1 ദിനവൃത്താന്തം, അദ്ധ്യായം 22
ദേവാലയനിര്‍മാണത്തിന് ഒരുക്കം
1 ദാവീദ് പറഞ്ഞു: ഇതാണ് ദൈവമായ കര്‍ത്താവിന്റെ ആലയം; ഇസ്രായേലിന്റെ ദഹനബലിപീഠവും ഇതുതന്നെ.2 അനന്തരം, ഇസ്രായേലിലെ വിദേശികളെ വിളിച്ചുകൂട്ടാന്‍ ദാവീദ് കല്‍പിച്ചു. ദേവാലയ നിര്‍മാണത്തിനു കല്ലു ചെത്തിയൊരുക്കാന്‍ അവന്‍ കല്‍പണിക്കാരെ നിയമിച്ചു.3 പടിവാതിലുകള്‍ക്കു വേണ്ട ആണിയും വിജാഗിരികളും കൊളുത്തുകളും നിര്‍മിക്കാന്‍ പിച്ചളയും ഇരുമ്പും അളവില്ലാതെ ശേഖരിച്ചു.4 സീദോന്യരും ടയിര്‍നിവാസികളും കൊണ്ടുവന്ന എണ്ണമറ്റ ദേവദാരുക്കളും ദാവീദ് ഒരുക്കിവച്ചു;5 അവന്‍ പറഞ്ഞു: എന്റെ മകന്‍ സോളമന്‍യുവാവും അനുഭവസമ്പത്തില്ലാത്തവനുമാണ്. കര്‍ത്താവിനായി പണിയാനിരിക്കുന്ന ആ ലയം, എല്ലാ ദേശങ്ങളിലും കീര്‍ത്തിയും മഹത്വവും വ്യാപിക്കത്തക്കവണ്ണം, അതിമനോഹരമായിരിക്കണം. ആവശ്യമുള്ള സാമഗ്രികള്‍ ദാവീദ് തന്റെ മരണത്തിനുമുന്‍പു ശേഖരിച്ചുവച്ചു.6 അവന്‍ തന്റെ മകന്‍ സോളമനെ വിളിച്ച് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന് ആലയം പണിയാന്‍ ചുമതലപ്പെടുത്തി.7 ദാവീദ് സോളമനോടു പറഞ്ഞു: മകനേ, എന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തിന് ആലയം പണിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.8 എന്നാല്‍, കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീ ഏറെരക്തംചിന്തി; ധാരാളംയുദ്ധങ്ങളും നടത്തി. നീ എന്റെ മുന്‍പില്‍ ഇത്രയേറെരക്തം ഒഴുക്കിയതിനാല്‍, നീ എനിക്ക് ആലയം പണിയുകയില്ല.9 നിനക്ക് ഒരു പുത്രന്‍ ജനിക്കും. അവന്റെ ഭരണം സമാധാനപൂര്‍ണമായിരിക്കും. ചുറ്റുമുള്ള ശത്രുക്കളില്‍നിന്നു ഞാന്‍ അവനു സമാധാനം നല്‍കും. അവന്റെ നാമം സോളമന്‍ എന്ന് ആയിരിക്കും. അവന്റെ കാലത്തു ശാന്തിയും സമാധാനവും ഞാന്‍ ഇസ്രായേലിനു നല്‍കും.10 അവന്‍ എന്റെ നാമത്തിന് ആലയം പണിയും. അവന്‍ എനിക്കു പുത്രനും ഞാന്‍ അവന് പിതാവുമായിരിക്കും. അവന്റെ രാജകീയ സിംഹാസനം ഇസ്രായേലില്‍ ഞാന്‍ എന്നേക്കും സുസ്ഥിരമാക്കും.11 മകനേ, കര്‍ത്താവ് നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ! നിന്നെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്തതുപോലെ നിന്റെ ദൈവമായ കര്‍ത്താവിന് ആലയം പണിയുന്നതില്‍ നീ വിജയിക്കട്ടെ!12 ഇസ്രായേലിന്റെ ഭരണം അവിടുന്ന് നിന്നെ ഏല്‍പിക്കുമ്പോള്‍ നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുന്നതിനു നിനക്കു വിവേകവും അറിവും അവിടുന്ന് പ്രദാനം ചെയ്യട്ടെ!13 കര്‍ത്താവ് മോശവഴി ഇസ്രായേലിനു നല്‍കിയ കല്‍പനകളും നിയമങ്ങളും ശ്രദ്ധാപൂര്‍വം പാലിച്ചാല്‍ നിനക്ക് ഐശ്വര്യം ഉണ്ടാകും. ശക്തനും ധീരനും ആയിരിക്കുക. ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്.14 കര്‍ത്താവിന്റെ ആലയത്തിന് ഒരു ലക്ഷം താലന്ത് സ്വര്‍ണവും പത്തുലക്ഷം താലന്ത് വെള്ളിയും അളവില്ലാത്തവിധം പിച്ചളയും ഇരുമ്പും ആവശ്യത്തിനുവേണ്ട കല്ലും മരവും ഞാന്‍ ക്ലേശംസഹിച്ചുശേഖരിച്ചിട്ടുണ്ട്. നീ ഇനിയും സംഭരിക്കണം.15 കല്ലുവെട്ടുകാരും കല്‍പ്പണിക്കാരും മരപ്പണിക്കാരും സകല വിധ കരകൗശലപ്പണിക്കാരും,16 സ്വര്‍ണം,വെള്ളി, പിച്ചള, ഇരുമ്പ് എന്നിവയുടെ പണിയില്‍ നിപുണരായ ജോലിക്കാരും ആയി ധാരാളംപേര്‍ നിനക്കുണ്ട്. ജോലിയാരംഭിക്കുക. കര്‍ത്താവ് നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ!17 പുത്രന്‍ സോളമനെ സഹായിക്കാന്‍ ഇസ്രായേലിലെ എല്ലാ നായകന്‍മാരോടും ദാവീദ് കല്‍പിച്ചു.18 അവന്‍ പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളുടെ കൂടെയില്ലേ? നിങ്ങള്‍ക്കു പൂര്‍ണമായ സമാധാനം അവിടുന്ന് നല്‍കിയില്ലേ? അവിടുന്ന് ദേശനിവാസികളെ എന്റെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു. ദേശം മുഴുവനും കര്‍ത്താവിനും അവിടുത്തെ ജനത്തിനും കീഴടങ്ങിയിരിക്കുന്നു.19 നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസ്‌സും ഒരുക്കുവിന്‍. കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകവും ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ട വിശുദ്‌ധോപകരണങ്ങളും സ്ഥാപിക്കാന്‍ കര്‍ത്താവിന്റെ നാമത്തിന് ആലയം നിര്‍മിക്കുവിന്‍.
The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation




Leave a comment