Isaiah, Chapter 8 | ഏശയ്യാ, അദ്ധ്യായം 8 | Malayalam Bible | POC Translation

Advertisements

ഏശയ്യായുടെ പുത്രന്‍

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: വലിയ ഒരു ഫലകം എടുത്ത് സാധാരണമായ അക്ഷരത്തില്‍ മാഹെര്‍ഷലാല്‍ഹഷ് ബാസ് എന്ന് ആലേഖനം ചെയ്യുക.2 പുരോഹിതനായ ഊറിയായെയും ജബെറെക്കിയായുടെ പുത്രനായ സഖറിയായെയും ഞാന്‍ വിശ്വസ്തസാക്ഷികളായി ഇതു രേഖപ്പെടുത്താന്‍ വിളിച്ചു.3 ഞാന്‍ പ്രവാചികയെ സമീപിക്കുകയും അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവന് മാഹെര്‍ഷലാല്‍ഹഷ്ബാസ് എന്നു പേരിടുക.4 എന്തെന്നാല്‍, ഈ ശിശു അപ്പാ, അമ്മേ എന്നു വിളിക്കാന്‍ പ്രായമാകുന്നതിനുമുന്‍പ്, ദമാസ്‌ക്കസിന്റെ ധനവും സമരിയായുടെ കൊള്ളസ്വത്തും അസ്‌സീറിയാ രാജാവു കൊണ്ടുപോകും.5 കര്‍ത്താവ് വീണ്ടും അരുളിച്ചെയ്തു:6 ഈ ജനം പ്രശാന്തമായി ഒഴുകുന്ന ഷീലോവായെ നിരസിച്ച് റസീന്റെയും റമാലിയായുടെ പുത്രന്റെയും മുന്‍പില്‍ വിറയ്ക്കുന്നതുകൊണ്ട്7 കര്‍ത്താവ് ശക്തമായി നിറഞ്ഞൊഴുകുന്ന നദിയെ -അസ്‌സീറിയാരാജാവിനെ -സര്‍വപ്രതാപത്തോടുംകൂടെ അവര്‍ക്കെതിരേ തിരിച്ചുവിടും. ആ പ്രവാഹം അതിന്റെ എല്ലാ തോടുകളിലും കരകവിഞ്ഞ് ഒഴുകും.8 അതു യൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും. ഇമ്മാനുവേലേ, അതിന്റെ വിടര്‍ത്തിയ ചിറകുകള്‍ നിന്റെ രാജ്യത്തെയാകെ മൂടിക്കളയും.9 ജന തകളേ, തകരുവിന്‍! പേടിച്ചു വിറയ്ക്കുവിന്‍! വിദൂരരാജ്യങ്ങളേ, ശ്രദ്ധിക്കുവിന്‍! അര മുറുക്കുവിന്‍! സംഭ്രമിക്കുവിന്‍! അതേ, അര മുറുക്കുവിന്‍, സംഭ്രമിക്കുവിന്‍!10 നിങ്ങള്‍ കൂടിയാലോചിച്ചുകൊള്ളുവിന്‍, അതു നിഷ്ഫല മായിത്തീരും. തീരുമാനമെടുത്തുകൊള്ളുവിന്‍, അതു നിലനില്‍ക്കുകയില്ല. ദൈവം ഞങ്ങളോടുകൂടെയുണ്ട്.

പ്രവാചകനു മുന്നറിയിപ്പ്

11 തന്റെ ശക്തമായ കരം എന്റെ മേല്‍ വച്ചുകൊണ്ട് അവിടുന്ന് എന്നോടു അരുളിച്ചെയ്യുകയും ഈ ജനത്തിന്റെ മാര്‍ഗത്തില്‍ ചരിക്കരുതെന്നു മുന്നറിയിപ്പു നല്‍കുകയുംചെയ്തു.12 ഈ ജനം സഖ്യമെന്നു വിളിക്കുന്നതിനെ നിങ്ങള്‍ സഖ്യമായി കരുതുകയോ ഈ ജനം ഭയപ്പെടുന്നതിനെ ഭയപ്പെടുകയോ ചെയ്യരുത്, പരിഭ്രമിക്കയുമരുത്.13 സൈന്യങ്ങളുടെ കര്‍ത്താവിനെ പരിശുദ്ധനായി കരുതുവിന്‍.14 അവിടുത്തെ ഭയപ്പെടുവിന്‍. അവിടുന്നാണ് വിശുദ്ധ മന്ദിരവും ഇടര്‍ച്ചയുടെ ശിലയും ഇസ്രായേലിന്റെ ഇരുഭവനങ്ങളേയും നിലംപതിപ്പിക്കുന്ന പാറയും. ജറുസലെംനിവാസികള്‍ക്ക് കുടുക്കും കെണിയും അവിടുന്നു തന്നെ.15 അനേകര്‍ അതിന്‍മേല്‍ തട്ടിവീണു തകര്‍ന്നുപോവുകയും കെണിയില്‍ കുരുങ്ങി പിടിക്കപ്പെടുകയും ചെയ്യും.16 ഈ സാക്ഷ്യം ഭദ്രമായി സൂക്ഷിക്കുകയും ഈ പ്രബോധനം എന്റെ ശിഷ്യരുടെ ഇടയില്‍ മുദ്രവച്ചുറപ്പിക്കുകയും ചെയ്യുക.17 യാക്കോബിന്റെ ഭവനത്തില്‍നിന്നു തന്റെ മുഖം മറച്ചിരിക്കുന്ന കര്‍ത്താവിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയും കര്‍ത്താവില്‍ എന്റെ പ്രത്യാശ ഞാന്‍ അര്‍പ്പിക്കുകയും ചെയ്യും.18 ഞാനും കര്‍ത്താവ് എനിക്കു നല്‍കിയ സന്താനങ്ങളും സീയോന്‍പര്‍വതത്തില്‍ വസിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നുള്ള ഇസ്രായേലിലെ അടയാളങ്ങളും അദ്ഭുതങ്ങളും ആയിരിക്കും.19 അവര്‍ നിങ്ങളോട്, വെളിച്ചപ്പാടന്‍മാരോടും ചിലയ്ക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്യുന്ന മന്ത്രവാദികളോടും, ആരായുവിന്‍ എന്നുപറയും. ജനം തങ്ങളുടെ ദേവന്‍മാരോട് ആരായുന്നില്ലേ, ജീവിക്കുന്നവര്‍ക്കുവേണ്ടി മരിച്ചവരോട് ആരായുകയില്ലേ എന്നു ചോദിക്കും.20 അപ്പോള്‍ നിങ്ങള്‍ പ്രബോധനവും സാക്ഷ്യവും സ്വീകരിക്കുവിന്‍. അവര്‍ പറയുന്ന കാര്യങ്ങള്‍ വെളിച്ചം കാണുകയില്ല.21 അവര്‍ അത്യധികം കഷ്ടപ്പെട്ടും വിശന്നും ദേശത്ത് അലഞ്ഞുനടക്കും. തങ്ങള്‍ക്കു വിശക്കുമ്പോള്‍ അവര്‍ കുപിതരാവുകയും തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കുകയും ചെയ്യും. അവര്‍ മുകളിലേക്കും താഴോട്ടും കണ്ണയയ്ക്കും.22 എവിടെയും കൊടിയ വേദനയും അന്ധകാരവും കഠോരദുഃഖത്തിന്റെ ഇരുളും! ആ അന്ധകാരത്തില്‍ അവര്‍ ആണ്ടുപോകും.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment