ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 19
ഈജിപ്തിനെതിരേ
1 ഈജിപ്തിനെക്കുറിച്ചുണ്ടായ അരുളപ്പാട്: ഇതാ, കര്‍ത്താവ് വേഗമേറിയ ഒരു മേഘത്തില്‍ ഈജിപ്തിലേക്കു വരുന്നു; അവിടുത്തെ സാന്നിധ്യത്തില്‍ ഈജിപ്തിലെ വിഗ്രഹങ്ങള്‍ വിറകൊള്ളും. ഈജിപ്തുകാരുടെ ഹൃദയം ഉരുകിപ്പോകും.2 ഈജിപ്തുകാരെ ഞാന്‍ കലഹിപ്പിക്കും. സഹോദരന്‍ സഹോദരനെതിരായും അയല്‍ക്കാരന്‍ അയല്‍ക്കാരനെതിരായും നഗരം, നഗരത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായുംയുദ്ധം ചെയ്യും.3 ഈജിപ്തുകാരുടെ ധൈര്യം ക്ഷയിക്കും. അവരുടെ പദ്ധതികള്‍ ഞാന്‍ താറുമാറാക്കും. അപ്പോള്‍ അവര്‍ വിഗ്രഹങ്ങളോടും ആഭിചാരകന്‍മാരോടും വെളിച്ചപ്പാടന്‍മാരോടും മന്ത്രവാദികളോടും ആരായും.4 ഞാന്‍ ഈജിപ്തുകാരെ ക്രൂരനായ ഒരുയജമാനന്റെ കൈയില്‍ ഏല്‍പ്പിച്ചുകൊടുക്കും. ഉഗ്രനായ ഒരു രാജാവ് അവരുടെമേല്‍ ഭരണംനടത്തും – സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.5 നൈല്‍നദി വറ്റിപ്പോകും. അത് ഉണങ്ങി വരണ്ടുപോകും.6 അതിന്റെ തോടുകള്‍ ദുര്‍ഗന്ധം വമിക്കും. നൈല്‍നദിയുടെ ശാഖകള്‍ ചെറുതാവുകയും വറ്റിപ്പോവുകയും ചെയ്യും. അവയിലെ ഞാങ്ങണയും കോരപ്പുല്ലും ഉണങ്ങിപ്പോകും.7 നൈല്‍നദീതീരം ശൂന്യമായിത്തീരും. അവിടെ വിതച്ചതെല്ലാം ഉണങ്ങി നശിച്ചുപോകും.8 മീന്‍പിടിത്തക്കാര്‍, നൈല്‍നദിയില്‍ ചൂണ്ടയിടുന്നവര്‍, വിലപിക്കും. വല വീശുന്നവരും ദുഃഖിക്കും.9 മിനുസപ്പെടുത്തിയ ചണംകൊണ്ടു പണിചെയ്തിരുന്നവരും വെള്ളത്തുണി നെ യ്യുന്നവരും നിരാശരാകും.10 ദേശത്തിന്റെ തൂണുകളായിരുന്നവര്‍ തകര്‍ന്നുപോകും. കൂലിവേലക്കാര്‍ ദുഃഖിക്കും.11 സോവാനിലെ രാജാക്കന്‍മാര്‍ ഭോഷന്‍മാരാണ്. ഫറവോയുടെ ജ്ഞാനികളായ ഉപദേഷ്ടാക്കള്‍ ഭോഷത്തം നിറഞ്ഞഉപദേശം നല്‍കുന്നു. ഞാന്‍ ഒരു ജ്ഞാനിയുടെ പുത്രനാണ്. പൗരാണികനായ ഒരു രാജാവിന്റെ കുമാരനാണ് എന്ന് നിനക്കെങ്ങനെ ഫറവോയോടു പറയാന്‍ കഴിയും? നിന്റെ ജ്ഞാനികള്‍ എവിടെ?12 സൈന്യങ്ങളുടെ കര്‍ത്താവ് ഈജിപ്തിനെതിരായി എന്താണു തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ നിനക്കു പറഞ്ഞുതരട്ടെ!13 സോവാനിലെ രാജാക്കന്‍മാര്‍ ഭോഷന്‍മാരായിത്തീര്‍ന്നിരിക്കുന്നു. മെംഫിസിലെ രാജാക്കന്‍മാരും വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഈജിപ്തിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവര്‍തന്നെ അവളെ വഴിതെറ്റിച്ചിരിക്കുന്നു.14 കര്‍ത്താവ് അവളില്‍ ആശയക്കുഴപ്പത്തിന്റെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുകയാണ്. അങ്ങനെ മദ്യപന്‍ ഛര്‍ദിച്ചതില്‍ തെന്നിനടക്കുന്നതുപോലെ ഈജിപ്ത് എല്ലാ കാര്യങ്ങളിലും കാലിടറി നടക്കുന്നു.15 വാലിനോ, തലയ്‌ക്കോ, ഈ ന്തപ്പനക്കൈയ്‌ക്കോ, ഞാങ്ങണയ്‌ക്കോ, ഈജിപ്തിനു വേണ്ടി ഒന്നും ചെയ്യാനാവുകയില്ല.
ഈജിപ്ത് അനുഗ്രഹിക്കപ്പെടും
16 അന്ന് അവര്‍ സ്ത്രീകള്‍ക്കു തുല്യരായിരിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് തങ്ങളുടെ നേരേ ഓങ്ങുന്ന കരം കണ്ട് അവര്‍ ഭയന്നു വിറയ്ക്കും. യൂദാ ഈജിപ്തുകാരെ പരിഭ്രാന്തരാക്കും.17 അതിന്റെ പേരു കേള്‍ക്കുന്നവരെല്ലാം സൈന്യങ്ങളുടെ കര്‍ത്താവ് തങ്ങള്‍ക്കെതിരേ അയയ്ക്കാനൊരുങ്ങുന്ന ശിക്ഷയോര്‍ത്തു ഭയപ്പെടും.18 അന്നു കാനാന്‍ഭാഷ സംസാരിക്കുന്നതും സൈന്യങ്ങളുടെ കര്‍ത്താവിനോടു കൂറു പ്രഖ്യാപിക്കുന്നതുമായ അഞ്ചു പട്ടണങ്ങള്‍ ഈജിപ്തിലുണ്ടായിരിക്കും. അതില്‍ ഒന്ന് സൂര്യനഗരം എന്ന് അറിയപ്പെടും.19 അന്ന് ഈജിപ്തിന്റെ മധ്യത്തില്‍ കര്‍ത്താവിന് ഒരു ബലിപീഠവും അതിര്‍ത്തിയില്‍ ഒരു സ്തംഭവും ഉണ്ടായിരിക്കും.20 ഈജിപ്തില്‍ അത് സൈന്യങ്ങളുടെ കര്‍ത്താവിന്റെ അടയാളവും സാക്ഷ്യവും ആയിരിക്കും. മര്‍ദകര്‍ നിമിത്തം അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്ന് രക്ഷകനെ അയച്ച്, അവര്‍ക്കുവേണ്ടി പൊരുതി, അവരെ മോചിപ്പിക്കും.21 കര്‍ത്താവ് ഈജിപ്തുകാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തും. ആ നാളില്‍ അവര്‍ കര്‍ത്താവിനെ അറിയുകയും കാഴ്ച കളും ദഹനബലികളും അര്‍പ്പിച്ച് അവിടുത്തെ ആരാധിക്കുകയും ചെയ്യും. അവര്‍ കര്‍ത്താവിനു നേര്‍ച്ചകള്‍ നേരുകയും അവനിറവേറ്റുകയും ചെയ്യും.22 കര്‍ത്താവ് ഈജിപ്തിനെ പ്രഹരിക്കും; പ്രഹരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. അവര്‍ കര്‍ത്താവിങ്കലേക്കു മടങ്ങിവരുകയും അവരുടെ പ്രാര്‍ഥന കേട്ടു കര്‍ത്താവ് അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്യും.23 അന്ന് ഈജിപ്തില്‍ നിന്ന് അസ്‌സീറിയായിലേക്ക് ഒരു രാജവീഥിയുണ്ടായിരിക്കും: അസ്‌സീറിയാക്കാര്‍ ഈജിപ്തിലേക്കും ഈജിപ്തുകാര്‍ അസ്‌സീറിയായിലേക്കും പോകും. അസ്‌സീറിയാക്കാരോടുചേര്‍ന്ന് ഈജിപ്തുകാരും കര്‍ത്താവിനെ ആരാധിക്കും.24 അക്കാലത്ത് ഇസ്രായേല്‍, ഈജിപ്തിനോടും അസ്‌സീറിയായോടുംചേര്‍ന്നു ഭൂമിയുടെ മധ്യത്തില്‍ അനുഗ്രഹമായി നിലകൊള്ളും.25 സൈന്യങ്ങളുടെ കര്‍ത്താവ് ഈ മൂവരെയും ഇങ്ങനെ അനുഗ്രഹിച്ചിരിക്കുന്നു. എന്റെ ജനമായ ഈജിപ്തും, എന്റെ കരവേലയായ അസ്‌സീറിയായും എന്റെ അവകാശമായ ഇസ്രായേലും അനുഗ്രഹിക്കപ്പെടട്ടെ.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment