ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 6
ഏശയ്യായുടെ ദൗത്യം
1 ഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു.2 അവിടുത്തെ ചുററും സെ റാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകള്‍വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു.3 അവ പരസ്പരം ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു.4 അവയുടെ ശബ്ദഘോഷത്താല്‍ പൂമുഖത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകുകയും ദേവാലയം ധൂമപൂരിതമാവുകയും ചെയ്തു.5 ഞാന്‍ പറഞ്ഞു: എനിക്കു ദുരിതം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവായരാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു.6 അപ്പോള്‍ സെറാഫുകളിലൊന്ന് ബലിപീഠത്തില്‍നിന്ന് കൊടില്‍കൊണ്ട് എടുത്ത ഒരു തീക്കനലുമായി എന്റെയടുത്തേക്കു പറന്നു വന്നു.7 അവന്‍ എന്റെ അധരങ്ങളെ സ്പര്‍ശിച്ചിട്ടു പറഞ്ഞു: ഇതു നിന്റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.8 അതിനുശേഷം കര്‍ത്താവ് അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ ! എന്നെ അയച്ചാലും!9 അവിടുന്ന് അരുളിച്ചെയ്തു: പോവുക, ഈ ജനത്തോടു പറയുക, നിങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കും, മനസ്‌സിലാക്കുകയില്ല; നിങ്ങള്‍ വീണ്ടും വീണ്ടും കാണും, ഗ്രഹിക്കുകയില്ല.10 അവര്‍ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയം കൊണ്ടു ഗ്രഹിക്കുകയും അങ്ങനെ മാനസാന്തരപ്പെട്ടു സൗഖ്യം പ്രാപിക്കുകയും ചെയ്യാതിരിക്കേണ്ട തിന് അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുക.11 കര്‍ത്താവേ, ഇത് എത്രനാളത്തേക്ക് എന്നു ഞാന്‍ ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: നഗരങ്ങള്‍ ജനവാസമില്ലാതെയും ഭവനങ്ങള്‍ ആള്‍പ്പാര്‍പ്പില്ലാതെയും ശൂന്യമായി, ദേശം മുഴുവന്‍ വിജനമായിത്തീരുന്നതുവരെ.12 കര്‍ത്താവ് ജനത്തെ വിദൂരത്തേക്ക് ഓടിക്കുകയും ദേശത്തിന്റെ മധ്യത്തില്‍ നിര്‍ജനപ്രദേശങ്ങള്‍ ധാരാളമാവുകയും ചെയ്യുന്നതുവരെ.13 അതില്‍ ഒരു ദശാംശമെങ്കിലും അവശേഷിച്ചാല്‍ അവ വീണ്ടും അഗ്‌നിക്കിരയാകും. ടര്‍പ്പെന്‍ൈറ ന്‍വൃക്ഷമോ, കരുവേലകമോ വെട്ടിയാല്‍ അതിന്റെ കുറ്റിനില്‍ക്കുന്നതുപോലെ അത് അവശേഷിക്കും. ഈ കുറ്റി ഒരു വിശുദ്ധബീജം ആയിരിക്കും.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment