ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 15
മൊവാബിനെതിരേ
1 മൊവാബിനെ സംബന്ധിച്ചുണ്ടായ അരുളപ്പാട്: ഒറ്റ രാത്രികൊണ്ട് ആര്‍പ്പട്ടണം നിര്‍ജനമായി; മൊവാബ് നശിപ്പിക്കപ്പെട്ടു. ഒറ്റരാത്രികൊണ്ട് കീര്‍ നിര്‍ജനമായി; മൊവാബ് നശിപ്പിക്കപ്പെട്ടു.2 അതിനാല്‍, ദിബോന്റെ പുത്രി വിലപിക്കാന്‍വേണ്ടി പൂജാഗിരിയിലേക്കു പോയിരിക്കുന്നു. നെബോയെയും മെദേബായെയും കുറിച്ചു മൊവാബ് വിലപിക്കുന്നു. എല്ലാശിരസ്‌സും മുണ്‍ഡനം ചെയ്തിരിക്കുന്നു. എല്ലാവരുടെയും താടി ക്ഷൗരം ചെയ്തിരിക്കുന്നു.3 തെരുവീഥികളിലൂടെ അവര്‍ ചാക്കുടുത്തു നടക്കുന്നു. പുരമുകളിലും പൊതുസ്ഥലങ്ങളിലും എല്ലാവരും കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു.4 ഹെഷ്‌ബോണും എലെയാലെയും ഉറക്കെക്കരയുന്നു. അവരുടെ സ്വരംയഹസ്‌വരെ കേള്‍ക്കാം. മൊവാബിലെ ആയുധധാരികളും ഉച്ചത്തില്‍ നിലവിളിക്കുന്നു. അവന്റെ ഹൃദയം വിറകൊള്ളുന്നു.5 എന്റെ ഹൃദയം മൊവാബിനുവേണ്ടി നിലവിളിക്കുന്നു. അവിടത്തെ ജനം സോവാറിലേക്കും എഗ്‌ളാത്ത് ഷെലീഷിയായിലേക്കും പലായനം ചെയ്യുന്നു. ലുഹിത്തുകയറ്റം അവര്‍ കരഞ്ഞുകൊണ്ടു കയറുന്നു. ഹോറോനയിമിലേക്കുള്ള വഴിയിലും അവര്‍ നാശത്തിന്റെ നിലവിളി ഉയര്‍ത്തുന്നു.6 നിമ്‌റീമിലെ ജലാശയങ്ങള്‍ വറ്റിവരണ്ടു. പുല്ലുകള്‍ ഉണങ്ങി; ഇളം നാമ്പുകള്‍ വാടിപ്പോയി. പച്ചയായതൊന്നും അവിടെ കാണാനില്ല.7 അതിനാല്‍ അവര്‍ സമ്പാദിച്ച ധനവും നേടിയതൊക്കെയും അരളിച്ചെടികള്‍ തിങ്ങിനില്‍ക്കുന്ന അരുവിക്കരയിലേക്കു കൊണ്ടുപോകുന്നു.8 ഒരു നിലവിളി മൊവാബിലാകെ മുഴങ്ങുന്നു. അത് എഗ്‌ലായിമും ബേറെലിമുംവരെ എത്തുന്നു.9 ദിബോനിലെ ജലാശയങ്ങള്‍ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു. ദിബോന്റെ മേല്‍ ഇതിലധികം ഞാന്‍ വരുത്തും. മൊവാബില്‍നിന്നു രക്ഷപെടുന്നവരുടെയും ദേശത്ത് അവശേഷിക്കുന്നവരുടെയുംമേല്‍ ഒരു സിംഹത്തെ ഞാന്‍ അയയ്ക്കും.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment