2 ദിനവൃത്താന്തം, അദ്ധ്യായം 2
ദവാലയ നിര്‍മാണത്തിന് ഒരുക്കം
1 കര്‍ത്താവിന്റെ നാമത്തിന് ആലയവും തനിക്കുവേണ്ടി കൊട്ടാരവും പണിയാന്‍ സോളമന്‍ തീരുമാനിച്ചു.2 എഴുപതിനായിരം ചുമട്ടുകാരെയും എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേല്‍നോട്ടം വഹിക്കാന്‍മൂവായിരത്തിയറുനൂറു പേരെയും സോളമന്‍ നിയമിച്ചു.3 ടയിര്‍രാജാവായ ഹീരാമിനു സോളമന്‍ സന്‌ദേശം കൊടുത്തയച്ചു: എന്റെ പിതാവായ ദാവീദുരാജാവ് കൊട്ടാരം പണിതപ്പോള്‍ അങ്ങാണല്ലോ ദേവദാരു നല്‍കിയത്. അതുപോലെ എനിക്കും തരുക.4 സുഗന്ധദ്രവ്യങ്ങള്‍ കത്തിക്കുകയും നിരന്തരമായി തിരുസ്‌സാന്നിധ്യയപ്പം കാഴ്ച വയ്ക്കുകയും, ഇസ്രായേലിന് എന്നേക്കുമായി നിശ്ചയിച്ചിരിക്കുന്ന സാബത്തിലും അമാവാസിയിലും ദൈവമായ കര്‍ത്താവിന്റെ ഉത്‌സവ ദിവസങ്ങളിലും, കാലത്തും വൈ കുന്നേരവും ദഹനബലി അര്‍പ്പിക്കുകയും ചെയ്യാന്‍വേണ്ടി എന്റെ ദൈവമായ കര്‍ത്താവിന് ആലയം പണിതു പ്രതിഷ്ഠിക്കുന്നതിനു ഞാന്‍ ഒരുങ്ങുകയാണ്.5 ഞങ്ങളുടെ ദൈവം സകല ദേവന്‍മാരിലും ശ്രേഷ്ഠനാണ്. അതിനാല്‍, മഹത്തായ ഒരാലയം പണിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.6 സ്വര്‍ഗത്തിനോ സ്വര്‍ഗാധിസ്വര്‍ഗത്തിനുപോലുമോ ഉള്‍കൊള്ളാന്‍ കഴിയാത്ത അവിടുത്തേക്ക് ആലയം പണിയാന്‍ ആര്‍ക്കു കഴിയും? സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു മന്ദിരം എന്നതില്‍ക്കവിഞ്ഞ് അവിടുത്തേക്ക് ആലയം പണിയാന്‍ ഞാന്‍ ആരാണ്?7 അതിനാല്‍, സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ് ഇവ കൊണ്ടുള്ള പണിയിലും നീലം – ധൂമ്രം – കടുംചെമപ്പു നൂലുകളുടെ നെയ്ത്തിലും ചിത്രവേലയിലും സമര്‍ഥനായ ഒരാളെ അയച്ചുതരുക. യൂദായിലും ജറുസലെമിലുംനിന്ന് എന്റെ പിതാവു തിരഞ്ഞെടുത്ത വിദഗ്ധ ജോലിക്കാരോടുകൂടെ അവനും ചേരട്ടെ.8 അതിനാല്‍, ലബനോനിലെ ദേവദാരുവും സരളമരവും രക്തചന്ദനവും അയച്ചുതരുക. നിന്റെ മരംവെട്ടുകാര്‍ വളരെ സമര്‍ഥരാണെന്ന് എനിക്കറിയാം. എന്റെ ജോലിക്കാരെയും അവരോടുകൂടെ നിര്‍ത്താം.9 ബൃഹത്തും വിസ്മയനീയവുമായ ആലയമാണു ഞാന്‍ പണിയാന്‍ ആഗ്രഹിക്കുന്നത്. അതിനു വളരെയധികം തടി ആവശ്യമുണ്ട്.10 നിന്റെ വേലക്കാരുടെ ആവശ്യത്തിന് ഇരുപതിനായിരം കോര്‍ ഉമികളഞ്ഞഗോതമ്പും അത്രയും ബാര്‍ലിയും ഇരുപതിനായിരം ബത്ത് വീഞ്ഞും അത്രയും എണ്ണയും ഞാന്‍ തരാം.11 ടയിര്‍രാജാവായ ഹീരാം സോളമന് മറുപടി അയച്ചു. കര്‍ത്താവ് തന്റെ ജനത്തെ സ്‌നേഹിക്കുന്നതിനാലാണ് അങ്ങയെ അവര്‍ക്കു രാജാവായി നിയമിച്ചത്.12 കര്‍ത്താവിന് ആലയവും രാജാവിനു കൊട്ടാരവും പണിയാന്‍ വിവേകവും അറിവും ഉള്ള ജ്ഞാനിയായ ഒരു മകനെ ദാവീദുരാജാവിനു നല്‍കിയ, ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച, ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ.13 ബുദ്ധിമാനും സമര്‍ഥനുമായ ഹൂരാമബിയെ ഞാന്‍ അങ്ങോട്ടയയ്ക്കുന്നു.14 അവന്റെ അമ്മ ദാന്‍ ഗോത്രജയും പിതാവ് ടയിര്‍ ദേശക്കാരനുമാണ്. സ്വര്‍ണം, വെള്ളി, പിച്ചള, ഇരുമ്പ്, കല്ല്, തടി – ഇവ കൊണ്ടുള്ള പണിയിലും നീലം – ധൂമ്രം – കടും ചെമപ്പു നൂലുകളും നേര്‍ത്ത ചണവും കൊണ്ടുള്ള നെയ്ത്തിലും എല്ലാത്തരം കൊത്തുപണികളിലും അവന്‍ അതിവിദഗ്ധനാണ്. അങ്ങയുടെയും അങ്ങയുടെ പിതാവായ ദാവീദിന്റെയും കരകൗശലപ്പണിക്കാരോടു ചേര്‍ന്ന് അവനെ ഏല്‍പിക്കുന്ന ഏതു പണിയും ചെയ്യാന്‍ അവന്‍ നിപുണനുമാണ്.15 അങ്ങു പറഞ്ഞഗോതമ്പും ബാര്‍ലിയും എണ്ണയും വീഞ്ഞും ഭൃത്യന്‍മാര്‍വഴി കൊടുത്തയയ്ക്കുക.16 ആവശ്യമുള്ളത്ര തടി ലബനോനില്‍ നിന്നു ഞങ്ങള്‍ വെട്ടിത്തരാം. അതു ചങ്ങാടംകെട്ടി കടല്‍വഴി ജോപ്പായില്‍ എത്തിക്കാം. അവിടെനിന്നു ജറുസലെമിലേക്കു നിങ്ങള്‍ക്കു കൊണ്ടുപോകാമല്ലോ.17 പിന്നീട് പിതാവായ ദാവീദിനെപ്പോലെ സോളമനും ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന വിദേശികളുടെ കണക്കെടുത്തു. അവര്‍ ഒരു ലക്ഷത്തിയന്‍പത്തിമൂവായിരത്തിയറുനുറുപേര്‍ ഉണ്ടായിരുന്നു.18 അതില്‍, എഴുപതിനായിരംപേരെ ചുമട്ടുകാരും എണ്‍പതിനായിരംപേരെ കല്ലുവെട്ടുകാരും മൂവായിരത്തിയറുനൂറുപേരെ മേല്‍നോട്ടക്കാരുമായി നിയമിച്ചു.
The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation




Leave a comment