ദീർഘയാത്ര ചെയ്തുകൊണ്ടിരുന്ന ഒരവസരത്തിൽ താമസസൗകര്യം ശരിയാക്കാനും എത്തുന്ന സ്ഥലത്ത് അസൗകര്യങ്ങൾ ഒഴിവാക്കാനും ഒരാളെ തനിക്കു മുൻപേ അയക്കാൻ അപ്പോൾ ഈശോസഭയുടെ സുപ്പീരിയർ ജനറൽ ആയിരുന്ന ഫ്രാൻസിസ് ബോർജിയയോട് ഒരാൾ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, “ഇക്കാര്യത്തിന് വേണ്ടി അതിനു നിയുക്തനായ ഒരാളെ മുൻപേ ഞാൻ അയക്കും. ഞാൻ അർഹിക്കുന്നത് നരകമാണെന്ന ചിന്തയെയാണ് ഞാൻ അയക്കുന്നത്. തത്ഫലമായി ഞാനർഹിക്കുന്ന സ്ഥലത്തോട് താരതമ്യം ചെയ്യുമ്പോൾ എനിക്ക് ലഭിക്കുന്ന ഓരോ താമസസ്ഥലവും രാജകൊട്ടാരം പോലെയാണ് “.
ഫ്രാൻസിസ് ബോർജിയ ജനിച്ചത് സ്‌പെയിനിൽ വലെൻസിയയിലെ പ്രമുഖ പ്രഭുകുടുംബത്തിലാണ് . ഗാൻഡിയയിലെ മൂന്നാമത്തെ ഡ്യൂക്ക് ആയിരുന്ന ജുവാൻ ബോർജിയയുടെയും ജോവാനയുടെയും മൂത്ത മകൻ. അവന്റെ പിതാവിന്റെയും മാതാവിന്റെയും കുടുംബവഴിയിൽ മാർപ്പാപ്പയും രാജാക്കന്മാരുമുണ്ടായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ രാജസേവകരിൽ ഒരാളായ അവൻ ഇരുപതാം വയസ്സിൽ വിവാഹിതനായി. ചക്രവർത്തി അവനെ കാറ്റലോണിയായുടെ ലെഫ്റ്റനന്റ് ഗവർണറും വൈസ്രോയിയുമാക്കി. പള്ളിയിൽ പോകാനും വിശുദ്ധ കുർബ്ബാന സ്വീകരിക്കാനും അന്നേ താല്പര്യമായിരുന്നു ഫ്രാൻസീസിന്. ചക്രവർത്തിയോടും ഇസബെല്ല രാജ്ഞിയോടും വളരെ അടുപ്പത്തിൽ ജീവിച്ച ഫ്രാന്സിസിനും ഭാര്യ എലീനോറിനും എട്ടു മക്കളുണ്ടായി.
1539 ൽ അപ്രതീക്ഷിതമായുണ്ടായ ഇസബെല്ല രാജ്ഞിയുടെ മരണമാണ് ഫ്രാൻസിസിന്റെ മാനസാന്തരത്തിലേക്കു നയിച്ചതെന്ന് പറയാം. രാജ്ഞിയുടെ ശവമഞ്ചത്തെ ഗ്രാനഡയിലെ ചാപ്പലിലേക്ക് അനുഗമിക്കേണ്ടി വന്നു അവന് . ദിവസങ്ങളെടുത്ത യാത്രക്ക് ശേഷം സംസ്കാരത്തിന് മുൻപ് പേടകം തുറന്ന് രാജ്ഞിയെ നോക്കിയ ഫ്രാൻസീസിന് വിശ്വസിക്കാനായില്ല. രാജ്ഞിയുടെ മനോഹരമുഖം തിരിച്ചറിയാനാവാത്ത വിധം വിരൂപമായിരുന്നു. മരണത്തിന് കീഴടങ്ങേണ്ടി വരുന്ന ഭൂമിയിലെ രാജാക്കളെ ഇനിയും സേവിക്കാൻ അവന് മനസ്സുവന്നില്ല. എങ്കിലും ഉടനെയൊന്നും ഉദ്യോഗം ഉപേക്ഷിക്കാൻ പറ്റിയില്ല. 1542ൽ പിതാവിന്റെ മരണശേഷം ഗ്രാൻഡിയയിലെ ഡ്യൂക്ക് ആകേണ്ടി വന്നു ഫ്രാൻസീസിന്.
1546ൽ ഭാര്യയുടെ മരണശേഷം മൂത്ത മകനെ ഡ്യൂക്ക് പദവി ഏൽപ്പിച്ചതിനു ശേഷം മക്കളുടെ കാര്യങ്ങൾ ക്രമപ്പെടുത്തി ഈശോസഭയിൽ ചേരാനുറച്ചു. ദൈവശാസ്ത്രവും ലാറ്റിനും രഹസ്യത്തിൽ പഠിച്ചുതുടങ്ങിയിരുന്ന ഫ്രാൻസീസിന് 1550 ൽ ഡോക്ടറേറ്റ് ലഭിച്ചു. 1551ൽ പൗരോഹിത്യം സ്വീകരിച്ചു ജെസ്യൂട്ട് വൈദികനായി. ആദ്യത്തെ കുർബ്ബാന ദേവാലയത്തിന് പുറത്താണ് ബലിപീഠം വെച്ച് നടത്തിയത് ജനബാഹുല്യം കൊണ്ട്.
41 വർഷങ്ങൾ ജീവിച്ചു പരിചയിച്ചതിൽ നിന്നും തീർത്തും വിഭിന്നമായ സാഹചര്യങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സുപ്പീരിയർ ഫ്രാൻസിസിനെ നയിച്ചത്. ഒരിക്കൽ ഡ്യൂക്ക് ആയിരുന്ന ഫ്രാൻസീസിന് പാചകക്കാരനെ സഹായിക്കാനും നിലം അടിച്ചുവാരാനും വിറകു ശേഖരിക്കാനുമൊക്കെ കൂടേണ്ടി വന്നു. പുരോഹിതർക്കും സഹോദരർക്കും ഭക്ഷണം വിളമ്പുമ്പോൾ മുട്ടുകുത്തി ക്ഷമ യാചിക്കേണ്ടി വന്നു. പക്ഷെ അദ്ദേഹത്തിന് ദേഷ്യം വന്നിരുന്നത് ആകെയൊരു കാര്യത്തിൽ മാത്രമാണ് , ഒരു ഡ്യൂക്കിന് ചേർന്ന ബഹുമാനം ആരെങ്കിലും കൊടുക്കുമ്പോൾ. ഒരിക്കൽ അദ്ദേഹത്തിന്റെ വേദനിക്കുന്ന മുറിവ് വച്ചുകെട്ടേണ്ടി വന്ന ഡോക്ടർ ഡ്യൂക്കിനെപ്പോലെ ബഹുമാനം കൊടുത്തുകൊണ്ട് അദ്ദേഹത്തെ വേദനിപ്പിക്കേണ്ടി വരുമെന്നതിൽ ഖേദം പ്രകടിപ്പിച്ചു. ഫ്രാൻസിസ് ഡോക്ടറോട് പറഞ്ഞു തന്നെ ഇങ്ങനെ ബഹുമാനിക്കുമ്പോഴാണ് തനിക്ക് വേദന തോന്നുന്നതെന്ന്.
സ്പെയിനിലും പോർച്ചുഗലിലും മറ്റനേകം രാജ്യങ്ങളിലും സഞ്ചരിച്ച ഫ്രാൻസിസ് നിരവധി കോളേജുകൾ പണിതു , 20 നൊവീഷ്യെറ്റുകൾ ആരംഭിച്ചു, ഈശോസഭയിലേക്ക് നിരവധി പേരെ ആകർഷിച്ചു. ഈശോസഭയുടെ സുപ്പീരിയർ ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നിരവധി രാജ്യങ്ങളിലേക്ക് ഈശോസഭാമിഷനറിമാരെ അയച്ചു. ചാൾസ് ബോറോമിയോ , ഫിലിപ് നേരി തുടങ്ങിയവരെപ്പോലെ സഭാനവീകരണത്തിന് ദൈവത്തിന്റെ ഒരു ഉപകരണമെന്ന പോലെയാണ് പീയൂസ് അഞ്ചാമൻ പാപ്പ ഫ്രാൻസിസ് ബോർജിയയെ കണ്ടത് .
ഒരിക്കൽ രാത്രി വളരെ വൈകി ഫ്രാൻസിസ് ഒരു ജെസ്യൂട്ട് ഭവനത്തിലെത്തി. ശക്തമായ മഞ്ഞുവീഴ്ചയും കാറ്റുമുണ്ടായിരുന്നു. പക്ഷെ ആവർത്തിച്ചുമുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല. രാത്രി മുഴുവൻ അദ്ദേഹം മഞ്ഞുവീഴ്ച സഹിച്ചു തുറസ്സായ സ്ഥലത്തു ചിലവഴിക്കേണ്ടി വന്നു. പ്രഭാതത്തിൽ ആശ്രമവാസികൾ ഇതറിഞ്ഞ് ദുഖിച്ചു. എന്നാൽ ഫ്രാൻസിസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ” രാത്രിയുടെ നീണ്ട മണിക്കൂറുകളിൽ ദൈവമായിരുന്നു ആകാശത്തുനിന്നു എന്റെമേൽ ഹിമകണങ്ങൾ വർഷിച്ചത്. അത് ദർശിച്ചുകൊണ്ട് ഞാൻ വലിയ സമാധാനം അനുഭവിച്ചു”.
” പ്രാർത്ഥന ഹൃദയത്തിലേക്ക് ദൈവസ്നേഹം പ്രവേശിപ്പിക്കുമ്പോൾ , ഇന്ധ്രിയനിഗ്രഹം അതിന് തടസ്സം ഉണ്ടാക്കിയേക്കാവുന്ന ഓരോന്നിനെയും നീക്കം ചെയ്തുകൊണ്ട് വഴി ഒരുക്കുന്നു”.അദ്ദേഹം പറഞ്ഞു. “മനുഷ്യര്‍ നമ്മുടെ പ്രവൃത്തികളെപ്പറ്റി എന്തു വിചാരിക്കുമെന്നു പരിഗണിക്കാതെ ദൈവത്തെമാത്രം തൃപ്തിപ്പെടുത്താന്‍ ആഗ്രഹിച്ചുകൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിലേക്കു നാം നീങ്ങിക്കൊണ്ടിരിക്കണം”. മരിയഭക്തനായിരുന്ന ഫ്രാൻസിസ് , പരിശുദ്ധ അമ്മയോട് വണക്കമില്ലാത്തവർ നിത്യരക്ഷയിൽ എത്താൻ കുറച്ചു ബുദ്ധിമുട്ടും എന്ന അഭിപ്രായക്കാരനായിരുന്നു.
1572 ഒക്ടോബർ 10 ന് ഫ്രാൻസിസ് ബോർജിയ നിത്യസന്നിധിയിലേക്ക് യാത്രയായി. വയലിലെ നിധി കണ്ടെത്തിയപ്പോൾ അതിനായി, തനിക്ക് ലാഭമായിരുന്നതെല്ലാം ഉപേക്ഷിച്ചവൻ.. ക്ലെമെന്റ് പത്താമൻ പാപ്പ 1671ൽ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു.
ജിൽസ ജോയ് ![]()



Leave a comment