൾ. സഭാധികാരികളിൽ നിന്നും പൊതുജനത്തിൽ നിന്നും എതിർപ്പുകൾ കുറച്ചൊന്നുമായിരുന്നില്ല. എഴുവർഷത്തിന് ശേഷം, സമൂഹത്തെ ആവൃതിയുടെ നിയന്ത്രണത്തിൽ ആക്കാമെന്ന് തന്നെ അവർക്ക് സമ്മതിക്കേണ്ടി വന്നു.

വീട്ടിൽനിന്നും കുറെ സങ്കടങ്ങൾ. ഒരു മകളും പിതാവും അതിനിടയിൽ മരിച്ചു. 1627ൽ മകനും ഒരു യുദ്ധത്തിൽ മരിച്ചു. അടുത്ത വർഷം ഭയാനകമായി ഫ്രാൻസിൽ പ്ളേഗ് പടർന്നുപിടിച്ചു. ആനെസിയിൽ അതെത്തിയപ്പോൾ അവൾ പട്ടണം വിട്ടുപോകാൻ വിസമ്മതിച്ചു. രോഗികളെ ശുശ്രൂഷിക്കാൻ കോൺവെന്റുകളിലെ എല്ലാ സാധ്യതകളും അവൾ ഉപയോഗപ്പെടുത്തി.

ഇതിനെല്ലാം പുറമെ കൂനിന്മേൽ കുരുപോലെ ആത്മീയമന്ദതയിൽ, ആത്മാവിന്റെ ഇരുണ്ട രാത്രികളിലൂടെയും പ്രലോഭനങ്ങളിലൂടെയും അവൾക്ക് കടന്നുപോകേണ്ടി വന്നു. എങ്കിലും എല്ലാറ്റിനും നടുവിൽ ശാന്തതയോടെയും പുഞ്ചിരിയുള്ള മുഖത്തോടെയും അവൾ നിലകൊണ്ടു. തനിക്ക് തന്നെ മരിച്ച് ദൈവത്തിന് വേണ്ടി നിലകൊള്ളണമെന്ന് എപ്പോഴും തന്റെ ആത്മീയപുത്രിമാരോട് പറയാറുള്ളത് അവൾ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി. ” നിന്റെ ഹിതത്തിന് എതിരായി നിൽക്കുന്നതിനെ നശിപ്പിക്കണമേ, വെട്ടിക്കളയണമേ, കത്തിക്കണമേ”, തന്റെ ഹൃദയത്തെ പൂർണ്ണമായും ദൈവസ്നേഹത്തിനായി നൽകിക്കൊണ്ട് അവൾ പ്രാർത്ഥിച്ചു.

1641, ഡിസംബർ 13 ന് മൗളിൻസിലെ കോൺവെന്റിൽ വെച്ച് ജെയ്ൻ തന്റെ ആത്മാവിനെ അവളുടെ സൃഷ്ടാവിന് സമർപ്പിച്ചു. ആനെസിയിലെ കോൺവെന്റ് ചാപ്പലിൽ വിശുദ്ധ ഫ്രാൻസിസ് ദേ സാലസിനെ സംസ്കരിച്ചതിന് സമീപം അവളെയും സംസ്കരിച്ചു. 1767ൽ ആ പുണ്യാത്മാവ് അൾത്താരവണക്കത്തിലേക്കുയർത്തപ്പെട്ടു.

അവളുടെ ജീവിതാഭിലാഷം അവളുടെ ഈ വാചകങ്ങളിലുണ്ട്, ” May God’s will be done – today, tomorrow and forever – without an if or a but “

Happy Feast of St. Jane Frances De Chantal

Jilsa Joy

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment