ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 11
നീതിനിഷ്ഠനായരാജാവ്
1 ജസ്‌സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.2 കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്.3 അവന്‍ ദൈവ ഭക്തിയില്‍ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല.4 ദരിദ്രരെ അവന്‍ ധര്‍മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും.5 നീതിയും വിശ്വസ്തതയുംകൊണ്ട് അവന്‍ അരമുറുക്കും.6 ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും.7 ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും.8 മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും.9 എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും.
പ്രവാസികള്‍ തിരിച്ചുവരും
10 അന്ന് ജസ്‌സെയുടെ വേര് ജനങ്ങള്‍ക്ക് ഒരു അടയാളമായി നിലകൊള്ളും. ജനതകള്‍ അവനെ അന്വേഷിക്കും. അവന്റെ ഭവനം മഹത്വപൂര്‍ണമായിരിക്കും.11 അന്ന് അസ്‌സീറിയാ, ഈജിപ്ത്, പാത്രോസ്, എത്യോപ്യാ, ഏലാം, ഷീനാര്‍, ഹാമാത് എന്നിവിടങ്ങളിലും തീരദേശങ്ങളിലും അവശേഷിച്ചിരിക്കുന്നതന്റെ ജനത്തെ വീണ്ടെടുക്കാന്‍ കര്‍ത്താവ് രണ്ടാംപ്രാവശ്യവും കൈനീട്ടും.12 ജനതകള്‍ക്ക് അവിടുന്ന് ഒരു അടയാളം നല്‍കും. ഇസ്രായേലില്‍നിന്നു ഭ്രഷ്ടരായവരെയും യൂദായില്‍നിന്നു ചിതറിപ്പോയവരെയും അവിടുന്ന് ഭൂമിയുടെ നാലുകോണുകളിലുംനിന്ന് ഒരുമിച്ചുകൂട്ടും.13 എഫ്രായിമിന്റെ അസൂയ നീങ്ങുകയും യൂദായെ പീഡിപ്പിക്കുന്നവന്‍ വിച്‌ഛേദിക്കപ്പെടുകയും ചെയ്യും. എഫ്രായിം യൂദായോട് അസൂയ പുലര്‍ത്തുകയോ യൂദാ എഫ്രായിമിനെ അലട്ടുകയോ ഇല്ല.14 അവര്‍ പടിഞ്ഞാറുള്ള ഫിലിസ്ത്യരുടെമേല്‍ ചാടിവീഴുകയും കിഴക്കുള്ളവരെകൊള്ളയടിക്കുകയും ചെയ്യും. ഏദോമിനും മൊവാബിനും എതിരായി അവര്‍ കരമുയര്‍ത്തും.15 അമ്മോന്യര്‍ അവര്‍ക്കു കീഴടങ്ങും. കര്‍ത്താവ് ഈജിപ്തിലെ കടലിടുക്കിനെ പൂര്‍ണമായി നശിപ്പിക്കും. നദിയുടെമേല്‍ അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടെ കൈവീശും. കാലു നനയാതെ കടക്കാവുന്നവിധം അതിനെ തകര്‍ത്ത് ഏഴു തോടുകളായി പിരിക്കും.16 ഈജിപ്തില്‍നിന്നുപോന്ന ഇസ്രായേലിനുണ്ടായിരുന്നതുപോലെ ഒരു രാജവീഥി അസ്‌സീറിയായില്‍ അവശേഷിക്കുന്ന അവിടുത്തെ ജനത്തിനും ഉണ്ടായിരിക്കും.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment