Isaiah, Chapter 33 | ഏശയ്യാ, അദ്ധ്യായം 33 | Malayalam Bible | POC Translation

Advertisements

സഹായത്തിന് അപേക്ഷ
1 നശിപ്പിക്കപ്പെടാതിരിക്കേ മറ്റുള്ളവരെ നശിപ്പിക്കുകയും വഞ്ചിക്കപ്പെടാതിരിക്കേ വഞ്ചിക്കുകയും ചെയ്തവനേ, നിനക്കു ദുരിതം! നീ നശിപ്പിച്ചുകഴിയുമ്പോള്‍ നിന്റെ നാശം സംഭവിക്കും; നിന്റെ വഞ്ചന തീരുമ്പോള്‍ നീ വഞ്ചിക്കപ്പെടും.2 കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ!3 ഇടിമുഴക്കംപോലുള്ള നാദത്തില്‍ ജനതകള്‍ ഓടുന്നു. അങ്ങ് എഴുന്നേല്‍ക്കുമ്പോള്‍ ജനതകള്‍ ചിതറിപ്പോകും.4 കമ്പിളിപ്പുഴു തിന്നു കൂട്ടുന്നതുപോലെ കൊള്ളമുതല്‍ വാരിക്കൂട്ടും. വെട്ടുകിളികളെപ്പോലെ അവര്‍ അതിന്‍മേല്‍ ചാടി വീഴും.5 കര്‍ത്താവ് പുകഴ്ത്തപ്പെടുന്നു; അവിടുന്ന് ഉന്നതത്തില്‍ വസിക്കുന്നു; അവിടുന്ന് സീയോനെ നീതിയും ധര്‍മനിഷ്ഠയും കൊണ്ടു നിറയ്ക്കും.6 അവിടുന്നാണ് നിന്റെ ആയുസ്‌സിന്റെ ഉറപ്പ്. രക്ഷയുടെയും ജ്ഞാനത്തിന്റെയും അറിവിന്റെയും സമൃദ്ധി അവിടുന്ന് തന്നെ. അവിടുന്ന് നല്‍കുന്ന സമ്പത്ത് ദൈവഭക്തിയാണ്.7 അതാ, വീരന്‍മാര്‍ പുറത്തുനിന്നു നിലവിളിക്കുന്നു; സമാധാനദൂതന്‍മാര്‍ കയ്‌പോടെ കരയുന്നു.8 രാജവീഥികള്‍ ശൂന്യമായിക്കിടക്കുന്നു; പഥികന്‍ അതിലേ നടക്കുന്നില്ല. ഉടമ്പടികള്‍ ലംഘിക്കപ്പെടുന്നു; സാക്ഷികള്‍ വെറുക്കപ്പെടുന്നു; മനുഷ്യനെക്കുറിച്ചുയാതൊരു പരിഗണനയും ഇല്ലാതായിരിക്കുന്നു.9 ദേശം ദുഃഖിച്ചു കരയുന്നു; ലബനോന്‍ ലജ്ജയാല്‍ തളരുന്നു. ഷാരോന്‍മരുഭൂമി പോലെയായി; ബാഷാനും കാര്‍മെലും തങ്ങളുടെ ഇല കൊഴിക്കുന്നു.10 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കും; ഞാന്‍ എന്നെത്തന്നെ ഉയര്‍ത്തും; ഇപ്പോള്‍ എനിക്കു പുകഴ്ച ലഭിക്കും.11 നീ പതിരിനെ ഗര്‍ഭംധരിച്ചു വൈക്കോലിനെ പ്രസവിക്കും. നിന്റെ നിശ്വാസം നിന്നെത്തന്നെ ദഹിപ്പിക്കുന്ന അഗ്‌നിയായിരിക്കും.12 ജനതകളെ കുമ്മായം പോലെ നീറ്റും; അവര്‍ വെട്ടി അഗ്‌നിയിലിടുന്ന മുള്ളുപോലെയാകും.13 വിദൂരസ്ഥരേ, ഞാന്‍ എന്താണ് പ്രവര്‍ത്തിച്ചതെന്നു ശ്രവിക്കുവിന്‍. സമീപ സ്ഥരേ, എന്റെ ശക്തി അറിഞ്ഞുകൊള്ളുവിന്‍.14 സീയോനിലെ പാപികള്‍ പരിഭ്രാന്തരായിരിക്കുന്നു. അധര്‍മികളെ വിറയല്‍ ഗ്രസിച്ചിരിക്കുന്നു. നമ്മിലാര്‍ക്കു ദഹിപ്പിക്കുന്ന അഗ്‌നിയോടൊപ്പം വസിക്കാനാവും? നിത്യജ്വാലയില്‍ നമ്മില്‍ ആര്‍ക്കു ജീവിക്കാന്‍ കഴിയും?15 നീതിയുടെ മാര്‍ഗത്തില്‍ ചരിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവന്‍, മര്‍ദനം വഴിയുള്ള നേട്ടം വെറുക്കുന്നവന്‍, കൈക്കൂലി വാങ്ങാതിരിക്കാന്‍ കൈ കുടയുന്നവന്‍, രക്തച്ചൊരിച്ചിലിനെപ്പറ്റി കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തുന്നവന്‍, തിന്‍മ ദര്‍ശിക്കാതിരിക്കാന്‍ കണ്ണുകളടയ്ക്കുന്നവന്‍ – അവന്‍ ഉന്നതങ്ങളില്‍ വസിക്കും.16 ശിലാദുര്‍ഗങ്ങളാല്‍ അവന്‍ പ്രതിരോധമുറപ്പിക്കും. അവന്റെ ആഹാരം മുടങ്ങുകയില്ല; അവനു ദാഹജലം കിട്ടുമെന്നുതീര്‍ച്ച.17 രാജാവിനെ അവന്റെ സൗന്ദര്യത്തോടുകൂടെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും. വിദൂരത്തേക്കു വ്യാപിച്ചു കിടക്കുന്ന ഒരു ദേശവും അവ കാണും.18 ഒരിക്കല്‍ നിന്നെ ഭയപ്പെടുത്തിയിരുന്ന കാര്യങ്ങളെക്കുറിച്ചു നീ ഓര്‍ക്കും. എണ്ണിയവന്‍ എവിടെ? കപ്പം തൂക്കം നോക്കിയവന്‍ എവിടെ? ഗോപുരങ്ങള്‍ എണ്ണിനോക്കിയവന്‍ എവിടെ?19 ദുര്‍ഗ്രഹഭാഷ സംസാരിക്കുന്ന, മനസ്സിലാകാത്ത ഭാഷയില്‍ വിക്കിവിക്കി പറയുന്ന ഗര്‍വിഷ്ഠരെ നീ ഇനിമേല്‍ കാണുകയില്ല.20 നമ്മുടെ ഉത്‌സവങ്ങളുടെ നഗരമായ സീയോനെ നോക്കുവിന്‍. പ്രശാന്തവസതിയും ഇളക്കമില്ലാത്ത കൂടാരവുമായ ജറുസലെമിനെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും. അതിന്റെ കുററി പിഴുതെടുക്കുകയോ കയറു പൊട്ടിക്കുകയോ ഇല്ല.21 അവിടെ കര്‍ത്താവ് നമുക്കു വേണ്ടി പ്രതാപത്തോടെ വാഴും. തണ്ടുവള്ളങ്ങളും പ്രൗഢിയാര്‍ന്ന കപ്പലുകളും കടന്നു വരാത്ത വിസ്തൃതമായ നദികളും തോടുകളും ഏറെയുള്ള സ്ഥലമായിരിക്കും അത്.22 കര്‍ത്താവ് ഞങ്ങളുടെന്യായാധിപനാകുന്നു. അവിടുന്ന് ഞങ്ങളുടെ ഭരണാധിപനും രാജാവുമാകുന്നു. അവിടുന്ന് ഞങ്ങളെ രക്ഷിക്കും.23 നിന്റെ കയറുകള്‍ അയഞ്ഞിരിക്കുന്നു; പാമരം ഉറപ്പിക്കാനും പായ്‌വിരിച്ചു നിര്‍ത്താനും അതിനാവുകയില്ല. സമൃദ്ധമായ കൊള്ളമുതല്‍ പങ്കിടും; മുടന്തനും കൊള്ളവസ്തു കിട്ടും.24 അവിടത്തെനിവാസികളിലാരും താന്‍ രോഗിയാണെന്നു പറയുകയില്ല. അവരുടെ അകൃത്യങ്ങള്‍ക്കു മാപ്പു ലഭിക്കും.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment