October 1 | വിശുദ്ധ കൊച്ചു ത്രേസ്സ്യ

തൻറെ ആത്മകഥയിൽ വിശുദ്ധ കൊച്ചു ത്രേസ്സ്യ എഴുതിയ വാക്കുകളാണ്. എന്താണീ മധുരമുള്ള ഓർമ്മയെന്നോ? ക്ഷയരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്ന അവൾ , ഒരു ദുഃഖവെള്ളിയാഴ്ച തൻറെ വായിലൂടെ വന്ന രക്തം ഹാൻഡ് കർച്ചീഫിൽ നിറഞ്ഞിരിക്കുന്നത് കണ്ട് സന്തോഷിച്ചതിന്റെ ഓർമ്മ പങ്കുവെച്ചതാണ്. ഈശോയോടൊപ്പം നിത്യസൗഭാഗ്യത്തിൽ പെട്ടെന്ന് ചേരാമെന്നുള്ള സന്തോഷമാണ് കൊച്ചുത്രേസ്സ്യക്ക് അത് കണ്ടപ്പോൾ തോന്നിയത്.

പ്രാണപ്രിയനായ ഈശോനാഥൻ തന്റെ മരണവാർഷികത്തിൽ ( ഗുഡ് friday), അവന്റെ രാജ്യത്തേക്ക് കൊച്ചുത്രേസ്സ്യയെ ക്ഷണിക്കുന്നതായി, തന്റെ മണവാട്ടിയെ കൊണ്ടുപോകാനുള്ള അവന്റെ രാജകീയ വരവിന്റെ മുന്നോടിയായി ഒക്കെ അവളതിനെ കണ്ടു. ചുമച്ചു ചുമച്ചു ചോരതുപ്പിയപ്പോൾ ഒരു വിശുദ്ധക്കുണ്ടായ ആനന്ദമാണ് നമ്മൾ കണ്ടത്. സഹനത്തിന്റെയും ശൂന്യവൽക്കരണത്തിന്റെയും കാസ സന്തോഷത്തോടെ മട്ടു വരെ നുണഞ്ഞിറക്കി എണ്ണമറ്റ ആത്മാക്കളെ ഈശോക്കായി നേടുമ്പോഴും അവളുടെ കാഴ്ചപ്പാടുകളും കുറുക്കുവഴികളും ലോകത്തിന്റെ വഴികളോട് ചേരുന്നതായിരുന്നില്ല.

കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾ

തന്നെത്തന്നെ പരിത്യജിച്ചുകൊണ്ട് അനുദിനം ഈശോയെ എങ്ങനെ പിഞ്ചെല്ലാം എന്നതിന് ആധുനികതലമുറക്ക് ഒരു പാഠപുസ്തകമാണ് ചെറുപുഷ്പത്തിന്റെ ജീവിതം. എന്തിലും ദൈവേഷ്ടം അന്വേഷിക്കുക, നമ്മുടെ കഴിവിൽ ആശ്രയിക്കാതെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഈശോക്ക് നമ്മെ ഭരമേല്പിക്കുക…ഇത്ര സിമ്പിൾ അല്ലേ എളിമയും വിശുദ്ധിയുമെല്ലാം.പക്ഷേ പ്രവൃത്തിയിൽ അത്ര സിമ്പിൾ അല്ലെന്ന് മാത്രം. ഓരോ മാത്രയിലും സ്വന്തം ഇഷ്ടത്തോട് മരിക്കുക തീരെ എളുപ്പമല്ല.

കാത്തു കാത്തിരുന്ന് കൊച്ചുത്രേസ്സ്യക്ക് പതിനഞ്ചാം വയസ്സിൽ കർമ്മലമഠത്തിൽ ചേരാൻ അനുവാദം കിട്ടി. നേരായ വഴിയിലൂടെ അതിലെത്താൻ കുറെ കാത്തിരിക്കണമെന്ന് വന്നപ്പോൾ അതിനായി അവളെടുത്ത ആ ‘കുറുക്കുവഴിയും’ സാഹസവും നമുക്കറിയാം. പോപ്പിന്റെ അടുത്തുചെന്നിട്ടായാലും താൻ വിചാരിച്ചത് നേടിയെടുക്കുമെന്നുള്ള നിശ്ചയദാർഢ്യം. അനുവാദം കിട്ടിക്കഴിഞ്ഞും മൂന്ന് മാസം അവൾ കാത്തിരിക്കേണ്ടി വന്നു.

മദർ തെരേസ ലോറേറ്റോമഠത്തിന് പുറത്തുപോകാൻ തീരുമാനമെടുത്തെങ്കിലും സന്യാസസഭയുടെയും വത്തിക്കാന്റെയും അനുവാദം ലഭിക്കാൻ പിന്നെയും കുറെ മാസങ്ങൾ കാത്തിരിക്കേണ്ടി വന്ന പോലെ. ആവിലായിലെ അമ്മത്രേസ്സ്യക്കും മഠങ്ങൾ സ്ഥാപിക്കാനുള്ള അനുവാദത്തിന് ക്ഷമയോടെ പലതും സഹിക്കേണ്ടി വന്ന പോലെ. ഈ തെരേസമാരെയെല്ലാം വിളിച്ചത് യേശുവാണ്. പക്ഷേ മനുഷ്യരുടെ അനുവാദത്തിനായി അവരെ കാത്തുനിൽക്കാൻ പ്രേരിപ്പിച്ചതിന് പിന്നിലും അവന് ഉദ്ദേശങ്ങളുണ്ട്. ക്ഷമ, കാത്തിരിപ്പ് , അനുസരണം..ഇതെല്ലാം പഠിപ്പിക്കാൻ…തന്റെ മക്കൾക്കായുള്ള ശിക്ഷണം.

ദൈവേഷ്ടം നടക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അത്‌ താൻ ഉദ്ദേശിക്കുന്ന രീതിയിലും സമയത്തും നടക്കണമെന്നുള്ള കൊച്ചുത്രേസ്സ്യയുടെ നിർബന്ധബുദ്ധിയെ കീഴടക്കാൻ സഹായിക്കുന്നതിനുള്ള മാർഗ്ഗമായി ഈശോ ആ കാത്തിരിപ്പ് ഉപയോഗിച്ചു.

മഠത്തിൽ പോകുന്നതിന് ഇനിയും മൂന്നുമാസം ഉള്ള സ്ഥിതിക്ക് അൽപ്പം ‘അടിപൊളി” ജീവിതം നയിച്ചാലോ എന്നവൾ ആദ്യം ചിന്തിച്ചു. എന്നുവെച്ചാൽ, അനുമതി പെട്ടെന്ന് കിട്ടാനായി അനേകം ത്യാഗപ്രവൃത്തികൾ അവൾ ചെയ്തുപോന്നിരുന്നു. ഇനിയുള്ള മൂന്ന് മാസം ഈ ലോകത്തിന്റേതായ, തിന്നുകുടിച്ചു ആനന്ദിക്കൽ പോലുള്ള, സുഖജീവിതം കുറച്ചു ആസ്വദിച്ചിട്ടു പോരേ കർശനചിട്ടകളുള്ള മഠത്തിലേക്കുള്ള പോക്ക് എന്ന്.

“ഞാൻ പതിവായി ചെയ്തുപോന്നിരുന്ന ചിട്ടയായ ജീവിതം നയിക്കേണ്ടതില്ലെന്നുള്ള ചിന്ത ആദ്യം എന്റെ മനസ്സിലുണ്ടായി. പക്ഷേ എനിക്ക് നല്കപ്പെട്ട സമയത്തിന്റെ മൂല്യം ഞാൻ പെട്ടെന്ന് മനസ്സിലാക്കി. പൂർവ്വാധികം ഗൗരവപൂർണ്ണവും പരിത്യാഗപൂർണ്ണവുമായ ഒരു ജീവിതം നയിക്കാൻ ഞാൻ പ്രതിജ്ഞ ചെയ്തു”

സ്വഭാവികമായ നമ്മുടെ ഇച്ഛകളെ വേണ്ടെന്ന് വെച്ച് അതിനെ മറികടക്കാൻ ശ്രമിക്കുന്നതിലാണ് വിശുദ്ധരുടെ വിജയവും നമ്മൾ തട്ടിവീഴുന്ന പടിയും.

“എന്റെ പരിത്യാഗങ്ങളെല്ലാം എന്റെ ഇച്ഛാശക്തിയെ ഭേദിക്കുന്നതിൽ അടങ്ങിയിരുന്നു. എപ്പോഴും അതിനെ മറ്റുള്ളവരിൽ ആരോപിക്കാൻ സന്നദ്ധയായിക്കൊണ്ട് ; ഒരു മറുപടി പറയാനുള്ള ഉദ്യമത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ; യാതൊരു അംഗീകാരവുമില്ലാത്ത ചെറിയ സേവനങ്ങൾ ചെയ്തുകൊണ്ട് ; ഇരിക്കുമ്പോൾ ചാരിയിരിക്കാതെ..എന്നിങ്ങനെയെല്ലാം. ഏറ്റവും

നിസ്സാരമായ ഈ അഭ്യാസങ്ങളിലൂടെയാണ് ഞാൻ യേശുവിന്റെ പ്രതിശ്രുതവധുവായി തീർന്നത്”.

നിസ്സാരമെന്നു അവൾ പറയുമെങ്കിലും ഇതൊന്നും ഒട്ടും നിസ്സാരങ്ങളല്ല. തന്റെ മുറിയിലെ വിളക്ക് ആരോ അടിച്ചുമാറ്റി കൊണ്ടുപോയപ്പോൾ, മനോഹരമായ അവളുടെ ചെറിയ ജഗ്ഗ്‌ മാറ്റി മുഴുവൻ അടർന്നിരുന്ന വലിയ ജഗ്ഗ്‌ ആരോ പകരം വെച്ചപ്പോൾ, ആരോ പൊട്ടിച്ച പാത്രത്തിന് അവൾ ചീത്ത കേട്ടപ്പോൾ, തുണിയലക്കിയ വെള്ളം ശരീരത്തിലേക്ക് ഒഴിക്കപ്പെട്ടപ്പോൾ, പ്രാർത്ഥനാസമയത്ത് ഒരു സഹോദരി ശബ്ദ മുണ്ടാക്കികൊണ്ടിരിക്കുമ്പോൾ തോന്നിയ അസ്വസ്ഥത.. അങ്ങനെ നിരവധിയായ അവസരങ്ങൾ അവൾ പാഴാക്കാതെ വിശുദ്ധിയിലേക്കുള്ള ചവിട്ടുപടിയാക്കി.

” അതേ എന്റെ പ്രിയനേ, ഇങ്ങനെയാണ് എന്റെ ജീവിതം പൂർണ്ണമായി ചിലവഴിക്കാൻ പോകുന്നത്. പൂക്കൾ വിതറുകയെന്നല്ലാതെ നിന്നോടുള്ള എന്റെ സ്നേഹം തെളിയിക്കാൻ എനിക്ക് മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല. അതായത് ഒരു ചെറിയ പരിത്യാഗമോ ഒരു നോട്ടമോ വാക്കോ ഒഴിവാക്കാതിരിക്കുക. ഏറ്റവും ചെറിയ കാര്യങ്ങളും പ്രയോജനപ്പെടുത്തുക, അവയെല്ലാം സ്നേഹത്തിലൂടെ ചെയ്യുക”.

” എല്ലാ കാര്യത്തിലും എന്നെ അസന്തുഷ്ടയാക്കാൻ കഴിവുള്ള ഒരു ബഹുമാനപ്പെട്ട സഹോദരി സമൂഹത്തിലുണ്ട്. അവളുടെ പെരുമാറ്റരീതിയും വാക്കുകളും സ്വഭാവങ്ങളും എല്ലാം എനിക്ക് വളരെ അനിഷ്ടകരമായി തോന്നി.എന്നാലും അവൾ വിശുദ്ധയായ ഒരു സന്യാസിനിയാണ്. ദൈവത്തിന് അവൾ വളരെ പ്രിയപ്പെട്ടവളായിരിക്കണം. ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന സ്വാഭാവികവെറുപ്പിന് വിധേയയാകാൻ ഞാൻ ഇഷ്ടപ്പെട്ടില്ല”

വിശുദ്ധ കൊച്ചുത്രേസ്സ്യ ആ സഹോദരിക്ക് വേണ്ടി തീക്ഷ്‌ണമായി പ്രാർത്ഥിക്കാൻ തുടങ്ങി.അവളെ സൃഷ്ടിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞു. ചെറിയ ചെറിയ സേവനങ്ങൾ അവൾക്കായി ചെയ്തു. കാണുമ്പോഴൊക്കെ പുഞ്ചിരിച്ചു. പതിയെ പതിയെ പരസ്നേഹഅഭ്യസനം അവൾക്ക് എളുപ്പമായി തീർന്നു.

രോഗത്തിന്റെ തീവ്രവേദന ചിലപ്പോൾ സഹിക്കാവുന്നതിലപ്പുറമായിരുന്നു. ജീവിതത്തിന്റെ അവസാന കാലങ്ങളിൽ ശ്വാസകോശത്തിന്റെ പകുതി ഭാഗമേ പ്രവർത്തിച്ചിരുന്നുള്ളു. മിക്കപ്പോഴും രക്തം തുപ്പിക്കൊണ്ടിരുന്നു. പാർശ്വവും ശിരസ്സും വേദനിച്ചും കുടിച്ചിരുന്ന പാൽ ഛർദിച്ചുപോയികൊണ്ടുമിരുന്നു. ജീവിക്കണമെന്നോ മരിക്കണമെന്നോ അവൾ കൂടുതൽ ആഗ്രഹിച്ചില്ല.ദൈവം എന്താഗ്രഹിക്കുന്നോ അതിനവൾ സന്നദ്ധയായിരുന്നു.

രക്തം ഛർദിച്ചു കൊണ്ടിരിക്കെ ഏറെ പ്രസന്നവദനയായി കാണപ്പെട്ട അവളോട് മഠാധിപ ചോദിച്ചു. ” നീ ഇവിടെ എന്തെടുക്കുകയാണ്”? അവള്‍ പറഞ്ഞ മറുപടി ഇതായിരുന്നു , “ഞാൻ ആത്മാക്കളെ നേടുകയാണ്”. വേറൊരവസരത്തിൽ ഏറ്റം ക്ഷീണിതയായി മരണത്തോട് അടുത്ത ദിനങ്ങളിൽ കൊച്ചുത്രേസ്സ്യ ധരിച്ചിരുന്ന ഉടുപ്പിലെ ഒരു പിന്ന് അവളുടെ ശരീരത്തിൽ കുത്തിക്കയറി മുറിവുണ്ടായി. സ്വന്തമായി പുതപ്പു മാറ്റി അത് ശരിയാക്കാൻ അവൾക്കു കഴിയുമായിരുന്നില്ല. വൈകുന്നെരം പൗളിൻ ചേച്ചി വന്നപ്പോൾ ഇക്കാര്യം അവൾ പറഞ്ഞു, “ചേച്ചി, എന്റെ ശരീരത്തിൽ ഒരു പിന്ന് കുത്തിക്കയറുന്നു .അതൊന്നു എടുത്തു ശരിയാക്കി കുത്താമോ?”

പൗളിൻ തൻറെ അനുജത്തിയെ ശകാരിച്ചു. “രാവിലെ ഞാൻ വന്നപ്പോൾ എന്തുകൊണ്ട് നീ ഇക്കാര്യം എന്നോട് പറഞ്ഞില്ല ?മദർ നിന്നെ കാണാൻ വന്നപ്പോഴും നീ എന്തെ പറയാതിരുന്നു?”അതിനു ചെറുപുഷ്പം നൽകിയ

മറുപടി ഇങ്ങനെ, “എന്റെ ചേച്ചി, ഇന്ന് വൈകുന്നെരം വൈദികൻ ദിവ്യകാരുണ്യം എനിക്കെത്തിച്ചു തരും. ഈശോ എന്റെ ഹൃദയത്തിൽ വരുമ്പോൾ ഈശോക്ക് കൊടുക്കാൻ ഞാനും ഒരു സമ്മാനം കരുതിവെക്കണ്ടെ”?” പ്രേഷിതതീക്ഷ്ണതയാൽ ജ്വലിച്ച വിശുദ്ധയുടെ ഓരോ നിസ്വനം പോലും ഈശോക്കുള്ള സമ്മാനമായി മാറി.

ഭൗമികയല്ലാത്ത ഒരു അമാനുഷിക വ്യക്തിയൊന്നുമായിരുന്നില്ല, ഇടക്കെങ്കിലും മാനുഷിക വാത്സല്യം ആഗ്രഹിക്കുന്ന ഒരു സാധാരണ നിഷ്കളങ്കപെൺകുട്ടിയായിരുന്നു അവൾ. ഒരു എക്ലയർ ചോക്ലേറ്റ് കൊതിയോടെ ചോദിച്ചതും തന്റെ സഹോദരിയോട് ‘ ഒത്തിരി ഒച്ച വെച്ചുള്ള ഒരു ചുംബനം’ ചോദിച്ചതും അതുകൊണ്ടാണ്.

” കൊച്ചുസഹോദരിമാരെ, രോഗികളും മരണാസന്നരായവർക്കും വേണ്ടി പ്രാർത്ഥിക്കുവിൻ. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ? ആത്മനിയന്ത്രണം നഷ്ടപ്പെടാൻ എത്ര എളുപ്പമാണ്. മുൻപ് എനിക്കിത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. എന്റെ കൊച്ചുജീവിതം സഹിക്കാനുള്ളതാണ്. അത്ര തന്നെ.”

അവൾ തന്റെ കഠിനവേദന പ്രാർത്ഥനയാക്കി. സഭയുടെയും ആത്മാക്കളുടെയും നന്മക്കായി അത്‌ സമർപ്പിച്ചു.” എനിക്കുള്ളതെല്ലാം, ഞാൻ നേടിയതെല്ലാം സഭയുടെയും ആത്മാക്കളുടെയും നന്മക്കായാണ്”.

” ഞാൻ സ്നേഹിക്കുന്നവർക്ക് വേണ്ടി ചെറിയ ഉപകാരങ്ങൾ ചെയ്യാൻ കഴിയുകയില്ലെങ്കിൽ സ്വർഗ്ഗത്തിൽ ഞാൻ എത്ര അസന്തുഷ്ടയായിരിക്കും. ഞാൻ തിരിച്ചുവരും..താഴേക്ക് വരും..എന്റെ ദൗത്യം, ഞാൻ ദൈവത്തെ സ്നേഹിച്ചതുപോലെ മറ്റുള്ളവർ അവിടുത്തെ സ്നേഹിക്കാൻ പ്രേരിപ്പിക്കുക എന്ന ദൗത്യം, തുടങ്ങാറായെന്ന് ഞാൻ കരുതുന്നു. ദൈവം എന്റെ അപേക്ഷകൾ അനുവദിച്ചു തന്നാൽ ലോകാവസാനം വരെ എന്റെ സ്വർഗ്ഗം ഞാൻ ഭൂമിയിൽ ചിലവഴിക്കും. അതേ, ഭൂമിയിൽ നന്മ ചെയ്യുന്നതിന് വേണ്ടി എന്റെ സ്വർഗ്ഗം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”

രോഗാവസ്ഥയിലായിരുന്ന തന്നെ ശുശ്രൂഷിച്ചിരുന്ന സഹോദരിമാരോടായി വിശുദ്ധ കൊച്ചുത്രേസ്സ്യ പറഞ്ഞു, ” എന്റെ കുഞ്ഞു സഹോദരിമാരെ, നിങ്ങൾ ഒരു കുഞ്ഞു പുണ്യവതിയെയാണ് ശുശ്രൂഷിച്ചിക്കുന്നതെന്ന് അറിഞ്ഞുകൊള്ളുവിൻ. നല്ല ദൈവത്തിന്റെ കരങ്ങളിലേക്കാണ് ഞാൻ വീഴുന്നത്. ഞാൻ മരിക്കുകയല്ല, ആയുസ്സിലേക്ക് പ്രവേശിക്കുകയാണ്”.

ഇത്രയും വ്യക്തമായി അവൾ പ്രവചിച്ചിട്ടു പോലും അവളുടെ മരണക്കുറിപ്പിലെന്തെഴുതുമെന്നറിയാതെ കർമ്മല സഹോദരിമാർ വിഷമിച്ചു. സഭയുടെ വേദപാരംഗതയായി ഉയർത്തപ്പെടാൻ പോകുന്നവളാണെന്നോ, മഠത്തിന്റെ നാലുചുവരുകൾക്കുള്ളിൽ സഹിച്ചു മരിച്ച ആ സ്നേഹഭ്രാന്തി ലോകം മുഴുവന്റെയും മിഷൻ മധ്യസ്ഥ ആവാൻ പോവുന്ന പുണ്യവതി ആണെന്നോ ഒന്നുമവരറിഞ്ഞില്ല.കുറുക്കുവഴികളിലൂടെ ഈശോയുടെ ഹൃദയം കീഴടക്കിയ ആ കുട്ടിവിശുദ്ധയിൽ അസാധാരണത്വമുള്ള ഒന്നും അവർക്ക് കണ്ടെത്താൻ പറ്റിയില്ല. അവൾ അതിനിടകൊടുത്തില്ലെന്നു പറയുന്നതാവും ശരി.

മരിക്കുന്നതിന് തലേ ദിവസം… “എനിക്ക് പൂർണ്ണമായി ശ്വാസം മുട്ടാൻ പോകുന്നത് എപ്പോഴാണ്? എനിക്ക് ഒട്ടും സഹിക്കാനാകുന്നില്ല. ഓ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.യേശുവേ, പരിശുദ്ധമറിയമേ, ഞാനത് ആഗ്രഹിക്കുന്നു”.

1897 സെപ്റ്റംബർ 30 ന് മരിക്കുന്നതിന് കുറച്ചു മുൻപ് അവളുടെ ആത്മാവിലെ ഇരുട്ടും വിശ്വാസത്തെ സംബന്ധിച്ച പരീക്ഷകളും മറഞ്ഞു കുറഞ്ഞു ശാന്തി കൈവന്നു.അവൾ ദീർഘനിശ്വാസത്തോടെ പറഞ്ഞു, “അമ്മേ, ഇത് മരണവേദനയല്ലേ? ഞാൻ മരിക്കാൻ പോവുകയല്ലേ?” “അതേ പാവം കുഞ്ഞേ, പക്ഷേ ചിലപ്പോൾ പല മണിക്കൂറുകൾ ഇത് ദീർഘിപ്പിക്കാൻ ദൈവം ഇഷ്ടപ്പെട്ടേക്കും ” “കൊള്ളാം, അങ്ങനെയാവട്ടെ, കുറച്ച് സമയം മാത്രം സഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അവളുടെ തല തലയിണയിലേക്ക് വീണു. മണിയടി ശബ്ദം കേട്ട് കന്യസ്ത്രീകൾ വന്നു ചുറ്റിനും മുട്ടുകുത്തി നിന്നു..അവൾ ക്രൂശിതരൂപത്തിൽ നോക്കി പറഞ്ഞു, “ഓ, ഞാനവിടുത്തെ സ്നേഹിക്കുന്നു ” ഒരു നിമിഷം കഴിഞ്ഞ് പറഞ്ഞു, ” എന്റെ ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു “. പെട്ടെന്ന് കണ്ണുകൾക്ക് ജീവൻ കിട്ടിയ പോലെ കന്യാമറിയത്തിന്റെ രൂപത്തിന് അൽപ്പം മുകളിലായി ദൃഷ്ടി ഉറപ്പിച്ചു. ആനന്ദത്തിലായിരുന്നു അവൾ. എന്നിട്ട് കണ്ണുകൾ അടച്ചു മരിച്ചു. നിഗൂഢമായ ഒരു പുഞ്ചിരി അതീവസുന്ദരിയായി കാണപ്പെട്ട അവളുടെ മുഖത്തുണ്ടായിരുന്നു.

അവളുടെ ദൗത്യം തുടങ്ങിയിരുന്നു……

Happy Feast of St. Therese of Child Jesus

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment