“നഗരത്തിൽ നിന്ന് ഓടി രക്ഷപ്പെടുമ്പോൾ എനിക്കത് ദൌര്‍ഭാഗ്യമാണെന്ന് തോന്നിയില്ല. എന്റെ ഹൃദയം അവാച്യമായ സാന്ത്വനത്താൽ കവിഞ്ഞൊഴുകുകയായിരുന്നു. ചക്രവർത്തിനി എന്നെ ഭ്രഷ്ടനാക്കുന്നെങ്കിൽ ഞാൻ കരുതും ഭൂമിയും അതുൾക്കൊള്ളുന്ന സകലതും കർത്താവിന്റെയാണെന്ന്. അവർ എന്നെ കടലിലെറിയുകയാണെങ്കിൽ ഞാൻ യോനായെപ്പോലെ കർത്താവിനെ വിളിച്ചപേക്ഷിക്കും. അവർ എന്നെ കല്ലെറിയാൻ കല്പിച്ചാൽ ഞാൻ വിശുദ്ധ സ്റ്റീഫൻറെ കൂട്ടാളിയാകും. അവർ എന്റെ ശിരസ്സ് ഛേദിക്കാൻ തീരുമാനിച്ചാൽ ഞാൻ വിശുദ്ധ സ്നാപകയോഹന്നാന്റെ മഹത്വം സ്വീകരിക്കും, എനിക്കുള്ളതെല്ലാം അവർ അപഹരിച്ചാൽ ഞാൻ ചിന്തിക്കും, ഞാൻ നഗ്നനായി ഭൂമിയുടെ അന്തരാളങ്ങളിൽ നിന്ന് വന്നു, അങ്ങനെ തന്നെ അവിടേക്ക് മടങ്ങുകയും ചെയ്യും “…വിശുദ്ധ ജോൺ ക്രിസോസ്റ്റമിനെ കോൺസ്റ്റാന്റിനോപ്പിൾ ചക്രവർത്തിനിയായിരുന്ന യുഡക്‌സിയാ നാടുകടത്തിയപ്പോൾ അദ്ദേഹം എഴുതിയതാണിത്.
പൗരസ്ത്യസഭയിലെ നാല് മഹാപിതാക്കന്മാരിൽ ഒരാളായ ജോൺ ക്രിസോസ്റ്റം ആരാധനാക്രമപരിഷ്കർത്താക്കളിൽ ഒരാളാണ്. സുവിശേഷപ്രഘോഷകരുടെ മധ്യസ്ഥനായ ഈ വിശുദ്ധൻ സഭയുടെ അംഗീകരിക്കപ്പെട്ട ചിന്തകനും വേദപാരംഗതനും മികച്ച ഗ്രന്ഥകാരനും തികഞ്ഞ വാഗ്മിയുമായി വണങ്ങപ്പെടുന്നു.
പരിശുദ്ധകുർബ്ബാനയുടെ മൂല്യത്തെക്കുറിച്ച് നല്ല ഗ്രാഹ്യമുണ്ടായിരുന്ന വിശുദ്ധൻ അവർണ്ണനീയമായ ആ ദാനത്തെക്കുറിച്ച് മനുഷ്യരെ ഉദ്ബോധിപ്പിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു…
“കർത്താവിന്റെ പുരോഹിതരേ, മറ്റ് മനുഷ്യരുടെ എല്ലാവിധ മാഹാത്മ്യങ്ങളും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മഹത്വവുമായി താരതമ്യം ചെയുമ്പോൾ ഒന്നുമല്ലാതായിതീരുന്നു. നിങ്ങൾ മനുഷ്യർക്കിടയിലാണ് പൗരോഹിത്യം നിർവ്വഹിക്കുന്നതെന്നത് സത്യം തന്നെ, എന്നാൽ അത് സ്വർഗ്ഗീയ അധികാരശ്രേണിയിലുള്ളതാണ്. പരിശുദ്ധാത്മാവാണ് നിങ്ങൾ പരികർമ്മം ചെയ്യുന്ന രഹസ്യങ്ങളുടെ പ്രാണേതാവ്. നിങ്ങൾ ഏലിയാ പ്രവാചകരെക്കാൾ ഉന്നതരാണ്. നിങ്ങളുടെ കൈകളിൽ അഗ്നിയല്ല, വിശ്വാസികളിലേക്ക് കൃപ ചൊരിയുന്ന പരിശുദ്ധാത്മാവായ ദൈവമാണ് വസിക്കുന്നത്”…
“വൈദികൻ ക്രിസ്തുവിന്റെ പ്രതിപുരുഷൻ മാത്രം. ബലിവസ്തുക്കളെ വാഴ്ത്തുന്നതും രൂപാന്തരപ്പെടുത്തുന്നതും അന്ത്യഅത്താഴവേളയിൽ അപ്പത്തെ അവിടുത്തെ ശരീരമാക്കി മാറ്റിയ യേശുക്രിസ്തു തന്നെയാണ്. അവിടുന്ന് അത് ഇന്നും തുടരുന്നു. അതുകൊണ്ട്, അല്ലയോ ക്രിസ്ത്യാനീ, നീ അൾത്താരയിൽ ഒരു വൈദികനെ കാണുമ്പോൾ അത് മർത്യദൃഷ്ടിക്ക് അഗോചരമായിരിക്കുന്ന ക്രിസ്തുവിന്റെ തിരുക്കരം തന്നെയാണ് എന്ന വസ്തുത മനസ്സിലാക്കികൊള്ളുക”…
“ക്രിസ്തു പുരോഹിതനും ബലിവസ്തുവുമായിരുന്നു ; ഇപ്പോഴും ആണ്. ആത്മനാ അവിടുന്ന് പുരോഹിതനും ശരീരത്തിൽ ബലിവസ്തുവുമാണ്. അങ്ങനെ അവിടുന്ന് ഒരേസമയം യാഗവും യാഗവസ്തുവുമായിരിക്കുന്നു”…
” അല്ലയോ മനുഷ്യാ ദിവ്യബലിയുടെ സമയത്ത് നിന്റെ കൂടെ ആരൊക്കെയാണുള്ളതെന്ന് മറക്കാതിരിക്കുക. കെരൂബുകളുടെയും സെറാഫുകളുടെയും മറ്റ് ഉന്നതദൂതന്മാരുടെയും ഇടയിലാണ് നീ നിൽക്കുന്നത്”…
പരിശുദ്ധകുർബ്ബാനക്ക് ശേഷമുള്ള കൃതജ്ഞതാപ്രകാശനം പ്രധാനപ്പെട്ടതാണെന്ന് വിശുദ്ധൻ ഓർമ്മപ്പെടുത്തുന്നു. ദൈവം അർഹിക്കുന്നതുപോലെ നമുക്ക് നൽകാൻ സാധിച്ചില്ലെങ്കിലും നമുക്ക് കഴിയുന്ന പോലെയെങ്കിലും നന്ദി പറയണമെന്ന് ഓർമ്മിപ്പിക്കുന്നു. അതുപോലെ, പരിശുദ്ധകുർബ്ബാനയിൽ വിശുദ്ധരുടെ പേര് പറയുമ്പോൾ അവരുടെ സന്തോഷം വർദ്ധിക്കുകയും ദിവ്യബലി അവർക്ക് കൂടുതൽ ആനന്ദകരമാവുകയും ചെയ്യുന്നുണ്ട്.
വിശുദ്ധ കുർബ്ബാനയെ ഏറെ സ്നേഹിച്ചിരുന്ന വിശുദ്ധ ജോൺ ക്രിസോസ്റ്റമിന്റെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ് ![]()



Leave a comment