Isaiah, Chapter 17 | ഏശയ്യാ, അദ്ധ്യായം 17 | Malayalam Bible | POC Translation

Advertisements

ദമാസ്‌ക്കസിനെതിരേ

1 ദമാസ്‌ക്കസിനെക്കുറിച്ചുള്ള അരുളപ്പാട്: ദമാസ്‌ക്കസ് ഒരു നഗരമല്ലാതാകും. അതു നാശക്കൂമ്പാരമാകും.2 അതിന്റെ നഗരങ്ങള്‍ എന്നേക്കും വിജനമായിക്കിടക്കും. അവിടെ ആട്ടിന്‍കൂട്ടങ്ങള്‍ മേയും. അവ അവിടെ വിശ്രമിക്കും. ആരും അവയെ ഭയപ്പെടുത്തുകയില്ല.3 എഫ്രായിമിന്റെ കോട്ട തകരും. ദമാസ്‌ക്കസിന്റെ രാജ്യം ഇല്ലാതാകും. സിറിയായില്‍ അവശേഷിച്ചവര്‍ ഇസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും. സൈന്യങ്ങളുടെ കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.4 അന്ന് യാക്കോബിന്റെ മഹത്വം ക്ഷയിച്ചുപോകും. അവന്റെ ശരീരം മേദസ്‌സു ക്ഷയിച്ചു മെലിഞ്ഞുപോകും.5 അതു കൊയ്ത്തുകാരന്‍ ധാന്യം കൊയ് തെടുക്കുന്നതുപോലെയും റഫായിംതാഴ്‌വരയില്‍ കാലാപെറുക്കുന്നതുപോലെയും ആയിരിക്കും.6 ഒലിവുതല്ലുമ്പോള്‍ അതിന്റെ ഉയര്‍ന്ന കൊമ്പുകളുടെ അറ്റത്തു രണ്ടുമൂന്നു പഴങ്ങളോ, ഫലവൃക്ഷത്തിന്റെ ശാഖകളില്‍ നാലഞ്ചു കായ്കളോ ഉണ്ടാകുന്നതുപോലെ കാലാപെറുക്കാന്‍ ചിലത് അവശേഷിക്കും എന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.7 അന്നു ജനം തങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ചു ചിന്തിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു തങ്ങളുടെ കണ്ണുകളുയര്‍ത്തുകയും ചെയ്യും.8 അവര്‍ തങ്ങളുടെ കരവേലയായ ബലിപീഠങ്ങളെക്കുറിച്ചു ചിന്തിക്കുകയോ തങ്ങള്‍ നിര്‍മിച്ച അഷേരാ പ്രതിഷ്ഠയിലേക്കോ ധൂപപീഠത്തിലേക്കോ നോക്കുകയോ ഇല്ല.9 അന്ന് അവരുടെ പ്രബ ലനഗരങ്ങള്‍ ഹിവ്യരും അമോര്യരും ഇസ്രായേല്‍മക്കളുടെ മുന്‍പില്‍ ഉപേക്ഷിച്ചുപോയ പട്ടണങ്ങള്‍പോലെ വിജനമായിത്തീരും.10 എന്തെന്നാല്‍, നിങ്ങളുടെ രക്ഷകനായദൈവത്തെനിങ്ങള്‍ മറന്നുകളയുകയും നിങ്ങളുടെ അഭയശിലയെ നിങ്ങള്‍ വിസ്മരിക്കുകയും ചെയ്തു. അതിനാല്‍, നിങ്ങള്‍ തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കുകയും അന്യദേവന്‍മാര്‍ക്കുവേണ്ടി തണ്ടു കുത്തുകയും11 നടുന്ന ദിവസം തന്നെ അവ മുളയ്ക്കുകയും ആ പ്രഭാതത്തില്‍ത്തന്നെ അവ പൂവിടുകയും ചെയ്താലും ദുഃഖത്തിന്റെയും അപരിഹാര്യമായ വേദനയുടെയും ദിനത്തില്‍ അതിന്റെ വിളവു നശിച്ചുപോകും.12 അതാ, അനേകം ജനതകള്‍ ഇരമ്പുന്നു! അതു സമുദ്രത്തിന്റെ മുഴക്കം പോലെയാണ്. അതാ ജനതകളുടെ ഗര്‍ജനം! മഹാസമുദ്രങ്ങളുടെ ഇരമ്പല്‍പോലെയാണത്. പെരുവെള്ളംപോലെ ജനതകള്‍ ഇരമ്പുന്നു.13 എന്നാല്‍ അവിടുന്ന് അവരെ ശാസിക്കുകയും അവര്‍ ദൂരേക്ക് ഓടിപ്പോവുകയും ചെയ്യും. മലകളില്‍ കാറ്റത്തു പറക്കുന്ന വൈക്കോല്‍പോലെയും കൊടുങ്കാറ്റില്‍ പാറുന്ന പൊടിപോലെയും അവര്‍ ഓടിക്കപ്പെടും.14 ഇതാ സന്ധ്യാസമയത്ത് ഭീകരത! പ്രഭാതമാകുംമുന്‍പേ അവര്‍ അപ്രത്യക്ഷരായിരിക്കുന്നു. നമ്മെ നശിപ്പിക്കുന്നവരുടെ ഓഹരിയും നമ്മെ കൊള്ളയടിക്കുന്നവരുടെ വിധിയും ഇതാണ്.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment