2 ദിനവൃത്താന്തം, അദ്ധ്യായം 7
ദേവാലയപ്രതിഷ്ഠ
1 സോളമന്‍ പ്രാര്‍ഥിച്ചുകഴിഞ്ഞപ്പോള്‍, സ്വര്‍ഗത്തില്‍നിന്ന് അഗ്‌നിയിറങ്ങി ദഹനബലിവസ്തുവും മറ്റു വസ്തുക്കളും ദഹിപ്പിച്ചു. 2 കര്‍ത്താവിന്റെ മഹത്വം ദേവാലയത്തില്‍ നിറഞ്ഞു. കര്‍ത്താവിന്റെ തേജസ്‌സ് ദേവാലയത്തില്‍ നിറഞ്ഞുനിന്നതിനാല്‍ പുരോഹിതന്‍മാര്‍ക്ക് അവിടെ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. 3 അഗ്‌നി താഴേക്കു വരുന്നതും ആല യത്തില്‍ കര്‍ത്താവിന്റെ മഹത്വം നിറയുന്നതും കണ്ട് ഇസ്രായേല്‍ ജനം സാഷ്ടാംഗം പ്രണമിച്ച്, അവിടുന്ന് നല്ലവനാണ്, അവിടുത്തെ സ്‌നേഹം ശാശ്വതമാണ് എന്നു പറഞ്ഞ് കര്‍ത്താവിനെ സ്തുതിച്ചു.4 തുടര്‍ന്നു രാജാവും ജനവും ചേര്‍ന്നു കര്‍ത്താവിനു ബലിയര്‍പ്പിച്ചു.5 സോളമന്‍രാജാവ് ഇരുപത്തീരായിരം കാളകളെയും ഒരു ലക്ഷത്തിയിരുപതിനായിരം ആടുകളെയും ബലിയര്‍പ്പിച്ചു. അങ്ങനെ രാജാവും ജനവും ചേര്‍ന്നു ദേവാലയപ്രതിഷ്ഠനടത്തി.6 പുരോഹിതന്‍മാര്‍ താന്താങ്ങളുടെ സ്ഥാനങ്ങളില്‍നിന്നു. കര്‍ത്താവിനു സ്തുതി പാടുവാന്‍ ദാവീദുരാജാവു നിര്‍മിച്ച സംഗീതോപകരണങ്ങളുമായി ലേവ്യര്‍ അവര്‍ക്കഭിമുഖമായി നിന്നു. ദാവീദ് നിര്‍ദേശിച്ചിരുന്നതുപോലെ, കര്‍ത്താവിന്റെ കൃപ ശാശ്വതമാണ് എന്നു പാടി അവിടുത്തെ സ്തുതിച്ചു. അപ്പോള്‍ പുരോഹിതന്‍മാര്‍ കാഹളം ഊതി.7 ജനം എഴുന്നേറ്റുനിന്നു. സോളമന്‍ ദേവാലയത്തിനു മുമ്പിലുള്ള അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ദഹനബലിയും സമാധാന ബലിക്കുള്ള മേദസ്‌സും അര്‍പ്പിച്ചു. കാരണം, സോളമന്‍ ഓടുകൊണ്ടു നിര്‍മിച്ച ബലിപീഠത്തിന് ഈ ദഹനബലിയും ധാന്യബലിയും മേദസ്‌സും അര്‍പ്പിക്കാന്‍മാത്രം വലുപ്പമുണ്ടായിരുന്നില്ല.8 സോളമന്‍ ഏഴുദിവസം ഉത്‌സ വമായി ആചരിച്ചു. ഹാമാത്തിന്റെ അതിര്‍ത്തി മുതല്‍ ഈജിപ്തുതോടുവരെയുള്ള എല്ലാ സ്ഥലങ്ങളിലും നിന്ന് ഇസ്രായേല്യരുടെ ഒരു വലിയ സമൂഹം അതില്‍ പങ്കെടുത്തു.9 ബലിപീഠപ്രതിഷ്ഠയുടെ ഉത്‌സവം ഏഴുദിവസം നീണ്ടു. എട്ടാംദിവസം സമാപന സമ്മേളനം നടത്തി.10 ഏഴാംമാസം ഇരുപത്തിമൂന്നാംദിവസം സോളമന്‍ ജനത്തെ ഭവനങ്ങളിലേക്ക് തിരികെ അയച്ചു. ദാവീദിനുംസോളമനും തന്റെ ജനമായ ഇസ്രായേലിനും കര്‍ത്താവു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ത്ത് ആഹ്‌ളാദഭരിതരായി അവര്‍ മടങ്ങിപ്പോയി.
കര്‍ത്താവ് സോളമനു വീണ്ടും പ്രത്യക്ഷപ്പെടുന്നു
11 സോളമന്‍ ദേവാലയവും രാജകൊട്ടാരവും പണിയിച്ചു. ദേവാലയത്തിലും തന്റെ കൊട്ടാരത്തിലും വേണമെന്നു താന്‍ ആഗ്രഹിച്ചതെല്ലാം സോളമന്‍ വിജയകരമായി പൂര്‍ത്തിയാക്കി.12 രാത്രി കര്‍ത്താവ് സോളമനു പ്രത്യക്ഷനായി പറഞ്ഞു: ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. എനിക്ക് ബലിയര്‍പ്പിക്കാനുള്ള ആലയമായി ഈ സ്ഥലം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.13 ഞാന്‍ മഴ തരാതെ ആകാശം അടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കുവാന്‍ വെട്ടുകിളിയെ നിയോഗിക്കുകയോ എന്റെ ജനത്തിനിടയില്‍ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോള്‍,14 എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ട മാക്കുകയും ചെയ്യും.15 ഇവിടെ നിന്നുയരുന്ന പ്രാര്‍ഥനകള്‍ക്കുനേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും.16 എന്റെ നാമം ഇവിടെ എന്നേക്കും നിലനില്‍ക്കേണ്ടതിന് ഞാന്‍ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നതിനാല്‍ , എന്റെ ഹൃദയപൂര്‍വമായ കടാക്ഷം സദാ ഇതിന്‍മേല്‍ ഉണ്ടായിരിക്കും.17 നിന്റെ പിതാവായ ദാവീദിനെപ്പോലെ നീയും എന്റെ കല്‍പനകള്‍ ആചരിച്ച്, എന്റെ പ്രമാണങ്ങളും നിയമങ്ങളും പാലിച്ച്, എന്റെ മുന്‍പാകെ നടക്കുമെങ്കില്‍,18 ഞാന്‍ നിന്റെ രാജകീയ സിംഹാസനം സുസ്ഥിരമാക്കും. നിന്റെ പിതാവായ ദാവീദുമായി ചെയ്ത ഉടമ്പടിയനുസരിച്ച് ഇസ്രായേലിനെ ഭരിക്കാന്‍ നിനക്കൊരു സന്തതി ഇല്ലാതെ പോകുകയില്ല.19 എന്നാല്‍, നീ മറുതലിച്ച് ഞാന്‍ നിനക്കു നല്‍കിയ കല്‍പനകളും പ്രമാണങ്ങളും ത്യജിച്ച് അന്യദേവന്‍മാരെ ആരാധിക്കുകയും സേവിക്കുകയും ചെയ്താല്‍,20 ഞാന്‍ നിനക്കു തന്ന ഈ ദേശത്തു നിന്നു നിന്നെ പിഴുതെറിയും. എന്റെ നാമത്തിനു പ്രതിഷ്ഠിച്ച ഈ ആലയവും നീക്കിക്കളയും. സകല മനുഷ്യരുടെയും ഇടയില്‍ ഇതൊരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീര്‍ക്കും.21 വഴിപോക്കര്‍ മഹത്തായ ഈ ആലയം കാണുമ്പോള്‍ കര്‍ത്താവ് ഈ നഗരത്തോടും ഈ ആലയത്തോടും ഇങ്ങനെ ചെയ്തതെന്ത് എന്ന് അദ്ഭുതപ്പെടും.22 തങ്ങളുടെ പിതാക്കന്‍മാരെ ഈജിപ്തില്‍നിന്ന് മോചിപ്പിച്ച ദൈവമായ കര്‍ത്താവിനെ ഉപേക്ഷിച്ച്, അന്യദേവന്‍മാരെ സ്വീകരിച്ച് അവരെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാല്‍, അവിടുന്ന് ഈ അനര്‍ഥമൊക്കെയും അവര്‍ക്കു വരുത്തി എന്ന് അവര്‍ പറയും.
The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation




Leave a comment