ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 24
ഭൂമിയുടെമേല്‍ വിധി
1 കര്‍ത്താവ് ഭൂമിയെ ശൂന്യവും വിജനവും ആക്കിത്തീര്‍ക്കും. അവിടുന്ന് അതിന്റെ ഉപരിതലത്തെ ഞെരിച്ച് അതിലെ നിവാസികളെ ചിതറിക്കും.2 ജനത്തിനും പുരോഹിതനും അടിമയ്ക്കുംയജമാനനും, ദാസിക്കും സ്വാമിനിക്കും, വാങ്ങുന്നവനും വില്‍ക്കുന്നവനും, വായ്പ കൊടുക്കുന്നവനും വായ്പ വാങ്ങുന്നവനും, ഉത്തമര്‍ണനും അധമര്‍ണ നും ഒന്നുപോലെ സംഭവിക്കും.3 ഭൂമി തീര്‍ത്തും ശൂന്യമാകും; പൂര്‍ണമായി കൊള്ളയടിക്കപ്പെടും. കര്‍ത്താവിന്‍േറതാണ് ഈ വചനം.4 ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു.5 ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്‍പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു.6 അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു.7 വീഞ്ഞ് വിലപിക്കുകയും മുന്തിരി വാടുകയും ചെയ്യുന്നു. സന്തുഷ്ടചിത്തര്‍ നെടുവീര്‍പ്പിടുന്നു.8 തപ്പുകളുടെ നാദം നിലച്ചു. ആഹ്‌ളാദിക്കുന്നവരുടെ സ്വരം അവസാനിച്ചു.9 വീണാനാദംഇല്ലാതായി. ഗാനാലാപത്തോടുകൂടെ ഇനി അവര്‍ വീഞ്ഞു കുടിക്കുകയില്ല. മദ്യം അതു കുടിക്കുന്നവര്‍ക്ക് അരോചകമായിത്തീരുന്നു. കലാപത്തിന്റെ നഗരം തകര്‍ക്കപ്പെട്ടിരിക്കുന്നു.10 ആര്‍ക്കും കടക്കാനാവാത്തവിധം എല്ലാ ഭവനങ്ങളും അടച്ചു പൂട്ടിയിരിക്കുന്നു.11 വീഞ്ഞില്ലാത്തതിനാല്‍ തെരുവുകളില്‍ മുറവിളി ഉയരുന്നു. സന്തോഷം അസ്തമിച്ചിരിക്കുന്നു. ഭൂമിയില്‍നിന്ന് ആഹ്‌ളാദം അപ്രത്യക്ഷമായിരിക്കുന്നു.12 നഗരത്തില്‍ ശൂന്യത മാത്രം അവശേഷിച്ചിരിക്കുന്നു. കവാടങ്ങള്‍തല്ലിത്തകര്‍ന്നിരിക്കുന്നു.13 ഒലിവുതല്ലുന്നതുപോലെയും മുന്തിരിപ്പഴം പറിച്ചുതീര്‍ന്നിട്ടു കാലാപെറുക്കുന്നതുപോലെയും ആയിരിക്കും ഭൂമിയില്‍ ജനതകളുടെ ഇടയില്‍ സംഭവിക്കുക.14 അവര്‍ സ്വരമുയര്‍ത്തി സന്തോഷഗാനം ആലപിക്കുന്നു. പടിഞ്ഞാറുനിന്ന് അവര്‍ ആര്‍ത്തുവിളിച്ച് കര്‍ത്താവിന്റെ മഹിമയെ പ്രകീര്‍ത്തിക്കുന്നു.15 അതിനാല്‍, കിഴക്കും കര്‍ത്താ വിനെ മഹത്വപ്പെടുത്തുവിന്‍. തീരപ്രദേശത്തും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തെ മഹത്വപ്പെടുത്തുവിന്‍.16 നീതിമാനായ ദൈവത്തിന്റെ മഹത്വത്തെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് ഉയരുന്നു. എന്നാല്‍ ഞാന്‍ പറയുന്നു: ഞാന്‍ തളരുന്നു; ഞാന്‍ ക്ഷയിച്ചുപോകുന്നു; എനിക്കു ദുരിതം! വഞ്ചകന്‍ വഞ്ചനയോടെ പെരുമാറുന്നു. വഞ്ചകന്‍ തികഞ്ഞവഞ്ചനയോടെ പെരുമാറുന്നു.17 ഭൂവാസികളേ, ഭീതിയും ചതിക്കുഴിയും കെണിയുമാണു നിങ്ങളെ കാത്തിരിക്കുന്നത്.18 ഭീകരശബ്ദംകേട്ട് ഓടിപ്പോകുന്നവര്‍ കുഴിയില്‍ വീഴും; കുഴിയില്‍ നിന്നു കയറുന്നവര്‍ കെണിയില്‍പ്പെടും. ആകാശ ജാലകങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ വിറകൊള്ളുന്നു.19 ഭൂമി നിശ്‌ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു.അതു ഛിന്നഭിന്നമായി, അതു പ്രകമ്പനം കൊള്ളുന്നു.20 ഭൂമി ഉന്‍മത്തനെപ്പോലെ ആടിയുലയുന്നു; കുടില്‍പോലെ ഇളകിയാടുന്നു. അതു താങ്ങുന്ന അകൃത്യം അത്ര ഭാരമേറിയതാണ്. അതു വീഴുന്നു; ഇനി എഴുന്നേല്‍ക്കുകയില്ല.21 അന്നു കര്‍ത്താവ് ആകാശസൈന്യത്തെ ആകാശത്തിലും ഭൂപതികളെ ഭൂമിയിലും ശിക്ഷിക്കും.22 അവരെ ശേഖരിച്ച് ഇരുട്ടറയില്‍ തടവുകാരായി സൂക്ഷിക്കും; അവരെ തടവറയില്‍ അടയ്ക്കുകയും അനേക ദിവസങ്ങള്‍ക്കു ശേഷം ശിക്ഷിക്കുകയും ചെയ്യും.23 അപ്പോള്‍ ചന്ദ്രന്‍ ഇരുളുകയും സൂര്യന്‍മുഖം പൊത്തുകയും ചെയ്യും, എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവ് സീയോന്‍ പര്‍വതത്തില്‍ ഭരണം നടത്തും; ജറുസലെമിലും അതിന്റെ ശ്രേഷ്ഠന്‍മാരുടെ മുന്‍പിലും തന്റെ മഹത്വം അവിടുന്ന് വെളിപ്പെടുത്തും.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment