ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 22
ജറുസലെമിന്റെ മേല്‍ വിധി
1 ദര്‍ശനത്തിന്റെ താഴ്‌വരെയെക്കുറിച്ചുണ്ടായ അരുളപ്പാട്: ആഹ്‌ളാദിച്ചട്ടഹസിച്ച് ഇളകിമറിയുന്ന2 ജനമേ, നിങ്ങളെല്ലാവരും പുരമുകളില്‍ കയറുന്നതെന്തിന്? നിങ്ങളുടെ മരിച്ചവര്‍ വാളിനിരയായവരോയുദ്ധത്തില്‍ കൊല്ലപ്പെട്ടവരോ അല്ല.3 നിങ്ങളുടെ അധിപന്‍മാര്‍ എല്ലാവരും ഒന്നുപോലെ ഒളിച്ചോടിയിരിക്കുന്നു. വില്ലു കുലയ്ക്കാതെതന്നെ അവരെ ബന്ധിച്ചിരിക്കുന്നു. വിദൂരത്തേക്ക് ഓടിപ്പോയെങ്കിലും നിങ്ങളില്‍ കണ്ട വരെല്ലാവരെയും അവര്‍ തടവുകാരാക്കി.4 അതിനാല്‍, ഞാന്‍ പറഞ്ഞു: എന്നില്‍ നിന്നു കണ്ണെടുക്കുക; ഞാന്‍ കയ്പുനിറഞ്ഞകണ്ണീര്‍ ഒഴുക്കട്ടെ! എന്റെ ജനത്തിന്റെ പുത്രിയുടെ നാശത്തെപ്രതി എന്നെ ആശ്വസിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടാ.5 പരാജയത്തിന്റെയും പലായനത്തിന്റെയും സംഭ്രാന്തിയുടെയും ദിനമാണിത്, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അയയ്ക്കുന്ന ദിനം. ദര്‍ശനത്തിന്റെ താഴ്‌വരയില്‍ കോട്ടകള്‍ തകര്‍ക്കപ്പെടുന്നു. സഹായത്തിനുവേണ്ടിയുള്ള നിലവിളി പര്‍വതത്തില്‍ മുഴങ്ങുന്നു.6 ഏലാം ആവനാഴി അണിയുന്നു; രഥങ്ങളില്‍ കുതിരകളെ പൂട്ടുന്നു; കീര്‍ പരിച പുറത്തെ ടുക്കുന്നു.7 നിങ്ങളുടെ ശ്രേഷ്ഠമായ താഴ്‌വരകള്‍ രഥങ്ങള്‍കൊണ്ടു നിറഞ്ഞു. കുതിരപ്പടയാളികള്‍ കവാടങ്ങളില്‍ നിലയുറപ്പിച്ചു.8 അവന്‍ യൂദായുടെ ആവരണം എടുത്തുമാറ്റി. അന്നു നീ കാനനമന്ദിരത്തിലെ ആയുധങ്ങളിലേക്കു നോക്കി.9 ദാവീദിന്റെ നഗരത്തിന്റെ കോട്ടയില്‍ ഏറെ പിളര്‍പ്പു കണ്ടു. താഴത്തെ കുളത്തിലെ ജലം നീ കെട്ടിനിര്‍ത്തി.10 നീ ജറുസലെമിലെ വീടുകള്‍ എണ്ണുകയും കോട്ടയുറപ്പിക്കാന്‍ വീടുകള്‍ പൊളിക്കുകയും ചെയ്തു.11 പഴയ കുളത്തിലെ ജലം ശേഖരിക്കാന്‍വേണ്ടി ഇരുമതിലുകള്‍ക്കുമിടയിലായി നീ ഒരു ജലസംഭരണി നിര്‍മിച്ചു. എന്നാല്‍, ഇതു ചെയ്തവന്റെ നേരേ തിരിയുകയോ പണ്ടുതന്നെ അത് ആസൂത്രണം ചെയ്തവനെ നീ പരിഗണിക്കുകയോ ചെയ്തില്ല.12 അന്നു സൈന്യങ്ങളുടെ കര്‍ത്താവ് വലിയ കരച്ചിലും വിലാപവും ഉളവാക്കി. തല മുണ്‍ഡനം ചെയ്യുന്നതിനും ചാക്കുടുക്കുന്നതിനും അവിടുന്ന് ഇടയാക്കി.13 എന്നാല്‍, അവിടെ ആഹ്‌ളാദത്തിമിര്‍പ്പ്! കാളകളെയും ആടുകളെയും കൊല്ലുന്നു. അവിടെ ഇറച്ചിതീറ്റിയും വീഞ്ഞുകുടിയും! നമുക്ക് തിന്നുകുടിച്ചു മദിക്കാം, നാളെ നമ്മള്‍ മരിക്കും എന്ന് അവര്‍ പറയുന്നു.14 സൈന്യങ്ങളുടെ കര്‍ത്താവ് എന്റെ കാതില്‍ മന്ത്രിച്ചു: നീ മരിക്കുന്നതുവരെ ഈ അകൃത്യം ക്ഷമിക്കപ്പെടുകയില്ല. സൈന്യങ്ങളുടെ കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.
ഷെബ്‌നായ്ക്കു താക്കീത്
15 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ചെന്ന് കൊട്ടാരം വിചാരിപ്പുകാരനായ ഷെബ്‌നായോടു പറയുക,16 നിനക്ക് ഇവിടെ എന്തു കാര്യം? ഇവിടെ മലമുകളില്‍ പാറ തുരന്നു ശവകുടീരമുണ്ടാക്കാന്‍ നിനക്ക് എന്ത് അവകാശം?17 കരുത്തനായ മനുഷ്യാ, കര്‍ത്താവ് നിന്നെ ഊക്കോടെ വലിച്ചെറിയും.18 അവിടുന്ന് നിന്നില്‍ പിടിമുറുക്കി, ഒരു പന്തുപോലെ ചുരുട്ടി, കറക്കിക്കറക്കി വിശാലമായ ദേശത്തേക്കു ചുഴറ്റിയെറിയും. അവിടെ നീ മരിച്ചുവീഴും.യജമാനന്റെ ഭവനത്തിന് അപമാനമായിത്തീര്‍ന്നവനേ, നിന്റെ പ്രൗഢരഥങ്ങള്‍ അവിടെയുണ്ടായിരിക്കും.19 നിന്റെ പദവിയില്‍നിന്നു ഞാന്‍ നിന്നെ നിഷ്‌കാസനം ചെയ്യും. നിന്റെ സ്ഥാനത്തുനിന്നു നിന്നെ ഞാന്‍ താഴെയിറക്കും.20 അന്ന് എന്റെ ദാസനും ഹില്‍ക്കിയായുടെ പുത്രനുമായ എലിയാക്കിമിനെ ഞാന്‍ വിളിക്കും.21 നിന്റെ അങ്കിയും അരപ്പട്ടയും അവനെ ഞാന്‍ ധരിപ്പിക്കും. നിന്റെ അധികാരം അവന്റെ കരങ്ങളില്‍ ഞാന്‍ ഏല്‍പ്പിക്കും. ജറുസലെം നിവാസികള്‍ക്കുംയൂദാഭവനത്തിനും അവന്‍ പിതാവായിരിക്കും.22 ദാവീദുഭവനത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല.23 ഒരു കുറ്റിപോലെ ഉറപ്പുള്ള സ്ഥാനത്ത് ഞാന്‍ അവനെ സ്ഥാപിക്കും. അവന്‍ പിതൃഭവനത്തിനു മഹത്വത്തിന്റെ സിംഹാസനമായി ഭവിക്കും.24 അവന്റെ പിതൃഭവനമാകെ – സന്താനങ്ങളും അവരുടെ സന്താനങ്ങളും കോപ്പ മുതല്‍ ഭരണിവരെ എല്ലാ പാത്രങ്ങളും – അവനില്‍ തൂക്കിയിടും.25 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഉറപ്പുള്ള സ്ഥാനത്തു സ്ഥാപിച്ചിരുന്ന കുറ്റി പറിഞ്ഞുപോകും. അതും അതില്‍ തൂക്കിയിരുന്ന ഭാരവും അറ്റുപോകും. കര്‍ത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment