August 28 | വിശുദ്ധ ആഗസ്തീനോസ്

അങ്ങേയറ്റം കലങ്ങിമറിഞ്ഞ മനസ്സുമായി അഗസ്റ്റിൻ തന്റെ സുഹൃത്തായ അലിപീയൂസിനോട് പറഞ്ഞു, “നമുക്ക് എന്ത് പറ്റി ? മണ്ടന്മാരായ ജനങ്ങൾ എഴുന്നേറ്റ് ബലം പ്രയോഗിച്ച് സ്വർഗ്ഗരാജ്യം പിടിച്ചടക്കുന്നു. നമ്മളാകട്ടെ ഒത്തിരി പാണ്ഡിത്യം ഉണ്ടായിട്ടും മനഃശക്തിയില്ലാതെ മാംസരക്തങ്ങളുടെ ചളിക്കുഴിയിൽ നിന്ന് കാലുപൊക്കാൻ കഴിയാതെ കുഴയുന്നു”.

ഒരു സമ്പൂർണമാനസാന്തരത്തിലേക്ക് ദൈവം അഗസ്റ്റിനെ നയിച്ചത് അനേക വർഷങ്ങളിലെ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള ഒരുക്കലിലൂടെയായിരുന്നു. ഒന്നാമത്തേത് അമ്മയായ മോനിക്കയുടെ പ്രാർത്ഥന തന്നെ. വിശ്വസിക്കാൻ പ്രേരിപ്പിച്ചു കൊണ്ടുള്ള 17 വർഷത്തെ നിരന്തരമായ പ്രാർത്ഥന!

സിസറോയുടെ കൃതിയായ ഹോർത്തെൻസിയൂസ് ചെറുപ്പത്തിൽ വായിച്ചത്, ശാരീരിക സുഖങ്ങളെക്കാൾ സത്യത്തിലാണ് സന്തോഷം കണ്ടെത്തുന്നത് എന്ന അവബോധം അഗസ്റ്റിന് നൽകി. ആ ഉൾക്കാഴ്ച അനുസരിച്ച് പ്രവർത്തിക്കാനുള്ള പ്രേരണയും ശക്തിയും ലഭിച്ചത് കുറേ വർഷങ്ങൾ കഴിഞ്ഞാണെങ്കിലും വഴിയൊരുക്കാനുള്ള വിത്ത് വിതക്കപ്പെട്ടിരുന്നു. പ്ളേറ്റോയുടെ പ്രബോധനങ്ങളിലൂടെയും സിംപ്ലിച്ചിയാനൂസ് എന്ന വൈദികനുമായുള്ള സംഭാഷണങ്ങളിലൂടെയും ചില സത്യങ്ങൾ വെളിപ്പെട്ടു കിട്ടിക്കൊണ്ടിരുന്നു. “പ്ളേറ്റോ എനിക്ക് സത്യദൈവത്തെക്കുറിച്ച് അറിവ് തന്നു, പക്ഷേ വഴി കാണിച്ചത് യേശുവാണ്” എന്നദ്ദേഹം പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.

ക്രിസ്തുമതത്താൽ ആകർഷിക്കപ്പെടുന്നുണ്ടെങ്കിലും അതിലെ ‘ഇടുങ്ങിയ വഴികളെ’, പ്രത്യേകിച്ച് ലൈംഗിക ധാർമ്മികതയുടെ വഴികളെ പിന്തുടരാൻ മടിച്ചു നിന്നു. സത്യം ബോധ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ‘അൽപ്പം കൂടി കഴിഞ്ഞ്, please’ എന്ന് ദൈവത്തോട് പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ പൊന്തിഷ്യാനൂസ് എന്ന ആഫ്രിക്കൻ സുഹൃത്തിന്റെ സന്ദർശനം, പാപത്തിന്റെ പൈശാചികബന്ധനത്തിൽ നിന്നുള്ള അഗസ്റ്റിന്റെ മോചനം പൂർണ്ണതയിൽ എത്തിക്കാനുള്ള സംഭവപരമ്പരകൾക്ക് തുടക്കം കുറിച്ചു. താൻ ജ്ഞാനസ്നാനം സ്വീകരിച്ചു ക്രൈസ്തവനായി എന്ന് പറഞ്ഞ അയാൾ, താപസനായ ഈജിപ്തിലെ അന്തോണിയുടെ മാതൃക കണ്ട് അനേകർ നവീകരണത്തിലേക്ക് വരുന്നു എന്നവരോട് പറഞ്ഞു. പന്ത്രണ്ട് വർഷമായി താൻ സ്വീകരിക്കാതെ മാറ്റിവെച്ച സത്യത്തെ അനേകർ സ്വീകരിച്ചു എന്ന് കേട്ട് അഗസ്റ്റിന് ലജ്ജ തോന്നി. ഒഴികഴിവുകളും എതിർപ്പുകളും അവസാനിച്ചു. മനസ്സാകെ പ്രക്ഷുബ്ധമായി. കരച്ചിൽ വന്നത് മൂലം അലിപിയൂസിൽ നിന്ന് അകലേക്ക്‌ മാറി പൂന്തോട്ടത്തിലേക്ക് നടന്നു.

” എന്തുകൊണ്ട് ഇപ്പോൾ പാടില്ല? ഈ മണിക്കൂറിൽ തന്നെ അശുദ്ധജീവിതത്തിന് എന്തുകൊണ്ട് വിരാമമിട്ടു കൂടാ?”

അദ്ദേഹത്തിന്റെ ‘ഏറ്റുപറച്ചിലുകൾ’ എന്ന മാസ്റ്റർപീസ് കൃതിയിൽ തുടർന്ന് ഇങ്ങനെ എഴുതിയിരിക്കുന്നു… “അതികഠിനമായ പശ്ചാത്താപത്താൽ ഹൃദയം തകർന്നു ഞാൻ കരഞ്ഞു. കണ്ണുനീർ വാർത്തു. പെട്ടെന്ന് അടുത്ത വീട്ടിൽ നിന്ന് ഒരു സ്വരം ! ഒരു പാട്ടിന്റെ പല്ലവി ! കീർത്തനം പാടുന്നത് ആണ്കുട്ടിയോ പെൺകുട്ടിയോ എന്ന് മനസ്സിലാകുന്നില്ല.

“എടുത്തു വായിക്കുക, എടുത്തു വായിക്കുക” എന്ന് ആവർത്തിച്ചു പാടിക്കൊണ്ടിരുന്നു.

പെട്ടെന്ന് എന്റെ മുഖഭാവം മാറി. ഏതെങ്കിലും കളിയിൽ ഈ ഈരടികൾ പാടാറുണ്ടായിരുന്നോ? എന്റെ ഓർമ്മകൾ പുറകോട്ടു പാഞ്ഞു. ഇല്ല, ഞാൻ ഒരിക്കലും കേട്ടിട്ടില്ല. ഞാൻ കിടന്നിടത്തു നിന്ന് എണീറ്റു. ഇത് ദൈവത്തിന്റെ കൽപ്പന തന്നെയാണെന്ന് ഞാൻ തീരുമാനിച്ചു. അടുത്ത് കിടന്ന പുസ്തകം തുറന്നു നോക്കി. അപ്പസ്തോലന്റെ ലേഖനപുസ്തകം ഞാൻ എടുത്ത് ആർത്തിയോടെ മറിച്ചു് നോക്കി. ഞാൻ ആദ്യമേ കണ്ടത് താഴെ പറയുന്ന വാക്യമാണ്:

“രാത്രി കഴിയാറായി, പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, നമുക്ക് അന്ധകാരത്തിന്റെ പ്രവർത്തികൾ പരിത്യജിച്ച്, പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ, മദ്യലഹരിയിലോ, അവിഹിതവേഴ്ചയിലോ, വിഷയാസക്തിയിലോ, കലഹങ്ങളിലോ നിങ്ങൾ വ്യാപരിക്കരുത്. പ്രത്യുത, കർത്താവായ ക്രിസ്തുവിനെ ധരിക്കുവിൻ” (റോമ 13:12-14)

കൂടുതലൊന്നും ഞാൻ വായിച്ചില്ല. കൂടുതൽ എനിക്ക് ആവശ്യമായിരുന്നുമില്ല. വായിച്ചുതീർന്ന മാത്രയിൽ പ്രശാന്തമായ ഒരു വെളിച്ചം എന്റെ ഹൃദയത്തിൽ വ്യാപിച്ചു. സംശയത്തിന്റെ കരിനിഴലെല്ലാം ഓടിയൊളിച്ചു”

അനേകവർഷങ്ങൾ ഒരമ്മയുടെ തൂവാല കണ്ണുനീരിൽ കുതിർന്നിരുന്നു. ഓരോ പ്രാർത്ഥനകളും നെടുവീർപ്പോടെ ദൈവസന്നിധിയിലേക്കു ഉയർന്നിരുന്നു. പക്ഷെ കണ്ണുനീരിന്റെ പുത്രൻ നശിച്ചു പോകാൻ ദൈവം അനുവദിക്കില്ലെന്ന ബിഷപ്പിന്റെ പ്രവചനം അന്വർത്ഥമാക്കിക്കൊണ്ട്, തന്റെ എതിർപ്പുകളും പോരാട്ടങ്ങളും നിർത്തിവെച്ച്, അഗസ്റ്റിൻ മാനസാന്തരപ്പെട്ടു. പാപത്തിലൂടെ ഒരു 16 വയസ്സുള്ള പുത്രൻ പോലും അപ്പോൾ ഉണ്ടായിരുന്ന അഗസ്റ്റിൻ പിന്നീടൊരിക്കലും പഴയ വഴികളിലേക്ക് തിരിച്ചു പോയില്ല. ഏതു പാപിക്കും പ്രത്യാശക്കു വകയുണ്ടെന്നു ഉച്ചത്തിൽ വിളിച്ചു പറയും വിധം അഗസ്റ്റിൻ ഒരു വിശുദ്ധനായി. വിശുദ്ധ അംബ്രോസിൽ നിന്ന് ഒരു ഈസ്റ്റർ രാവിൽ തന്റെ സുഹൃത്തിനും തന്റെ മകനുമൊപ്പം ക്രിസ്തുമതം സ്വീകരിച്ചു.

ബിഷപ്പ്, വേദപാരംഗതൻ, സഭാപിതാവ്, തത്വചിന്തകൻ, ദൈവശാസ്ത്രജ്ഞൻ, പ്രാസംഗികൻ, അദ്ദേഹത്തെപറ്റി പഠിച്ചിട്ടുള്ള പണ്ഡിതന്മാർക്ക് പോലും വായിച്ചു കഴിക്കാൻ പറ്റാത്തത്രയും എഴുതിയ എഴുത്തുകാരൻ, താർക്കികൻ, മിസ്റ്റിക്, കവി, സംഗീതജ്ഞൻ, കലാകാരൻ, പാസ്റ്റർ, സന്യാസി… എല്ലാം ഒറ്റ ഒരാൾ. അഗസ്റ്റിൻ!

നവംബർ 387ൽ അമ്മയുടെ മരണത്തിനു ശേഷം ഇറ്റലി വിട്ട് തഗാസ്തേയിലേക്ക് പോയി. മൂന്ന് വർഷം ഉപവാസത്തിലും പ്രാർത്ഥനയിലും മറ്റുള്ളവരെ സംവാദത്താലും പുസ്തകത്താലും ഉപദേശിച്ചുകൊണ്ടും കഴിഞ്ഞുകൂടി. 391ൽ വൈദികനായി, 395മുതൽ 430 വരെ ഹിപ്പോയിലെ ബിഷപ്പായി. പള്ളിയോടു ചേർന്ന് ഒരു ആശ്രമമുണ്ടാക്കി അവിടെ കഴിഞ്ഞു. ഒരു പനി ബാധിച്ച് 430, ഓഗസ്റ്റ് 28 ൽ ശാന്തമായി തന്റെ ആത്മാവിനെ ദൈവസന്നിധിയിൽ സമർപ്പിച്ചു.

പടിഞ്ഞാറൻ ചിന്താസരണിയുടെ മഹാനായ ശിൽപ്പികളിൽ ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റിൻ. മണിക്കേയിസം, ഡൊണാറ്റിസം, പെലാജിയനിസം തുടങ്ങിയ പാഷാണ്ഡതയിൽ നിന്ന് സഭയെ ആവേശത്തോടെ പ്രതിരോധിച്ചു. തിന്മക്ക് മേൽ ദൈവകൃപയുടെ വിജയത്തിന് മനോഹര ഉദാഹരണമായ അഗസ്റ്റിൻ ‘കൃപയുടെ വേദപാരംഗതൻ’ എന്നും ദൈവശാസ്ത്രജ്ഞരുടെ മധ്യസ്ഥൻ എന്നും വിളിക്കപ്പെട്ടു.

“ഓ നാഥാ, ഈ ജീവിതത്തിൽ എന്റെയുള്ളിൽ ജ്വലിച്ചു നിന്ന്, അങ്ങേക്കിഷ്ടപ്പെട്ട വിധം എന്നെ വെട്ടിശരിപ്പെടുത്തുക. നിത്യത്വത്തിൽ എന്നെ തുണക്കുകയും എന്നോട് ക്ഷമിക്കുകയും ചെയ്യുമെങ്കിൽ, ഇവിടെ എന്നോട് കരുണ കാട്ടേണ്ട”.

“ദൈവമേ അങ്ങ് ഞങ്ങളെ അങ്ങേക്കായി സൃഷ്ടിച്ചു. അങ്ങയിൽ വിലയം പ്രാപിക്കുന്നത് വരെ ഞങ്ങളുടെ ആത്മാവ് അസ്വസ്ഥമാകുന്നു.”

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment