ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 34
ഏദോമിന് നാശം
1 ജനതകളേ, ജനപദങ്ങളേ, അടുത്തു വരുവിന്‍, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍! ഭൂമിയും അതിലുള്ളവയും ശ്രവിക്കട്ടെ! ലോകവും അതില്‍ നിന്നു പുറപ്പെടുന്നവയും ശ്രദ്ധിക്കട്ടെ!2 എല്ലാ ജനതകളുടെയും നേരേ കര്‍ത്താവ് കോപിച്ചിരിക്കുന്നു. അവരുടെ സര്‍വ സൈന്യങ്ങളുടെയും നേരേ അവിടുത്തെ കോപം ആഞ്ഞടിക്കുന്നു; അവിടുന്ന് അവരെ വിധിച്ചിരിക്കുന്നു; അവരെ കൊലയ്‌ക്കേല്‍പിച്ചിരിക്കുന്നു.3 അവരുടെ വധിക്കപ്പെട്ടവര്‍ വലിച്ചെറിയപ്പെടുകയും മൃതശരീരത്തില്‍ നിന്നു ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. പര്‍വതങ്ങളില്‍ അവരുടെ രക്തം ഒഴുകും.4 ആകാശസൈന്യങ്ങള്‍ തകര്‍ന്നു നശിക്കും. ആകാശത്തെ ചുരുള്‍പോലെ തെറുക്കും. മുന്തിരിച്ചെടിയില്‍ നിന്നും അത്തിമരത്തില്‍നിന്നും ഇല കൊഴിയുന്നതുപോലെ അവരുടെ സൈന്യങ്ങള്‍ വീണു പോകും.5 എന്തെന്നാല്‍, എന്റെ വാള്‍ ആകാശങ്ങളില്‍ വച്ച് മതിയാവോളം പാനംചെയ്തിരിക്കുന്നു. ഏദോമിന്റെ മേല്‍, ഞാന്‍ നാശത്തിനു വിധിച്ചിരിക്കുന്ന ജനതയുടെമേല്‍, ശിക്ഷ നടപ്പാക്കാന്‍ ഇതാ, അത് ഇറങ്ങി വരുന്നു.6 കര്‍ത്താവിനൊരു വാളുണ്ട്. രക്തംകുടിച്ച് അ തിന് മതിയായിരിക്കുന്നു. അതു മേദസ്‌സു ഭക്ഷിച്ചു ചെടിച്ചിരിക്കുന്നു. കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും മുട്ടാടുകളുടെ വൃക്കകളിലെ കൊഴുപ്പു കൊണ്ടും തന്നെ. എന്തെന്നാല്‍ കര്‍ത്താവിനു ബൊസ്രായില്‍ ഒരു ബലിയും ഏദോമില്‍ ഒരു മഹാസംഹാരവും ഉണ്ട്.7 അവയോടുകൂടെ കാട്ടുപോത്തുകളും കാളക്കൂറ്റന്‍മാരോടൊപ്പം കാളകുട്ടികളും വീഴും. അവരുടെ ദേശം രക്തംകൊണ്ടു കുതിരും. അവരുടെ മണ്ണ് കൊഴുപ്പുകൊണ്ടു ഫലപുഷ്ടിയുള്ളതാകും.8 കര്‍ത്താവിനു പ്രതികാരത്തിന്റെ ദിന വും സീയോനുവേണ്ടി പകരംവീട്ടുന്ന ഒരു വത്‌സരവും ഉണ്ട്.9 ഏദോമിലെ നദികള്‍ കീലും അവളുടെ മണ്ണ് ഗന്ധകവും അവളുടെ ദേശം കത്തുന്ന കീലും ആയി മാറും.10 രാവും പകലും അതു കെടാതെ എരിയും. അതിന്റെ പുക എന്നും ഉയര്‍ന്നുകൊണ്ടിരിക്കും. തലമുറകളോളം അതു ശൂന്യമായി കിടക്കും. ആരും ഇനിയൊരിക്കലും അതിലൂടെ കടന്നുപോവുകയില്ല.11 കഴുകനും മുള്ളന്‍പന്നിയും അതു കൈവശമാക്കും. മൂങ്ങയും മലങ്കാക്കയും അവിടെ വസിക്കും. അവിടുന്ന് സംഭ്രാന്തിയുടെ ചരടുകൊണ്ട് അതിനെ അളക്കും. ശൂന്യതയുടെ തൂക്കുകട്ട അതിന്റെ കുലീനന്‍മാരുടെമേല്‍ തൂക്കും.12 അത് ഒരു രാജ്യം അല്ലാതാകും. അവരുടെ രാജാക്കന്‍മാര്‍ ശൂന്യതയില്‍ ലയിക്കും.13 അതിന്റെ കോട്ടകളില്‍ മുള്‍ച്ചെടി വളരും. അതിന്റെ ദുര്‍ഗങ്ങളില്‍ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും. അതു കുറുക്കന്‍മാരുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവും ആകും.14 കാട്ടുപൂച്ചയും കഴുതപ്പുലിയും ഏറ്റുമുട്ടും. കാട്ടാടുകള്‍ പരസ്പരം പോരിനു വിളിക്കും. രാത്രിയില്‍ ദുര്‍മന്ത്രവാദിനി അവിടെ ഇറങ്ങി വിശ്രമസങ്കേതം കണ്ടെത്തും.15 അവിടെ മൂങ്ങകൂടുകെട്ടി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ച് ചിറകിന്‍കീഴില്‍ അവയെ പോറ്റും. അവിടെ പരുന്തുകള്‍ ഇണയോടൊത്തു വിഹരിക്കും.16 കര്‍ത്താവിന്റെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്റെ അധരങ്ങള്‍ കല്‍പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു.17 അവിടുന്ന് അവയ്ക്കുവേണ്ടി നറുക്കിട്ടു. അവിടുത്തെ കരം ചരടുകൊണ്ട് അളന്നുതിരിച്ച് അത് അവയ്ക്കു നല്‍കിയിട്ടുണ്ട്; അവ എന്നേക്കുമായി അതു കൈവശമാക്കും. തലമുറകളോളം അവ അതില്‍ വസിക്കും.
The Book of Isaiah | ഏശയ്യാ | Malayalam Bible | POC Translation




Leave a comment